9 Sunday
May 2021
2021 May 9
1442 Ramadân 26

സുപ്രധാന ദാമ്പത്യനിയമങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌


സംതൃപ്ത ദാമ്പത്യം തത്വത്തിലൊതുക്കാതെ പ്രായോഗിക നിയമങ്ങള്‍ മുഖേന യാഥാര്‍ഥ്യമാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദാമ്പത്യ ജീവിത വിജയത്തിന് പ്രധാനമായും വേണ്ടത് അവകാശങ്ങളും ബാധ്യതകളുമായി ബന്ധപ്പെട്ട ഇത്തരം നിയമങ്ങളെ പറ്റി സ്ത്രീ-പുരുഷന്മാര്‍ ശരിയായ നിലയില്‍ അറിവും അവബോധവും നേടിയെടുക്കുക എന്നതാണ്. ദാമ്പത്യത്തിലെ സുപ്രധാന മത നിയമങ്ങളുടെ ഒരു സംക്ഷേപം താഴെ കൊടുക്കുന്നു.
(1). സ്ത്രീകള്‍ക്ക് കടമകളും അവകാശങ്ങളുമുണ്ട്. സ്ത്രീകള്‍ക്ക് മര്യാദയനുസരിച്ചുള്ള അവകാശങ്ങളുണ്ട്, അവര്‍ക്ക് കടമകളുള്ളത് പോലെത്തന്നെ. പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു പദവിയുണ്ട്. (വി.ഖു 2:228)
(2). സ്ത്രീകളോട് മാന്യമായി പെരുമാറണം. (സ്ത്രീകള്‍ അവരുടെ പുരുഷന്മാരോടും മാന്യമായി പെരുമാറണം എന്നതും നിര്‍ബന്ധം തന്നെയാണ്) ഖുര്‍ആന്‍ പുരുഷന്മാരോട് പ്രത്യേകം പറയുന്നു: നിങ്ങള്‍ അവരോട് മാന്യമായി പെരുമാറുക. (വി.ഖു 4:19). സ്ത്രീകളെ അടക്കി ഭരിക്കാനോ അടിമകളോടെന്ന പോലെ അധികാര ഭാവത്തില്‍ പെരുമാറാനോ സത്യവിശ്വാസിയായ പുരുഷന് പാടില്ല. ”നിങ്ങളില്‍ ഏറ്റവും നല്ലവര്‍ നിങ്ങളുടെ സ്ത്രീകളോട് അഥവാ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാകുന്നു” എന്ന് പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്.
(3). രണ്ട് കാരണങ്ങളാല്‍ പുരുഷനാണ് കുടുംബനാഥന്‍. കുടുംബ ജീവിതത്തില്‍ മേല്‍നോട്ട ചുമതല ഇസ്‌ലാം പുരുഷനെയാണ് ഏല്‍പിച്ചിട്ടുള്ളത്. അത് സ്ത്രീകളെ അവഗണിക്കലല്ലെന്നും അവരെ പരിഗണിക്കലും ആദരിക്കലും അവര്‍ക്ക് ആശ്വാസം പകരലുമാണെന്ന് വ്യക്തം. പുരുഷന് കുടുംബനാഥന്‍ എന്ന ചുമതല നല്‍കിയതിന് വിശുദ്ധ ഖുര്‍ആന്‍ രണ്ട് കാരണങ്ങളാണ് പറഞ്ഞിട്ടുള്ളത്. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാകുന്നു. അവരില്‍ ചിലരെ ചിലരേക്കാള്‍ അല്ലാഹു ആദരിച്ചു എന്നതിനാലും അവരാണ് അഥവാ പുരുഷന്മാരാണ് കുടുംബ ചിലവുകള്‍ വഹിക്കേണ്ടത് എന്നതിനാലുമാണത്. (വി.ഖു 4:34)
(4) മഹ്ര്‍ സ്ത്രീയുടെ അവകാശം. വിവാഹമൂല്യം എന്ന അര്‍ഥത്തിലുള്ള മഹ്ര്‍ ഭര്‍ത്താവ് ഭാര്യക്ക് സംതൃപ്തിയോടെ നല്‍കേണ്ട നിര്‍ബന്ധ ബാധ്യതയാണ്. ഖുര്‍ആന്‍ 4:4,24 സൂക്തങ്ങളില്‍ സംശയത്തിനിടയില്ലാത്ത വിധം ഇക്കാര്യം അല്ലാഹു തന്നെ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. മഹ്ര്‍ എന്ന വിവാഹമൂല്യം നിര്‍ബന്ധ ബാധ്യതയാണെന്നും അത് ബാഹ്യ സമ്മര്‍ദങ്ങള്‍ക്കതീതമായി തൃപ്തിയോടെയും സ്വമനസ്സാലെയും നല്‍കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം എന്നതും ശ്രദ്ധേയം.
