ചരിത്രത്തിന്റെ ഗതി മാറ്റിയത് ഹിജ്റയാണ്
അബ്ദുല്‍അലി മദനി
”നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നതില്‍ മെച്ചപ്പെട്ടവന്‍” (8:30).
പ്രവാചകന്റെ(സ) കാര്യത്തില്‍ എതിരാളികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി അവര്‍ കൂടിയാലോചിച്ചു. 1. ബന്ധനസ്ഥനാക്കുക, 2. വധിച്ചു കളയുക, 3. നാടുകടത്തുക, ഇതില്‍ ഒന്നാണ് അവര്‍ നടപ്പാക്കാന്‍ കരുതുന്നത്. വളരെയേറെ ആലോചനകള്‍ നടക്കുന്നുണ്ട്. ഒന്നും വേണ്ടത്ര കാര്യക്ഷമമാക്കാന്‍ കഴിയുന്നുമില്ല. തീരുമാനമാകും മുമ്പുതന്നെ ഖുറൈശി പ്രബലരില്‍ ആരെങ്കിലും എതിരാവും. മൂന്നില്‍ ഏതും പ്രവാചകനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണെങ്കിലും അല്ലാഹുവിന്റെ തീരുമാനമാണ് ആശ്വാസം പകരുന്നത്.
”എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശന മാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിര്‍ഗമന മാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ എന്ന് നീ പറയുക” (17:80). ദൈവിക നിര്‍ദേശം പ്രവാചകന് ഓര്‍ക്കുകയും ഉരുവിടുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ നാഥന് നബിയോട് ഇങ്ങനെയും പ്രാര്‍ഥിക്കാന്‍ കല്പിച്ചു: ”സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്നും നീ പറയുക”യെന്ന് (17:81). ദൈവ സ്മരണയില്‍ മനഃസമാധാനം അതൊന്നു മാത്രം.
”അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു” (61:8). ഇതൊരു ഖണ്ഡിതമായ തീരുമാനം തന്നെയാണ്. അതുതന്നെയാണ് സംഭവിച്ചതും.
സത്യത്തില്‍ എന്താണ് ഉണ്ടായത്? കെട്ടിയിടാനും വധിക്കാനും ശത്രുക്കള്‍ക്ക് പ്രവാചകനെ ലഭിച്ചില്ല. ”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പാന്‍) അവരെ വിടുകയും ചെയ്തു” (2:17). അതെ, മക്കയില്‍ ഉദിച്ച പ്രകാശം മദീനയില്‍ പ്രഭാപൂരിതമായി.
അക്ഷരാര്‍ഥത്തില്‍ ഹിജ്റ സംഭവിച്ചു. സംഭവബഹുലമായ മഹാചരിത്രം!. ഹിജ്റ ഒരു നാഴികക്കല്ലാണ്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്തായിരിക്കുമെന്നാണ് ഇന്ന് വിശ്വാസികള്‍ ഓര്‍ക്കേണ്ടത്. അതൊരു മനോഹരമായ പുലരിയുടെ ഉദയം തന്നെയായിരുന്നു. അല്ലാഹുവാണ് സൂത്രശാലിയെന്ന് ഏവരെയും ബോധ്യപ്പെടുത്തിയ ചരിത്ര മുഹൂര്‍ത്തം! ഹിജ്റ സംഭവിച്ചില്ലെങ്കില്‍ ഇസ്ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും മക്കയിലെ പരുപരുത്ത പാറകള്‍ക്കിടയിലും അതിക്രമകാരികളായ കാട്ടാളന്മാര്ക്കിടയിലും ഉയര്‍ന്നുപൊങ്ങുന്ന ദീര്‍ഘനിശ്വാസത്തിന്റെ തേങ്ങലുകള്‍ മാത്രമായി അവശേഷിക്കുമായിരുന്നു. സംശയമില്ല, ദൃഢവിശ്വാസത്തിന്റെ അര്‍ഥവും ആശയവും മോചനം നേടാനാവാത്തവിധം അവഗണിക്കപ്പെടുമായിരുന്നു.
