21 Wednesday
April 2021
2021 April 21
1442 Ramadân 8

ധൈഷണികത ഖുര്‍ആന്‍ വിരുദ്ധമാകുമോ?

അഹ്മിദ നൈഫര്‍


പുതിയ ബൗദ്ധിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വഹ്‌യിനെ അപഗ്രഥിക്കാന്‍ പര്യാപ്തമായ ദൈവശാസ്ത്രം വികസിപ്പിക്കേണ്ടതുണ്ടോ? വഹ്‌യിന്റെ ചരിത്ര ബന്ധമാണ് ഇതിന് പഠന വിധേയമാക്കേണ്ടത്. ഇന്ന് നമ്മുടെ വിശ്വാസം രൂപപ്പെടുത്തേണ്ടതെങ്ങനെ എന്നതാണ് ഈ പഠനം ലക്ഷ്യമിടുന്നത്. വൈവിധ്യങ്ങളുണ്ടായേക്കാമെങ്കിലും ഇതിന്റെ ഉത്തരം യാഥാര്‍ഥ്യ ബോധത്തോടെയായിരിക്കണം കണ്ടെത്തേണ്ടത്. ഈമാന്‍ ഒരു യാഥാര്‍ഥ്യമാണ്, അത് ദൈവത്തിന്റെ വരദാനവുമാണ്. അത് സ്വീകരിക്കുന്നതോടെ മനുഷ്യന്റെ നിലപാടുകള്‍ക്ക് കൃത്യത കൈവരുന്നു. വിശ്വാസത്തെ കര്‍മവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പണ്ടു മുതലേ ദൈവശാസ്ത്ര ചര്‍ച്ചകള്‍ നടന്നുവന്നത്. വിശ്വാസി തന്റേതായ സാംസ്‌കാരിക തലങ്ങളെയും ബൗദ്ധിക നിര്‍മിതികളെയും സ്വാധീനിക്കുന്ന സമൂലമാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. പിന്നീടത് അവന്റെ ആത്മബോധമായി ബാക്കി നില്‍ക്കുന്നു.
ഈമാന്‍ എങ്ങനെ രൂപപ്പെടുത്തണം എന്ന ചോദ്യം കൊണ്ടുദ്ദേശിക്കുന്നത് മതാധിഷ്ഠിത വ്യക്തിഗത സമീപനങ്ങളെ സ്വകാര്യമായി വിലയിരുത്തുക എന്നതല്ല. മറിച്ച് കാലം മനസ്സിലാക്കി അതിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ബോധതലം ചലനാത്മകമാക്കുകയാണ് വേണ്ടത്. വിശ്വാസത്തിന് കൂടുതല്‍ പ്രവര്‍ത്തനക്ഷമത അപ്പോഴുണ്ടായിരിക്കും. അതിന്റെ ഭൂമികയില്‍ നിന്ന് കൊണ്ട് തന്നെ പ്രശ്‌നപരിഹാരവും സാധ്യമാകും. വഹ്‌യിനെ ചരിത്രത്തിലെ ഗതിവിഗതികളുമായി ബന്ധപ്പെടുത്തി വായിക്കുമ്പോള്‍ യാഥാര്‍ഥ്യബോധമില്ലാത്ത, നാഗരിക ബൗദ്ധിക അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത കേവല ദൈവശാസ്ത്ര പഠനമല്ല നാം ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച് സമകാലിക ലോകത്ത് നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍, ബൗദ്ധിക ബോധ്യങ്ങളായിരിക്കണം ഈ അന്വേഷണത്തിന് വേണ്ടത്. നവലോക നാഗരികാവബോധത്തെ കൂട്ട് പിടിച്ച് മുസ്‌ലിംകള്‍ക്ക് എത്രകണ്ട് ഈമാനികമായി മുന്നേറാന്‍ കഴിയുമെന്നതും ആലോചിക്കേണ്ടതാണ്.
