ക്ലാസ്മുറികളില്‍ പടരുന്ന വെറുപ്പിനെ എങ്ങനെ നേരിടാം?
റാഫിദ് ചെറവന്നൂര്‍
നാസിയ എറും എഴുതിയ ‘മദറിങ് എ മുസ്‌ലിം’ എന്ന പുസ്തകത്തിലെ ഒരധ്യായത്തിന്റെ തലക്കെട്ട് ‘ഉമ്മാ, നമ്മളും പാകിസ്താനില്‍ നിന്നാണോ’ എന്നാണ്. ഈ ചോദ്യം മധ്യപ്രദേശില്‍ കോളജ് വിദ്യാര്‍ഥിയായ ഫൈസാന്‍ ഉമ്മ റൈഖയോട് ഒരിക്കല്‍ ചോദിച്ച ചോദ്യമായിരുന്നു. റൈഖ ഞെട്ടല്‍ പുറത്തുകാണിക്കാതെ ഫൈസാനോട് തിരിച്ചുചോദിച്ചു: ‘എന്താ അങ്ങനെ ചോദിക്കാന്‍ കാരണം?’ അപ്പോഴാണ് ഫൈസാന്‍ ഫോണിലൂടെ തനിക്കുണ്ടായ ദുരനുഭവം ഉമ്മയോട് വിവരിച്ചത്.
ഇന്‍ഡോറിലെ പ്രശസ്തമായ ഡാലിയ സ്‌കൂളില്‍ മികച്ച പഠനാന്തരീക്ഷം പ്രതീക്ഷിച്ചാണ് ഭോപാലില്‍ നിന്നു റൈഖ മകനെ ഇന്‍ഡോറില്‍ അയക്കുന്നത്. എന്നാല്‍ സ്‌കൂളിലെ ആദ്യ ദിനങ്ങളില്‍ തന്നെ സഹപാഠികള്‍ ചേര്‍ന്ന് ഫൈസാനെ മര്‍ദിക്കുകയും ‘അവന്‍ പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയാണ്’ എന്ന് ആക്രോശിക്കുകയും ചെയ്തു. ഫൈസാന്‍ മധ്യപ്രദേശിലെ പഴയ രാജകുടുംബത്തിലെ അംഗമാണ്. ഡാലിയ സ്‌കൂളാണെങ്കിലോ ഇന്ത്യയിലെത്തന്നെ അതിസമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനവും. പൊതുവേ സാംസ്‌കാരിക സമ്പന്നരെന്നും സാമൂഹിക അവബോധമുള്ളവരെന്നുമൊക്കെ കരുതപ്പെടുന്ന ആളുകള്‍ പോലും മുസ്‌ലിംഭീതിയുടെ വാഹകരാവുന്നതിന്റെ പേടിപ്പെടുത്തുന്ന ഉദാഹരണമാണിത്.
ഇനി ഇന്‍ഡോറില്‍ നിന്നു കാതങ്ങളകലെയുള്ള രാജസ്ഥാനിലെ ജലോര്‍ ജില്ലയിലേക്ക് വരാം. അവിടെ ഇക്കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് മൂന്നാം ക്ലാസുകാരനായ ഇന്ദ്രകുമാര്‍ മേഘ്‌വാളിനെ ഉന്നതജാതിക്കാരനായ ചെയില്‍ സിങ് എന്ന അധ്യാപകന്‍ തല്ലിച്ചതച്ചത്. കുഞ്ഞു ഇന്ദ്രകുമാര്‍ ചെയ്ത വലിയ കുറ്റം ഉയര്‍ന്ന ജാതിക്കാര്‍ക്കായി വെച്ച കുടിവെള്ള പാത്രത്തില്‍ നിന്നു വെള്ളം കുടിച്ചു എന്നതായിരുന്നു. അങ്ങനെ സാരമായി പരിക്കു പറ്റിയ ഇന്ദ്രകുമാറിനെയുമെടുത്ത് അവന്റെ മാതാപിതാക്കള്‍ ആശുപത്രികള്‍ തേടി അലയുകയാണ്. 25 ദിവസത്തോളം, 1300ഓളം കിലോമീറ്റര്‍ സഞ്ചരിച്ച്, എട്ട് ആശുപത്രികളില്‍ കാണിച്ചിട്ടും ഇന്ദ്രകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യലബ്ധിയുടെ മുക്കാല്‍ പതിറ്റാണ്ട് ആഘോഷിക്കുമ്പോഴും ജാതിതടവറയില്‍ തന്നെ തുടരുന്ന നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ ഇരയായിരുന്നു ഇന്ദ്രകുമാര്‍.
