18 Thursday
April 2024
2024 April 18
1445 Chawwâl 9

ദൈവനിരാസ അജണ്ടകള്‍ക്ക് മേലൊപ്പ് ചാര്‍ത്തുന്ന കമ്മ്യൂണിസം

ഡോ. ജാബിര്‍ അമാനി


മനുഷ്യനെ കേന്ദ്രബിന്ദുവായിക്കണ്ട് അവന്റെ സ്വത്വവും വ്യക്തിത്വവും ജീവിതവും ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്ന ആശയമാണ് ദര്‍ശനം എന്ന് പറയാം. ഫിലോസഫി എന്ന വാക്കിന് തുല്യമായിട്ടാണ് പൊതുവില്‍ ‘ദര്‍ശനം’ വ്യവഹരിക്കപ്പെടുന്നത് (അത് ഒരര്‍ഥത്തില്‍ ഭാരതീയമായ ഒരു ഭാഷാവിഷ്‌കാരമായും പരിചയപ്പെടാം). ഒരു ദര്‍ശനത്തിന്റെ പ്രസക്തി എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ മേഖലകളെ മൂര്‍ത്തവും യുക്തിസഹവും പ്രായോഗികവുമായി അഭിമുഖീകരിക്കുന്നതിലാണ്. കാലങ്ങളെ അതിജീവിക്കുമ്പോഴാണ് ഒരു ദര്‍ശനം സാമാന്യമായെങ്കിലും കൃത്യതയുള്ളതാണെന്ന് വിലയിരുത്താന്‍ സാധിക്കുക. ദേഹവും ദേഹിയും ഇന്ദ്രിയാനുഭവങ്ങളും അതീന്ദ്രിയാനുഭവങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യന്‍. സാങ്കേതിക തികവ് എത്ര ശക്തമായാലും, ഭാവിയെ നിര്‍ണയിക്കാനും നിര്‍വചിക്കുവാനും പൂര്‍ണമായി മനുഷ്യനാവില്ല.
ലോകത്ത് സംഭവിക്കാനിരിക്കുന്ന അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളാനും അതിനനുസൃതമായി കാലഹരണപ്പെടാത്ത ഒരു ആശയാടിത്തറ രൂപപ്പെടുത്താനും മനുഷ്യപ്രോക്തമായ ദര്‍ശനങ്ങള്‍ക്ക് സാധ്യമല്ല. സൃഷ്ടി, സ്രഷ്ടാവ് എന്നീ അസ്തിത്വങ്ങളെ മൗലികമായി ഉള്‍ക്കൊള്ളുന്ന ആശയ നിലപാടുകള്‍ക്ക് മാത്രമേ ഈ രംഗത്ത് എന്തെങ്കിലും നിര്‍വഹിക്കാനാവുകയുള്ളൂ. അവിടെയാണ് മതങ്ങളുടെ പ്രസക്തിയും ഇതര പ്രത്യയശാസ്ത്രങ്ങളുടെ പരാജയവും. ദൈവികമായ ആശയാദര്‍ശങ്ങളുടെ അടിത്തറയില്‍ രൂപപ്പെടാത്ത ഒരു ദര്‍ശനത്തിനും എല്ലാ കാലത്തുമുള്ള മനുഷ്യന്റെ ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളാനാവില്ല.
ദൈവിക വെളിപാടുകളുടെ (വഹ്യ്) വെളിച്ചം ലഭിച്ചിട്ടില്ലാത്ത ആശയങ്ങള്‍ കാലഹരണപ്പെടുക തന്നെ ചെയ്യും. കാരണം, നിരന്തരം വികസിക്കുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യ ജീവിതത്തെ വര്‍ത്തമാന കാലത്തിരുന്നു കൊണ്ട് ഒരാള്‍ക്ക് വിശകലനം ചെയ്യാനോ ആശയനിര്‍മിതി നടത്തുവാനോ സാധ്യമല്ല. ശരീരവും ആത്മാവും ചേര്‍ന്ന മനുഷ്യനിലെ ചില പ്രതിഭാസങ്ങളെ (ഉദാ: മനസ്സ്, മരണം) കുറ്റമറ്റ രൂപത്തില്‍ വിശകലനം ചെയ്യാനോ കൈപ്പിടിയിലൊതുക്കുവാനോ മനുഷ്യന്‍ അശക്തനാണ്. ഈ അടിസ്ഥാന യാഥാര്‍ഥ്യത്തെ വസ്തുതാപരമായി ഉള്‍ക്കൊള്ളാത്തവര്‍ക്കെല്ലാം പ്രത്യയശാസ്ത്ര വിമര്‍ശനങ്ങള്‍ പൊള്ളുന്ന അനുഭവമായി വരാറുണ്ട്.
