9 Sunday
May 2021
2021 May 9
1442 Ramadân 26

ശാപ പ്രാര്‍ഥനയിലെത്തുന്ന ലൈംഗികാരോപണം!

ശംസുദ്ദീന്‍ പാലക്കോട്‌


ഒരാള്‍ തന്റെ ഭാര്യയെ പറ്റി വ്യഭിചാരാരോപണം ഉന്നയിക്കുകയും അതിന് നാല് സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുകയും ഭാര്യ അക്കാര്യം നിഷേധിക്കുകയും ഭര്‍ത്താവ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ നടപ്പിലാക്കുന്ന ഒരു നിയമമാണ് ലിആന്‍. ശാപം എന്നര്‍ഥമുള്ള ലഅനത്ത് എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായ ഒരു പദമാണ് ലിആന്‍. ഭര്‍ത്താവും ഭാര്യയും തികച്ചും വിരുദ്ധമായ തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഖാദിയുടെ മുമ്പില്‍ ഇരുവരും നാല് തവണ വീതം അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് തങ്ങളുടെ വാദമവതരിപ്പിക്കുകയും അഞ്ചാമത്തെ തവണ അഥവാ താന്‍ ഈ വിഷയത്തില്‍ കളവാണ് പറയുന്നതെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്നില്‍ വര്‍ഷിക്കട്ടെ എന്ന ഗുരുതര വാക്ക് സ്വന്തത്തിനെതിരായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ലിആനിന്റെ പ്രാവര്‍ത്തിക രൂപം.
”തങ്ങളുടെ ഭാര്യമാരെ സംബന്ധിച്ച് വ്യഭിചാരാരോപണം നടത്തുകയും അവര്‍ക്ക് സ്വന്തം നിലക്കല്ലാതെ മറ്റു സാക്ഷികളൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ അപ്പോള്‍ ചെയ്യേണ്ടത് ഇപ്രകാരമാകുന്നു: അവരിലൊരാള്‍ താന്‍ സത്യമാണ് പറയുന്നത് എന്ന് നാല് തവണ അല്ലാഹുവിനെ സാക്ഷിയാക്കി പ്രഖ്യാപിക്കുക. അഞ്ചാമത്തെ തവണ അയാള്‍ ഇപ്രകാരം പ്രഖ്യാപിക്കണം: അഥവാ ഞാന്‍ ഇപ്പറഞ്ഞത് കളവാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ പതിയട്ടെ! ഇനി അവളില്‍ നിന്ന് ശിക്ഷ ഒഴിവാകണമെങ്കില്‍ അവളും ഇപ്രകാരം ചെയ്യണം. അഥവാ അവന്‍ തന്നെ പറ്റി പറഞ്ഞത് കളവാണെന്ന് നാല് തവണ അല്ലാഹുവിനെ സാക്ഷി നിര്‍ത്തി അവള്‍ പറയുക. അഞ്ചാം തവണ ഇങ്ങനെയും പറയുക: അഥവാ അവന്‍ പറയുന്നതാണ് സത്യമെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ വര്‍ഷിക്കട്ടെ!” (സൂറത്തുന്നൂര്‍ 6-9)
ഈ നിയമമിറങ്ങാന്‍ നിമിത്തമായ ഒരു സംഭവം പ്രവാചകന്റെ കാലത്ത് ഉണ്ടായതായി ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നുണ്ട്. ഹിലാലുബ്‌നു ഉമയ്യ എന്ന സ്വഹാബി തന്റെ ഭാര്യയെ സംബന്ധിച്ച് വ്യഭിചാരാരോപണവുമായി പ്രവാചകനെ സമീപിച്ചു. നബി(സ) തെളിവ് (നാല് സാക്ഷികള്‍) ആവശ്യപ്പെട്ടു. ഹിലാല്‍ പറഞ്ഞു: എന്റെ ഭാര്യ വ്യഭിചരിക്കുന്നത് ഞാന്‍ കണ്ടതിന് ഞാനെങ്ങനെയാണ് നാല് സാക്ഷികളെ കൊണ്ടുവരിക? പ്രവാചകന്‍ (സ) പക്ഷെ തന്റെ നിലപാടില്‍ തന്നെ (നാല് സാക്ഷികളെ ഹാജരാക്കുക അല്ലങ്കില്‍ താങ്കള്‍ വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക എന്ന നിലപാട്) നില കൊണ്ടു. അപ്പോള്‍ ഹിലാല്‍ പറഞ്ഞു: ഞാന്‍ സത്യമാണ് പറയുന്നത്. എന്റെ മുമ്പില്‍ വേറെ സാക്ഷികളില്ല. അല്ലാഹു എന്റെ നിരപരാധിത്വം വ്യക്തമാക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ നിയമമവതരിച്ചത്. ഈ നിയമം ഇസ്‌ലാമിക ലോകത്ത് ആദ്യമായി നടപ്പില്‍ വരുത്തിയത് ഹിലാലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കാര്യത്തില്‍ തന്നെയായിരുന്നു.
