8 Friday
December 2023
2023 December 8
1445 Joumada I 25

ജാതി സെന്‍സസ് ലാളനകളേല്‍ക്കുന്ന ന്യൂനപക്ഷമേത് എന്നറിയണ്ടേ?

സന്ദീപ് സൗരവ്‌


ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജാതി സെന്‍സസ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ പട്‌ന ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിപ്രസ്താവത്തില്‍ ബിഹാര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്റ്റേ ഉത്തരവിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി ഈ സര്‍വേ നടത്തുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യവും ഈ പുതിയ പ്രക്രിയയെ മാറ്റിയും മറിച്ചും മുദ്രകുത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളും അവര്‍ക്ക് അതിനെക്കുറിച്ചുള്ള നിലപാടുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ജാതി സെന്‍സസ് സംബന്ധിച്ച് ബിജെപി ഒളിച്ചുകളി നടത്തുന്നത് (2010ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കിലും സ്വന്തം അണികളിലെ പിന്നാക്കക്കാരുടെ വലിയ പിന്തുണ ഉണ്ടായിരുന്നിട്ടും പിന്നാക്കക്കാരുടെ കണക്കെടുക്കാന്‍ ബിജെപി മടി കാണിക്കുന്നത്) തങ്ങളുടെ ഹിന്ദു ഏകതാ പദ്ധതിക്ക് തകരാറു വരുന്നില്ലെന്ന് ഉറപ്പാക്കാനും, നവ ഉദാരീകരണവാദത്തെ പിന്തുണയ്ക്കുന്നവര്‍ ജാതി ഉന്മൂലനത്തിന് സഹായകമായി മുതലാളിത്തത്തെയും അതിന്റെ വ്യത്യസ്ത രൂപങ്ങളെയും തുടര്‍ന്നും കണക്കാക്കുന്നതിനും വേണ്ടി, ജനങ്ങളെ ജാതിക്ക് ഉപരിയായി സാമൂഹിക-സാമ്പത്തിക പരിഗണനകള്‍ക്ക് അനുസരിച്ചു മാത്രം കാണുന്ന വീക്ഷണത്തിന്റെ പ്രതിഫലനമാണ്. എന്നാലും, കേന്ദ്ര സര്‍ക്കാരിന്റെ മാറുന്ന നിലപാടുകളും വിവിധ സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്തണമെന്ന നിരന്തരമായ ആവശ്യമുയര്‍ത്തുന്നതും ദശാബ്ദത്തില്‍ ഒരിക്കലുള്ള സെന്‍സസ് എന്ന വിരസ പ്രക്രിയയെ ഒരു വൈകാരിക പ്രശ്‌നമാക്കി മാറ്റിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം ഒരു ഘട്ടം വരെ ഒരുതരം ജാത്യാന്ധത നയരൂപീകരണ പ്രക്രിയകളില്‍ ഉണ്ടായിരുന്നു. അതോടൊപ്പം ജാതി എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്ത് അതിനെ കൂടുതല്‍ രൂക്ഷമാക്കാതിരുന്നാല്‍ അത് താനേ ദുര്‍ബലമാകും എന്ന ശുഭകാംക്ഷയും ഉണ്ടായിരുന്നു എന്ന് പറയാം. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ഉന്നയിക്കേണ്ട ചോദ്യം, ജാതി സെന്‍സസ് എങ്ങനെ സാമൂഹിക-സാമ്പത്തിക ഘടനയെ മോശമാക്കുന്നു എന്നു മാത്രമല്ല, ജാതിയെ അഭിസംബോധന ചെയ്യാതിരുന്നാല്‍ നാം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമോ എന്നുകൂടിയാണ്.
നാം എന്തിനെയാണ് യഥാര്‍ഥത്തില്‍ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നു തിരിച്ചറിയുക എന്നതാണ് ജാതി അടിസ്ഥാനപ്പെടുത്തിയ സെന്‍സസിന്റെ പിന്നിലെ ആശയം. ജാതിയും അതുമൂലമുള്ള വിവേചനവും അതിന്റെ അടിസ്ഥാനത്തിലുള്ള സമ്പത്തിന്റെ വിതരണവും സാമൂഹിക-സാംസ്‌കാരിക അസമത്വങ്ങളും ഇല്ലാതാക്കാന്‍ ജാതിയുടെ വ്യാപ്തി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സുദീപ്ത കവിരാജ്, അര്‍ജുന്‍ അപ്പാദുൈര എന്നിവരെ പോലുള്ള പണ്ഡിതര്‍ ഔദ്യോഗിക കണക്കുകളുടെയും രേഖകളുടെയും പങ്കിനെക്കുറിച്ച് വാദിച്ചിട്ടുണ്ട്.