പ്രത്യയശാസ്ത്ര പരിമിതി
ഭൗതിക ജീവിതത്തിലെ, രാഷ്ട്രീയം, വികസനം, സാമ്പത്തിക വ്യവഹാരങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശാസ്ത്രീയമെന്നോ പരിഷ്‌കൃതമെന്നോ വിളിക്കാവുന്ന ആശയങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്താന്‍ മനുഷ്യന് സാധ്യമായിട്ടുണ്ട്. അവ പ്രയോഗതലത്തില്‍ ഒരു പരിധി വരെ വിജയിപ്പിച്ചെടുക്കുവാനും കഴിഞ്ഞേക്കാം. എന്നിരുന്നാലും സമഗ്രവും സര്‍വ തലസ്പര്‍ശിയുമായ ഒരു ദര്‍ശനമോ ആശയമോ ആയി എല്ലാ കാലത്തും അത് പ്രസക്തമാവണമെന്നില്ല. പ്രത്യയ ശാസ്ത്രങ്ങളുടെ ഈ അടിസ്ഥാന പരിമിതിയെ തിരിച്ചറിയാതെ വരുമ്പോള്‍, അവയുടെ അനുയായികള്‍ക്കും പ്രയോക്താക്കള്‍ക്കും അതൊരു വൈകാരിക വിഷയമായി മാറുന്നു. അത് വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തതാണെന്ന ചിന്ത ഉണ്ടാവുന്നു.
അമരവും മൂര്‍ത്തവുമായ ഒരാശയമായി ഭൗതിക പ്രത്യയ ശാസ്ത്രങ്ങളെ വിലയിരുത്തുന്നവര്‍ക്ക് ആശയപരമായ വിമര്‍ശനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നേക്കാം. ആശയപരമായ പരിമിതികള്‍ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ ‘അസ്വസ്ഥതകള്‍’ അവസാനിക്കുകയുള്ളൂ. ഒരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത ഒരു സുന്ദര സ്വപ്നത്തിന്റെ പര്യായമായി ‘ഉട്ടോപ്പിയ’ എന്ന പദം പൊതുവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാ ല്‍ 1516-ല്‍ തോമസ്മൂര്‍ ഉട്ടോപ്പിയ എന്ന നോവല്‍ രചിക്കുമ്പോള്‍ ഏറ്റവും നല്ല കോമണ്‍വെല്‍ത്ത് രാഷ്ട്രത്തെക്കുറിച്ചുള്ള പ്രഥമ ഗ്രന്ഥം എന്നാണ് അതിനെ വിലയിരുത്തിയിരുന്നത്. 18,19 നൂറ്റാണ്ടുകളിലാണ് ലോകം പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും ധാരാളമായി കണ്ടത്. മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനത്തെ സത്യസന്ധമായി വിലയിരുത്തിയാല്‍, ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ച്ചയും ആശയചോര്‍ച്ചയും സ്വാഭാവികവും നിര്‍ബന്ധിതവുമായ ഒരു പരിണിതി മാത്രമാണെന്ന് ഉള്‍ക്കൊള്ളാനാവും.
