21 Saturday
December 2024
2024 December 21
1446 Joumada II 19

ചൊവ്വയിലെ ‘ചാത്തനേറി’ന്റെ ചുരുളഴിയുമ്പോള്‍

ടി പി എം റാഫി


ഭൂമിയെ കളിത്തൊട്ടിലാക്കി, മെത്തയാക്കി, ഭൂമിക്ക് സുരക്ഷിത മേല്‍പ്പുരയൊരുക്കി, ഭൂമി നിങ്ങളെയും കൊണ്ട് ഉലയാതിരിക്കാന്‍ അതില്‍ പര്‍വതങ്ങള്‍ നാട്ടി എന്നൊക്കെ വിശുദ്ധ ഖുര്‍ആന്‍ വാചാലമായി പറയുന്നതിന്റെ ശരിയായ പൊരുള്‍ മനസ്സിലാകണമെങ്കില്‍ ഭൗമമേഖലയ്ക്കു പുറത്തു കടക്കണം. നമ്മുടെ തൊട്ടയല്‍ക്കാരനായ ചൊവ്വാ ഗ്രഹത്തെ ഭാവിയില്‍ മനുഷ്യന്റെ വാസസ്ഥലമാക്കാന്‍ പദ്ധതിയിട്ട് ശാസ്ത്രലോകം മുന്നേറുമ്പോള്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തലുകള്‍ ആ മോഹനസ്വപ്‌നത്തിന്റെ മുഖത്തേറ്റ പ്രഹരമായിത്തീരുകയാണ്. മനുഷ്യവാസത്തിനു സുരക്ഷിതവും അനുയോജ്യവുമായ ഏക ഗ്രഹം, അറിയപ്പെട്ടിടത്തോളം ഭൂമി മാത്രമാണെന്ന തിരിച്ചറിവാണ് ഇന്നു നമുക്കു ലഭിക്കുന്നത്.
നമ്മെ ഉരുളന്‍ കല്ലുകള്‍ കൊണ്ട് എറിഞ്ഞും തിളയ്ക്കുന്ന ലോഹദ്രാവകം വര്‍ഷിച്ചും എതിരേല്‍ക്കുന്ന ‘ചൂടന്‍’ സ്വഭാവക്കാരനാണത്രേ ചൊവ്വ. ഉപരിതലത്തിലേക്ക് എപ്പോഴും അപകടകരമായി തെന്നിത്തെറിച്ചുവരുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങള്‍, അവ സൃഷ്ടിച്ചെടുക്കുന്ന, വ്യത്യസ്ത രേഖകള്‍ പോലെ തോന്നിക്കുന്ന ശിലാപാളികളുടെ വന്‍ശേഖരങ്ങള്‍… ചൊവ്വയെ നിരീക്ഷിച്ചപ്പോള്‍ ഗവേഷകര്‍ക്കു മനസ്സിലായത് ആ ഗ്രഹം എന്നും പ്രക്ഷുബ്ധമായി നിലകൊള്ളുന്നു എന്നാണ്. 900 മീറ്റര്‍ നീളത്തില്‍ 4500-ഓളം പാറ്റേണുകള്‍ തീര്‍ക്കുന്ന പാറക്കൂട്ടങ്ങളുടെ വിക്ഷേപങ്ങളാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു പഠിച്ചത്.
അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ് വിജയന്റെയും സംഘത്തിന്റെയും ഈ കണ്ടെത്തല്‍ ‘ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘നാസ’യുടെ ചൊവ്വ ഓര്‍ബിറ്ററില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ റെസല്യൂഷന്‍ ക്യാമറ 2006 തൊട്ട് 2020 വരെ പകര്‍ത്തിയ ആയിരക്കണക്കിനു ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് ചൊവ്വയിലെ അപ്രതീക്ഷിതവും ഇടതടവില്ലാത്തതുമായ ‘ചാത്തനേറി’ന്റെ രഹസ്യങ്ങള്‍ പി ആര്‍ എല്‍ സംഘം മനസ്സിലാക്കിയത്. നാലു മുതല്‍ എട്ടു വരെ ഭൗമവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഉരുളന്‍ കല്ലുകള്‍ തീര്‍ക്കുന്ന ‘രേഖകള്‍’ മാഞ്ഞുപോകാറുണ്ടത്രേ.
