30 Friday
September 2022
2022 September 30
1444 Rabie Al-Awwal 4

ഇന്ത്യയില്‍ എന്തുകൊണ്ട് ജാതിസെന്‍സസ് നടക്കുന്നില്ല?

സന്ദീപ് സൗരവ്‌


2010 ല്‍ ബി ജെ പി പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ അവര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ 2019-ല്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിനു മുമ്പ് 2018 സപ്തംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. 2021-ലെ സെന്‍സസില്‍ പിന്നാക്ക ജാതിക്കാരുടെ കണക്കുകളും ഉള്‍പ്പെടുത്തും എന്നതായിരുന്നു ആ പ്രഖ്യാപനം. പിന്നാക്ക ജാതിക്കാരുടെ സെന്‍സസ് നടത്താനുള്ള സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നാല്‍ കേന്ദ്ര ഭരണകൂടം അതിന് ശ്രമിക്കുകയോ താല്‍പര്യം കാണിക്കുകയോ ചെയ്യുന്നില്ല എന്ന കാര്യം വ്യക്തമാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ക്ക് ധാരാളം കാരണങ്ങളുണ്ട്. ഒ ബി സി വിഭാഗങ്ങളുടെ സെന്‍സസ് പ്രധാനപ്പെട്ടതാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് പരിശോധിക്കാം.
ഓക്‌സ്ഫാം പുറത്തുവിട്ട 2020ലെ സാമ്പത്തിക വിതരണ കണക്കനുസരിച്ച് 74.3% സമ്പത്ത് ഇന്ത്യയിലെ ഉയര്‍ന്ന വിഭാഗത്തില്‍ പെട്ട 10% ആളുകളുടെയും 22.9% മധ്യവര്‍ഗത്തിന്റെയും കൈവശമാണ്. ബാക്കി 2.8 ശതമാനം മാത്രമാണ് താഴ്ന്ന വിഭാഗക്കാര്‍ അനുഭവിക്കുന്നത്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തിലുള്ള അസമത്വവും വിവേചനവും വര്‍ധിക്കുന്നു എന്നാണ്. ഇത്തരം കണക്കുകള്‍ പരിഗണിച്ച് ഇന്ത്യയില്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണം നടന്നിട്ടുണ്ടെന്നു തീരുമാനിക്കുന്നതിനു മുമ്പ് ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് രാജ്യത്തിന്റെ സാമ്പത്തിക വിതരണത്തില്‍ ലാഭവും നഷ്ടവുമുണ്ടായതെന്നു പരിശോധിക്കേണ്ടതുണ്ട്. വേള്‍ഡ് ഇക്വാലിറ്റി ഡാറ്റാബേസ് 2018-ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ സാമ്പത്തിക അസമത്വം 1961 മുതല്‍ 2012 വരെ’ വിവരശേഖരണം വിലയിരുത്തിയാല്‍ മുകളില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമാവും.
ഇന്ത്യയിലെ ശരാശരി കുടുംബ വരുമാനം 113 രൂപ മുതല്‍ 222 വരെയാണ്. ഉയര്‍ന്ന വിഭാഗമായ ബ്രാഹ്മണര്‍ ദേശീയ ശരാശരിയേക്കാളും 48% വരുമാനം നേടിയിട്ടുണ്ട്. എന്നാല്‍ പട്ടികവര്‍ഗവും പട്ടികജാതിയും ദേശീയ ശരാശരിയുടെ താഴെ 34 ശതമാനവും 21 ശതമാനവുമാണ് വരുമാനം നേടിയിട്ടുള്ളത്. ഒ ബി സി വിഭാഗക്കാര്‍ ദേശീയ ശരാശരിയുടെ താഴെ 8 ശതമാനം മാത്രവും.
