25 Thursday
April 2024
2024 April 25
1445 Chawwâl 16

തൃക്കാക്കരയിലെ സമുദായം

സുഫ്‌യാന്‍

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സഹതാപ തരംഗം വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് കോണ്‍ഗ്രസ്. അതേ സമയം, മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യന്‍ വോട്ടിനെ എങ്ങനെ വശത്താക്കാം എന്ന പരീക്ഷണത്തിലാണ് സി പി എം. അതിനായി, സഭയുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തില്‍ വെച്ച്, പ്രൊഫഷണല്‍ യൂണിഫോമില്‍, സഭാവസ്ത്രധാരികളുടെയും രാഷ്ട്രീയക്കാരുടെയും സാന്നിധ്യത്തിലാണ് സ്ഥാനാര്‍ഥിയുടെ ആദ്യ പത്രസമ്മേളനം നടന്നത്. ഇത്തരത്തിലൊരു സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്‍മാതൃകയില്ലാത്തതാണ്. ഇതുകൊണ്ട് സി പി എം ലക്ഷ്യമിടുന്നത് സഭയുടെ ആളാണ് സ്ഥാനാര്‍ഥി എന്ന പ്രചാരണവും അതുവഴിയുള്ള വോട്ടുകളുമാണ്. ഡോഗ് വിസില്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിളിക്കുന്നത്.

ഡോഗ് വിസില്‍
ഒരു പ്രത്യേക വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടി അവര്‍ക്കായി നല്‍കുന്ന സന്ദേശമാണിത്. എന്നാല്‍, ഈ സന്ദേശം ഇതര വിഭാഗങ്ങളെ നേരിട്ട് പ്രകോപിപ്പിക്കുന്നതാവാനും പാടില്ല. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്തതും എന്നാല്‍ നായകള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നതുമായ അള്‍ട്രാസോണിക് വിസിലുകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ രാഷ്ട്രീയ സംജ്ഞ. സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനവും സഭാവസ്ത്രധാരികളുടെ സാന്നിധ്യവും നല്‍കുന്ന സന്ദേശം വ്യക്തമാണ്. അതേസമയം, അത് ഇതര വിഭാഗങ്ങളെ നേരിട്ട് പ്രകോപിപ്പിക്കുന്നതുമല്ല.
അമേരിക്ക, യൂറോപ്പ് പോലുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം ഡോഗ് വിസിലുകള്‍ കേള്‍ക്കാറുള്ളതാണ്. കുടുംബമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഞങ്ങള്‍ എന്ന് ഏതെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപിച്ചാല്‍ അത് ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ എന്ന അര്‍ഥത്തിലാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിച്ച് വികസനം സാധ്യമാക്കും എന്ന് പറഞ്ഞാല്‍ അത് മുസ്ലിം കുടിയേറ്റം നിര്‍ത്തലാക്കും എന്നാണ് അര്‍ഥമാക്കുന്നത്. 1996 മുതല്‍ 2007 വരെ ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ ഹോവാര്‍ഡ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആണിക്കല്ലായി സ്വീകരിച്ചിരുന്നത് ഡോഗ് വിസിലുകളെയാണ്. Un-Australian, Mainstream, Illegals തുടങ്ങിയ വാക്കുകള്‍ അതില്‍ സാര്‍വത്രികമായിരുന്നു. അമേരിക്കയില്‍ ട്രംപ് സ്വീകരിച്ചിരുന്ന വഴിയും ഇതായിരുന്നു. രാഷ്ട്രമീമാംസകനായ റോബര്‍ട്ട് ഇ ഗൂഡിന്‍ പറയുന്നത്, ഡോഗ് വിസില്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ്. കാരണം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഇത്തരം കാമ്പയിനുകള്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു പ്രസ്താവനക്കോ ഇമേജിനോ അവര്‍ ഉദ്ദേശിക്കാത്ത അര്‍ഥം കല്‍പിക്കുകയും അത് പ്രത്യേകമായ ഒരു വിഭാഗത്തിന് മാത്രം മനസ്സിലാകുന്ന വിധത്തിലാവുകയും ചെയ്യുമ്പോള്‍ വോട്ടര്‍മാര്‍ കബളിപ്പിക്കപ്പെടുകയും ജനാധിപത്യം ദുര്‍ബലമാവുകയും ചെയ്യുന്നു.
തൃക്കാക്കരയില്‍ തിരക്കുള്ള ഒരു പ്രൊഫഷണലിനെയാണ് ആദ്യനോട്ടത്തില്‍ കാണുന്നതെങ്കിലും ആ പത്രസമ്മേളനം നല്‍കുന്ന ഡോഗ് വിസില്‍ ക്രിസ്ത്യന്‍ സമുദായത്തിനുള്ളതാണ്. അക്കാര്യം കാസയും പി സി ജോര്‍ജും തിരിച്ചറിഞ്ഞുവെന്നതാണ് അവരുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാവുന്നത്. അതുകൊണ്ടുതന്നെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരുംനാളുകളിലേക്കുള്ള ഒരു കേസ് സ്റ്റഡിയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x