ഡോ. വിജയന്‍ പറയുന്നു: ”പാറക്കൂട്ടങ്ങള്‍ ഉതിര്‍ത്ത ഈ ട്രാക്കുകള്‍ അപ്രത്യക്ഷമാവാന്‍ ഏതാനും വര്‍ഷമേ എടുക്കാറുള്ളൂ. അതിനര്‍ഥം ഇപ്പോള്‍ കണ്ടെത്തുന്ന ട്രാക്കുകള്‍ ചൊവ്വയില്‍ പുതുതായി രൂപപ്പെടുന്നതാണെന്നാണ്.”
ചൊവ്വയുടെ അകക്കാമ്പ് നിറയെ ഉരുകിത്തിളയ്ക്കുന്ന ലോഹസങ്കരമാണെന്ന് ‘നാസ’ കണ്ടെത്തിയിട്ടുണ്ട്. ഉള്ളില്‍ നിന്നുള്ള തരംഗ പ്രസരണത്തോടൊപ്പം ഉരുകിയ ലോഹവും ചൊവ്വയുടെ ഉപരിതലത്തിലേക്ക് വന്‍ ഊഷ്മാവ് പകര്‍ന്ന് ശക്തമായി പ്രവഹിക്കാറുണ്ട്. അന്തരാളങ്ങളിലെ അതിശയിപ്പിക്കുന്ന കമ്പനം വഴി പുറത്തേക്ക് വിക്ഷേപിക്കപ്പെടുന്ന പാറക്കൂട്ടങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വ്യത്യസ്ത അടയാളങ്ങള്‍ രൂപപ്പെടുത്തുന്നു. പൊതുവേ ‘വി’ ആകൃതിയിലുള്ള ആഴത്തിലുള്ള ‘മുറിവു’കളാണ് ഉപരിതലത്തില്‍ സൃഷ്ടിക്കപ്പെടുന്നതെങ്കിലും അവ രൂപഭാവങ്ങളില്‍ ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് പഠനം വെളിപ്പെടുത്തുന്നു.
”കുറേക്കാലം നമ്മള്‍ വിചാരിച്ചത് ചൊവ്വ തണുത്തുറഞ്ഞ മൃതഗ്രഹമാണെന്നാണ്. ചുവന്നു തുടുത്ത ഈ അയല്‍ക്കാരന്‍ ഇത്രയും പ്രക്ഷുബ്ധമാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്”- ഡോ. വിജയന്‍ പറയുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഇതുപോലുള്ള ഗവേഷണ മേഖലയ്ക്ക് വെളിച്ചം പകരുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ നിന്ന് അതു വിശകലനം ചെയ്യാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: ”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് നിങ്ങള്‍ക്കു കടന്നുപോകാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ കടന്നുപൊയ്‌ക്കൊള്ളുക. ഒരു ‘സുല്‍ത്വാന്‍’ സ്വായത്തമാക്കിയിട്ടല്ലാതെ നിങ്ങള്‍ക്ക് അതിനാവില്ല” (അര്‍റഹ്മാന്‍: 33).
ഇവിടെ ‘സുല്‍ത്വാന്‍’ കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത് ഒരുപക്ഷേ, പലായന പ്രവേഗം (എസ്‌കേപ് വെലോസിറ്റി) പോലുള്ള ഭൗതികശാസ്ത്ര സംബന്ധിയായ വൈതരണികളാവാം. റോക്കറ്റ് സാങ്കേതികവിദ്യയിലൂടെയും മറ്റും മനുഷ്യന്‍ അതു സ്വായത്തമാക്കിയിട്ടുണ്ടെന്നും ഈ ഖുര്‍ആന്‍ വചനത്തിനിടയില്‍ നിന്നു വായിച്ചെടുക്കാം. ഇനി മനുഷ്യന്‍ ബഹിരാകാശത്തേക്കു പ്രവേശിച്ചാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഖുര്‍ആന്‍ തുടര്‍ന്ന് മുന്നറിയിപ്പ് തരുന്നുണ്ട്: ”നിങ്ങള്‍ ഇരുവിഭാഗങ്ങളുടെയും നേര്‍ക്ക് ജ്വലിക്കുന്ന ഉല്‍ക്കകളും ഉരുകിയ ലോഹവും വിക്ഷേപിക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം കണ്ടെത്താനാവില്ല” (അര്‍റഹ്മാന്‍ 35).