വഹ്‌യ് കൊണ്ടുദ്ദേശിക്കുന്നത് ദൈവിക സന്ദേശം നിര്‍വഹിച്ചിരിക്കേണ്ട ദൗത്യമാണ്. കേവല- ആപേക്ഷികതകള്‍ക്കിടയിലെ പാരസ്പര്യമാണ് അതിലൂടെ സാധ്യമാകേണ്ടത്. സമഗ്ര കാഴ്ചപ്പാടാണതിന് ആവശ്യം. ഇത്ര സാഹസപ്പെട്ട് വഹ്‌യിനെ സമീപിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചേക്കാം. വിശാലമായ ചരിത്രാസ്തിത്വ ഭൂമികയില്‍ മനുഷ്യനെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള പഠനം നല്‍കുന്ന ധൈഷണികത വഹ്‌യ് വിരുദ്ധമാകുന്നില്ല എന്ന മറുപടി മാത്രമേ അതിനുള്ളൂ. ആധുനിക ചിന്തകനായ ഫഹ്മി ജദ്ആന്‍ വഹ്‌യിനെ അപഗ്രഥിച്ചപ്പോള്‍ ഉദ്ദേശിച്ചതും ഇത് തന്നെയാണ്. ആധുനികതയിലേക്കുള്ള കുതിപ്പായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അന്ധവിശ്വാസ അനുകരണം, ഇതിഹാസങ്ങള്‍, മിത്തുകള്‍ എന്നിവയില്‍ നിന്ന് അറേബ്യന്‍ ധൈഷണികതയെ പുറത്തെടുക്കാനുള്ള ആവേശമായിരുന്നു അതിന് പിന്നില്‍. മനുഷ്യ സഹജ ചിന്തയും കണ്ടും കേട്ടും ലഭിക്കുന്ന ബോധ്യങ്ങളുമായിരിക്കണം ധൈഷണികതയുടെ ഉള്‍ക്കരുത്താകേണ്ടത്. വേദഗ്രന്ഥ പരിജ്ഞാനം അപ്പോള്‍ ആസ്വാദ്യകരമായിത്തീരും.
മറ്റൊരു നിരീക്ഷണം കൂടി ഇതിനോട് ചേര്‍ത്തു വെക്കേണ്ടതുണ്ട്. ആധുനികതയുമായി പൊരുത്തപ്പെടുന്ന സൈദ്ധാന്തിക സങ്കല്‍പ്പങ്ങളിലാണോ നമ്മുടെ മത ചിന്തകള്‍ രൂപപ്പെടുന്നത്? എങ്കില്‍ അത് നാഗരിക ബൗദ്ധിക പ്രയാണത്തില്‍ സമാനത പുലര്‍ത്തുന്ന മുസ്‌ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഒരുപോലെ സ്വീകാര്യമായിരിക്കും. വിശ്വാസത്തില്‍ കണിശത പുലര്‍ത്തി കൊണ്ട് തന്നെ പുതിയ പാതയില്‍ പ്രയാണം തുടരുകയാണ് ഇതിന് ആവശ്യം. ഇത്തരത്തിലുളള ധൈഷണിക ശാക്തീകരണത്തിനായിരുന്നു അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (1877-1938) ആഹ്വാനം ചെയ്തത്. മതചിന്തകളുടെ നവീകരണം എന്ന ഗ്രന്ഥത്തില്‍ അക്കാര്യം എടുത്തു പറയുന്നുണ്ട്. അറബ് മുസ്‌ലിം ലോകത്ത് പിന്നീട് പലരും അത് ഏറ്റു പറഞ്ഞു.
എന്തുകൊണ്ട് മുസ്‌ലിംകള്‍ പിന്നാക്കമായി, മറ്റുള്ളവര്‍ എങ്ങനെ മുമ്പിലെത്തി? മുഹമ്മദ് ഇഖ്ബാലിന്റെ നവീകരണ ചിന്ത പ്രസരിപ്പിക്കുന്നത് ഈ ചോദ്യത്തെ നേരിടാനുള്ള കരുത്താണ്. ധൈഷണിക നവോത്ഥാനത്തിന് മാത്രമേ കാലം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുകയുള്ളൂ. മതബോധത്തെ യഥാസമയം ചരിത്രബോധവുമായി കണ്ണി ചേര്‍ക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
ധൈഷണിക നവോത്ഥാനം മറ്റൊരു ബോധതലവും രൂപപ്പെടുത്തുന്നുണ്ട്. സാംസ്‌കാരിക വൈവിധ്യമുണ്ടെങ്കിലും ലോക സമൂഹം ഏകമുഖ നാഗരികതയിലാണ് ഇന്നുള്ളത്. മൂല്യ സങ്കല്‍പ്പങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വഹ്‌യ് നല്‍കുന്ന ധൈഷണികതക്ക് ഈ രംഗത്തെ സ്വാധീനിക്കാന്‍ കഴിയണം. ജീവിത ബോധ്യങ്ങളെ തള്ളി പറയാന്‍ ആരും തയ്യാറാകുകയില്ല.
നാഗരികതയുടെ നിറവില്‍ അഭിരമിക്കുന്ന ആധുനിക സമൂഹത്തിന് ജീവിത പരിണിതിയെക്കുറിച്ചുള്ള ബോധമുണ്ടാക്കാനും ഈ സമീപനം ആവശ്യമാണ്. അതാണല്ലോ മറ്റു ജീവികള്‍ക്കിടയില്‍ തന്റെ ഇടം കണ്ടെത്താന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്.