വിവേചനത്തിന്റെ
വഴികള്‍
ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നാണ് നമ്മുടേത്. 15 ലക്ഷത്തോളം വിദ്യാലയങ്ങളും 85 ലക്ഷത്തോളം അധ്യാപകരും 25 കോടിയോളം വിദ്യാര്‍ഥികളും ഇന്ത്യയിലുണ്ട്. രാഷ്ട്രത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കേണ്ട ഈ 25 കോടി വിദ്യാര്‍ഥികളില്‍ ചെറിയൊരു വിഭാഗത്തിലേക്ക് പകരുന്ന വെറുപ്പിന്റെ പാഠങ്ങള്‍ പോലും വലിയ പ്രത്യാഘാതമുണ്ടാക്കും. ലോകെത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ആശയം പോലും സാധ്യമാവുന്നത് പുതുതലമുറ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാന്‍ നിരന്തരം പരിശീലിക്കപ്പെടുന്നതിലൂടെയാണ്. അതുകൊണ്ടു തന്നെയാണ് വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സംവിധാനത്തിലും പടരുന്ന വെറുപ്പ് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പിന്റെ പ്രശ്‌നമാവുന്നതും. ഉള്‍ക്കൊള്ളലിന്റെയും സാഹോദര്യത്തിന്റെയും മാതൃകകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം അപരനോടും അപരത്വത്തോടുമുള്ള അകാരണമായ ഭയം ആസൂത്രിതമായിത്തന്നെ കുട്ടികളില്‍ കുത്തിവെക്കപ്പെടുന്നു.
ഫറാഹ് നഖ്‌വി ‘ദി വയര്‍’ മാഗസിനില്‍ എഴുതിയ ‘വാട്ട് ദി കാഷ്വല്‍ ഹേറ്റ് ഇന്‍ ഔര്‍ ക്ലാസ് റൂംസ് സെയ്‌സ് എബൗട്ട് ദി ന്യൂ ഇന്ത്യ’ എന്ന ലേഖനം അടിയന്തര ഇടപെടലുകള്‍ ആവശ്യമായ കുറേ അടിസ്ഥാന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികളെ കുറിക്കാന്‍ ‘ബഗ്ദാദി’, ‘ഉസാമ’, ‘മുല്ല’, ‘ജിഹാദി’ തുടങ്ങിയ വിളിപ്പേരുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ലേഖനം പറയുന്നു. കേവലം ഇരട്ടപ്പേരുവിളിക്കപ്പുറം തന്റെ മുസ്‌ലിം സഹപാഠിക്കു മേല്‍ വളരെ കാഷ്വലായി ചുമത്തുന്ന ഭീകരപ്പട്ടമാണ് ഈ വിളിപ്പേരുകള്‍. ‘ഒരു രാജ്യം’, ‘ഒരു ഭാഷ’, ‘ഒരു സമൂഹം’ എന്നിങ്ങനെ തുടങ്ങി പല രൂപങ്ങളില്‍ നമ്മുടെ ഭരണാധിപതികള്‍ നമ്മളിലേക്കിട്ടുതരുന്ന ഏകശിലാത്മകമായ ഒരു രാഷ്ട്രവീക്ഷണം കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രത്യേകമായ ഒരു സമൂഹവീക്ഷണത്തിനോ ഭാഷയ്‌ക്കോ മതത്തിനോ ഒക്കെ പുറത്തുള്ളവര്‍ അപരരും ഭീകരരുമായി മുദ്ര കുത്തപ്പെടുന്നു. ഇങ്ങനെ ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളുമായി യോജിച്ചുപോവാത്തവരോടുള്ള വെറുപ്പ് തീര്‍ത്തും സ്വാഭാവികമായ പ്രതികരണമായി വിലയിരുത്തപ്പെടുന്നു.
കണക്കുകളിലെ
മുസ്‌ലിം വിദ്യാഭ്യാസം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിടുന്ന വിവേചനം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ അധോഗതിക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ വെളിവാക്കുന്ന ചില കണക്കുകള്‍ പരിശോധിക്കാം:
എസ്‌സി-എസ്ടി വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിറകിലുള്ള ന്യൂനപക്ഷ വിഭാഗമാണ് മുസ്‌ലിംകള്‍ എന്നാണ് സാമ്പത്തിക വിദഗ്ധനായ രാകേഷ് ബസന്റിന്റെ കണ്ടെത്തല്‍. പ്രൈമറി തലത്തില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ട്. പ്രൈമറി തലത്തില്‍ പഠനത്തിനെത്തുന്നവരില്‍ തന്നെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു പോവുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷമുണ്ടായ ഭരണപരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ പഠിക്കുന്നതിനു വേണ്ടി പ്രൊഫ. അമിതാഭ് കുണ്ടുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഡിഗ്രി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റു ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകളിലും എസ്‌സി-എസ്ടി വിഭാഗങ്ങളിലും കാര്യമായ കുറവാണുള്ളത്.
2014ല്‍ നടന്ന ‘ഓള്‍ ഇന്ത്യാ സര്‍വേ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍’ അനുസരിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ്‌ലിം സാന്നിധ്യം ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ എസ്‌സി-എസ്ടി വിഭാഗങ്ങളെക്കാള്‍ കുറവാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 14 ശതമാനമാണ് മുസ്ലിംകള്‍. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം ആകെയുള്ളതിന്റെ 4.4 ശതമാനം മാത്രമാണ്. നിരക്ഷരരും തൊഴില്‍രഹിതരുമായ ഒരു തലമുറയെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസരംഗത്തെ വിവേചനം ആത്യന്തികമായി കാരണമാവുന്നത്. സാമൂഹികമായ പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ട ഈ തലമുറ വെറുപ്പിന്റെ അന്തരീക്ഷത്തില്‍ തീര്‍ത്തും അരക്ഷിതരായി മാറുന്നു. ഇത് ഭാവിയില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.