മനുഷ്യാത്മാവിന്റെ തേട്ടമായ വിമോചനത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നത് ദൈവികമായ മതദര്‍ശനങ്ങള്‍ മാത്രമാണ്. എക്കാലത്തും ഉയര്‍ന്നു വരാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കാനും പ്രായോഗികമായി മതദര്‍ശനത്തിനേ സാധ്യമാവുകയുള്ളൂ. സര്‍വകാല സ്വീകാര്യമായ ധര്‍മവും മൂല്യവും ജീവിതനിഷ്ഠയും സമര്‍പ്പിക്കാനും ദൈവിക മതത്തിനേ കഴിയൂ. നൂറ്റാണ്ടുകള്‍ ഇളകിമറിഞ്ഞിട്ടും ശബളിമ മായാതെ ഉജ്വലമായി നില്ക്കാന്‍ ദൈവിക മതദര്‍ശനത്തിന് കഴിയുന്നത്, സൃഷ്ടിയായ മനുഷ്യന്റെ വിമോചനത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നത് സ്രഷ്ടാവാണ് എന്നതു കൊണ്ടത്രെ!
മതം പഠിപ്പിക്കുന്ന മൂല്യങ്ങളും ധര്‍മങ്ങളും മനുഷ്യനെ മലിനപ്പെടുത്തുവാനോ അപരിഷ്‌കൃതനാക്കുവാനോ ഇതുവരെ കാരണമായിട്ടില്ല. മതദര്‍ശനങ്ങളെ വ്യവസ്ഥാപിതമായി ഉള്‍ക്കൊണ്ടവര്‍ക്ക് മാനവപ്രതിസന്ധികളുടെ പരിഹാരം നിര്‍ദേശിക്കാനും പ്രായോഗികമായ ജീവിത മാതൃകകള്‍ കാണിച്ചുതരാനും സാധിച്ചിട്ടുണ്ട്.
മാര്‍ക്‌സിസത്തിന്റെ പരാജയം
മാര്‍ക്സിസം ഒരു ഭൗതിക നിര്‍മത പ്രത്യയശാസ്ത്രം എന്ന നിലക്ക് പരാജയപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും മതത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളോട് ആത്യന്തികമായി വിയോജിക്കുമ്പോഴാണ്. വ്യക്തി, ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന നിലക്ക് ഏത് ആശയത്തിനും നിലനില്‍ക്കാനും പ്രചരിപ്പിക്കുവാനും വിമര്‍ശിക്കുവാനും വിയോജിക്കുവാനും അവകാശമുണ്ട്. എന്നാല്‍ മനുഷ്യത്വവും മാനവികതയും ധര്‍മബോധവും ജീവിത വ്യവസ്ഥാപിതത്വവും ഒരു മതത്തിന്റെ മാത്രം ഉല്പന്നമായിട്ടല്ല പരിചയപ്പെടേണ്ടത്.
സനാതന-സദാചാര മൂല്യങ്ങളോട് വിയോജിപ്പ് പ്രകടമാക്കുന്നത് കേവലം ആശയ-പ്രത്യയശാസ്ത്ര വിയോജിപ്പല്ല. മനുഷ്യത്വത്തിന്റെ അടിസ്ഥാനവും മൂല്യബോധത്തിന്റെ യാഥാര്‍ഥ്യങ്ങളെയുമാണ് ചോദ്യം ചെയ്യുന്നത്. ദൈവവിശ്വാസമെന്നത് എല്ലാവരും സ്വീകരിച്ചേ പറ്റൂവെന്ന ശാഠ്യം ദൈവിക മതങ്ങള്‍ പഠിപ്പിക്കുന്നില്ല. എന്നാല്‍ ലോകാരംഭം മുതല്‍ നിലനില്‍ക്കുന്ന വസ്തുതാപരമായ ഒരു പ്രകൃതി യാഥാര്‍ഥ്യമാണ് ദൈവവിശ്വാസവും മൂല്യബോധവും. ഒരു പ്രത്യയശാസ്ത്രത്തിന്റെ ആശയ അടിത്തറയും രൂപീകരണ തത്വവും പ്രകൃതി യാഥാര്‍ഥ്യങ്ങളോടു ള്ള നിഷേധമോ അരാജകത്വമോ ആകുമ്പോള്‍, അനുബന്ധ സിദ്ധാന്തങ്ങളിലും ആശയങ്ങളിലും അവ നിഴലിക്കുക സ്വാഭാവികമാണ്.
വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്-സോഷ്യലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പ്രത്യയ ശാസ്ത്രാടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനുമാവില്ല. ആശയാടിത്തറകള്‍ മതനിരാസ ബന്ധിതമാവുമ്പോള്‍ തന്നെ, മതത്തെയും മതവിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും പരസ്യമായി കാണാവുന്നതാണ്. ഒരാളെ വിലയിരുത്തേണ്ടത് ആശയവാദിയായിട്ടാണോ പ്രായോഗികവാദിയായിട്ടാണോ എന്നത് സംവാദപരമാണ്. അവ ഏതര്‍ഥത്തില്‍ പരിഗണിച്ചാലും ശരി, എല്ലാ കാലത്തും ദേശത്തും അപ്രായോഗികമായ ഒരു ആശയപരിസരമാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്നത് അംഗീകരിച്ചു തരേണ്ടി വരും. അതിന്റെ സുവ്യക്തമായ സാക്ഷ്യമാണ് പ്രായോഗിക – ആശയവാദ ആവിഷ്‌കാരങ്ങള്‍. ദ്വിമുഖം സൂക്ഷിച്ചു കൊണ്ട് മാത്രമേ ഒരു പ്രത്യയശാസ്ത്രത്തിന് നില്‍ക്കാന്‍ സാധിക്കുന്നുള്ളൂവെന്നത് തന്നെ അതിന്റെ പരാജയമാണ്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറ വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ്. സ്വാഭാവികമായും പദാര്‍ഥങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ക്കപ്പുറത്ത് പ്രത്യയ ശാസ്ത്രങ്ങളുടെ നിലപാടുകള്‍ നീണ്ടുപോവില്ല. അഥവാ പദാര്‍ഥങ്ങള്‍ക്ക് അതീതമായതിനെ ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍, മതത്തിന്റെ സഹജമൂല്യങ്ങള്‍ തന്നെ അഭൗതികമായ കാര്യങ്ങളിലും വിശ്വാസങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നതാണ്.
മാര്‍ക്സും ഏംഗല്‍സും ലെനിനും ഒരുമിച്ച് പ്രഖ്യാപിക്കുന്നത്, ‘മാര്‍ക്സിസം ഭൗതിക വാദമാണ്. അത് തീവ്രമായിതന്നെ മതത്തിന്നെതിരായിരിക്കും. മതത്തിനെതിരെ പോരാടണം. അതിനുവേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രഭവ കേന്ദ്രത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയി ല്‍ ഭൗതിക ശാസ്ത്രരീതി വിശദീകരിക്കണം….’ (On Religion, മതത്തെപ്പറ്റി, (വിവര്‍ത്തനം), പ്രോഗ്രസ് പബ്ലിക്കേഷന്‍, പേജ് 136)
കേരളത്തിലെ മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ആചാര്യനായിരുന്ന ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാട് ഇതേ ആശയം തന്നെ കൂടുതല്‍ വ്യക്തതയോടെ എഴുതിയിട്ടുണ്ട്. ‘മാര്‍ക്സിസ്റ്റുകാരന്‍ ഭൗതിക വാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു’
‘നാം മതത്തോട് ഏറ്റുമുട്ടണം. അതാണ് ഭൗതികവാദത്തിന്റെയും തദ്ഫലമായി മാര്‍ക്സിസത്തിന്റെയും ഹരിശ്രീ, മതത്തിന്റെ സാമൂഹ്യ വേരുകള്‍ പിഴുതു കളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശം’ (ഇ എം എസ്, സാംസ്‌കാരിക വിപ്ലവം, മതം മര്‍ക്സിസം; ചിന്ത പബ്ലിക്കേഷന്‍സ്, പുറം: 59)
തീവ്രമായ മതവിരോധത്തിന്റെ അഭിപ്രായങ്ങളും കാണാം: ‘നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും’ (വി കെ ലെനിന്‍, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും)
ദൈവനിഷേധം
ദൈവനിഷേധത്തില്‍ അധിഷ്ഠിതമായ പ്രപഞ്ച വീക്ഷണത്തെയാണ് ലോകത്ത് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വ്യക്തി ജീവിത കാഴ്ചപ്പാടുകള്‍; ‘ദൈവം, മതം, മൂല്യം’ എന്നീ അടിസ്ഥാനങ്ങളെ നിഷേധിച്ചു കൊണ്ടാണ് നിലനില്‍ക്കുന്നത്.