സാമ്പത്തിക ഉടമസ്ഥതയുടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ 50% ബ്രാഹ്മണരും 31% രജപുത്തുകളും 44% ബനിയരും ബാക്കി 57% കായസ്ഥരുമാണ് ഏറ്റവും സമ്പന്നരായി നിലനില്‍ക്കുന്നത്. ബാക്കി 5, 10, 16 ശതമാനം മാത്രമാണ് യഥാക്രമം എസ് ടി, എസ് സി, ഒ ബി സി വിഭാഗങ്ങളുടെ സാമ്പത്തിക ഉടമസ്ഥത എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് മൊത്തം സമ്പത്തിന്റെ 7-8% (അവരുടെ ജനസംഖ്യാ വിഹിതത്തേക്കാള്‍ 11% പോയിന്റ് കുറവാണ്) ഉണ്ട്. 5-7% (അവരുടെ ജനസംഖ്യാ വിഹിതത്തേക്കാള്‍ 1-2% കുറവ്) എസ് ടി സമുദായങ്ങള്‍ സ്വന്തമാക്കി. ഒ ബി സി കമ്മ്യൂണിറ്റികള്‍ 2002ല്‍ മൊത്തം സമ്പത്തിന്റെ 32% സ്വന്തമാക്കി. ഇത് 2012ല്‍ നേരിയ തോതില്‍ വര്‍ധിച്ചു. അവരുടെ ജനസംഖ്യാ വിഹിതത്തിലെ ഗണ്യമായ വര്‍ധന കാരണം ജനസംഖ്യാ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്തരം വളരെ വലുതാണ്. 2002 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെ വിഹിതം 39%ല്‍ നിന്ന് 41% ആയി വര്‍ധിച്ചു. അവരുടെ ജനസംഖ്യയുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വിഭാഗം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിടവ് 14%ല്‍ നിന്ന് 18% ആയി മെച്ചപ്പെടുത്തി.
സമ്പത്തിന്റെ വളര്‍ച്ചയിലും 2002 മുതല്‍ 2012 വരെ 10, ഇടത്തരം 40, താഴെ 50 എന്നിങ്ങനെയുള്ള ജാതി ഗ്രൂപ്പുകളുടെ ഘടനയിലും വളര്‍ച്ചയിലും ഉയര്‍ന്ന ജാതി ഗ്രൂപ്പുകള്‍ക്കു മാത്രമാണ് മധ്യനിരയിലെ 40 വിഭാഗങ്ങളില്‍ വിഹിതം വര്‍ധിച്ചത്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല. ഒ ബി സി കമ്മ്യൂണിറ്റികളെ സംബന്ധിച്ചിടത്തോളം, അവരുടെ വിഹിതം 40ല്‍ നേരിയ തോതില്‍ വര്‍ധിക്കുകയും ആദ്യ 10ല്‍ കുറയുകയും ചെയ്തു.
സമ്പത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ അവരുടെ ജനസംഖ്യാ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പ്രാതിനിധ്യം ഉള്ളതായി കാണാം. അതേസമയം ഒ ബി സി, എസ് ടി, എസ് സി സമുദായങ്ങള്‍ സമ്പത്തിന്റെ മധ്യത്തിലും താഴെയുമായി പ്രതിനിധീകരിക്കുന്നു.
സാവിത്രി ബായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവ സംയുക്തമായി നടത്തിയ ഗവേഷണവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസും സമാനമായ നിഗമനങ്ങളില്‍ എത്തി. 2018ല്‍ ‘ഇന്ത്യന്‍ സമ്പത്തിന്റെ ഉടമസ്ഥത: ഒരു സാമൂഹിക മതവിശകലനം’ എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ പ്രബന്ധം ഉപസംഹരിക്കുന്നത് ശ്രദ്ധേയമാണ്. മൊത്തം ദേശീയ ആസ്തികളില്‍ ഏറ്റവും ഉയര്‍ന്ന 41% ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. 31% ഒ ബി സി ഗ്രൂപ്പുകള്‍ ഉടമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏറ്റവും കുറവ് ഉടമസ്ഥപ്പെടുത്തിയിരിക്കുന്ന എസ് ടി, എസ് സി വിഭാഗങ്ങള്‍ യഥാക്രമം മൊത്തം ആസ്തിയുടെ 3.7, 7.6 ശതമാനം മാത്രമേ കൈവശപ്പെടുത്തിയിട്ടുള്ളൂ. ഇതാണ് ഇന്ത്യയിലെ സാമ്പത്തിക വിതരണ ഘടന.
ഇന്ത്യയിലെ സമ്പത്ത് വിതരണത്തിന്റെ ഘടന ജാതിഘടനയുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ഇത്തരം അസമത്വങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ജാതി അടിസ്ഥാനമാക്കിയുള്ള ഡാറ്റ അനിവാര്യമാണ്. കൃത്യമായ ഡാറ്റയുടെ അഭാവത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയില്ല. ജാതിയുടെ അതിരുകള്‍ക്ക് അതീതമായി വിവിധ ഗ്രൂപ്പുകളുടെ കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണം. അവരുടെ സാമൂഹിക-സാമ്പത്തിക നില വിലയിരുത്തപ്പെടണം. അപ്പോള്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യക്ഷമമാക്കാനും സാധിക്കുക. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെതിരായ എതിര്‍പ്പ് പ്രാഥമികമായി ഉയര്‍ന്നുവരുന്നത് പരസ്പരബന്ധിതമായ ഒന്നിലധികം ഘടകങ്ങളില്‍ നിന്നാണ്:
ഒന്നാമത്തേത്, മേല്‍ജാതി വിഭാഗങ്ങളാണ് വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടെ ഗുണഭോക്താക്കള്‍ എന്ന വസ്തുതയാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് മാത്രമായിരിക്കും ഈ വസ്തുത ശക്തമായി തുറന്നുകാട്ടുക. അത് ബ്രാഹ്മണ ഭരണവര്‍ഗത്തിന് പ്രശ്‌നമാകും. അവരുടെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതുമാവും.