ഭരണഘടന
പ്രതീക്ഷയാണോ?
ന്യൂനപക്ഷങ്ങള്‍ക്ക് ഒരുപാട് അവകാശങ്ങളും തുല്യതയ്ക്കുള്ള അവസരങ്ങളും നല്‍കുന്നുണ്ട് നമ്മുടെ ഭരണഘടന. ജാതി-മതവ്യത്യാസങ്ങളുടെ പേരില്‍ ഒരു പൗരനും വിവേചനം നേരിടരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 15, ഗവണ്മെന്റ് ജോലികളില്‍ തുല്യാവസരം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 16, തൊട്ടുകൂടായ്മ നിരോധിക്കുന്ന ആര്‍ട്ടിക്കിള്‍ 17 തുടങ്ങി ഒരുപാട് ഇടങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഭരണഘടന പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ നേരിടുന്ന വിവേചനത്തിന്റെയും വെറുപ്പിന്റെയും സാഹചര്യത്തെ നേരിടാന്‍ നമ്മുടെ ഭരണഘടന പൂര്‍ണമായും പര്യാപ്തമാണോ?
മനുഷ്യാവകാശ പ്രവര്‍ത്തകയായ ഫറാഹ് നഖ്‌വിയുടെ വീക്ഷണത്തില്‍ നമ്മുടെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം തടയുന്നതില്‍ പൂര്‍ണമായും ഫലപ്രദമല്ല. അമേരിക്ക, സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങി ഒരുപാട് രാജ്യങ്ങളില്‍ കാര്യക്ഷമവും പ്രത്യേകവുമായ വിവേചനവിരുദ്ധ നിയമങ്ങളുണ്ട്. സമാനമായ ഒരു നിയമനിര്‍മാണം പുതിയ സാഹചര്യത്തില്‍ നമുക്ക് അനിവാര്യവുമാണ്. നിയമം ഒരു സ്ഥിരപരിഹാരമാവുന്നില്ലെങ്കിലും സാമുദായികവും സാമൂഹികവുമായ വിവേചനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനെങ്കിലും കാരണമായേക്കാം.
നമ്മുടെ പങ്ക്
താരതമ്യേന വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക അവബോധവും കൈവരിച്ചവരെന്ന നിലയ്ക്ക് കേരളത്തിലെ മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും വിവേചനവിരുദ്ധ പോരാട്ടത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. തീര്‍ത്തും പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന കേരളത്തിലെ മുസ്‌ലിം സമുദായം കുറഞ്ഞ കാലം കൊണ്ട് കൈവരിച്ച വിദ്യാഭ്യാസവും സാമൂഹികവുമായ അദ്ഭുതകരമായ പുരോഗതി പുതിയ കാലത്ത് ഒരു വലിയ പ്രതീക്ഷയായി മാറുന്നു. ഈ മോഡല്‍ എങ്ങനെ കേരളത്തിന് പുറത്തേക്കും സാധ്യമാക്കാം എന്ന തലത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ അനിവാര്യമാണ്.
കേരളം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച സ്ഥലങ്ങള്‍ക്ക് പൊതുവായുള്ള പ്രത്യേകതയായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അവിടെയെങ്ങും വലിയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളെല്ലാം ആത്യന്തികമായി ചെയ്തത് ന്യൂനപക്ഷങ്ങളെ അവര്‍ കൈവരിച്ച സാമൂഹിക പുരോഗതിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ പിറകോട്ട് വലിക്കുകയാണ്.
ഇതിന്റെ മറ്റൊരു വശം വിദ്യാഭ്യാസ പുരോഗതി നേടിയ മിക്കയിടങ്ങളിലും സമാധാനപൂര്‍ണമായ സാമൂഹിക അന്തരീക്ഷമുണ്ടായിരുന്നു എന്നതാണ്. വ്യത്യസ്തതകളെ ഉള്‍ക്കൊണ്ട വിദ്യാലയങ്ങളും സഹവര്‍ത്തിത്തം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസരീതിയുമാണ് നമ്മുടെ വിദ്യാഭ്യാസ പുരോഗതിയുടെ കാതല്‍. അപരനെ സഹോദരനായി കാണുന്ന ഒരു വിദ്യാലയ അന്തരീക്ഷം ഇതിന് അനിവാര്യമാണ്. മാധ്യമങ്ങളും ഭരണകൂടവുമൊക്കെ തന്റെ മുസ്‌ലിം സുഹൃത്തിനെ ഭീകരനാക്കുമ്പോഴും അവനെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികളെ സൃഷ്ടിക്കലാവണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെആദ്യപരിഗണന.