9 Sunday
May 2021
2021 May 9
1442 Ramadân 26

ഡോ. കെ അബ്ദുറഹ്മാന്‍: സ്വപ്നങ്ങള്‍ വിതറിയ ഭിഷഗ്വരന്‍

സി പി ഉമര്‍ സുല്ലമി


ആദരണീയനായ അബ്ദുറഹ്മാന്‍ ഡോക്ടര്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
വളരെ ചെറുപ്പത്തിലുള്ള ബന്ധമാണ് ഞാനും അബ്ദുറഹ്മാന്‍ സാഹിബും തമ്മിലുള്ളത്. ഞാന്‍ സുല്ലമുസ്സലാം അറബിക് കോളജില്‍ പഠിക്കുന്ന കാലത്ത് അബ്ദുറഹ്മാന്‍ ഡോക്ടര്‍ അവിടെ ഹൈസ്‌കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. എനിക്ക് ഡോക്ടറുടെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഡോക്ടറുടെ സഹോദരി കോളജില്‍ ആദ്യ വര്‍ഷങ്ങളില്‍ എന്റെ അധ്യാപിക കൂടിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പഠനം കഴിഞ്ഞ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹം ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളുമായി ഞാന്‍ നിരന്തര ബന്ധം സൂക്ഷിച്ചിരുന്നു. രോഗവുമായി ബന്ധപ്പെട്ട പ്രത്യേകമായ ചര്‍ച്ചകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ആദ്യമായി വിളിച്ചിരുന്നത് ഡോക്ടറെയായിരുന്നു.
പറഞ്ഞതു പോലെ തന്നെയാവണം പ്രവൃത്തിയും എന്ന നിശ്ചയദാര്‍ഢ്യം ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഹോസ്പിറ്റലില്‍ വരാന്‍ അനുവാദം ചോദിക്കുമ്പോള്‍ മുന്‍കൂട്ടി ഒരു സമയം നല്‍കുന്നത് അദ്ദേഹത്തിന്റെ കൃത്യതയെ എനിക്ക് ബോധ്യപ്പെടുത്തി തന്ന ഉദാഹരണമായിരുന്നു. ആ സമയമാവുമ്പോഴേക്ക് മറ്റു തിരക്കുകളെല്ലാം മാറ്റിവെക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചികിത്സാ നിര്‍ദേശങ്ങള്‍ പറയുമ്പോള്‍ ഡോക്ടര്‍ പറയും: ”നിങ്ങള്‍ പറയുന്ന കാര്യം ചെയ്യുന്ന പ്രകൃതക്കാരനാണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നത്. മറ്റുള്ളവരോടാണെങ്കില്‍ അഡ്മിറ്റാകാനായിരുന്നു പറയുക.” ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാവാം അങ്ങനെ പറഞ്ഞത്.
പാലക്കാട് മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിക്കാന്‍ കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളിയുടെ നാലാം നിലയില്‍ യോഗം ചേര്‍ന്നു. നാലാം നിലയിലേക്ക് കോണി കയറി എത്തിയപ്പോഴേക്കും ഞാന്‍ ക്ഷീണിതനായിരുന്നു. എന്നെ കണ്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: നിങ്ങള്‍ക്ക് എന്തോ പ്രയാസമുണ്ടല്ലോ? നിങ്ങള്‍ ഒഴിവുപോലെ മഞ്ചേരിയിലേക്ക് വരണം. അങ്ങനെ ഞാന്‍ മഞ്ചേരി ആശുപത്രിയില്‍ പോയി. പരിശോധനക്ക് ശേഷം അദ്ദേഹം കാര്യമായി പ്രശ്നങ്ങളൊന്നുമില്ലെങ്കിലും സ്ഥിരമായി ഇനി മുതല്‍ എക്കോസ്പിരിന്‍ ഗുളിക കഴിക്കണമെന്ന് നിര്‍ദേശിച്ചു. ഇതുപോലെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്തു തന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടക്ക് ആദ്യമായി നടത്തിയ സ്‌കൂളായിരുന്നു നോബിള്‍ സ്‌കൂള്‍. വിദേശ ഇസ്ലാഹീ സെന്ററുകളുടെ സഹകരണത്തോടെയായിരുന്നു അത് നടത്തി വന്നിരുന്നത്. സ്‌കൂള്‍ കമ്മറ്റിയില്‍ മെമ്പറായിരുന്നു ഞാന്‍. കെ എന്‍ എം പ്രതിനിധി എന്ന നിലയിലായിരുന്നു ഞാന്‍ ആ കമ്മിറ്റിയില്‍ അംഗമായത്. സ്‌കൂള്‍ നടത്തിപ്പ് രംഗത്തെല്ലാം അബ്ദുറഹ്മാന്‍ ഡോക്ടര്‍ ചെയ്തുവെച്ച കാര്യങ്ങളെല്ലാം ഉത്തമ മാതൃകയുടെ സൃഷ്ടിയായിരുന്നു. സ്‌കൂള്‍ കമ്മിറ്റി ചേരുമ്പോഴെല്ലാം വരവ് ചെലവ് കണക്കുകള്‍ വായിക്കുകയും അതോടൊപ്പം തന്നെ നല്ല കഴിവുള്ളവരെ മാത്രം സ്ഥാപനത്തില്‍ ജോലിക്കാരായി നിയമിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ആരുടെയെങ്കിലും ശുപാര്‍ശ പരിഗണിക്കുന്നതിന് പകരം അര്‍ഹത മാത്രമാണ് അദ്ദേഹം മാനദണ്ഡമാക്കിയത്. അതുകൊണ്ട് തന്നെയായിരുന്നു അക്കാലഘട്ടങ്ങളില്‍ നോബിള്‍ സ്‌കൂള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നത്.
ജാമിഅ സലഫിയ്യയുമായി ബന്ധപ്പെട്ട് ഒരു ഹോസ്പിറ്റല്‍ ആരംഭിക്കണമെന്ന് ബഹുമാന്യനായ കെ പി മുഹമ്മദ് മൗലവി ആവശ്യപ്പെട്ടിരുന്നു. അത് ഡോക്ടര്‍ക്കും നല്ല താല്പര്യമുണ്ടായിരുന്നു. കുറച്ച് മുന്നോട്ടു പോയപ്പോള്‍ സംഘടനാ യോഗ തീരുമാനങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകല്‍ പ്രയാസകരമാകും എന്നു മനസിലാക്കിയ അദ്ദേഹം പിന്മാറുകയാണുണ്ടായത്.
കെ എന്‍ എമ്മിലെ പിളര്‍പ്പ് സമയത്തുണ്ടായിരുന്ന സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധമായി വാടക ഗുണ്ടകളുടെ സാന്നിധ്യവും അവിഹിതമായ പെരുമാറ്റങ്ങളുമെല്ലാം അബ്ദുറഹ്മാന്‍ ഡോക്ടര്‍ക്കും എന്നെപ്പോലെയുള്ള പലര്‍ക്കും വല്ലാതെ വേദനയുണ്ടാക്കിയ സംഭവങ്ങളാണ്. ഡോക്ടര്‍ അന്നു തന്നെ ”ഇത്തരത്തിലുള്ള ആളുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനയല്ല, നമുക്കാവശ്യം, തീര്‍ത്തും നിഷ്‌കളങ്കവും ആദര്‍ശ ശുദ്ധിയുള്ളവരുമാണ്” എന്നു പറഞ്ഞിരുന്നു.
സംഘടനാ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ നോബിള്‍ സ്‌കൂളിന്റെ കാര്യത്തിലും പ്രയാസങ്ങളുണ്ടായി. സ്‌കൂളിന്റെ യോഗം നടക്കുന്ന വേളയില്‍ അബ്ദുറഹ്മാന്‍ ഡോക്ടറുടെ കൈയിലുണ്ടായിരുന്ന സ്‌കൂളിന്റെ രേഖകള്‍ പരിശോധിക്കാനെന്ന മട്ടില്‍ ഒരു വ്യക്തി വാങ്ങുകയും ജനല്‍ വഴി പുറത്തു നില്ക്കുന്ന ഒരാള്‍ക്ക് കൈമാറുകയും ചെയ്തു. ഈ രേഖകളുമായി അയാള്‍ ഓടിക്കളയുകയാണ് ചെയ്തത്.
