16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

നേരിടണം ഈ മഹാമാരിയെ!

മറ്റൊരു പെരുന്നാള്‍ കാലം കൂടി കോവിഡ് മഹാമാരി കവര്‍ന്നെടുക്കുകയാണ്. റമദാന്‍ വ്രതം നല്‍കിയ ആത്മീയമായ ഉന്മേഷത്തിന്റെ ബലത്തില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ലോകമൊട്ടുക്കുമുള്ള മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസവും വേദനയുമാണ് ഇത് സമ്മാനിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. റമദാനിലെ അവസാന വെള്ളിയാഴ്ചയില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും പള്ളികളില്‍ ഒരുമിച്ചു കൂടാനും ജുമുഅ ജമാഅത്ത് നിര്‍വഹിക്കാനും കഴിഞ്ഞതിന്റെ ആത്മ സംതൃപ്തി കേരളത്തിലെ വിശ്വാസികള്‍ക്കുണ്ട്. കഴിഞ്ഞ നോമ്പു കാലത്ത് ഇതുപോലും സാധ്യമായിരുന്നില്ല എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ച്. കോവിഡ് മഹാമാരി വലിയ ഭീഷണിയായി തലക്കു മുകളില്‍ തൂങ്ങുമ്പോള്‍ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കാനും സ്വയം നിയന്ത്രണങ്ങളിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാനും ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ളവ ഇപ്പോഴും പ്രാരംഭ ദശയിലാണ്. അതുകൊണ്ടുതന്നെ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞു വീശുന്ന ഈ ഘട്ടത്തിലും കരുതല്‍ മാത്രമാണ് നമുക്കു മുന്നിലെ പോംവഴി. ഡല്‍ഹി അടക്കം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ പത്രദ്വാരാ നാം അറിയുന്നുണ്ട്. പരിതാപകരമാണ് സ്ഥിതിഗതികള്‍. ആസ്പത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എവിടേയും ലഭ്യമല്ല. റോഡരികിലും മരത്തണലിലും സന്നദ്ധ സംഘടനകളും മറ്റും ഒരുക്കുന്ന താല്‍ക്കാലിക ക്രമീകരണങ്ങളിലാണ് പലരും ജീവനു വേണ്ടി മല്ലടിക്കുന്നത്. ശ്മശാനങ്ങളില്‍ കൂട്ടത്തോടെ ചിതയിലെരിയിരുന്ന മനുഷ്യശരീരങ്ങളുടെ നിരകള്‍ ചിത്രങ്ങളിലും വീഡിയോ ദൃശ്യങ്ങളിലും നാം കാണുന്നുണ്ട്.
പ്രാണവായുവിന് സര്‍വസമ്പാദ്യങ്ങളേക്കാള്‍ വിലയേറുന്ന കാലത്ത് നമ്മള്‍ ഇതുവരെ നേടിയ എല്ലാ സൗകര്യങ്ങളും അതിസാങ്കേതിക വിദ്യയും നിസ്സഹായമായി മാറുകയാണ്. ഓക്‌സിജന്‍ ലഭ്യതക്കുറവു കാരണം മാത്രം ഡസനോളം കൂട്ടമരണങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് നടന്നത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലും ഇത്തരം സാഹചര്യമുണ്ടായി. ആതുര സേവന രംഗത്ത് റോള്‍ മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കേരളത്തില്‍ പോലും സ്ഥിതി ഒട്ടും ആശാവഹമല്ല. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം നിസ്സഹായരാകും. ഇപ്പോള്‍ തന്നെ പല ആസ്പത്രികളിലും ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കോവിഡ് രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്.
ജീവന്റെ വിലയുള്ള കരുതല്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജീവന്റെ വിലയുള്ളതാവണം നമ്മുടെ പെരുന്നാള്‍ ആഘോഷവും. പുതുവസ്ത്രം വാങ്ങാനുള്ള ഓട്ടപ്പാച്ചിലല്ല, ഉള്ളം തേച്ചുമിനുക്കിയ ആത്മീയതയുടെ കരുത്തിലാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഉള്ളതില്‍ നല്ലത് അണിഞ്ഞും ഉള്ളതില്‍ നല്ലത് ഭക്ഷിച്ചും ഈ പ്രതിസന്ധി കാലത്തെ നമുക്ക് അതിജീവിക്കണം. പെരുന്നാള്‍ നമസ്‌കാരം പോലുള്ളവ നിയന്ത്രണങ്ങള്‍ ലംഘിക്കാതെ തന്നെ ആള്‍കൂട്ടം ഒഴിവാക്കിയോ സ്വന്തം വീട്ടകങ്ങളിലോ ആയി പരിമിതപ്പെടുത്തുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുടുംബ വീട് സന്ദര്‍ശനങ്ങള്‍ അടക്കമുള്ളവയുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. നമുക്ക് രോഗം വരാതെ നോക്കുന്നതിനൊപ്പം മറ്റുള്ളവരിലേക്ക് രോഗം എത്തിക്കുന്ന രോഗവാഹകരായി നാം മാറുന്നില്ല എന്നും ഉറപ്പു വരുത്തുക.
ഒപ്പം അടച്ചിടല്‍ കാലത്ത് തൊഴിലില്ലാതെ, വരുമാന മാര്‍ഗങ്ങള്‍ നിലച്ച്, ജീവിതോപാധികള്‍ നഷ്ടമായി അനവധി പേര്‍ നമുക്ക് ചുറ്റുമുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് കണ്ണു തുറക്കുക. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്ന പ്രവാചക വചനം ആയിരം ആവര്‍ത്തി മനസ്സില്‍ ഉറപ്പിക്കുക. രോഗം, കടം, പട്ടിണി, ദാരിദ്ര്യം എന്നിവ കൊണ്ട് വലഞ്ഞ മനുഷ്യര്‍ക്ക് അത്താണിയാവുക. ഒന്നാം അടച്ചിടല്‍ കാലത്ത് സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ ഈ രംഗത്ത് കാഴ്ചവെച്ച സേവനം സ്തുത്യര്‍ഹമായിരുന്നു. നമുക്ക് ചുറ്റുമുള്ള ഇതര സംസ്ഥാന തൊഴിലാളികളേയും മുന്നില്‍ കാണുക. അവരും നമ്മുടെ സഹോദരങ്ങളാണെന്ന ചിന്തയില്‍ പ്രവര്‍ത്തിക്കുക. ഫിത്ര്‍ സകാത്ത് അടക്കമുള്ള നിര്‍ബന്ധ ബാധ്യതകള്‍ ഏറ്റവും അര്‍ഹരായ അവകാശികളെ കണ്ടെത്തി അവര്‍ക്ക് എത്തിച്ചു നല്‍കുക. ശരീരം കൊണ്ടുള്ള അകലം മനസ്സിനെ ബാധിക്കാതിരിക്കുക. ദുരിത കാലത്ത് കൂടുതല്‍ ഐക്യപ്പെടുക. പരസ്പരം താങ്ങാവുക. നേരിടണം ഈ മഹാമാരിയെ. മറികടക്കണം നമുക്ക് ഈ പ്രതിസന്ധി കാലത്തേയും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x