29 Friday
March 2024
2024 March 29
1445 Ramadân 19

ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ നാം മടികാണിക്കരുത്‌

അബ്ദുറഹ്മാന്‍ മങ്ങാട് / ഹാറൂന്‍ കക്കാട്‌

കേരള മുസ്‌ലിം ചരിത്രത്തിലെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് അബ്ദുറഹ്മാന്‍ മങ്ങാട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതം, വൈജ്ഞാനിക സേവനം, ചരിത്രാന്വേഷണം തുടങ്ങിയ മേഖലകളില്‍ ശബാബുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം:

?ചരിത്രരേഖകള്‍ സംരക്ഷിക്കുന്നതിലും ഈ മേഖലയിലെ വിവിധ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിലും എല്ലാ അര്‍ഥത്തിലും താങ്കള്‍ക്ക് പ്രചോദനമായി മാറിയ എ പി അഹ്മദ്കുട്ടി മൗലവിയെ കുറിച്ചുള്ള ഒരു ജീവചരിത്ര ഗ്രന്ഥം പ്രതീക്ഷിക്കാമോ?
ദര്‍സിലെ ശിഷ്യരോടും പ്രദേശവാസികളോടും മാതൃകാപരമായ രീതിയില്‍ ഇടപഴകിയ പണ്ഡിതനായിരുന്നു എ പി അഹ്മദ്കുട്ടി മൗലവി. അദ്ദേഹത്തിന്റെ ലളിതജീവിതവും അസാമാന്യ പ്രതിഭാധനത്വവും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തെ അറിയുന്ന ഒരുപാട് പേര്‍ മൗലവിയെ കുറിച്ച് എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൗലവിയുടെ കുടുംബം കോഴിക്കോട് ജില്ലയിലെ മുന്നൂരിലാണ് താമസം. അവരുമായി ബന്ധപ്പെട്ട് ഒരു ജീവചരിത്രം എഴുതണമെന്നാണ് വിചാരിക്കുന്നത്.

?കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകള്‍, സമുദായം തന്നെയും ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തില്‍ അനുവര്‍ത്തിച്ചുവരുന്ന ദൗത്യങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു?
വളരെ ഖേദകരവും ഏറെ ദയനീയവുമാണ് ഈ മേഖല. ഇക്കാര്യത്തില്‍ ആര്‍ക്കും വേണ്ടത്ര താല്‍പര്യമില്ല. സ്വന്തം ചരിത്രത്തെ പോലും കൃത്യമായി രേഖപ്പെടുത്താന്‍ കേരള മുസ്‌ലിംകളുടെ വിവിധ നേതൃത്വങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആദ്യ തലമുറയില്‍ പെട്ടവര്‍ അവരുടെ യോഗമിനുട്‌സ്, സ്വാഗതപ്രസംഗം മുതല്‍ അധ്യക്ഷപ്രസംഗം, ഉദ്ഘാടന പ്രസംഗം തുടങ്ങിയവയെല്ലാം കൃത്യമായി എഴുതി തയ്യാറാക്കുകയും അവ അച്ചടിച്ച് വിതരണം നടത്തുകയും ചെയ്തിരുന്നു.
‘കേരള മുസ്‌ലിം സംഘടനാ രേഖകള്‍’ എന്ന കൃതിയില്‍ ഇത് വായിക്കാം. ആദ്യത്തെ മുസ്‌ലിം സംഘടനയായ കേരള ഉലമാ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുത്ത 64 പേരുടെ വിവരങ്ങളും യോഗനടപടികളും അവര്‍ അംഗീകരിച്ച പ്രമേയങ്ങളും എല്ലാം ലഭ്യമാണ്. അതുപോലെ നാല് വര്‍ഷം പ്രവര്‍ത്തിച്ച കേരള മുസ്‌ലിം കോണ്‍ഫറന്‍സ് എന്ന സംഘടനയുടെ മൂന്നു വര്‍ഷത്തെ മിനുട്‌സുകള്‍ ലഭ്യമാണ്.
എന്നാല്‍ പിന്നീട് വന്നവര്‍ ഇങ്ങനെയൊന്നും ചെയ്തില്ല. ഐക്യസംഘത്തിന്റെ ആദ്യത്തെ യോഗത്തില്‍ എത്ര പേര്‍ പങ്കെടുത്തു, അവര്‍ ആരൊക്കെയായിരുന്നു തുടങ്ങിയവയൊന്നും ഇതുവരെ ഒരാള്‍ക്കും അറിയില്ല. 11-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത 27 പേരെ കുറിച്ച് മാത്രമാണ് രേഖയുള്ളത്.