അവരുടെ അഭിപ്രായത്തില്‍ ഔദ്യോഗിക കണക്കുകള്‍ യഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നു മാത്രമല്ല അതിനെ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിക്കുന്നു. ഇത് ചില മേല്‍ജാതി പണ്ഡിതരും ബുദ്ധിജീവികളും സെന്‍സസിനു എതിരായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. രാഷ്ട്രീയമായി വന്നേക്കാവുന്ന നഷ്ടം കാരണമായിരിക്കും ബിജെപി ജാതി സെന്‍സസിനെ എതിര്‍ക്കുന്നത് എന്ന യാഥാര്‍ഥ്യം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
ജാതി അടിസ്ഥാനപ്പെടുത്തിയ സെന്‍സസ് നടത്തിയാല്‍ പിന്നാക്കവിഭാഗക്കാര്‍ക്കിടയിലെ മേല്‍ത്തട്ടുകാരല്ലാത്ത സമുദായങ്ങള്‍ക്കിടയില്‍ അവ്യക്തത ഒഴിവാക്കാനും ഇന്ത്യയിലെ അധികമാര്‍ക്കും അറിയാത്ത വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയുടെ യാഥാര്‍ഥ്യം വെളിവാക്കാനും കഴിയുന്നതാണ്. തിരഞ്ഞെടുപ്പില്‍ ആവശ്യത്തിനനുസരിച്ചു സ്വയം മണ്ഡല്‍ അനുകൂലിയോ വിരോധിയോ ആയി മാറാന്‍ ബിജെപി സര്‍ക്കാര്‍ ഈ അവ്യക്തതയെയാണ് ആശ്രയിച്ചിരുന്നത്. (2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പാണ് മോദി സര്‍ക്കാര്‍ ഇബിസി ക്വാട്ട പാസാക്കിയത്).
ജാതി സെന്‍സസ് നടത്തുന്നതുവഴി ജനങ്ങളില്‍ ജാതി ഉന്മൂലനവും ജാതി നിരോധനവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാതെ തടയുന്നുവെന്ന് അവര്‍ക്ക് അറിയാവുന്നതുകൊണ്ടുതന്നെ അത് തടയാന്‍ അവര്‍ കഴിവതും ശ്രമിക്കുന്നുണ്ട്. ജാതി സെന്‍സസ് എല്ലാവരുടെയും ജാതി കണക്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ആനുകൂല്യം ലഭിക്കുന്ന, പൈതൃക സമ്പത്തും വിദ്യാഭ്യാസ സൗകര്യങ്ങളും അനുഭവിക്കുമ്പോള്‍ തന്നെ ജാതി ഇല്ലെന്നു പറഞ്ഞുകൊണ്ട് അജ്ഞാതരായിരിക്കുന്ന മേല്‍ജാതിക്കാരുടെ അവകാശവാദങ്ങള്‍ പൊളിക്കുകയും ചെയ്യും.
സതീഷ് ദേശ്പാണ്ഡെ ഏറ്റവും ശക്തരും ഏറ്റവും അധികം ലാളന ഏറ്റവരുമായ ന്യൂനപക്ഷമെന്ന് വിളിച്ച ഉയര്‍ന്ന ജാതിക്കാരെ ജാതി സെന്‍സസ് വെളിച്ചത്തു കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസത്തിനും അധ്യാപന പദവികളിലേക്കും ഓഫീസ് ജോലികള്‍ക്കും യോഗ്യരല്ല എന്ന് വിധിച്ചുകൊണ്ട് പിന്നാക്കവിഭാഗത്തെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയും ഉയര്‍ന്ന ജാതിക്കാര്‍ അക്കാദമിക സംരംഭങ്ങളുടെ വാതില്‍പ്പുറത്തുതന്നെ ഇപ്പോഴും നിര്‍ത്തുന്നത് എങ്ങനെയെന്ന് അത് ദൃശ്യമാക്കും.
ഇന്ത്യയിലെ ആകെയുള്ള 23 ഐഐടികളിലെയും അധ്യാപകരില്‍ മൂന്നു ശതമാനം മാത്രമാണ് പ്രാന്തവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ എന്നത് ജാതിയില്ലാത്തവര്‍, യോഗ്യതയുള്ളവര്‍ എന്നെല്ലാം പറയുന്ന ഉപരിവര്‍ഗ ബുദ്ധിജീവി സമൂഹത്തിന്റെ തലമുറകളായിട്ടുള്ള സാമൂഹിക-സാംസ്‌കാരിക ആനുകൂല്യങ്ങളാണ് കാണിക്കുന്നത്.

