19 Friday
April 2024
2024 April 19
1445 Chawwâl 10

ദാമ്പത്യത്തെ ചേര്‍ത്തുകെട്ടുന്നത് സ്‌നേഹത്തിന്റെ സ്വര്‍ണനൂല്‍

സനിയ്യ കല്ലിങ്ങല്‍


കറിയില്‍ ഉപ്പു കൂടിയതിനാണത്രെ മമ്മദാക്ക കുഞ്ഞാമിയെ മൂന്നും ചൊല്ലി പിരിച്ചയച്ചത്! അറുപത്തഞ്ചുകാരന്‍ മമ്മദാക്കയുടെ നാലാം ബീടരാണ് കുഞ്ഞാമിന. ഇരുപത്തിയഞ്ചുകാരിയും സുന്ദരിയുമായ കുഞ്ഞാമിനക്ക് മമ്മദാക്കയുടെ ബീടരാകേണ്ടി വന്നത് ബാപ്പയുടെ കീശയിലെ കാശിന്റെ കുറവുകൊണ്ടൊന്നു മാത്രം. ഉപ്പു കൂടിയ കൂട്ടാന്‍ മമ്മദാക്കയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയായിരിക്കാം. പക്ഷെ, രാവന്തിയോളം വീടകത്തില്‍ വെന്തുരുകുന്ന കുഞ്ഞാമിയുടെ ഒരു കയ്യബദ്ധമായിരുന്നു ചാറിലിത്തിരി ഉപ്പേറിയതെന്ന് തിരിച്ചറിയാന്‍ മമ്മദാക്കയുടെ മുന്‍കോപം സമ്മതിച്ചില്ലെന്നു വേണം പറയാന്‍. ഒരു നിമിഷത്തെ ദേഷ്യവും വാശിയും മമ്മദാക്കയെ മൂന്നും ചൊല്ലി തുപ്പാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
സ്വബോധം തിരിച്ചുകിട്ടിയപ്പോഴേക്കും കുഞ്ഞാമി അയാള്‍ക്കന്യയായി മാറിയിരുന്നു.
‘ന്റെ മമ്പറത്തെ തങ്ങളേ, ഞ്ഞെന്താപ്പം ചെയ്യാ!’
പള്ളീലെ മൊയ്‌ലാരടുത്തേക്ക് കിതച്ചെത്തിയ മമ്മദാക്കക്ക് സങ്കടപ്പെടേണ്ടി വന്നില്ല.
‘ഒറ്റ രാത്രിക്ക് മറ്റൊരാള്‍ടെ പെണ്ണായാലെന്താ, കുഞ്ഞാമിയെ ഇന്‍ക് തിരിച്ചു കിട്ടോലോ’ -അയാള്‍ നെടുവീര്‍പ്പോടെ ആശ്വാസം കൊണ്ടു.
‘ചടങ്ങിനു’ള്ള ഒരുക്കങ്ങള്‍ കൂട്ടിയതും അയല്‍ദേശത്തെ ചെറുപ്പക്കാരന് കുഞ്ഞാമിയെ നിക്കാഹ് ചെയ്ത് കൊടുത്തതുമൊക്കെ പള്ളീന്നു തന്നെ. അന്നത്തെ രാത്രിയെ കണ്ണിമവെട്ടാതെ നേരം വെളുപ്പിച്ച്, മമ്മദാക്ക സുബ്ഹിക്ക് പള്ളീലെത്തി. പിറ്റേന്ന് പുലര്‍ച്ചെ മൊഴിചൊല്ലി കുഞ്ഞാമിയെ തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു യുവാവിനുള്ള കരാറ്. ഒറ്റ രാത്രിക്ക് അമ്പതിനായിരമാ പഹയന്‍ ചോദിച്ചത്! ഉള്ളില്‍ തിളച്ച രോഷമൊതുക്കി മമ്മദാക്ക തൊട്ടടുത്തുള്ള വീട്ടിലെത്തി. അവിടെയാണവര്‍ അന്തിയുറങ്ങുന്നത്.