നിരീശ്വരത്വം കമ്യൂണിസത്തിന്റെ അഭിവാജ്യഘടകമായതിനാല്‍ വര്‍ഗബോധമുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരത്വത്തിനു വേണ്ടി പ്രചാരവേല നടത്തണമെന്നും മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്, മതം മനുഷ്യനെ സൃഷ്ടിക്കുന്നില്ലെന്നും മതത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ക്ഷമാപൂര്‍വവും നിരന്തരവുമായ ആശയ പരിശീലനം ആവശ്യമാണെന്നും അടിസ്ഥാനപരമായി പ്രത്യയശാസ്ത്ര ആചാര്യര്‍ സിദ്ധാന്തിക്കുന്നുണ്ട്.
‘ഏത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാധിഷ്ഠിത ഭൗതികതയാണ്. ഈശ്വരന്‍ ഇല്ലാത്തതു കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വര വിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്റെ കണ്ടെത്തല്‍. അതിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്’ എന്നുകൂടി വര്‍ത്തമാനകാല ആചാര്യന്മാര്‍ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. (ചിന്ത വാരിക, വി എസ് അച്യുതാനന്ദന്‍, 2004 ജൂണ്‍)
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന പരാമര്‍ശം മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളുടെ ചര്‍ച്ചയില്‍ ഏറെ പ്രസക്തമായതാണ്. കാറല്‍ മാര്‍ക്സിന്റെ ഈ പ്രസ്താവനയെ തന്നെ പൂര്‍ണമായി വിശകലനം ചെയ്താല്‍ പ്രസ്ഥാനത്തിന്റെ മതനിരാസ കാഴ്പ്പാടിനെ വിലയിരുത്താന്‍ പ്രയാസമുണ്ടാവില്ല.
‘ഈ ഭരണകൂടവും സമൂഹവും മതമെന്ന തലതിരിഞ്ഞ പ്രപഞ്ചാവബോധത്തെ സൃഷ്ടിക്കുന്നു. എന്തെന്നാല്‍ അവ തന്നെ ഒരു തലതിരിഞ്ഞ പ്രപഞ്ചമാണ്. മതം ആ പ്രപഞ്ചത്തിന്റെ സാമാന്യ സിദ്ധാന്തവും അതിന്റെ സര്‍വജ്ഞ സംഗ്രഹവുമാണ്. മനുഷ്യസത്തയുടെ മിഥ്യയായ സാക്ഷാത്കാരമാണ് മതം. കാരണം, മനുഷ്യസത്തക്ക് സത്യ യാഥാര്‍ഥ്യമില്ല. അതുകൊണ്ട് മതത്തിന്നെതിരിലുള്ള സമരം അടിയന്തിരമായും പരലോകത്തിനെതിരെയുള്ള സമരമാണ്. ആ പരലോകത്തിന്റെ ആത്മീയ സൗരഭ്യം മാത്രമാണല്ലോ മതം. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. ചൈതന്യരഹിതമായ അവസ്ഥയിലെ ചൈതന്യം. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്.’ (Karl Marx, contribution of the critique of Hegel’s Philosophy 1844)
മതത്തെ പൊതുവായി മാത്രമല്ല, മതവിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായ മരണാനന്തര ജീവിതത്തെ തിരസ്‌കരിക്കാനും നിഷേധിക്കാനുമാണ് പ്രത്യയ ശാസ്ത്രപരമായി ശ്രമിക്കുന്നത്. മതവിശ്വാസികളുടെയും നന്മേഛുക്കളായ ഏതൊരാളുടെയും സോദ്ദേശ്യവും ധര്‍മ, മൂല്യങ്ങളുടെ പ്രയോഗികതയ്ക്ക് ഊര്‍ജം പകരുന്നത് അനശ്വരമായ ജീവിതത്തെയും പ്രതിഫല ബോധത്തെയും കുറിച്ചുള്ള ശക്തമായ ബോധ്യമാണ്. അല്ലാത്ത പക്ഷം മനുഷ്യജീവിതം കേവലം ഒരു ജൈവപ്രതിഭാസം മാത്രമായി ചുരുങ്ങും. മൃഗതുല്യമായ ജനന മരണ സഞ്ചാരമായി പരിഗണിക്കപ്പെടും.