നവോത്ഥാനത്തെ മാറ്റി നിര്‍ത്തി നവീകരണത്തെ സ്വീകരിക്കുന്ന ഇഖ്ബാല്‍ മറ്റൊന്ന് കൂടി പറയുന്നുണ്ട്. നിലവിലുള്ള വൈജ്ഞാനിക നാഗരിക സങ്കേതങ്ങള്‍ക്ക് വഹ്‌യിന്റെ ഉള്‍വെളിച്ചം ആവശ്യമാണ്. വിജ്ഞാനങ്ങളുടെ ഇസ്ലാമികവത്കരണം എന്ന സങ്കല്‍പം ഇവിടെ പ്രസക്തമാണ്.
പണ്ടു മുതല്‍ തന്നെ വഹ്‌യിനെ ഈ തലത്തില്‍ പണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അശ്അരി, മുഅ്തസില വിഭാഗം ദാര്‍ശനിക സമീപനമായിരുന്നു സ്വീകരിച്ചത്. പ്രവാചകന് വഹ്‌യ് ലഭിക്കുന്ന സ്രോതസ്സിനെ ഇബ്‌നുസീന (980-1037) അഖ്ല്‍ ഫആല്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതിലും ദാര്‍ശനിക സങ്കല്‍പ്പങ്ങളുടെ സ്വാധീനമുണ്ട്. സമകാലികരായ ചിലര്‍ വഹ്‌യിനെ കേവല ആശയ വിനിമയമായിട്ട് മാത്രമേ കാണുന്നുള്ളൂ.
ഈ പ്രശ്‌നം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആധുനിക വൈജ്ഞാനിക പരിധിക്കകത്ത് നിന്നുകൊണ്ട് സൈദ്ധാന്തിക സങ്കല്‍പ്പങ്ങളായി നമുക്ക് മതചിന്തയെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമോ? ഖുര്‍ആന്‍ പദങ്ങള്‍ക്ക് സമകാലിക വൈജ്ഞാനിക ബോധ്യത്തില്‍ പുനര്‍ പഠനം വേണ്ടതുണ്ടോ?
രണ്ട് തലങ്ങളില്‍ നിന്ന് കൊണ്ട് ഇതിന് മറുപടി പറയേണ്ടതുണ്ട്. നവീകരണമാണ് ഒന്ന്, ഈമാനിന്റെ സമകാലികത്വം (റാഹിനിയ്യത്ത്) കണ്ടെത്തുകയാണ് അതില്‍ പ്രധാനം. കഴിഞ്ഞകാല ഖുര്‍ആന്‍ വ്യാഖ്യാന (തഫ്‌സീര്‍) ഗ്രന്ഥങ്ങളില്‍ നിന്ന് വഹ്‌യിന്റെ വ്യാപ്തിയും വ്യതിരിക്തതയും ലോകത്തിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ റാഹിനിയ്യത്ത് നിലനില്‍ക്കുകയുള്ളൂ. നിലവിലെ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന മൂല്യ സങ്കല്‍പ്പങ്ങള്‍ക്ക് ഈ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ സഹായകമായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ വഹ്‌യ് ഉല്‍പാദിപ്പിക്കുന്ന ധൈഷണികതയുടെ തിളക്കം അവയില്‍ കാണില്ല.
ഖുര്‍ആന്‍ പഠനങ്ങളില്‍ ഗവേഷണം ചെയ്യുന്ന ധാരാളം പേര്‍ വിശുദ്ധ ഗ്രന്ഥം അനാവരണം ചെയ്യുന്ന ബൗദ്ധിക പാരസ്പര്യം വിലയിരുത്തിയിട്ടുണ്ട്. അത് യഥാവിധി ഉപയോഗിച്ചാല്‍ തന്നെ വഹ്‌യിലടങ്ങിയിരിക്കുന്ന ധൈഷണികത കണ്ടെത്താന്‍ കഴിയും. മനുഷ്യവംശം കാലക്രമത്തില്‍ ആര്‍ജിച്ച ബൗദ്ധികശേഷി അതത് കാലങ്ങളില്‍ പ്രവാചകന്മാര്‍ക്ക് ലഭിച്ച വഹ്‌യ് നല്‍കിയ വെളിച്ചമായിരുന്നു.
മുഅ്തസിലി പണ്ഡിതര്‍ കൂടുതലായി ശ്രദ്ധയൂന്നിയതു ഈ ബൗദ്ധിക പാരസ്പര്യം പുറത്തെടുക്കുന്നതിലായിരുന്നു. ധൈഷണികതയില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്തവിധം വഹ്‌യില്‍ വിജ്ഞാനങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നത് ലോകം അംഗീകരിച്ചാല്‍ മാത്രമേ ഈമാനിന് സമകാലികത്വം വരികയുള്ളൂ.
