12 Friday
April 2024
2024 April 12
1445 Chawwâl 3

സാരമില്ല; നിങ്ങള്‍ തിരിച്ചുവരൂ

ഡോ. മന്‍സൂര്‍ ഒതായി


പകലിനെ സജീവമാക്കിയ ശേഷം ചക്രവാളത്തില്‍ വിസ്മയ കാഴ്ചയൊരുക്കിയാണ് സൂര്യന്‍ അസ്തമിക്കുന്നത്. സൂര്യന്‍ വിടചൊല്ലുന്ന സായാഹ്നസമയം മനസ്സിന് ഊര്‍ജവും ഉന്മേഷവും അനുഭവപ്പെടുന്ന സന്ദര്‍ഭമാണ്. സൂര്യന്‍ അസ്തമിക്കുന്നതോടെ ഭൂമിയില്‍ ഇരുള്‍ പടരുമെന്ന് നമുക്ക് അറിയാം. എന്നാല്‍ അസ്തമയ സൂര്യനെ നോക്കി സൂര്യന്‍ ഇതാ പോവുന്നു, നമ്മളിനി എന്തു ചെയ്യുമെന്നു പറഞ്ഞ് ആരും സങ്കടപ്പെടാറില്ല. കാരണം ഇന്നത്തെ രാത്രി കഴിയുമ്പോള്‍ പിറ്റേ ദിവസം പുഞ്ചിരിയോടെ പുതിയ പ്രഭാതം വിടരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു.
നാളെയെക്കുറിച്ചുള്ള നല്ല സ്വപ്‌നങ്ങളും പ്രതീക്ഷകളും തന്നെയാണ് നമ്മുടെ ജീവിതത്തിന് വര്‍ണം നല്‍കുന്നത്. പ്രതീക്ഷ നമ്മുടെ ജീവിതത്തിന്റെ ഇന്ധനമാണ്. ഈ ഇന്ധനം തീര്‍ന്നുപോവുകയോ അതില്‍ മായം കലരുകയോ ചെയ്താല്‍ ജീവിതത്തിന്റെ ചലനാത്മകത നഷ്ടമാവും. ചെറുതും വലുതുമായ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാവുമ്പോഴാണ് മനസ്സ് ഉന്മേഷഭരിതമാവുന്നത്. മനുഷ്യനെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും സേവനസന്നദ്ധനാക്കുന്നതും പ്രതിഫല മോഹമാണ്. ജോലിയിലെ പുരോഗതിക്കും ലക്ഷ്യം നേടാനുള്ള നിരന്തര പരിശ്രമത്തിനും പ്രതീക്ഷ കൂടിയേ തീരൂ.
നമുക്കൊക്കെ എന്തു പ്രതീക്ഷിക്കാനാണ് എന്ന് നിരാശപ്പെടുന്നവരുമുണ്ട്. നമ്മളെയൊക്കെ ആര് പരിഗണിക്കാനാണ് എന്ന ചിന്തയാല്‍ സ്വന്തത്തെ ഇകഴ്ത്തുന്നവരുമുണ്ട്. ഓരോ വ്യക്തിയും വിലപ്പെട്ടവന്‍ തന്നെയാണ്. അവന്റെ/ അവളുടെ ജീവിതം മൂല്യമുള്ളതാണ്. താല്‍ക്കാലിക കഷ്ടനഷ്ടങ്ങളെ നോക്കി ഇനി രക്ഷയില്ല എന്നു ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാനാവും? എണ്ണമറ്റ കഴിവുകളാല്‍ അനുഗൃഹീതരല്ലേ നമ്മളോരോരുത്തരും? ലഭ്യമായ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി അവസരങ്ങളെ പ്രയോജനപ്പെടുത്തുകയല്ലേ നാം ചെയ്യേണ്ടത്? ജീവിതത്തില്‍ പലതും ചെയ്യാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കണം, പ്രതീക്ഷിക്കണം, അതിനായി പരിശ്രമിക്കണം.
പുതിയ ആശയങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുമ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട്, ഇനി അതിനൊക്കെ സമയമുണ്ടോ? കുട്ടികളും കുടുംബവുമൊക്കെയായില്ലേ? ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സമയമുണ്ടോ? നമുക്കോ മറ്റുള്ളവര്‍ക്കോ ഗുണപ്രദമായ കാര്യങ്ങള്‍ ഏതു നിമിഷവും നമുക്ക് ചെയ്യാം. മനസ്സില്‍ പ്രതീക്ഷയുടെ നാളം തെളിഞ്ഞു കത്തണം. മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്‍ മനസ്സില്‍ നിരാശയുടെ ഇരുള്‍ പടരും.
ഉള്ളിലെ ഇരുട്ടിനെ ആത്മപ്രകാശം കൊണ്ട് അകറ്റാന്‍ നമുക്ക് സാധിക്കണം. ഒറ്റപ്പെട്ട നേരത്ത് ഒരു കുട്ടിയുടെ കൂട്ടുപോലും വിലപ്പെട്ടതാണ്. എന്നാല്‍ ഈ പ്രപഞ്ചനാഥന്‍, സര്‍വജ്ഞനും സര്‍വശക്തനും സ്‌നേഹനിധിയുമായ സ്രഷ്ടാവ് സദാ കൂടെയുണ്ടാവുമ്പോള്‍ നാം എന്തിന് നിരാശപ്പെടണം? ”നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ കൂടെയുണ്ട്” (അല്‍ഹദീദ് 4). ജീവിതത്തില്‍ വീഴ്ചകളും അബദ്ധങ്ങളും സംഭവിച്ചവരോട് ‘സാരമില്ല, നിങ്ങള്‍ തിരിച്ചുവരൂ, നിങ്ങളുടെ മുഴുവന്‍ കുറ്റങ്ങളും മായ്ക്കപ്പെടു’മെന്ന് കാരുണ്യവാന്‍ ഉറപ്പു നല്‍കുന്നു. ”അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രേ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമത്രേ” (വി.ഖു 39:53).
നിരാശയുടെ നെഗറ്റീവ് ചിന്തകളെ അകറ്റിനിര്‍ത്തി മനസ്സില്‍ പ്രതീക്ഷയുടെ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാം. ഒരു കുഞ്ഞ് തൈ നടുമ്പോള്‍ അത് പെട്ടെന്ന് പടര്‍ന്നു ഫലമുണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. നിരവധി മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും കനി തരുന്ന ഒരു നാളേക്കായി നാം കാത്തിരിക്കുന്നു. ഈ കാത്തിരിപ്പാണ് ജീവിതത്തിന്റെ മധുരം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x