9 Sunday
May 2021
2021 May 9
1442 Ramadân 26

ലൈംഗിക വിച്ഛേദ ശപഥം

ശംസുദ്ദീന്‍ പാലക്കോട്‌


ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയില്ല എന്ന് ഭര്‍ത്താവ് സത്യം ചെയ്ത് തീരുമാനം പ്രഖ്യാപിക്കുന്നതിനാണ് ഈലാഅ് (ലൈംഗിക വിച്ഛേദ ശപഥം) എന്ന് പറയുന്നത്. ഒരു കാര്യം ചെയ്യുകയില്ല എന്ന് ശപഥം ചെയ്യുക/ സത്യം ചെയ്തു പറയുക എന്നാണ് ഈലാഅ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.
എന്നാല്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ അനാരോഗ്യം, മറ്റു ന്യായമായ കാരണങ്ങള്‍ എന്നിവയാല്‍ ഭാര്യാഭര്‍ത്താക്കള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് ഹൃസ്വകാലമോ ദീര്‍ഘകാലമോ വിട്ടുനില്‍ക്കുന്നതില്‍ മതപരമായി തെറ്റില്ല. ഭാര്യയോടുള്ള ദേഷ്യം കാരണമായോ അവളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതിനോ ഭാര്യയുമായി നിശ്ചിത കാലത്തേക്കോ ജീവിതാന്ത്യം വരെയോ ലൈംഗിക ബന്ധം നടത്തുകയില്ല എന്ന് ശപഥം ചെയ്യുന്ന രീതി ഇസ്‌ലാമിന് മുമ്പ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ ശപഥം ചെയ്താല്‍ അതിന്റെ നിയമവശം എന്താണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
”ഭാര്യമാരുമായി ഈലാഅ് ചെയ്യുന്നവര്‍ (ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയില്ലെന്ന് ശപഥം ചെയ്യുന്നവര്‍) നാല് മാസം കാത്തിരിപ്പ് കാലമാണ്. അതിനിടയില്‍ അവര്‍ മടങ്ങിയാല്‍ തീര്‍ച്ചയായും അല്ലാഹു പാപം പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു. ഇനി അവര്‍ വിവാഹ മോചനമാണുദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമാകുന്നു.” (അല്‍ബഖറ 226)
ഈ സൂക്തത്തില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഈലാഇന്റെ മതനിയമമായി ഗ്രഹിക്കാം: (1) ഭാര്യാഭര്‍തൃബന്ധത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നതില്‍ ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സുപ്രധാന സ്ഥാനമുണ്ട്. (2) ഇസ്‌ലാമിക നിയമങ്ങളെ സംബന്ധിച്ച അജ്ഞത മൂലമോ ഭാര്യയോടുള്ള വെറുപ്പ് നിമിത്തമോ ഒരാള്‍ അപ്രകാരം ശപഥം ചെയ്താല്‍ (ഈലാഅ് ചെയ്താല്‍) പരമാവധി നാല് മാസം മാത്രമേ ആ ശപഥത്തിന് പ്രാബല്യമുള്ളൂ. (ജാഹിലിയ്യാ കാലത്ത് ഇത് ഒരു വര്‍ഷവും രണ്ട് വര്‍ഷവും ചിലപ്പോള്‍ ആജീവനാന്തവുമായിരുന്നു!)
(3) നാല് മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ശപഥം പിന്‍വലിച്ച് സാധാരണ ലൈംഗിക ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. സത്യം ചെയ്ത് തെറ്റായ തീരുമാനമെടുത്തതിന്റെ പേരില്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാല്‍ മതി. (ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്യം ചെയ്ത് ലംഘിച്ചാല്‍ ചെയ്യേണ്ട പ്രായശ്ചിത്തം നിര്‍വഹിക്കല്‍ ഇത്തരക്കാര്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സത്യം ലംഘിച്ചാല്‍ ചെയ്യേണ്ട പ്രായശ്ചിത്തം ഇത്തരം സന്ദര്‍ഭത്തില്‍ വേണ്ട എന്നാണ് പ്രബലാഭിപ്രായം)
(4) അല്ലാഹു നിയമമായി നിശ്ചയിച്ച നാല് മാസ കാലാവധി പൂര്‍ത്തിയായാല്‍ രണ്ടാലൊരു തീരുമാനമെടുക്കണം. അഥവാ ഒന്നുകില്‍ ശപഥത്തില്‍ നിന്ന് നിര്‍ബന്ധമായും പിന്‍മാറുകയും സത്യം ലംഘിച്ചതിന് ഇസ്‌ലാം നിര്‍ണയിച്ച പ്രായശ്ചിത്തം ചെയ്ത് സാധാരണ ദാമ്പത്യ ജീവിതത്തിലേക്ക് മടങ്ങുകയും വേണം. അല്ലങ്കില്‍ വിവാഹ മോചന പ്രക്രിയയിലേക്ക് നീങ്ങണം.
(5) രണ്ടിലേത് തീരുമാനമെടുത്താലും അതിന് പിന്നിലെ നല്ലതോ ചീത്തയോ ആയ ഉദ്ദേശ്യം അല്ലാഹു അറിയുന്നുണ്ടെന്ന് ഇരുവരും വിശിഷ്യാ പുരുഷന്‍ ഓര്‍ക്കണം!
(6) സത്യം ചെയ്ത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം 10 സാധുക്കള്‍ക്ക് മിതമായ നിലക്കുള്ള ഭക്ഷണമോ വസ്ത്രമോ നല്‍കുക. അല്ലങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക. അതിനൊന്നും കഴിയാത്തവര്‍ മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക എന്നിവയാണ് ഖുര്‍ആന്‍ (5:89) പറഞ്ഞത്.
ശപഥവാക്കുകളും ശാപവാക്കുകളും സത്യവിശ്വാസി ശ്രദ്ധിച്ചും സൂക്ഷിച്ചും മാത്രമേ ഉപയോഗിക്കാവൂ. കാരണം അവയില്‍ പലതും കോപത്തിന്റെ പിറകെ വരുന്നതാകയാല്‍ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയും കുറ്റകരമായി വിലയിരുത്തുകയും അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ ഒരു സത്യവിശ്വാസി സത്യം ചെയ്ത് ഒരു തീരുമാനമെടുക്കുമ്പോഴും ദേഷ്യം പിടിച്ച് മറ്റൊരാളെ ശപിക്കുമ്പോഴും രണ്ട് വട്ടമോ നാല് വട്ടമോ അവധാനതയോടെ ആലോചിക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x