മുഫസ്സിറുകള്‍ പാരമ്പര്യാധിഷ്ഠിത വീക്ഷണങ്ങളില്‍ തന്നെ തുടരുന്നു എന്നതാണ് രണ്ടാമത്തേത്. കാലിക ധൈഷണിക പുനസൃഷ്ടികളായിരിക്കണം തഫ്‌സീര്‍. മുന്‍ഗാമികളുടെ വീക്ഷണങ്ങളോടു ഒട്ടി നിന്ന് കൊണ്ട് കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പകരം വിമര്‍ശനാത്മക വീക്ഷണങ്ങള്‍ വേദസാര വ്യാഖ്യാനങ്ങളില്‍ പ്രതിഫലിക്കുകയും വേണം.
കഴിഞ്ഞ നൂറ്റാണ്ടില്‍ എണ്ണമറ്റ ഖുര്‍ആന്‍ സാഹിത്യപഠനങ്ങള്‍ പുറത്ത് കൊണ്ടുവന്ന ചിന്തയാണ് ‘നവീകരണം’. വിരചിതമായ തഫ്‌സീറുകളുടേയും സമകാലിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കും ഇടയിലെ വിടവാണ് അതിന്റെ പശ്ചാത്തലം. മുഫസ്സിറുകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ തഫ്‌സീറിലൂടെ പുറത്തേക്ക് കൊണ്ടുവന്നു എന്നത് കൊണ്ട് മാത്രം നവീകരണം ഉണ്ടാകുകയില്ല. പഴയകാല മുഫസ്സിറുകളുടെ ആശയങ്ങള്‍ മെച്ചപ്പെട്ട ഭാഷയില്‍ ആവര്‍ത്തിക്കുകയാണ് ഇന്നത്തെ തഫ്‌സീറുകളും. ചിലതിന് അന്നില്ലാത്ത ആധികാരിത നല്‍കുന്നുവെന്നേയുള്ളൂ.

മനുഷന്റെ മഹത്വം
മനുഷ്യന്റെ കഴിവും കഴിവുകേടും ഖുര്‍ആന്‍ വിലയിരുത്തുന്നുണ്ട്. നന്ദികെട്ടവന്‍ (കനൂദ്), അതിക്രമി (ദലൂം) ധൃതി കാണിക്കുന്നവര്‍ (അജൂല്‍) തുടങ്ങിയവ ധൈഷണികതയെയും ബാധിക്കുന്ന ന്യൂനതകളാണ്. അവയെ അതിജീവിക്കാന്‍ സഹായകമായ കഴിവും മികവും മനുഷ്യന് മാത്രമേയുള്ളൂ. ഖലീഫ എന്ന പദവിയാണ് അവന്റെ മഹത്വത്തെ കുറിക്കുന്ന പ്രധാന വിശേഷണം. കായിക ക്ഷമതയേക്കാള്‍ ധൈഷണിക മികവാണ് അതിന് വേണ്ടത്. മനുഷ്യനെക്കാള്‍ ഭീമാകാരന്മാരായ ആകാശവും ഭൂമിയും പര്‍വ്വതങ്ങളും ഏറ്റെടുക്കാന്‍ മടിച്ച ഉത്തരവാദിത്ത ബോധമാണ് അവനെ ഖലീഫ സ്ഥാനത്തിന് അനര്‍ഹനാക്കുന്നത്. അല്ലാഹുവിനോടും മനുഷ്യനോടും പ്രപഞ്ചത്തോടുമുള്ള ബന്ധം യഥാവിധി പാലിക്കുകയെന്നതാണ് അവന്‍ മാത്രമായി ഏറ്റെടുത്തിരിക്കുന്ന അമാനത്ത്.
മനുഷ്യന് പതിച്ച് നല്‍കിയിരിക്കുന്ന ഈ മഹത്വഭാവം തന്നെയാണ് നവീകരണ ചിന്തകള്‍ക്ക് ഊടുംപാവും തീര്‍ക്കേണ്ടത്. സ്വന്തത്തിന്റെ വലിപ്പം അറിയാത്തവന് അഭിമാന ബോധമുണ്ടാകുകയില്ല. ജീവിതത്തെ നവീകരിക്കാന്‍, ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍, അനുഭവങ്ങളെ ആസ്വാദ്യകരമാക്കാന്‍ വഹ്‌യിനെ കൂട്ടുപിടിക്കുമ്പോള്‍ നേട്ടങ്ങള്‍ പലതാണ്. മനുഷ്യന്റെ മഹത്വം നിലനിര്‍ത്താം, മാറ്റം ആവശ്യമായിടത്തൊക്കെ പുതിയ പാത തെളിയിക്കനും കഴിയും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x