മൂല്യങ്ങളോടുള്ള നിലപാട്
മൂല്യങ്ങളും സദാചാരവും തകര്‍ക്കുന്നതിനും അവ വ്യക്തി നിഷ്ഠമായി ക്രമീകരിച്ച് നവലിബറല്‍ കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കുന്നതിനും പരലോക ജീവിതത്തെയും ധര്‍മബോധത്തെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മരണാനന്തര ജീവിത വീക്ഷണത്തെ പഴഞ്ചന്‍ ചിന്താധാരയായി പരിഗണിക്കുന്നത് അതിനാലാണ്. ഇന്നുള്ള ഉന്മാദ ജീവിതത്തിന് നാളെയെന്ന യാഥാര്‍ഥ്യം തടസ്സമായിക്കൂടാ എന്നതാണ് സ്വവര്‍ഗാനുരാഗികളുടെ വാദമുഖങ്ങളില്‍ പ്രസക്തമായത്. സ്വവര്‍ഗരതിയെ മഹത്വവത്ക്കരിക്കുന്നതിന് മാര്‍ക്സിസം വര്‍ത്തമാനകാലത്ത് എത്ര ശക്തമായി ‘പ്രത്യയശാസ്ത്ര'(?) പരിസരമൊരുക്കിക്കൊടുക്കുന്നുണ്ടെന്നു കൂടി ചേര്‍ത്തു വായിക്കുക. കമ്മ്യൂണിസം, മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നതിന്റെ പ്രേരണ മൂല്യനിരാസം കൂടിയാണ്.
‘സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷ്വാ മതഭ്രാന്തന്മാര്‍ക്കും വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍, മതത്തിന്റെ മൂടല്‍ മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാന കാലത്ത് മികച്ച ജീവിതത്തിന് വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയുമാണ് സോഷ്യലിസം ചെയ്യുന്നത്’ (സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും, പേജ് 47).
കേരളത്തില്‍ 1957 മുതല്‍ വിവിധ ഘട്ടങ്ങളില്‍ രംഗത്തുവന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ സ്വീകരിക്കുന്ന സര്‍ക്കാറുകളോ പ്രസ്ഥാനങ്ങളോ നിരീശ്വരവാദം വളര്‍ത്തുകയോ മതവിരുദ്ധരാവുകയോ വിശ്വാസ നിരാസം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന മറുവാദവും ഔദ്യോഗികമായി തന്നെ പ്രചരിപ്പിക്കാറുണ്ട്. പ്രത്യക്ഷമായി മതസംഘട്ടനത്തിന്റെ മുഖം തുറക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാധ്യമാവാത്തത്, ഭരണഘടനാപരമായ ബാധ്യതാ നിര്‍വഹണമാണെന്ന തിരിച്ചറിവ് സാമാന്യമായി എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്.
എന്നാല്‍, സമീപ കാലത്ത് പോലും ശക്തമാവുന്ന മൂല്യനിരാസ സമീപനങ്ങളും ലിബറല്‍ കാഴ്ചപ്പാടുകളും സ്വതന്ത്ര ലൈംഗികതാ വാദവും സ്വവര്‍ഗരതിയും സ്വവര്‍ഗവിവാഹവും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങളും ലക്ഷ്യമാക്കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ വിവേകമതികള്‍ക്ക് പ്രയാസമുണ്ടാവുമോ? പ്രകൃതി വിരുദ്ധവും രോഗാതുരവുമായ സ്വവര്‍ഗരതിയാണോ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പ്രചരിപ്പിക്കേണ്ടത്? ജന്‍ഡര്‍ ന്യൂട്രല്‍ വിവാദങ്ങളില്‍ സ്വീകരിച്ച ഔദ്യോഗികവും പരോക്ഷവുമായ പിന്തുണയും പ്രചാരണങ്ങളും മൂല്യനിരാസത്തിലേക്കുള്ള തുറന്ന പ്രഖ്യാപനമാണ്. വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമ സമിതിയും നേരിട്ടാണ് പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നത്.