രണ്ടാമതായി, ഹിന്ദുത്വ കുടുംബം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ‘ഹിന്ദു ഐക്യ പദ്ധതി’യില്‍ ഒളിഞ്ഞിരിക്കുന്ന ബ്രാഹ്മണ സ്വഭാവത്തെ തുറന്നുകാട്ടും എന്നത് ഒരു ഭീഷണിയായി മനസ്സിലാക്കുന്നു. ഹിന്ദുത്വ ലോകവീക്ഷണത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഹിന്ദുവിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ പ്രത്യേക ഇലക്ടറേറ്റിനോടുള്ള അവരുടെ എതിര്‍പ്പിന് സമാനമാണിത്.
മൂന്നാമതായി, മുതലാളിത്തവും അതിന്റെ വകഭേദങ്ങളും ജാതിയെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ ഏറ്റവും മികച്ച സംവിധാനമാണെന്ന് അവകാശപ്പെടുന്ന, നവലിബറലിസത്തെ പിന്തുണയ്ക്കുന്ന പലരുടെയും അവകാശവാദത്തെ ജാതി സെന്‍സസ് തുറന്നുകാട്ടും. ആധുനിക പഠനങ്ങള്‍ കാണിക്കുന്നത് സവര്‍ണ വിഭാഗങ്ങളും മറ്റുള്ളവരും തമ്മിലുള്ള സമ്പത്തിന്റെ വിടവ് മാത്രമാണ് കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഉദാരവത്കരണത്തില്‍ ഉണ്ടായിട്ടുള്ളത്. ഉയര്‍ന്ന ജാതി വിഭാഗങ്ങളെ മാത്രമാണ് സ്വകാര്യവത്കരണം, നിയന്ത്രണങ്ങള്‍ നീക്കല്‍ തുടങ്ങിയവയുടെ പ്രാഥമിക ഗുണഭോക്താക്കളായി കാണാന്‍ കഴിയുന്നത്.
നാലാമതായി, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഉന്നതകുലജാതരും അധഃകൃതരും തമ്മില്‍ സമ്പത്ത്, വരുമാനം, വിദ്യാഭ്യാസ വിടവ് എന്നിവയിലുള്ള അന്തരം തുറന്നുകാട്ടും എന്നതിനാല്‍ തന്നെ, സംവരണത്തിലുള്ള 50 ശതമാനമെന്ന പരിധി തകര്‍ക്കപ്പെടുമെന്നും അത് ബ്രാഹ്മണ വര്‍ഗത്തിന്റെ സാമ്പത്തിക സുസ്ഥിതിക്കു നേരെയുള്ള അക്രമമാവുമെന്നും ഭയപ്പെടുന്നു എന്നതാണ്.
നിലവിലെ സംവരണ സമ്പ്രദായത്തിനെതിരെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന വാദങ്ങളിലൊന്ന് അത് പത്തു വര്‍ഷത്തേക്ക് മാത്രമായിരുന്നു എന്നതാണ്. ബ്രാഹ്മണ വ്യവഹാരത്തില്‍ സംവരണത്തെ ‘ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടി’ എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് സംവരണ സമ്പ്രദായം ജാതിയുടെ അടിസ്ഥാനത്തിലല്ല, വര്‍ഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അവര്‍ വാദിക്കുന്നത്. സംവരണം ന്യായമായ പ്രാതിനിധ്യത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അധഃസ്ഥിത വിഭാഗങ്ങള്‍ക്കെതിരെ നടന്ന, ഇപ്പോഴും നടക്കുന്ന, ചരിത്രപരമായ അനീതി ശരിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയാണത്.