‘പടച്ചോനേ, പറ്റിച്ചോ’
തുറന്നു കിടന്ന കിളിവാതിലിലൂടെ ഇരുവരും രക്ഷപ്പെട്ടെന്ന വാര്‍ത്ത കേട്ട് മമ്മദാക്ക ബോധംകെട്ടു വീണുവത്രെ.
ഇസ്ലാമിലെ പവിത്രമായ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്കാലത്തു കേട്ട കഥകളിലൊന്നാണിത്. ത്വലാഖ് അനുവദിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ വ്യക്തമായും സ്പഷ്ടമായും വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുണ്ടെങ്കിലും അന്നും ഇന്നും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് ത്വലാഖ്.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകളില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നും. ചൈത്താനിറക്കല്‍, പിഞ്ഞാണമെഴുത്ത്, ചാത്തന്‍ സേവ തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന ധാരാളം സഹോദരിമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തൗഹീദിന്റെ വെളിച്ചം ഇന്നത്തെ കുടുംബാന്തരീക്ഷങ്ങളില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരം തന്നെയാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് ഇപ്പോഴും നമ്മള്‍ സാക്ഷികളാകാറുണ്ട്.

സ്‌കൂളിലേക്കുള്ള പതിവു യാത്രയിലാണ് ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന സൈനബയെ പരിചയപ്പെട്ടത്. മകളുടെ വയറുവേദന മാറ്റാന്‍, അവളുടെയത്ര തൂക്കം ശര്‍ക്കരയുമായി ആള്‍ദൈവത്തിന് കാണിക്ക വെക്കാന്‍ പോവുകയാണത്രെ സൈനബ. ശര്‍ക്കരയ്ക്കുള്ള പണം അയല്‍ക്കാരോട് കടം വാങ്ങിയതാണ്. ആള്‍ദൈവത്തിനെ റഫര്‍ ചെയ്തത് പള്ളീലെ മൊയ്‌ലാരും. അവളിറങ്ങിപ്പോയപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞ മറ്റൊരു കഥ കേട്ട് സ്വസമുദായത്തിന്റെ ദുരവസ്ഥയില്‍ ലജ്ജയും സങ്കടവും തോന്നി.
ബസ് ബ്രേക്കിട്ടപ്പോള്‍ പര്‍ദ്ദക്കുള്ളില്‍ നിന്ന് ബസിലേക്ക് തെറിച്ചുവീണ് പൊട്ടിച്ചിതറിയ ബ്രാണ്ടിക്കുപ്പിയും, ആള്‍ദൈവത്തിനുള്ള കാണിക്ക നഷ്ടപ്പെട്ട ജാള്യത മറച്ചുവെക്കാന്‍ പാടുപെട്ട സഹോദരിയുമായിരുന്നു കഥാപാത്രങ്ങള്‍!
മാനവികത, ആര്‍ദ്രത, സമര്‍പ്പണം തുടങ്ങിയവയാണല്ലോ ദൈവിക മതമായ ഇസ്ലാമിന്റെ കാതല്‍. മതാനുഷ്ഠാനങ്ങളും ഊന്നിനില്‍ക്കുന്നത് ഈ മൂല്യങ്ങളില്‍ തന്നെ. മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചു പോയ പുതുതലമുറയുടെ മൂല്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് ഇന്നു നാം ഏറെ ആശങ്കപ്പെടേണ്ടത്.
കൂടുമ്പോള്‍ ഇമ്പമുള്ളതെന്ന അര്‍ഥത്തിലുള്ള കുടുംബ ബന്ധത്തിന് ഇസ്ലാം കല്‍പ്പിച്ച പ്രാധാന്യം വിവരണാതീതമാണ്. നിര്‍ഭാഗ്യവശാല്‍, നിസ്സാരമായ പ്രശ്‌നങ്ങള്‍ക്കു പോലും ദാമ്പത്യത്തെ വെട്ടിമുറിക്കുന്ന ദമ്പതികളുടെ എണ്ണം പുതു തലമുറയില്‍ കൂടി വരുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരസ്പരമുള്ള അംഗീകാരത്തിലൂടെ, സ്‌നേഹത്തിലൂടെ, ആദരവിലൂടെ, അനുസരണയിലൂടെ ഊടും പാവും നല്‍കി ഊട്ടിയുറപ്പിക്കേണ്ട ഒന്നാണ് കുടുംബം. ഒരു തലോടല്‍, സ്‌നേഹത്തോടെയുള്ളൊരു നോട്ടം, അംഗീകരിച്ചു കൊണ്ടുള്ളൊരു വാക്ക്… ഇതൊക്കെ മതി ഉള്ളിലുള്ള രോഷവും വാശിയും മഞ്ഞു പോലുരുകി കണ്ണീരായൊഴുകാന്‍!