ആ സംഭവം ഡോക്ടറെ വളരെയധികം ദു:ഖിതനാക്കിയിരുന്നു. പിന്നീടാണ് അദ്ദേഹം എയ്സ് പബ്ലിക് സ്‌കൂള്‍ ആരംഭിക്കുന്നത്. അത് ഇപ്പോഴും നിരവധി സൗകര്യങ്ങളോടെ നിലനില്‍ക്കുന്നു. നോബിള്‍ സ്‌കൂളിന്റെ രേഖകള്‍ തട്ടിയെടുത്ത് കൊണ്ടുപോയതിനെക്കുറിച്ചു ഞങ്ങള്‍ പിന്നീട് ഒരുപാട് സമയം സംസാരിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയാറുള്ളത്, സംഘടനയില്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന്റെ കാരണമെന്താണ്? യാതൊരു ധാര്‍മികതയുമില്ലാത്ത പ്രവര്‍ത്തനങ്ങളാണല്ലോ ചെയ്യുന്നത് എന്നൊക്കെയായിരുന്നു. മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ രൂപത്തിലായാല്‍, യാതൊരു നീതിബോധവുമില്ലാതായാല്‍, ഭരണഘടനാ പ്രകാരമാകാതിരുന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന നിലയിലുള്ള ചിന്താഗതികളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
2016-ല്‍ സംഘടനാ ഐക്യചര്‍ച്ചകളുടെ സമയത്ത് ഡോക്ടര്‍ പ്രത്യേകമായി ഒരു കാര്യം പറഞ്ഞിരുന്നു; ”പിളര്‍പ്പിന്റെ സമയത്ത് ഗുണ്ടകളെ നിയമിച്ചവരൊക്കെ തന്നെ നേതൃത്വം നല്‍കുന്ന ഒരു സംഘടനയില്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുക?” എന്നായിരുന്നു അത്. ആ സമയത്ത് ഞാന്‍ കരുതിയിരുന്നത് ഒരു ഐക്യമുണ്ടാവുകയാണെങ്കില്‍ നടക്കട്ടെ, നമുക്ക് പറ്റാതെ വന്നാല്‍ മാറിനില്‍ക്കാം എന്നതായിരുന്നു. ഡോക്ടര്‍ക്ക് എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ടായിരുന്നു.
പലരും ഡോക്ടറെപ്പറ്റി ആക്ഷേപം ഉന്നയിച്ചത് അദ്ദേഹം ഹദീസുകള്‍ക്ക് സ്ഥാനം നല്‍കുന്നില്ല എന്നായിരുന്നെങ്കിലും, അത്തരം ആക്ഷേപങ്ങള്‍ അദ്ദേഹത്തെ പ്രത്യേകമായി അറിയുന്നവര്‍ ഉന്നയിക്കുകയില്ല. എന്നോട് പോലും ചിലര്‍ ഡോക്ടറുമായി ഹദീസിനോടുള്ള സമീപനത്തെ നന്നാക്കണമെന്ന ഉപദേശം നല്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ സ്വഹീഹായ ഹദീസുകള്‍ക്ക് സ്ഥാനം കല്പിക്കുന്ന വ്യക്തിയായിരുന്നു എന്നതിനാല്‍ ആ ഉപദേശം അദ്ദേഹം അര്‍ഹിക്കുന്നതായിരുന്നില്ല എന്നാണ് ഞാന്‍ വിലയിരുത്തിയിരുന്നത്.
സംഘടനയില്‍ ഐക്യാനന്തരം ഉണ്ടായ ഒട്ടേറെ പ്രതിസന്ധികളില്‍ സാമ്പത്തികമായും ശാരീരികമായും ഡോക്ടര്‍ ചെയ്ത സഹായങ്ങള്‍ അവിസ്മരണീയമാണ്. ആ സമയത്ത് ഡോക്ടര്‍ നല്കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സങ്കുചിതത്വമില്ലാത്ത, കണക്കും കാര്യങ്ങളും കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംഘടന രൂപീകരിക്കണമെന്ന ആവശ്യം.