അടുത്തിടെ ബിഹാറില്‍ നിന്നുള്ള ബി ജെ പിയും ജെ ഡി യുവും ഉള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടിരുന്നു. വരാനിരിക്കുന്ന പൊതു സെന്‍സസില്‍ ഒ ബി സി സെന്‍സസ് ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആവശ്യം. ബിഹാര്‍ നിയമസഭ 2019 ഫെബ്രുവരിയിലും 2020 ഫെബ്രുവരിയിലും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനായി ഐകകണ്‌ഠ്യേന പ്രമേയങ്ങള്‍ പാസാക്കി. അടുത്തിടെ പോലും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഒ ബി സികളുടെ എണ്ണം കണക്കാക്കുന്നതിനായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇന്ത്യയില്‍ ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും ഈ നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗൗരവമായ ശ്രമങ്ങളായി തോന്നാം. പക്ഷേ, അവര്‍ ഒരു ജാതിയെക്കുറിച്ചും ഗൗരവമുള്ളവരല്ല എന്നതാണ് വസ്തുത.
മോദി സര്‍ക്കാര്‍ ഇ ബി സി ക്വാട്ട (ഋരീിീാശരമഹഹ്യ ആമരസംമൃറ ഇഹമ)ൈ പെട്ടെന്ന് നടപ്പാക്കാന്‍ പരിശ്രമിച്ചു. അതിന് സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ പ്രമേയങ്ങളുണ്ടായിരുന്നില്ല. ബി ജെ പി നേതാക്കള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നില്ല. എന്നാലും വളരെ പെട്ടെന്ന് ഇ ബി സി ക്വാട്ട നടപ്പാക്കി. ഇ ബി സി ക്വാട്ട നടപ്പാക്കിയ വേഗതയും ഒ ബി സി സെന്‍സസ് നടത്തുന്ന കാര്യത്തില്‍ ബി ജെ പി നേതാക്കളും സഖ്യ പങ്കാളികളും നടത്തുന്ന ‘പരിശ്രമത്തിന്റെ തോതും’ ഈ വിഷയത്തില്‍ ബി ജെ പിയുടെ ഗൗരവമില്ലായ്മയെ കൂത്യമായി സൂചിപ്പിക്കുന്നു.
ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ ബി ജെ പി അല്‍പമെങ്കിലും ഗൗരവത്തിലായിരുന്നെങ്കില്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തട്ടിയെടുത്ത വേഗത്തിലോ സി എ എ കൊണ്ടുവന്ന രീതിയിലോ അതുമല്ലെങ്കില്‍ കുപ്രസിദ്ധമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നപോലെയോ ഇടപെടുമായിരുന്നു. ബി ജെ പിയും ആര്‍ എസ് എസും ഒ ബി സി സെന്‍സസ് ഉണ്ടാകുമോ എന്ന ഭയത്തിലാണ്. അവര്‍ ശ്രദ്ധാപൂര്‍വം നിര്‍മിച്ച ജാതിസഖ്യങ്ങള്‍ ഇല്ലാതാകുമെന്ന് ഭയപ്പെടുന്നു. ഒ ബി സി വിഭാഗങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തുവന്നാല്‍ സംവരണ സമ്പ്രദായത്തെ തുരങ്കം വെക്കാനും ഒടുവില്‍ ഇല്ലാതാക്കാനുമുള്ള അവരുടെ ബ്രാഹ്മണ പദ്ധതിക്ക് വലിയ തിരിച്ചടിയുണ്ടാവും എന്ന് അവര്‍ ഭയപ്പെടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളും ദേശീയ ആസ്തികളും വില്‍ക്കാനുള്ള ഹൈപര്‍ ഡ്രൈവിലാണ് നിലവിലെ സര്‍ക്കാര്‍ എന്നതിനാല്‍ സ്വകാര്യ മേഖലയിലും സംവരണ സമ്പ്രദായം വിപുലീകരിക്കേണ്ടത് അടിയന്തര ആവശ്യമാണ്. സര്‍ക്കാര്‍ ദേശീയ കമ്പനികളെ വില്‍ക്കുന്നത് തുടരുകയാണെങ്കില്‍, പൊതുമേഖലയിലെ ജോലികളുടെ എണ്ണം കുറയുകയും സംവരണ സമ്പ്രദായവും സാമൂഹിക നീതിയും അര്‍ഥശൂന്യമാവുകയും ചെയ്യും. അതിലുപരിയായി, മതം നോക്കാതെ ഒ ബി സി സെന്‍സസ് നടത്തണം. ഇന്ത്യയിലെ മതസമൂഹങ്ങളില്‍ ഉടനീളം ജാതി നിലവിലുണ്ട്. അത് വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഘടനയായി എല്ലായിടത്തും നിലനില്‍ക്കുന്നു.
(ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍
മുന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

വിവ. റിഹാസ് പുലാമന്തോള്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x