പൈതൃക രേഖകള്‍ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും നിസ്സംഗതയാണ് കാണിച്ചത്. പുരോഗമന പ്രസ്ഥാനക്കാര്‍ പോലും ഇതിന് അപവാദമല്ല. ഒരു വ്യക്തിയുടെ പേരില്‍ സ്മരണിക പോലും ഇറക്കരുതെന്ന് ചിലര്‍ വാദിച്ചു. ഇതൊക്കെ ഈ വിഷയത്തില്‍ പലരെയും സ്വാധീനിച്ചു. പ്രധാന രേഖകള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോവാന്‍ ഇവ ഇടയായി. സൂക്ഷിച്ചിരുന്ന സംഘടനാ രേഖകള്‍ പലതും പലരും കത്തിച്ചുകളയുക പോലും ചെയ്തു എന്നിരിക്കെ, ഈ വിഷയത്തോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാണല്ലോ.
ചരിത്ര പഠനത്തില്‍ നിന്ന് പലരും പുറംതിരിഞ്ഞു. കേരള മുസ്‌ലിംകളുടെ സാംസ്‌കാരികരംഗത്തെ പല പിന്നാക്കാവസ്ഥയുടെയും ഒരു കാരണം സഹാബികളുടെയും താബിഉകളുടെയും കൃത്യമായ ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. ഖുര്‍ആനില്‍ 65 ശതമാനത്തോളം ചരിത്രങ്ങള്‍ പറയുന്നത് തര്‍ബിയത്തിനും തസ്‌കിയത്തിനും വേണ്ടിയാണ്. ചരിത്രത്തിന്റെ പ്രാധാന്യമാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറബികളുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബന്ധമുണ്ടായിരുന്ന പ്രദേശങ്ങള്‍ കേരളവും ഗുജറാത്തുമാണ്. കേരള-ഗുജറാത്ത് റൂട്ടിലൂടെയായിരുന്നു അറബികള്‍ അക്കാലത്ത് സിലോണിലേക്കും ചൈനയിലേക്കുമെല്ലാം പോയിരുന്നത്. പ്രവാചകകാലം മുതലേ ഇസ്‌ലാം കേരളത്തിലെത്തിയിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഗുജറാത്തിനേക്കാളും അറബികള്‍ക്ക് ഒരുപക്ഷേ കൂടുതല്‍ ബന്ധമുണ്ടായിരിക്കാന്‍ സാധ്യത കേരളവുമായിട്ടായിരിക്കും എന്നാണ് കേരളത്തിന്റെ സാമൂഹികശാസ്ത്രപരമായ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. എന്നാല്‍ ആ ബന്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന രേഖകളൊന്നും നമ്മുടെ മുന്നിലില്ല. ചരിത്രസൂക്ഷിപ്പില്‍ കേരളീയര്‍ വളരെ പിറകിലായിരുന്നു എന്നതാണ് അതിനു കാരണം. എന്നാല്‍ ഉത്തരേന്ത്യക്കാര്‍ അവരുടെ കുടുംബവേരുകളും ചരിത്രരേഖകളുമെല്ലാം സൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ അറബ്-ഇസ്‌ലാമിക ബന്ധത്തെ സൂചിപ്പിക്കുന്ന അനേകം രേഖകള്‍ ലഭ്യമാണ്.
ഗുജറാത്തില്‍ ജീവിച്ചിരുന്ന നൂറുകണക്കിന് മുഹദ്ദിസുകളുടെ ചരിത്രം ഇന്ന് ലഭ്യമാണ്. അതേസമയം ഇത്തരം രേഖപ്പെടുത്തലുകള്‍ നടക്കാത്തതുകൊണ്ട് അക്കാലത്തെ കേരളത്തിലെ മുഹദ്ദിസുകളെപ്പറ്റി നമുക്ക് യാതൊന്നും അറിയില്ല.