പൊരിഞ്ഞ വഴക്കിനു ശേഷം വീടുവിട്ടിറങ്ങിപ്പോയ ഭര്‍ത്താവ് ഇത്തിരിക്കഴിഞ്ഞൊരു സുലൈമാനിക്കായി തിരിച്ചു വന്നപ്പോള്‍, ഇനിയീ വീട്ടിലൊരു ജീവിതം സാധ്യമല്ലെന്ന വാശിയില്‍ പെട്ടിയില്‍ വസ്ത്രങ്ങള്‍ അടുക്കിയെടുക്കുകയായിരുന്നു ഭാര്യ. ഒന്നു ഞെട്ടിയ മൂപ്പര്‍ അടുത്തു ചെന്നൊരു തലോടലോടെ ‘എങ്ങട്ടാടീ’ എന്നു ചോദിച്ചതും ‘തണുപ്പായില്ലേ, നമ്മുടെ കമ്പിളിപ്പുതപ്പ് പെട്ടിയിലുണ്ടോന്ന് തെരയാര്‍ന്നു’ എന്ന് മറുപടി പറഞ്ഞതും വളരെ പെട്ടെന്നായിരുന്നു.
വഴക്കിനും വൈരാഗ്യത്തിനുമൊക്കെ ഇത്ര ആയുസ്സേ ഉള്ളൂ, സ്‌നേഹമുള്ളിടത്ത്! വിട്ടുവീഴ്ചയും തുറന്ന സംസാരവുമാണ് എല്ലാ കുടുംബ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളില്‍ പ്രധാനം. അല്ലാഹു പറയുന്നു: ”നല്ല നിലയില്‍ അവരോട് വര്‍ത്തിക്കുക, ഉത്തരവാദിത്തങ്ങള്‍ ഉളളതു പോലെ അവകാശങ്ങളുമുണ്ടവര്‍ക്ക്.”
പ്രവാചകന്‍ പറഞ്ഞു: ”മാന്യന്മാര്‍ മാത്രമേ സ്ത്രീകളെ ആദരിക്കുകയുള്ളൂ. അധമന്മാര്‍ മാത്രമേ സ്ത്രീകളെ അപമാനിക്കുകയുള്ളൂ.”
നിങ്ങളില്‍ ഉത്തമര്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാണെന്നും ഞാന്‍ അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നുവെന്നും പ്രവാചക തിരുമേനി (സ) പറഞ്ഞിട്ടുണ്ടല്ലോ. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടുള്ള കടമകളും കര്‍ത്തവ്യങ്ങളും എത്രയേറെ മഹത്തരമായതാണെന്നും നബി(സ) നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. മറ്റു സമുദായങ്ങളിലെന്നപോലെ തന്നെ ‘ഡിപ്രഷന്‍’ പോലുള്ള മാനസിക രോഗങ്ങള്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കിടയിലും വളരെ കൂടുതലാണിപ്പോള്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള സാന്ത്വനവും പരിഹാരവുമായി വിശുദ്ധ ഖുര്‍ആന്‍ നമ്മുടെയൊക്കെ കൂടെയുണ്ടെന്ന സത്യം, വിശ്വാസികളെന്നു പറയുന്ന നമ്മളിലേറെ പേരും വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസം നഷ്ടപ്പെട്ട നമ്മളും നമ്മുടെ മക്കളും സമാധാനത്തിനായി വഴിവിട്ട മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നു, അല്ലെങ്കില്‍ അന്ധവിശ്വാസങ്ങളിലും ശിര്‍ക്കിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇമ്പമുള്ളൊരു കുടുംബത്തില്‍, ഇസ്ലാം നിഷ്‌കര്‍ഷിച്ച രീതിയില്‍ ജീവിതം നയിക്കുന്ന ദമ്പതികള്‍ക്കിടയില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക രോഗങ്ങള്‍ക്ക് ഒട്ടും സ്ഥാനമില്ല തന്നെ.