മറ്റേതൊരു ആരോപണം പോലെയല്ല ഒരു സ്ത്രീയുടെ നേരെയുള്ള വ്യഭിചാരാരോപണം. അത് വളരെയധികം ഗുരുതരമാണ്. അതുകൊണ്ടാണ് അത്തരം ആരോപണവുമായി വരുന്നവര്‍ സത്യമാണ് പറയുന്നതെങ്കിലും നാല് സാക്ഷികളെ ഹാജരാക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇസ്‌ലാം സ്ത്രീയുടെ അഭിമാനത്തിനും വ്യക്തിത്വത്തിനും മുന്തിയ പരിഗണന നല്‍കുന്നു എന്നതിന്റെ തെളിവുമാണിത്. നാല് സാക്ഷികളുടെ അഭാവത്തിലാണ് ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതെങ്കില്‍ വാദി പ്രതിയാകും. അഥവാ ആരോപകനെ ഇസ്‌ലാമിക കോടതി ശിക്ഷിക്കും. ഇക്കാര്യം ഖുര്‍ആന്‍ (24:4) സഗൗരവം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ തന്റെ ഭാര്യ വ്യഭിചരിക്കുന്നത് കണ്ടാല്‍ അത്തരം സംഭവം ഒരു അത്യപൂര്‍വ ഗുരുതര സംഭവം എന്ന നിലയില്‍ നാല് സാക്ഷികള്‍ എന്ന ഉപാധി ഇളവ് നല്‍കപ്പെട്ടിരിക്കുന്നു. കാരണം ഇത്തരം സന്ദര്‍ഭത്തില്‍ കോപാന്ധനും രോഷാകുലനും അങ്ങേയറ്റം സംഘര്‍ഷഭരിതമായ മാനസികാവസ്ഥയിലുമുള്ള ഭര്‍ത്താവിനോട് നാല് സാക്ഷികളെ കൊണ്ടുവരാന്‍ പറയുന്നത് തീരെ ഭൂഷണവുമല്ല, മാനുഷികവുമല്ല എന്ന കാര്യം വ്യക്തമാണല്ലോ.
അതുകൊണ്ടാണ് അത്യപൂര്‍വ കര്‍മങ്ങളിലൂടെ ഈ പ്രശ്‌നം ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. അഥവാ ഇരുവരും തങ്ങളുടെ വാദത്തില്‍ ഉറച്ചു നിന്ന് നാല് പ്രാവശ്യം സത്യം ചെയ്യുക. അഞ്ചാം തവണ സ്വന്തത്തിനെതിരെ ശാപ പ്രാര്‍ഥന നടത്തുക.
ഇപ്രകാരം ഇരുവരും ചെയ്യുന്നതിലൂടെ ഇവരിലൊരാള്‍ കളവ് പറഞ്ഞു എന്നതും അയാളില്‍ ദൈവകോപമിറങ്ങുമെന്നതും ഉറപ്പായി. അതിനാല്‍ തന്നെ ലിആന്‍ പൂര്‍ത്തിയാകുന്നതോടെ ഇരുവരും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധം വേര്‍പ്പെടുന്നതുമാണ്. പ്രത്യേകം ത്വലാഖ് ആവശ്യമില്ല എന്നര്‍ഥം.
ലിആനിലൂടെ ഭാര്യാഭര്‍തൃബന്ധം വേര്‍പെട്ട സ്ത്രീയുടെ കാര്യത്തില്‍ അവളുടെ ഇദ്ദ കാലത്തെ ചെലവ് അഥവാ താമസവും ഭക്ഷണവും മറ്റും പുരുഷന്‍ വഹിക്കേണ്ടതില്ല എന്നതാണ് പ്രബലമായ പണ്ഡിതാഭിപ്രായം. ദീര്‍ഘകാലം താന്‍ ലൈംഗിക ബന്ധം നടത്താതിരുന്ന ഭാര്യ ഗര്‍ഭിണിയായ സംഭവത്തിലാണ് വ്യഭിചാരാരോപണവും ലിആനും അതിനെ തുടര്‍ന്ന വേര്‍പാടും നടന്നതെങ്കില്‍ കുട്ടിയുടെ സംരക്ഷണ ഉത്തരവാദിത്തവും പുരുഷന്‍ ഏറ്റെടുക്കേണ്ടതില്ല എന്നും പണ്ഡിതാഭിപ്രായമുണ്ട്.
സംതൃപ്തമായ ലൈംഗിക ജീവിതവും ലൈംഗിക വിശുദ്ധിയുമാണ് ഭാര്യാ ഭര്‍തൃ ബന്ധത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം. അതില്‍ പരപുരുഷ, പരസ്ത്രീ ബന്ധത്തിന്റെ നഞ്ഞ് കലര്‍ന്നാല്‍ ദാമ്പത്യ ബന്ധം സമ്പൂര്‍ണ തകര്‍ച്ചയിലെത്താനോ പലവിധ ദുരന്തങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് കടന്നുവരാനോ കാരണമാകും. അതിനാല്‍ ദമ്പതികള്‍ ലൈംഗിക വിശുദ്ധിയും പരസ്പര വിശ്വസ്തതയും പൊന്നു പോലെ കാത്തുസൂക്ഷിക്കേണ്ടതാകുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x