വചനത്തില്‍ പ്രയോഗിച്ച ‘ശുവാദ്വുന്‍’ എന്ന പദത്തിന് ജ്വലിക്കുന്ന തീപ്പന്തം, തീഗോളം (ഉല്‍ക്കകള്‍) എന്നൊക്കെയാണ് അര്‍ഥമെന്ന് പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതിലെ മറ്റൊരു പദമായ ‘നുഹാസി’ന്റെ ഭാഷാപരമായ കൃത്യമായ അര്‍ഥം ഉരുകിയ ചെമ്പുലോഹസങ്കരമാണെന്ന് സ്വഹാബിവര്യനും അനുഗൃഹീത ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നു മസ്ഊദ് വ്യക്തമാക്കുന്നുണ്ട്. വഹീദുദ്ദീന്‍ ഖാന്‍, മര്‍മഡ്യൂക് പിക്താള്‍, മുഹമ്മദ് സര്‍വര്‍, ആര്‍തര്‍ ജോണ്‍ ആര്‍ബെറി പോലുള്ള ഒട്ടേറെ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും ഉരുകിത്തിളയ്ക്കുന്ന ലോഹദ്രാവകത്തെയാണ് ഈ പദം പ്രതിനിധാനം ചെയ്യുന്നതെന്ന് അസന്ദിഗ്ധമായി അഭിപ്രായപ്പെടുന്നുണ്ട്.
മറ്റൊരിടത്ത് ഖുര്‍ആന്‍ ഗ്രഹാന്തര യാത്രയില്‍ നേരിട്ടേക്കാവുന്ന സ്വാഭാവിക വിഘ്‌നങ്ങളെ എടുത്തുകാട്ടുന്നുണ്ട്: ”ആരെങ്കിലും പെട്ടെന്ന് അതിരു ലംഘിക്കുകയാണെങ്കില്‍ തുളച്ചുകയറുന്ന ഉല്‍ക്കാവര്‍ഷം അവനെ പിന്തുടരുന്നതാണ്” (സ്വാഫാത്ത്: 10).
ചൊവ്വ പോലുള്ള ഗ്രഹോപരിതലങ്ങളിലെ ഉരുകിത്തിളയ്ക്കുന്ന ലോഹവര്‍ഷത്തിലേക്ക് ‘നുഹാസ്’ വിരല്‍ ചൂണ്ടുന്നില്ലേ?
ഉല്‍ക്കകളെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ ഒരു അനുമാനം ഇങ്ങനെയാണ്: വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടയ്ക്കുള്ള ഒരു ഛിന്നഗ്രഹം പ്രാക്തനകാലത്ത് ശിഥിലമായാണ് ഉല്‍ക്കകള്‍ രൂപപ്പെട്ടതത്രേ. ഭൂമിയെപ്പോലെ സുരക്ഷിതവും നിയതവുമായ അന്തരീക്ഷമില്ലാത്തതിനാല്‍ മറ്റു ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ഇടതടവില്ലാതെ മാരകമായ ഉല്‍ക്കാപാതം സംഭവിക്കാറുണ്ടെന്നും അതുവഴി അവിടെ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ടെന്നും ഗ്രഹോപരിതലം, ഭൂമിയെ അപേക്ഷിച്ചു നന്നായി പ്രകമ്പനം കൊള്ളാറുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഭൂമിയിലെ ഉല്‍ക്കാപാതം തുലോം തുച്ഛമാണെന്ന വസ്തുത നാം അറിയണം.

Back to Top