സമൂഹത്തില്‍ നിലനില്ക്കുന്ന എതിര്‍ വര്‍ഗ (സ്ത്രീ- പുരുഷ) ലൈംഗിക സ്വാഭാവികതയെ (Heteronormative) മാറ്റിയെടുത്ത് സ്വതന്ത്രമായ അന്തരീക്ഷത്തില്‍ പഠനം നടത്താനുള്ള ഉപാധിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ അടിസ്ഥാന താല്പര്യമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ഒരു പടി കൂടി കടന്ന്, സ്വവര്‍ഗവിവാഹത്തെയും രതിയെയും ഉള്‍ക്കൊള്ളാത്തവര്‍ മനുഷ്യരല്ലെന്ന കണ്ടെത്തലും അക്ഷരമഷിയുണങ്ങാതെ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. മൂല്യനിരാസത്തിന്റെ ഉദാഹരണമായിട്ടാണോ മതാത്മകതയുടെ പ്രോത്സാഹനമായിട്ടാണോ ഇവയെ നാം വായിക്കേണ്ടത്?
പ്രത്യയശാസ്ത്ര വസ്തുതകളും പ്രായോഗിക തലങ്ങളിലെ നീക്കുപോക്കുകളും തമ്മില്‍ നിലനില്‍ക്കുന്ന ‘വൈരുധ്യാധിഷ്ഠിത’ കാഴ്ചകളില്‍ ഒരു പണത്തൂക്കം മുന്‍പില്‍ നില്‍ക്കുന്നത് മൂല്യ നിരാസത്തിന്റെ ഉദാഹരണങ്ങളാണ്. നാം മതത്തോട് ഏറ്റുമുട്ടണമെന്നും അതെങ്ങിനെയായിരിക്കണമെന്ന് കൃത്യമായി അറിഞ്ഞിരിക്കണമെന്നും, എന്നാല്‍ ആത്യന്തികമായി മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യമെന്നും ഇ എം എസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. (സാംസ്‌കാരിക വിപ്ലവം – മതം, മാര്‍ക്സിസം, പേജ് 59)
ചിന്തകനും തത്വജ്ഞാനിയുമായ എം എന്‍ റോയ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘ആകയാല്‍ ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ, ആരാധനാ ഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാര്‍ക്സിന്റെ സിദ്ധാന്തങ്ങളോട് ഇണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്’ (Independence of India, M N Roy, Jan 29, 1989).
1920-കളില്‍ സോവിയറ്റ് യൂണിയനില്‍ നിര്‍വഹിച്ച മതനിഷേധ – മതപ്രബോധന വിരുദ്ധ നടപടികള്‍, അഫ്ഗാനിസ്താനില്‍ കമ്യൂണിസ്റ്റ് റഷ്യയുടെ നേതൃത്വത്തില്‍ നടന്ന അധിനിവേശ നടപടികളിലെ മതവിരുദ്ധതകള്‍, കുടുംബമെന്ന അടിസ്ഥാന സ്ഥാപനത്തിന് നേരെയുള്ള ഒളിയജണ്ടകള്‍ എന്നിവയും മതത്തിന്റെ സാമൂഹ്യവേരുകളെ പിഴുതെറിയാനുള്ള ഉന്നം വെക്കലുകളായിരുന്നുവെന്ന് നിഷ്പക്ഷമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
കുടുംബമെന്നത് ലോകത്ത് നിലനില്ക്കുന്ന തികച്ചും പ്രകൃതിപരമായ ഒരു മൂല്യക്രമവും പ്രകൃതി ഘടനയുമാണ്. ജൈവ സമൂഹങ്ങളിലെല്ലാം വൈവിധ്യത്തോടെ കുടുംബമെന്ന സ്ഥാപനം നിലനില്‍ക്കുന്നുണ്ട്. മതനിരാസവും നിഷേധവും സ്വീകരിക്കുന്നവരില്‍ പോലും കുടുംബമെന്ന ഘടന കൃത്യമായി പാലിക്കുന്നുണ്ട്. ഇണജീവിതവും അവയുടെ അടിസ്ഥാനമായി വര്‍ത്തിക്കേണ്ട വിവാഹമെന്ന വിശുദ്ധമായ മാര്‍ഗവും