നബി(സ)യുടെ മദീനാ പലായനം നടന്നിരുന്നില്ലെങ്കില്‍ മുസ്ലിം സമൂഹം ജീവിതലക്ഷ്യം അനുഭവിക്കാന്‍ കഴിയാതെ സ്വാതന്ത്ര്യം എന്തെന്നറിയാതെ അതിശക്തമായ പീഡനങ്ങള്‍ക്ക് അടിമപ്പെട്ട് കയ്പേറിയ ദിനരാത്രങ്ങള്‍ തള്ളിനീക്കി കഴിയേണ്ടിവരുമായിരുന്നു. ഹിജ്റ സംഭവിച്ചിരുന്നില്ലെങ്കില്‍ പ്രവാചകന് മക്കയില്‍ തളച്ചിടപ്പെടുകയും പ്രബോധന ദൗത്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവനും ക്രിയാത്മക സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഭീതിയോടെ കഴിയേണ്ടവനും നിശ്ചലനായി ചങ്ങലക്കിടപ്പെട്ട പാദങ്ങളുമായി നിസ്സംഗതയോടെ കഴിയേണ്ടവനുമാകുമായിരുന്നു. അല്ലാഹുവാണ് സംരക്ഷകന്‍.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഹിജ്റ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ വളര്‍ത്തിയെടുക്കുന്ന സമുദായം സൈന്യമില്ലാത്ത, ഐക്യമില്ലാത്ത, പരസ്പരബന്ധങ്ങളില്ലാത്ത, സര്‍വോപരി ചരിത്രം പോലുമില്ലാത്ത, സ്വന്തം നാടും വീടുമില്ലാത്ത, ഒന്നും തന്നെയില്ലാത്ത ഒരു വിഭാഗമായി നശിച്ചുപോകുമായിരുന്നു. ഹിജ്റയെന്നത് ഒളിച്ചോട്ടമല്ല, ധിക്കാരികള്‍ക്കും നിഷേധികള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും അതൊരു പാഠം പഠിപ്പിക്കല്‍ തന്നെയായിരുന്നു. ചരിത്രത്തില്‍ എന്നെന്നും മാനവ സമൂഹത്തിനു വായിച്ചുതീര്‍ക്കാനുള്ള പാഠം. ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ട് എന്നുറക്കെ പ്രഖ്യാപിക്കുന്ന അനശ്വരമായ സത്യം. അതിനാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഈ പുലരിയില്‍ ഇസ്ലാമിക പാഠങ്ങളെ മുസ്ലിംകള് പുനര്‍വായന നടത്തേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ ഹിജ്റയാണ് നമുക്ക് അസ്തിത്വം നല്‍കുന്നത്. സത്യവും നീതിയും ധര്‍മവും മൂല്യങ്ങളും വെളിച്ചവും സുന്ദരമായ നാഗരികതയും സംസ്കാരവും അറിവും മനുഷ്യത്വവും ഇല്ലാതാക്കാന്‍ ആരാലും സാധ്യമല്ല. ആപേക്ഷികമായി അശുഭകരമായി വല്ലപ്പോഴും സംഭവിക്കുന്നത് കൂടുതല്‍ പ്രഭയോടെ ശുഭകരമായി തിരിച്ചുവരുമെന്നതും ചരിത്രമാണല്ലോ.
ഹിജ്റ വര്‍ഷം 1444 പിറന്നു. മുഹര്‍റം സമാഗതമായി. മുഹര്‍റം, സഫര്‍ എന്നീ പേരുകള്‍ നേരത്തേ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന മാസങ്ങളാണ്. ഹിജ്റ (പലായനം) സംഭവിച്ചത് മുഹര്‍റം മാസം ഒന്നാം തിയ്യതിയൊന്നുമല്ല, റബീഉല്‍ അവ്വലിലാണെന്നാണ് പ്രബലമായ ചരിത്ര വിശകലനം. മുഹര്റവും സഫറും കഴിഞ്ഞാണല്ലോ റബീഉല്‍ അവ്വല്‍. എന്നിരുന്നാലും വര്‍ഷാരംഭം നോക്കിയാണ് 1444 എന്ന് കലണ്ടറുകളില്‍ രേഖപ്പെടുത്തുന്നത്. മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള മാസങ്ങളിലെ ഏത് ദിവസം സംഭവിക്കുന്നതായാലും അതെല്ലാം ഒരു വര്‍ഷത്തില്‍ നടന്നതായി കണക്കാക്കും. അറബി മാസങ്ങളിലെ തുടക്ക മാസമായ മുഹര്‍റം എന്നതു തന്നെ പവിത്രമാക്കപ്പെട്ടത്, ആദരണീയമായത് എന്നാണ് അര്ഥമാക്കപ്പെട്ടിട്ടുള്ളത്. വര്‍ഷാരംഭം എന്ന നിലക്കും അറബികള്‍ക്കിടയില്‍ തന്നെ യുദ്ധം വിലക്കപ്പെട്ട മാസം എന്ന നിലക്കുമായിരിക്കാം ‘മുഹര്‍റം’ അഥവാ ആദരണീയമായതെന്ന് വിളിക്കപ്പെടുന്നത്. മനുഷ്യ ചരിത്രത്തില്‍ എല്ലാ മാസങ്ങളിലും ചില പ്രത്യേക ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഹിജ്റ (പലായനം) എന്ന് നാം പറയുന്നത് അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബിയും അവിടത്തെ സഹചാരികളും