9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

നിരാശരാവരുത്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


പറയുക: സ്വന്തത്തോട് അതിക്രമം കാണിച്ചിരിക്കുന്ന എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ റഹ്മത്ത് ലഭിക്കുമോ എന്നതില്‍ നിങ്ങള്‍ നിരാശരാവരുത്. അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുക തന്നെ ചെയ്യും. അവന്‍ കൂടുതല്‍ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. (സുമര്‍ 53)

മനസ്സ് സംഘര്‍ഷഭരിതമായി, നിരാശയിലും വിഷാദത്തിലും കഴിയുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന സാന്ത്വന വാക്കുകളാണ് ഈ വചനം. അല്ലാഹുവിനെ പൂര്‍ണമായി അനുസരിച്ച് ഈമാനും ധര്‍മ ചിന്തകളുമായി ജീവിക്കേണ്ടവനാണ് മുസ്ലിം. പൈശാചിക ചിന്തകള്‍ ഉണ്ടാകാതെ ജീവിക്കാനുള്ള എല്ലാ മുന്‍കരുതലുകളും മതം പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ മനുഷ്യ സഹജമായ തെറ്റുകള്‍ സംഭവിച്ചേക്കാം. അത് ഉടന്‍ തിരിച്ചറിഞ്ഞ് മാപ്പിരന്നാല്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയും ചെയ്യും.
തൗബ ചെയ്യുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ തുടര്‍ന്നുള്ള ജീവിതം കൂടുതല്‍ പുണ്യപൂര്‍ണമായിരിക്കണം. തൗബയുടെ അനുബന്ധമായി ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നതും ജീവിതത്തെ ഈ രൂപത്തില്‍ മാറ്റിയെടുക്കാനാണ്. സ്വന്തത്തോട് അതിക്രമം കാണിക്കുക എന്നതിന് വിവിധ തലങ്ങളുണ്ട്. മനുഷ്യന്റെ വഴിവിട്ട ജീവിതം സ്വന്തത്തോടുള്ള അതിക്രമമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. ശിര്‍ക്ക്, കുഫ്ര്‍ തുടങ്ങിയ അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുകളും ഇങ്ങനെ തന്നെ. ചൂഷണം, ദുര്‍മോഹം, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങിയവ അതിന്റെ ഇരകള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളെക്കാള്‍ ദുരന്തപൂര്‍ണമായിരിക്കും സ്വന്തത്തിലേക്ക് തിരിച്ചു വരുന്ന പ്രത്യാഘാതങ്ങള്‍.
ആരെങ്കിലും പാപം ചെയ്യുന്നുവെങ്കില്‍ അവന് തന്നെ ദോഷമായിട്ടാണത് ചെയ്യുന്നത് (4:111) എന്ന വചനം ഇത് സാക്ഷ്യപ്പെടുത്തുന്നു. തന്നോട് തന്നെ ചെയ്യുന്ന അതിക്രമങ്ങളെ ഖുര്‍ആന്‍ ‘ഇസ്റാഫ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പരിധി വിട്ടുള്ള പ്രവര്‍ത്തനം എന്നാണ് അതിന്റെ ബാഹ്യാര്‍ഥം. എല്ലാ കാര്യത്തിലും മിതത്വം ആണ് മതം ഇഷ്ടപ്പെടുന്നതും ആവശ്യപ്പെടുന്നതും. അതില്‍ കൂടുമ്പോഴും, അനാവശ്യമായത് ചെയ്യുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതം അനുഭവിക്കേണ്ടതും ചെയ്തവര്‍ തന്നെയാണ്. മതസങ്കല്‍പം എന്നതിലുപരി അല്ലാഹു നിശ്ചയിച്ച ഒരു സംവിധാനമാണിത്.
കുറ്റബോധമുണ്ടാകുക എന്നതാണ് ജീവിതം കൂടുതല്‍ നന്നാക്കിയെടുക്കാനുള്ള മാര്‍ഗം. സ്വന്തത്തെ പഴിക്കാനും കണ്ണീര്‍ പൊഴിക്കാനും കഴിയുന്നത് കുറ്റബോധം മനസ്സിനെ അസ്വസ്ഥമാക്കുമ്പോഴാണ്. ആജീവനാന്തം തെറ്റില്‍ മുഴുകി, മരിക്കാന്‍ നേരത്ത് കുറ്റ ബോധമുണ്ടാകുന്നത് യഥാര്‍ഥ തൗബയല്ല(4:17) എന്നാണ് അല്ലാഹു പറയുന്നത്. നന്‍മയൊന്നും ചെയ്യാതെ നിരന്തരം തെറ്റുകളില്‍ മുഴുകുന്നവരുടെ മനസ്സും ആ രൂപത്തില്‍ പാപക്കറയിലായിരിക്കും.
നല്ലതൊന്നും കേള്‍ക്കാനും കാണാനും കഴിയാതെ അവരുടെ മനസ്സ് പാപങ്ങള്‍ തീര്‍ത്ത മറക്കകത്തായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. (83:14) ഇപ്രകാരം തന്നെയാണ് ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലെ അമിതവല്‍ക്കരണവും. അവയെല്ലാം നഷ്ടവും പരാജയവും ഖേദവുമായി നില്‍ക്കുമ്പോള്‍ മിച്ചമാകുന്നത് വിഷാദവും നിരാശയും മാത്രമായിരിക്കും.
അല്ലാഹുവിന്റെ വിധി നിശ്ചയങ്ങളില്‍ ഉണ്ടാവേണ്ട ദൃഢവിശ്വാസം കുറയുന്നതും നിരാശക്ക് കാരണമാകും. നമ്മുടെ വിജയ പരാജയങ്ങളിലെല്ലാം അവന്റെ ഇടപെടല്‍ നടക്കുന്നുണ്ട് എന്ന ബോധ്യം ഈമാനിന്റെ ഭാഗവുമാണ്. സ്വന്തം പിഴവുകള്‍ കാരണമായും അല്ലാഹുവിന്റെ ഖദാഇന്റെ ഭാഗമായും ഉണ്ടാകുന്ന ഒരു കാര്യത്തിലും നിരാശരാകരുത് എന്നത് വിശ്വാസികള്‍ക്ക് എപ്പോഴും കരുത്തേകുന്ന ദൈവ വചനമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x