പുതിയ സംഘടന രൂപീകരിച്ചപ്പോള്‍ സമിതിയുടെ സാമ്പത്തിക ചുമതല അദ്ദേഹത്തെയായിരുന്നു ഏല്പിച്ചിരുന്നത്. ഏത് രംഗത്തും സത്യസന്ധതയും, കൃത്യതയും നേര്‍ക്കുനേരെ പറയാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. വിദ്യാഭ്യാസ രംഗത്തുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എത്രയോ മികവുറ്റതായിരുന്നു. ഈ വര്‍ഷം റമദാനിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. കഴിഞ്ഞ റമദാന്‍ അടച്ചുപൂട്ടലിലായിരുന്നല്ലോ. ആ സമയത്ത് ഓണ്‍ലൈനിലായി പരിപാടികള്‍. ഇടയ്ക്ക് ഒരു പരിപാടിയില്‍ ഒരു വ്യക്തി പ്രബലമല്ലാത്ത ചില ഹദീസുകള്‍ ഉദ്ധരിച്ച് സംസാരിച്ചത് അദ്ദേഹം ശ്രദ്ധിക്കുകയും അത് എന്നെ വിളിച്ച് സംസാരിക്കുകയുമുണ്ടായി. അത്രയ്ക്ക് സൂക്ഷ്മതയോടെ എല്ലാവരെയും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഇതുപോലെ ഓരോ വ്യക്തിയെയും കൃത്യതയോടെ കേള്‍ക്കുകയും വിലയിരുത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നത് ഡോക്ടറുടെ പതിവായിരുന്നു.
മതകാര്യങ്ങള്‍ നന്നായി പഠിച്ച്, ചിന്തിച്ച് അവ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു ഡോക്ടര്‍. ഈ വര്‍ഷത്തെ റമദാന്‍ ആയപ്പോള്‍ ഒട്ടേറെ രോഗങ്ങള്‍ അദ്ദേഹത്തെ പിടികൂടിയിരുന്നു. രോഗങ്ങളെപ്പറ്റി അധികമാരോടും അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചിരുന്നില്ല. നേരായ ചികിത്സ തേടുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. മഹാനായ സെയ്ദ് മൗലവി രണ്ടത്താണി രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ ഡോ. ഉസ്മാന്‍ സാഹിബും ഡോ. അബ്ദുറഹ്മാന്‍ സാഹിബും ഒന്നിച്ചുസന്ദര്‍ശിച്ചിരുന്നു. ഉസ്മാന്‍ ഡോക്ടര്‍ പറഞ്ഞു, ഇനി വലിയ ചികിത്സകളൊന്നും നോക്കണ്ട എന്ന്. അപ്പോഴും അബ്ദുറഹ്മാന്‍ ഡോക്ടര്‍ പറഞ്ഞത് ചികിത്സ കൃത്യമായി തുടരണം എന്ന് തന്നെയാണ്.
ഈ വര്‍ഷത്തെ റമദാന്‍ തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുമ്പ് മഞ്ചേരിയിലെ കെ എം ഹുസൈന്‍ ഡോക്ടറുടെ ഗുരുതരാവസ്ഥയെപ്പറ്റി പറയുകയും പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഞാന്‍ പകച്ചു നിന്നു. പിന്നീട് ഡോക്ടറെ നേരിട്ട് വിളിച്ച് വിവരങ്ങളന്വേഷിച്ചു. ഡോക്ടര്‍ രോഗവിവരങ്ങളെല്ലാം വിശദീകരിച്ച ശേഷം പറഞ്ഞു: ”ഞാന്‍ എല്ലാം ഉറച്ചു കഴിഞ്ഞിരിക്കുന്നു, എല്ലാ സാമ്പത്തിക ബാധ്യതകളും ഹുസൈനോട് പറഞ്ഞിട്ടുണ്ട്. നോബിള്‍ സ്‌കൂളില്‍ നിന്ന് കിട്ടാനുള്ള പണം എനിക്ക് കിട്ടിയിട്ടുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. വ്യക്തിപരമായി അത് ചെലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.”
എന്താണ് നിങ്ങളിങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി പ്രായമായില്ലേ എന്നായിരുന്നു. ഞാന്‍ ചോദിച്ചു: എന്നേക്കാള്‍ പ്രായം കുറവല്ലേ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ വിധി അടുത്തെത്തിയിരിക്കുന്നു. പ്രാര്‍ഥിക്കാനായി ആഹ്വാനം നല്‍കാമെന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹം അംഗീകരിക്കുകയും ആ ആഴ്ചയില്‍ തന്നെ എല്ലാ പള്ളികളിലേക്കും അറിയിപ്പ് നല്‍കുകയും ചെയ്തു. അങ്ങനെ റമദാനിലെ ആദ്യത്തെ ആഴ്ചയില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഇനി നമുക്ക് അദ്ദേഹം തെളിച്ച വഴികളിലൂടെ സഞ്ചരിക്കാം. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള വ്യക്തിത്വങ്ങള്‍ നമുക്ക് പാഠമാവേണ്ടതുണ്ട്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കുമാറാകട്ടെ! ആമീന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x