ഒന്നിച്ച് ജനിച്ചു വളര്‍ന്ന നാടും വീടും സമ്പത്തും ഉപേക്ഷിച്ച് മുസ്ലിംകളായി നിര്‍ഭയരായി ജീവിക്കാനൊരിടം തേടി മദീനയെന്ന പ്രദേശത്തേക്ക് സ്വദേശം വിട്ടുപോയതിനെയാണ്. ഈയൊരു മഹാസംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ കലണ്ടര്‍ രൂപപ്പെടുന്നത്. മഹാനായ ഉമറി(റ)ന്റെ അഭിപ്രായമാണ് അതിനു പിന്നിലുണ്ടായിരുന്നതെന്ന് പറയപ്പെട്ടിട്ടുണ്ട്. ആനക്കലഹവും ക്രിസ്ത്വാബ്ദവും മറ്റും ഇതുപോലെ അറിയപ്പെട്ടിരുന്ന സംഭവങ്ങള്‍ തന്നെ. വിശുദ്ധ കഅ്ബാലയം പൊളിച്ചുനീക്കാന്‍ വേണ്ടി യമനിലെ രാജാവായിരുന്ന അബ്റഹത്തും തന്റെ ഗജവീരപ്പടയും വന്നതും അവര്‍ വഴിക്കുവെച്ച് നശിപ്പിക്കപ്പെട്ടതുമായ ഒരു സംഭവമാണിത്. ഖുറൈശികള്‍ നിസ്സഹായരായി പ്രതിരോധിക്കാന്‍ കഴിയാതെ നോക്കിനില്‍ക്കെ ഈ ആനപ്പടയെയും പരിവാരങ്ങളെയും കഅ്ബാലയത്തിന്റെ നാഥനായ അല്ലാഹു വഴിയില്‍ വെച്ച് ചതച്ചരച്ചുകളയുകയാണുണ്ടായത്.
മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം സിദ്ധിച്ച ശേഷം അവതീര്‍ണമായ വചനങ്ങളില്‍ ഇതുസംബന്ധമായ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. ഈ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുമ്പോള്‍ പ്രസ്തുത അനുഭവം നേരില്‍ കണ്ട പലരും മക്കയില്‍ ഉണ്ടായിരുന്നുവെന്നും അറിയപ്പെട്ടതാണ്. ഖുര്‍ആന്‍ സത്യമാണെന്നതിന് അവര്‍ ഇതെല്ലാം സാക്ഷ്യപ്പെടുത്തിയതുമാണ്.
ക്രിസ്ത്വാബ്ദം എന്നത് മഹാനായ പ്രവാചകന് ഈസാ നബിയുടെ (യേശു) ജനനവും ജീവിതവുമെല്ലാം അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ്. ഏത് സംഭവമായിരുന്നാലും ദിവസവും മാസവും വ്യത്യാസം വരാമെങ്കിലും വര്‍ഷം മിക്കവാറും ശരിയാവാനാണ് സാധ്യതയുള്ളത്.
മുഹര്‍റമെന്നത് ഇസ്ലാം യുദ്ധം വിലക്കിയ നാലു മാസങ്ങളിലൊന്നാണ്. ആദരണീയവും പവിത്രവുമായി നാലു മാസങ്ങളെ നിശ്ചയിച്ചതു സംബന്ധമായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചേടം മുതല്‍ തന്നെ കാലം 12 മാസങ്ങളാണെന്നും അതിലെ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണെന്നും ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട് (9:36). പൗരാണികരായ അറബികള്‍ നീണ്ട വര്‍ഷങ്ങളോളം യുദ്ധങ്ങളിലും സംഹാര സംഘട്ടനങ്ങളിലും ഏര്‍പ്പെടുന്നവരായിരുന്നു.
ഹജ്ജിനും ഉംറക്കും വേണ്ടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വന്നുചേരുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു വര്‍ഷത്തില്‍ ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ അവിടെ വന്നുപോകുന്നവര്‍ക്ക് നിര്‍ഭയത്വം സിദ്ധിക്കാനും ക്രിയാത്മകമായ നില സംജാതമാക്കാനും നാലു മാസം സംഹാര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് പഠിപ്പിക്കുന്ന ഇസ്ലാം നന്മയാണ് അതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. ഈ നാലു മാസം ഏതാണെന്നത് ഖുര്‍ആന്‍ വ്യാഖ്യാനിച്ചു പഠിപ്പിച്ചുതരാനായി നിയുക്തനായ പ്രവാചകന് മുഹമ്മദ് നബി(സ)യാണ് അറിയിക്കുന്നത്. മുസ്ലിംകള് ഒന്നടങ്കം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഹര്‍റമെന്നത് ചങ്ങലകള്ക്കിടയിലും മാരകായുധങ്ങള്ക്കിടയിലും കഴിഞ്ഞുകൂടാനുള്ളതല്ല. മാനവിക മോചനത്തിന്റെ തുല്യതയില്ലാത്ത പരിശുദ്ധവും പവിത്രവുമായ ഒരു ദര്‍ശനത്തിന്റെ പുനര്ജന്മാഘോഷമാണ് ഓര്‍മപ്പെടുത്തേണ്ടത്. ഫറോവ പോയതും മൂസ(അ) വിജയിച്ചതും ചരിത്രമാണല്ലോ.