മാലികുബ്‌നു ദീനാറും സംഘവും ഇങ്ങോട്ട് വരുന്നതിനു മുമ്പുതന്നെ കേരളത്തില്‍ മുസ്‌ലിം സ്വാധീനത്തിന്റെ അടിത്തറ ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ എത്തിയ ഉടനെ പള്ളികള്‍ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. കേരളത്തിലെ അവരുടെ വ്യവഹാരങ്ങളുടെ ആരംഭദശയില്‍ തന്നെ കൊടുങ്ങല്ലൂര്‍, ശ്രീകണ്ഠാപുരം, മാടായി, ചാലിയം, പന്തലായനി, മംഗലാപുരം തുടങ്ങിയ വ്യത്യസ്ത സ്ഥലങ്ങളില്‍ മാലികുബ്‌നു ദീനാറിനും സംഘത്തിനും പള്ളി നിര്‍മിക്കാന്‍ സാധിച്ചു. അവിടങ്ങളിലെല്ലാം നേരത്തെത്തന്നെ ഇസ്‌ലാമിക ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.
വിവിധ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ കേന്ദ്ര ഓഫീസുകളില്‍ പോലും സ്വന്തം പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വങ്ങളില്‍ ഉള്ളവരെങ്കിലും ചരിത്രശേഷിപ്പുകളുടെ സൂക്ഷിപ്പില്‍ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ അമ്പതു വര്‍ഷം കഴിഞ്ഞു ജീവിക്കുന്ന വരുംതലമുറകള്‍ക്ക് ഇന്നത്തെ കാലഘട്ടത്തെ കുറിച്ച് പഠിക്കാന്‍ കാര്യപ്രസക്തമായ ഒന്നും അവശേഷിക്കില്ല.
മുസ്‌ലിം സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ചെയ്യാന്‍ കഴിയും. പക്ഷേ, പലപ്പോഴും ഇത്തരം പരിശ്രമങ്ങള്‍ സമുദായ സംഘടനകളുടെ അജണ്ടകളില്‍ വരുന്നേയില്ല എന്നതാണ് സങ്കടകരം. വ്യക്തികളുടെയും പ്രദേശങ്ങളുടെയും സംഭവങ്ങളുടെയും സംഘങ്ങളുടെയും ചരിത്രം, പ്രസ്ഥാനരേഖകള്‍, പ്രസ്ഥാനത്തിനു കീഴിലുള്ള എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം സൂക്ഷിച്ചാല്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഓരോ മഹല്ലിലെയും പള്ളികളോടനുബന്ധിച്ച് ജനനം, മരണം, വിവാഹം, അക്കാദമിക മേഖല തുടങ്ങിയവക്ക് പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്ന് നൂറു വര്‍ഷം മുമ്പ് വക്കം മൗലവി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പൗരത്വപ്രശ്‌നവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഈ നിര്‍ദേശത്തെ വിലയിരുത്തുമ്പോള്‍ അവരുടെ ദീര്‍ഘവീക്ഷണവും രേഖകള്‍ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യവും ബോധ്യമാവും.
ആരും ഇതുവരെ ഇടപെടാത്തതും കാര്യമായി ശ്രദ്ധിക്കാത്തതുമായ പ്രധാന മേഖലകളിലെ ചില വ്യക്തികളെയും പുസ്തകങ്ങളെയും സംഭവങ്ങളെയും പറ്റി പഠിക്കാനും തദ്‌സംബന്ധമായ രേഖകള്‍ ശേഖരിക്കാനും അത് വായനക്കാര്‍ക്ക് എത്തിക്കാനുമുള്ള എന്റെ എളിയ രീതിയിലുള്ള ശ്രമം തുടരണമെന്നാണ് വിചാരിക്കുന്നത്.

? കേരള മുസ്‌ലിംകളെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് താങ്കള്‍ വിലമതിക്കാനാവാത്ത ഒട്ടേറെ സഹായങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോഴും ഗവേഷകരെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഗവേഷണമേഖലയിലെ അനുഭവങ്ങളെ കുറിച്ച്?
കേരള മുസ്‌ലിം ഗവേഷണത്തിനു വേണ്ടി ഒരുപാടു പേര്‍ ഇവിടെ എന്റെയടുത്ത് വരുന്നുണ്ട്. അറബി, അറബിമലയാളം ഭാഷകളിലുള്ള വിവിധ ഗ്രന്ഥങ്ങളും രേഖകളുമാണ് അവര്‍ പ്രധാനമായും അവലംബിക്കുന്നത്. എന്റെ ശേഖരത്തിലുള്ള വിവിധ ഗ്രന്ഥങ്ങളും രേഖകളും അവര്‍ ആശ്രയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ വലിയ സന്തോഷമാണ്. പരമാവധി ഞാന്‍ സഹായിക്കാറുണ്ട്.
