28 Thursday
March 2024
2024 March 28
1445 Ramadân 18

ചാള്‍സ് രാജാവും ഇസ്ലാമും

സുഫ്‌യാന്‍


ബ്രിട്ടന്റെ രാജ്ഞിയായിരുന്ന എലിസബത്ത് അന്തരിച്ചു. 1952 മുതല്‍ നീണ്ട എഴുപത് വര്‍ഷം ബ്രിട്ടന്റെയും മറ്റ് ചില രാജ്യങ്ങളുടെയും രാജ്ഞിയായിരുന്നു അവര്‍. അതിന് ശേഷം മകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജാവായി സ്ഥാനമേറ്റു. ഇസ്ലാം മതത്തോടും മുസ്ലിം ലോകത്തോടും ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് ചാള്‍സ് മൂന്നാമന്‍. ഒരു ഇസ്ലാമോഫൈല്‍ (ശഹെമാീുവശഹല) എന്ന നിലയില്‍ പാശ്ചാത്യലോകത്തും മുസ്ലിം ലോകത്തും ഒരുപോലെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
മൂന്ന് പതിറ്റാണ്ടായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിന്റെ രക്ഷാധികാരി അദ്ദേഹമാണ്. യൂണിവേഴ്‌സിറ്റിയിലും അല്ലാതെയും അദ്ദേഹം നിര്‍വഹിച്ചിട്ടുള്ള പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇസ്ലാമിനോടും മുസ്ലിം ലോകത്തോടും സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന പ്രഭാഷണങ്ങളാണവ. 1993 ഒക്ടോബര്‍ 27ന് ഓക്‌സ്ഫഡില്‍ അദ്ദേഹം നടത്തിയ ‘ഇസ്ലാം ആന്‍ഡ് ദ വെസ്റ്റ്’ എന്ന പ്രഭാഷണത്തില്‍, പാശ്ചാത്യലോകം ഇസ്ലാമിനോടും മുസ്ലിം ലോകത്തോടും എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. സാമുവല്‍ ഹണ്ടിങ്ടണ്‍ പറയുന്ന പോലെ ഇസ്ലാമിക-പാശ്ചാത്യ സംസ്‌കാരങ്ങള്‍ സംഘട്ടനത്തിലേര്‍പ്പെടേണ്ടതല്ല എന്നും പരസ്പരം തെറ്റിദ്ധാരണകള്‍ നീക്കി ഒരുമിച്ച് മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം പറയുന്നു: ”ഇസ്ലാമിന്റെ സ്വഭാവത്തെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ വളരെയധികം തെറ്റിദ്ധാരണയുണ്ടെങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരവും നാഗരികതയും ഇസ്ലാമിക ലോകത്തോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് വളരെയധികം അജ്ഞതയും നമുക്കുണ്ട്. ഇത് നമുക്ക് പാരമ്പര്യമായി ലഭിച്ച ചരിത്രപഠനത്തില്‍ നിന്ന് ഉടലെടുത്ത പരാജയമാണ്”.
ആത്മീയമൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. ഖുര്‍ആന്‍ പഠിക്കാനായി അറബിഭാഷ സ്വായത്തമാക്കിയ വ്യക്തിയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. മുഹമ്മദ് നബിയുടെ ജീവചരിത്രംഎഴുതുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത മാര്‍ട്ടിന്‍ ലിംഗ്‌സുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കുള്ള പങ്ക് അദ്ദേഹം എടുത്തുപറയാറുണ്ട്. ”പ്രകൃതിയെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങള്‍ ഏകപക്ഷീയമല്ല, മറിച്ച് അവ അല്ലാഹു നിശ്ചയിച്ച പരിധികളാണ്, അതിനാല്‍, അവ ലംഘിക്കരുത്” ചാള്‍സ് രാജാവിന്റെ വാക്കുകളാണിത്.
2013ലെ വേള്‍ഡ് ഇസ്ലാമിക് ഇകണോമിക് ഫോറത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തി ഊന്നിപ്പറയുന്നുണ്ട്. ഇസ്ലാമിന്റെ ‘ധാര്‍മിക സമ്പദ്വ്യവസ്ഥ’യില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മാവ്, സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസിലും ധനകാര്യത്തിലും സ്വമേധയാ കടന്നുവരുന്ന റിസ്‌ക് കൈകാര്യം ചെയ്യുന്നതിനും, നീതിയും ധാര്‍മികവുമായ സമീപനത്തെ പ്രാപ്തമാക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, മുഷാറകയിലും മുദാറബയിലും ഉള്‍പ്പെട്ടിരിക്കുന്ന റിസ്‌ക് ഷെയര്‍ ചെയ്യുന്ന രീതി മികച്ച മാതൃകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ചൂഷണമുക്തമായ സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും ഇസ്ലാമിക മൂല്യങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാചകനെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകൃതമായപ്പോഴും സല്‍മാന്‍ റുഷ്ദി സാത്താനിക് വേഴ്‌സസ് എഴുതിയപ്പോഴും അദ്ദേഹം മുസ്ലിം ലോകത്തിന്റെ വികാരത്തോടൊപ്പമാണ് നിലകൊണ്ടത്. ഫലസ്തീനികളോട് അനുകമ്പ പുലര്‍ത്തുന്ന അദ്ദേഹം, ഇറാഖ് അധിനിവേശത്തെയും എതിര്‍ത്തിരുന്നു. ചാള്‍സ് രാജാവിന്റെ നിലപാടുകള്‍ പരിശോധിച്ചാല്‍ മുന്‍ഗാമികളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് അദ്ദേഹമെന്ന് പറയാനാവും. അത്തരമൊരാള്‍ ബ്രിട്ടന്റെ രാജാവാകുമ്പോള്‍ അത് പാശ്ചാത്യ മുസ്ലിം ലോകത്തുണ്ടാക്കുന്ന അനുരണനങ്ങള്‍ കാത്തിരുന്നു കാണേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x