പരസ്പരം പിരിയാന്‍ തീരുമാനിച്ച രണ്ടുപേരുടെ പ്രശ്‌നത്തില്‍ വില്ലത്തി ഭര്‍ത്താവിന്റെ ഉമ്മയായിരുന്നു. ഇത്തിരി പിടിവാശിയും ചിട്ടവട്ടങ്ങളൊക്കെയുള്ള അവരെ സഹിക്കാന്‍ തനിക്കാവില്ലെന്ന് ഭാര്യയും, കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ ഉമ്മയെ കൈവിടില്ലെന്ന് ഭര്‍ത്താവും വാശി പിടിച്ചപ്പോള്‍ തകരാനൊരുങ്ങിയത് മനോഹരമായൊരു കുടുംബമാണ്. വഴിയാധാരമാകുന്നത് രണ്ട് പിഞ്ചുമക്കളുമാണ്!
സ്‌നേഹത്തോടെയുള്ള പെരുമാറ്റവും തൊട്ടുതലോടലും ആദരവും പരിഗണനയുമൊക്കെ ഉമ്മയ്ക്ക് കൊടുത്തപ്പോഴാണ് ഉമ്മയൊരു സ്‌നേഹക്കടലാണെന്ന് വൈകിയെങ്കിലും മരുമോള്‍ തിരിച്ചറിഞ്ഞത് നാട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഖദീജാത്തയുടെ ജീവിതം ഏറെ സങ്കടകരവും ചിന്തിപ്പിക്കാനുതകിയതുമായിരുന്നു. കല്യാണം കഴിഞ്ഞ നാള്‍ മുതലേ ഖദീജാത്തക്ക് ഉമ്മറാക്കയെ ഇഷ്ടമില്ലായിരുന്നു. ഒട്ടും മിണ്ടാതെയും പറയാതെയുമുള്ള ദാമ്പത്യം യന്ത്രം കണക്കെ ചലിച്ചുരുളുകയും ഒരു നിമിത്തമെന്നോണം മക്കള്‍ മൂന്നെണ്ണത്തിലെത്തുകയും ചെയ്തു. പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷനായ ഉമ്മറാക്കയെ തേടി ബന്ധുക്കളും നാട്ടുകാരും ഏറെ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
‘കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ’ എന്ന പഴമൊഴി ഖദീജത്ത തിരിച്ചറിഞ്ഞത് അന്നു മുതലാണ്. കൂലിപ്പണിയെടുത്ത് മക്കളെ പോറ്റി വലുതാക്കിയപ്പോഴേക്കും അവര്‍ രോഗിയായി കിടപ്പിലായിരുന്നു.
അപ്രതീക്ഷിതമായാണ്, എങ്ങോ അലഞ്ഞു തിരിഞ്ഞു പീടികക്കോലായില്‍ കിടപ്പിലായ ഉമ്മറാക്കയെ നാട്ടുകാരിലാരോ കണ്ടെത്തി വീട്ടിലെത്തിച്ചത്. നല്ല ഭക്ഷണവും വസ്ത്രവും മരുന്നും മക്കളുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും ഉമ്മറാക്കയെ പൂര്‍ണ ആരോഗ്യവാനാക്കിയെങ്കിലും, സംസാരശേഷി നഷ്ടപ്പെട്ട ഖദീജത്തയുടെ ഉള്ളുരുകിയ പശ്ചാത്താപവും വേദനയും, നിറഞ്ഞൊഴുകുന്ന കണ്ണീരിലൂടെ മാത്രമേ ഉമ്മറാക്കക്ക് മനസിലാക്കാനായുള്ളു. ഉമ്മറാക്കയുടെ കരം ഗ്രഹിച്ച് അവര്‍ മരണത്തെ പുല്‍കിയത് ഒരു ജന്‍മത്തില്‍ തീര്‍ക്കാനാകാതെ പോയ ഖേദം ബാക്കി വെച്ചാണ്.