എങ്ങനെ ഗവേഷണമേഖല കൂടുതല്‍ ശാസ്ത്രീയവും പ്രസക്തവുമാക്കണം എന്ന കാര്യത്തില്‍ അനുഭവങ്ങളും അറിവും എല്ലാ ഗവേഷകര്‍ക്കും നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പല പ്രമുഖ പണ്ഡിതന്മാരെയും കുറിച്ചു പലരും ഗവേഷണം നടത്തുന്നു. അത്തരം വിഷയങ്ങളില്‍ അതത് രാജ്യങ്ങളിലെ എംബസികളുമായി നാം നേരിട്ട് ഇടപെട്ടാല്‍ അത് അവര്‍ക്ക് വലിയ ബഹുമതിയും ആദരവുമാകും. പിന്നീട് ഗവേഷണത്തിനുള്ള ഗ്രന്ഥങ്ങളും ഫണ്ടുകളും വരെ അവര്‍ അകമഴിഞ്ഞു നല്‍കും. ഇത്തരം കാര്യങ്ങള്‍ നമ്മുടെ പല ഗവേഷകര്‍ക്കും അറിയില്ല. ഈ വിധത്തില്‍ സന്ദര്‍ഭോചിതമായി പല ഗവേഷകര്‍ക്കും വെളിച്ചമാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

? വിശുദ്ധ ഖുര്‍ആനിന്റെ വിവിധ പരിഭാഷകളും വ്യാഖ്യാനങ്ങളും താങ്കളുടെ ഗ്രന്ഥശേഖരത്തിലുണ്ട്. ഖുര്‍ആന്‍ വിവര്‍ത്തനം കേരള മുസ്‌ലിംകള്‍ക്കിടയില്‍ എന്നും ഒട്ടേറെ ചര്‍ച്ചയായ വിഷയമാണ്. ഇതിനെക്കുറിച്ച്?
കേരളത്തില്‍ ഇന്നേവരെ പ്രസിദ്ധീകൃതമായ എല്ലാ ഖുര്‍ആന്‍ പരിഭാഷകളും എന്റെ ശേഖരത്തിലുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ അറബിമലയാള പരിഭാഷയുണ്ടാകുന്നത്. 1855ല്‍ മായന്‍കുട്ടി എളയയാണ് ഇതിന് തുടക്കമിട്ടത്. ദീര്‍ഘമായ 15 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇതിന്റെ പ്രസ് കോപ്പി തയ്യാറായത്. കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തില്‍ എഴുത്തുകാരെ ശമ്പളം കൊടുത്തു താമസിപ്പിച്ച് നൂറുകണക്കിന് കോപ്പികള്‍ എടുപ്പിച്ച് കേരളത്തിലെ വിവിധ മുസ്‌ലിം തറവാടുകളിലേക്ക് അത് അയച്ചുകൊടുത്തിരുന്നു. തര്‍ജുമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍ എന്നായിരുന്നു ഈ പരിഭാഷയുടെ പേര്. 1869ല്‍ അദ്ദേഹം കൊട്ടാരത്തിനടുത്ത് ഒരു ലിത്തോ പ്രസ് സ്ഥാപിച്ചു. 1872ല്‍ ഒന്നാം ഭാഗവും 1879ല്‍ അവസാനത്തെ ആറാം ഭാഗവും അച്ചടി പൂര്‍ത്തിയാക്കി. എന്നാല്‍ തെളിമലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കാന്‍ പിന്നെയും മുക്കാല്‍ നൂറ്റാണ്ടിലധികം കാലമെടുത്തു എന്നതാണ് കേരളത്തിന്റെ ചരിത്രം.