5 മഹ്ര്‍ തിരിച്ചു വാങ്ങല്‍ നിഷിദ്ധം. മഹ്ര്‍ നല്‍കിയത് എത്ര വലിയ മൂല്യമുള്ള വസ്തുവാണെങ്കിലും വിവാഹമോചന സമയത്ത് അതില്‍ നിന്ന് യാതൊന്നും തിരിച്ചു ചോദിക്കാനോ തിരിച്ചു വാങ്ങാനോ സത്യവിശ്വാസിയും മാന്യനുമായ ഒരു വ്യക്തി മുതിരുകയില്ല. ഇക്കാര്യം കര്‍ശനമായ ഒരു നിരോധന നിയമമായിത്തന്നെ ഖുര്‍ആന്‍ (4:20) കണിശമായി വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഖുല്‍ഉ സന്ദര്‍ഭത്തില്‍ സ്ത്രീ, അവള്‍ക്ക് ലഭിച്ച മഹറ് തിരിച്ചുകൊടുക്കണമെന്ന് നബി നിര്‍ദേശിച്ചിട്ടുണ്ട്.
(6) ന്യായമായ കാരണങ്ങളാല്‍ ഒന്നിലധികം ഭാര്യമാരുള്ളവര്‍ എല്ലാ ഭാര്യമാരോടും തുല്യ നീതി കാണിക്കല്‍ മതപരമായി നിര്‍ബന്ധമാണ്. അല്ലാത്തവര്‍ക്ക് ഒന്നിലധികം വിവാഹം അനുവദനീയമല്ല. ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയുകയില്ല എന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ ഒരു ഭാര്യ മാത്രമേ അനുവദനീയമാവുകയുള്ളൂ. (വി.ഖു 4:3)
(7) കുടുംബ ജീവിതത്തില്‍ സ്ത്രീ അനുസരണ ശീലമുള്ളവളാകണം. സദ്‌വൃത്തരായ സ്ത്രീകളുടെ അടയാളങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് വിശുദ്ധ ഖുര്‍ആന്‍ ആദ്യം എണ്ണിപ്പറഞ്ഞത് അവര്‍ അനുസരണശാലികളായിരിക്കുമെന്നാണ്. ”എന്നാല്‍ സദ്‌വൃത്തരായ സ്ത്രീകള്‍ അനുസരണശാലികളും അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞത് ഭര്‍ത്താവിന്റെ അഭാവത്തിലും സൂക്ഷിക്കുന്നവരായിരിക്കും.” (വി.ഖു 4:34)
എന്നാല്‍ പുരുഷന്‍ പറയുന്ന അനാവശ്യങ്ങളും അരുതായ്മകളും മതവിരുദ്ധ കാര്യങ്ങളും സത്യവിശ്വാസിയായ ഒരു സ്ത്രീയും അനുസരിക്കേണ്ടതില്ല. മാതാപിതാക്കളെപ്പോലും മതവിരുദ്ധ വിഷയത്തില്‍ അനുസരിക്കേണ്ടതില്ല എന്ന് സൂറത്ത് ലുഖ്മാനില്‍ സൂചിപ്പിച്ചത് ഓര്‍ക്കുക.
(8) ഇരുവരും ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കണം. ഭാര്യാ- ഭര്‍ത്താക്കള്‍ തമ്മില്‍ നിര്‍വഹിച്ചാല്‍ അനുവദനീയവും പുണ്യവുമാണ് ലൈംഗിക ബന്ധം. എന്നാല്‍ ഭാര്യാ- ഭര്‍ത്താക്കളല്ലാത്തവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന് വ്യഭിചാരമെന്നാണ് പറയുക. അത് നിഷിദ്ധവുമാണ്. അതിനാല്‍ ലൈംഗിക വിഷയത്തില്‍ ഭാര്യാ- ഭര്‍ത്താക്കള്‍ പരസ്പരം സഹകരിക്കുയും ഭാര്യാഭര്‍ത്താക്കള്‍ അല്ലാത്തവരുമായുള്ള എല്ലാ വിധ ലൈംഗിക പ്രവൃത്തികളില്‍ നിന്നും വേഴ്ച്ചകളില്‍ നിന്നും ഇരുവരും വിട്ടു നില്‍ക്കുകയും ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതാകുന്നു. വ്യഭിചാരത്തെയും ബഹുദൈവത്വത്തെയും വിശുദ്ധ ഖുര്‍ആന്‍ ഒന്നിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്നതില്‍ നിന്ന് തന്നെ അവിഹിത ലൈംഗിക ബന്ധത്തിന്റെ ഗൗരവവും കുറ്റവും എത്ര വലുതാണെന്ന് മനസ്സിലാക്കാം.
സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധത്തിനിടയിലെ സൃഷ്ടിപൂജയാണ് ശിര്‍ക്ക്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കഠിന കുറ്റം. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും വഞ്ചിക്കുന്ന ഗുരുതരമായ കുറ്റമാണ് പരസ്ത്രീ, പര പുരുഷ ബന്ധത്തിലൂടെയുള്ള വ്യഭിചാരം. മാന്യതയുള്ള ഒരു സ്ത്രീയും മാന്യതയുള്ള ഒരു പുരുഷനും ഈ വഞ്ചന സഹിക്കുകയില്ല. അഥവാ സ്രഷ്ടാവിനോടുള്ള വഞ്ചനയാകുന്നു ശിര്‍ക്ക്. ജീവിത പങ്കാളിയോടുള്ള വഞ്ചനയാകുന്നു വ്യഭിചാരം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x