മൂല്യബോധമുള്ളവരെല്ലാം അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ‘കുടുംബത്തെ ബൂര്‍ഷ്വാ വ്യവസ്ഥയുടെ ഭാഗമായി വ്യഖ്യാനിക്കാനാണ് കമ്യൂണിസം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളി വര്‍ഗത്തിന്നിടയില്‍ കുടുംബം അപ്രായോഗികമാണ്. ലൈംഗികത ഒരു പ്രകൃതി താല്പര്യമാണെങ്കിലും അത് ഒരാളില്‍ മാത്രം ചുരുക്കപ്പെടുന്നത് ശരിയല്ല. ചരിത്രത്തിന്റെയും നാഗരികതയുടെയും ഭാഗമായി വ്യത്യസ്ത ഘട്ടത്തില്‍ രൂപപ്പെട്ടതാണ് സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കുടുംബവും കുടുംബ കേന്ദ്രീകൃതമായ ലൈംഗികതയും. അതാകട്ടെ പുരുഷ മേധാവിത്വത്തെ സ്ഥാപിക്കുന്നതുമാണ്’ (Origins of the family; private property and the state, the monogamous family by Frederick Engels)
കുടുംബം, ലൈംഗികത, വിവാഹം എന്നീ രംഗങ്ങളില്‍ കൃത്യമായ മൂല്യബോധം പ്രത്യയശാസ്ത്രപരമായി പഠിപ്പിക്കുവാന്‍ സാധ്യമായിട്ടില്ലെന്ന് മാത്രമല്ല, ലൈംഗികതയെ ഒരാളില്‍ മാത്രം ചുരുക്കപ്പെടുന്നതിനെ ഉള്‍ക്കൊള്ളുവാനും സാധ്യമല്ലെന്ന ആശയ(?)മാണ് കമ്യൂണിസം സിദ്ധാന്തിക്കുന്നത്. കുടുംബ ഘടനയോടുള്ള ഏത് വെല്ലുവിളിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രകൃതിപരമായ മൂല്യബോധത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പ്രകൃതിപരമായ എതിര്‍ലിംഗ ലൈംഗികതയെ കുറിച്ച് പുതിയ തലമുറയില്‍ ആശയ കുഴപ്പം സൃഷ്ടിച്ച് വ്യക്തിനിഷ്ഠമായ ലൈംഗിക സ്വത്വമെന്ന പുരോഗമനത്തിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കുകയെന്ന മാതൃകാ പ്രവര്‍ത്തനമാണ് വര്‍ത്തമാന കാലത്ത് സോഷ്യലിസമായി നടപ്പിലാക്കുന്നത്! ലിബറലിസത്തെ ഒളിച്ചുകടത്തുന്ന കാണാചരടുകളായി വിപ്ലവ, പുരോഗമന പ്രസ്ഥാനങ്ങള്‍ മാറുകയാണ്.
മത മൂല്യനിരാസം പ്രത്യയശാസ്ത്രാടിത്തറയായി പരിഗണിക്കുന്നതോടൊപ്പം മതത്തെയും മതവിശ്വാസികളെയും ഉള്‍ക്കൊള്ളുകയും മൂല്യനിരാസത്തിന്റെയും സദാചാര നിഷ്ഠയുടെയും രംഗത്ത് അപമാനവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന ‘വൈരുധ്യാധിഷ്ഠിത’ സമീപനങ്ങളിലെ ശരിയും തെറ്റും വ്യവഛേദിച്ച് ബോധ്യപ്പെടുത്തേണ്ടത് പ്രത്യയശാസ്ത്ര വക്താക്കള്‍ തന്നെയാണ്. ‘ഒരു പ്രസ്ഥാനം എന്തിന് നിലകൊള്ളുന്നുവെന്ന് പറയേണ്ടത്, അതിന്റെ മാനിഫെസ്റ്റോയും ആചാര്യരും ഭരണഘടനയുമാണ്. കാരണം ദാര്‍ശനിക തലത്തില്‍ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് ആശയഗതികളാണ് മതവിശ്വാസവും കമ്യൂണിസവും’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2005 മാര്‍ച്ച് 27).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x