ഖുര്‍ആന്‍ പരിഭാഷ പാടില്ല എന്ന വാദം ഇടക്കാലത്ത് യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ വാദത്തിനു മുമ്പുതന്നെ 1932ല്‍ സമസ്തയുടെ സെക്രട്ടറിയായിരുന്ന പറവണ്ണ കെ പി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ വാക്കര്‍ഥ പരിഭാഷ പുറത്തിറക്കിയിരുന്നു. ഫത്ഹുല്‍ഗാരി എന്ന അല്‍കഹ്ഫ് തര്‍ജമ ആയിരുന്നു അത്. ഇതില്‍ വാക്കര്‍ഥവും ആയത്തുകളുടെ അര്‍ഥവും വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൂറത്തുല്‍ കഹ്ഫിന്റെ പരിഭാഷ ചെറിയുണ്ടത്ത് കുണ്ടില്‍ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്‌ലിയാര്‍ എന്നിവരും പുറത്തിറക്കിയിരുന്നു. 1976 വരെ സമസ്തയുടെ മദ്‌റസകളിലെ ഏഴാം ക്ലാസ് പൊതുപരീക്ഷാ വിജയികള്‍ക്ക് സൂറത്തുന്നൂര്‍ പരിഭാഷാ ഗ്രന്ഥമായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്. കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
മലയാള ഭാഷയില്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ ആദ്യകാലത്തെ അവരുടെ പണ്ഡിതന്മാര്‍ വളരെ പിന്നിലായിരുന്നു. ഈ ഭാഷാജ്ഞാനക്കുറവു കൊണ്ടാണ് ഖുര്‍ആന്‍ പരിഭാഷ ഹറാമാണെന്ന് അവര്‍ പറഞ്ഞത്; അതല്ലാതെ ഫിഖ്ഹിയായ കാരണങ്ങളാലല്ല. അതേസമയം ഹദീസ് പരിഭാഷ ഹറാമാണെന്ന് അവരാരും പറഞ്ഞിട്ടില്ലല്ലോ. എന്നിട്ടും അതില്‍ രചനകള്‍ വന്നില്ല. ഭാഷാജ്ഞാനക്കുറവാണ് ഇതിന് കാരണം. പില്‍ക്കാലത്ത് നിരവധി ഖുര്‍ആന്‍ പരിഭാഷകള്‍ കേരളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴും പരിഭാഷകള്‍ വന്നുകൊണ്ടിരിക്കുന്നു.
ഇവ്വിഷയകമായി ‘ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍’ എന്ന പേരില്‍ എന്റെ പുസ്തകം യുവത ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്ന് ഈ പുസ്തകത്തിന് ലഭിച്ചത്.


? ചരിത്രരചന ആസ്പദമാക്കി ഒട്ടേറെ പുനര്‍വായനകള്‍ നടക്കാറുണ്ട്. ഇത്തരം വായനകള്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ പരസ്പരം സംവാദത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നവോത്ഥാനം സംബന്ധിച്ചുള്ള ചരിത്രവീക്ഷണങ്ങള്‍. ഒരു ചരിത്രകുതുകി എന്ന നിലയില്‍ ഇതിനെ താങ്കള്‍ എങ്ങനെ നിരീക്ഷിക്കുന്നു?
നവോത്ഥാന ആശയങ്ങളും അതിന്റെ വക്താക്കളും ആരായിരുന്നു എന്ന് വിലയിരുത്താനുള്ള രേഖകളും സംവിധാനങ്ങളും മലയാളികളുടെ മുമ്പില്‍ സത്യസന്ധമായി ലഭ്യമാണ്. പക്ഷേ, നവോത്ഥാനത്തെ സംബന്ധിച്ച് വ്യത്യസ്ത രീതിയിലുള്ള പരസ്പരവിരുദ്ധമായ വീക്ഷണങ്ങളാണ് ഓരോ വിഭാഗവും വെച്ചുപുലര്‍ത്തുന്നത്. അവഹേളനം ശക്തമായി ഈ മേഖലയില്‍ നടക്കുന്നുണ്ട്. പലതും ഇതരരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അന്തസ്സിന് ക്ഷതമേല്‍ക്കുന്നതുമാണ്. ഓരോരുത്തരും മറ്റുള്ളവരുടെ ന്യൂനതകള്‍ ചികഞ്ഞ് അന്വേഷിക്കുന്നതില്‍ മത്സരിക്കുന്നവരും ഗവേഷണം നടത്തുന്നവരുമാണ്. സ്വയമേ വിജയികളാവാന്‍ വേണ്ടി ന്യായീകരണങ്ങള്‍ കണ്ടെത്തുന്നവരാണ് പലരും. എന്നാല്‍ അനിവാര്യമായി ചെയ്യേണ്ട ബാധ്യതകള്‍ പലരും കൃത്യമായി നിര്‍വഹിക്കുന്നുമില്ല.