പ്രണയവും കാരുണ്യവും ഇഴചേര്‍ന്ന പരിപാവനവും മധുരതരവുമായ അനുഭൂതിയാണ് ദാമ്പത്യം. ഇത്രത്തോളം വിശുദ്ധവും ആനന്ദകരവുമായ മറ്റൊരു ബന്ധവും ദുനിയാവിലില്ല തന്നെ. ദാമ്പത്യത്തിലൂടെ മതപരമായ ഔന്നിത്യമാണ് വിശ്വാസിക്കു ലഭിക്കുന്നത്. ഇസ്ലാം ദാമ്പത്യ ജീവിതത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് എന്തു ചെലവഴിച്ചാലും അതിന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. തന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഉരുളക്കു പോലും’
ഇത്രയും മഹത്തായ, പുണ്യകരമായ ദാമ്പത്യത്തെ ശരിയായ രീതിയില്‍ ഉള്‍കൊള്ളാനും ജീവിച്ചു കാണിക്കാനും നമുക്കാവണം. എന്നാല്‍ മാത്രമേ പുതുതലമുറക്ക്, വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് നമ്മള്‍ മാതൃകയായി മാറൂ.
ഉപ്പ കൗണ്‍സിലിംഗിനെത്തിച്ച പന്ത്രണ്ടു വയസുകാരന്‍, അയാള്‍ പുറത്തിറങ്ങിയ സമയത്ത് ഡോക്ടറോട് പറഞ്ഞ വാക്കുകളാണിവ.

‘ആദ്യം ഉപ്പ നന്നാവട്ടെ, സിഗരറ്റ് വലിയും പാതിരയാവോളം ടിവിയില്‍ അശ്ലീലങ്ങള്‍ കാണുന്നതും ഉപ്പ ഒഴിവാക്കട്ടെ, എന്നാല്‍ ഞാനും നന്നാവാം’ എന്ന്.
ഖുര്‍ആനും നബിചര്യയും നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തിയാലേ, മുത്തുനബിയെ നമ്മള്‍ നമ്മളേക്കാള്‍ സ്‌നേഹിച്ചാലേ നമ്മുടെ മക്കള്‍ക്കും അതുള്‍കൊള്ളാനാവൂ. ഇസ്ലാമികാന്തരീക്ഷത്തില്‍ വളരുന്ന, മദ്രസയില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന ഒരു മോള്‍, അവളുടെ ഉപ്പയുടെ ഫെയ്‌സ് ബുക്ക് വാളിലിട്ട ഒരു വീഡിയോ കണ്ടപ്പോള്‍ ഏറെ ലജ്ജയാണ് തോന്നിയത്.
‘ഹായ് ഫ്രന്‍സ്, ഞാന്‍ മറിയം ഫാത്തിമ. എന്റെ ജീവിതാഭിലാഷം സിനിമാ നടന്‍ ജിനേഷേട്ടനെ കാണുക എന്നതാണ്. എന്റെ ജീവിത സ്വപ്‌നം സിനിമയില്‍ അഭിനയിക്കുക എന്നതാണ്. നിങ്ങളിതു ഷയര്‍ ചെയ്ത് ജിനേഷേട്ടനിലെത്തിക്കണേ’
മൂല്യങ്ങള്‍ ചോര്‍ന്നുപോയ അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും മതത്തിന്റെ ചെലവില്‍ വരവുവെക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ജീവിതാഭിലാഷമായി മദീനാ റൗദ കാണണമെന്നും സ്വപ്‌നത്തിലെങ്കിലും മുത്തുനബിയെ ദര്‍ശിക്കണമെന്നും കൊതിച്ചിരുന്ന ഒരു തലമുറ, പാടേ നാമാവശേഷമായോ എന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x