നവോത്ഥാനത്തിന്റെ പാഠങ്ങളും മാതൃകകളും കേരളീയ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്നവര്‍ക്ക് സുതരാം വ്യക്തമാണ്. ചില പാളിച്ചകള്‍ സ്വാഭാവികമാണ്. അത് ആര്‍ക്ക് പറ്റിയാലും മറച്ചുവെക്കേണ്ടതില്ല. തെറ്റുകള്‍ തിരുത്തുക എന്നതാണ് വിവേകം. ഞങ്ങള്‍ മാത്രം നല്ലവരും മറ്റുള്ളവരെല്ലാം മോശക്കാരുമാണെന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി, പോരായ്മകളും അരുതായ്മകളും സ്‌നേഹബുദ്ധ്യാ ഉണര്‍ത്തി പരമാവധി ഒത്തൊരുമയോടെ സഹവര്‍ത്തിക്കാന്‍ എല്ലാ വിഭാഗം മുസ്‌ലിം സംഘടനകളും സന്മനസ്സു കാണിക്കേണ്ടതുണ്ട്.

? ഇന്ത്യയില്‍ അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്ന മുസ്ലിം രചനകളെ കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?
തീര്‍ച്ചയായും ഈ മേഖലയില്‍ മികച്ച രചനകള്‍ വന്നിട്ടുണ്ട്. എന്നാല്‍ വളരെ അടുത്ത കാലത്താണ് ഇത്തരം രചനകളെ കുറിച്ച് പൊതുവെ മുസ്ലിംകള്‍ ബോധവാന്‍മാരായത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച (1467-1521) വിപ്ലവകാവ്യമാണ് ആദ്യത്തെ അധിനിവേശ വിരുദ്ധപോരാട്ട കൃതി. ‘വിശ്വാസികളേ, കുരിശുപൂജകരോട് പോരാടൂ’ എന്ന അര്‍ഥമുള്ള ‘തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബ്ദതിസ്സ്വുല്‍ബാന്‍’ എന്നാണ് ഈ കൃതിയുടെ പേര്. പറങ്കികള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് അദ്ദേഹം പ്രചോദനം നല്‍കി. ‘കുരിശുപൂജകര്‍’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പോര്‍ച്ചുഗീസുകാരാണ്.
സാമൂതിരിയും സംഘവും ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് അതേ കാലഘട്ടത്തില്‍ തന്നെ കോഴിക്കോട്ടെ ഖാദി മുഹമ്മദ് ‘ഫത്ഹുല്‍ മുബീന്‍’ രചിച്ചു. അതോടനുബന്ധിച്ച് വന്ന കൃതിയാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ‘തുഹ്ഫതുല്‍ മുജാഹിദീന്‍.’ ‘പോരാളികള്‍ക്ക് അഭിവാദനങ്ങള്‍’ എന്നാണ് ഇതിന്റെ അര്‍ഥം. പിന്നീട് മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍ ‘ഉദ്ദത്തുല്‍ ഉമറാഅ്’ രചിച്ചു. മാപ്പിളമാര്‍ക്ക് സമരാവേശം പകര്‍ന്ന ഈ കൃതി 1851ല്‍ മലബാര്‍ ജില്ലാ കലക്ടറായിരുന്ന എച്ച് വി കൊണോലി നിരോധിച്ചു. ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ അനേകം കൃതികളില്‍ ഒന്നാണ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച ‘മുഹിമ്മാത്തുല്‍ മുഅ്മിനീന്‍.’ ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള നിസ്സഹകരണം, ഖിലാഫത്തിന്റെ നിലനില്‍പിനെ സഹായിക്കല്‍ എന്നിവയൊക്കെയാണ് ഇതിന്റെ ഉള്ളടക്കം. ഇത്തരം കൃതികളെല്ലാം പ്രത്യക്ഷമായി അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആവശ്യപ്പെടുന്നവയാണ്. എന്നാല്‍ പരോക്ഷമായി ആ ദൗത്യം നിര്‍വഹിക്കുന്ന അനേകം കൃതികളും ഉണ്ട്. മുണ്ടമ്പ്ര ഉണ്ണിമമ്മദ് രചിച്ച ‘വെള്ളപ്പൊക്കം’ ഇതിന് ഉദാഹരണമാണ്.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x