ജാതി സെന്‍സസ് നിലവിലെ സ്ഥിതിയും ജാതിഘടന മൂലം പൗരന്മാര്‍ക്ക് വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്ന അവസരങ്ങളുടെ ഫലവും രേഖപ്പെടുത്തുകയും കൂടുതല്‍ എടുത്തുകാണിക്കുകയും ചെയ്യും. ചരിത്രപരമായി നമ്മുടെ രാജ്യത്തുള്ള ജാതിയുടെ നേരിട്ടുള്ള ഫലമാണ് സമ്പത്തിന്റെ അസന്തുലിതമായ വിതരണം. 1961 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ ലോക അസമത്വ ദത്തശേഖരത്തില്‍ ശേഖരിക്കപ്പെട്ട ദത്തങ്ങള്‍ അടിസ്ഥാനമാക്കി എഴുതിയ ഒരു പ്രബന്ധമനുസരിച്ച് ആകെ സമ്പത്തിന്റെ 7 മുതല്‍ 8 ശതമാനം വരെയാണ് പട്ടികജാതി വിഭാഗക്കാരുടെ പക്കലുള്ളത്. ഇത് അവരുടെ ജനസംഖ്യ അനുസരിച്ചു വേണ്ടതിലും 11 ശതമാനം കുറവാണ്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 5 മുതല്‍ 7 ശതമാനം വരെ സ്വത്തുണ്ട്. ഇത് അവരുടെ ജനസംഖ്യ അനുസരിച്ചു 1-2 ശതമാനം വരെ കുറവാണ്. മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് 2002ല്‍ മൊത്തം സമ്പത്തിന്റെ 32 ശതമാനം സ്വത്തുണ്ടായിരുന്നത് 2012ല്‍ നേരിയ തോതില്‍ കൂടിയെങ്കിലും ജനസംഖ്യ അപേക്ഷിച്ചു നോക്കുമ്പോള്‍ സമ്പത്തിന്റെ അന്തരം -7.8 ശതമാനത്തില്‍ നിന്ന് ജനസംഖ്യാ വര്‍ധനവ് കാരണം -10.2 ശതമാനം ആയി മാറി.
ഉയര്‍ന്ന ജാതിക്കാരുടെ സ്വത്തിന്റെ പങ്ക് 2002 മുതല്‍ 2012 വരെയുള്ള കാലത്ത് 39 ശതമാനത്തില്‍ നിന്ന് 41 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. അവരുടെ ജനസംഖ്യക്ക് ആനുപാതികമായി 14ല്‍ നിന്ന് 18 ശതമാനം വരെ വര്‍ധനയാണിത്. അത്തരമൊരു സാഹചര്യത്തില്‍ കൃത്യവും മൂര്‍ത്തവുമായ ദത്തങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വിഭിന്ന ജാതിസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ മനസ്സിലാക്കുന്നതിന് അത്യാവശ്യമായിത്തീരുന്നു.
സാമൂഹികവും സാമ്പത്തികവുമായ മൂലധന സമ്പാദനത്തില്‍ പൊതുവിഭാഗവും സംവരണ വിഭാഗങ്ങളും തമ്മിലും അവയ്ക്കുള്ളില്‍ തന്നെയുമുള്ള അന്തരങ്ങള്‍ മുന്നിലേക്കു കൊണ്ടുവരുന്നതുവഴി സംവരണനയങ്ങളുടെ നേട്ടങ്ങളും പോരായ്മകളും മനസ്സിലാക്കുന്നതിന് ജാതി സെന്‍സസ് ഉപകാരപ്രദമാകും. മറ്റു പിന്നാക്കവിഭാഗക്കാരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് അന്വേഷിക്കുന്നതിനും സെന്‍സസ് സഹായിക്കും. പിന്നാക്കാവസ്ഥ കണക്കാക്കുന്നതിനായുള്ള സാമൂഹിക സൂചികകളില്‍ എത്രമാത്രം പിന്നാക്കമാണെന്ന് പട്ടികജാതിയെ അപേക്ഷിച്ചുകൊണ്ട് ഇതുവരെ കണക്കാക്കിയിരുന്നത് മാറ്റി പൊതുവിഭാഗത്തെ അപേക്ഷിച്ചുള്ള പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതിനായി പുതിയ സൂചികകള്‍ക്കനുസരിച്ചു വീണ്ടും കണക്കാക്കണം.
പട്‌ന ഹൈക്കോടതിയുടെ ജാതി സെന്‍സസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിലേക്ക് തിരിച്ചുവരാം: ദത്തങ്ങളുടെ സുരക്ഷയും സമഗ്രതയും ഈ പ്രക്രിയക്ക് ആവശ്യമായ വലിയ പണം വകയിരുത്തലും പ്രക്രിയയുടെ നിയമസാധുത തന്നെയും ഒക്കെയാണ് പട്‌ന ഹൈക്കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങള്‍. യൂത്ത് ഫോര്‍ ഇക്വാലിറ്റി, ഡല്‍ഹി ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനയായ ‘ഏക് സോച് ഏക് പ്രയാസ്’, ബിഹാറില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരായ അഖിലേഷ് കുമാര്‍, മുസ്‌കാന്‍ കുമാര്‍, രേഷ്മ പ്രസാദ് എന്നിവരുടെ പെറ്റീഷന്റെ ഫലമായാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.

ബിഹാറില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ രേഷ്മ പ്രസാദ് ബിഹാറിലെ ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്‌നം അഭിസംബോധന ചെയ്യുന്നതില്‍ തകരാറു വരുത്തുന്നതിനാല്‍ ജാതി അടിസ്ഥാനമാക്കിയ സര്‍വേയെ എതിര്‍ത്ത് പെറ്റീഷന്‍ ഫയല്‍ ചെയ്തു. സെന്‍സസ് ട്രാന്‍സ് ജെന്‍ഡര്‍ സമുദായത്തെ ഒരു ജാതിയായി കാണിച്ചത് അവിടത്തെ ഏറ്റവും പ്രാന്തവത്കൃതമായ ആ സമുദായത്തെ സംബന്ധിച്ചിടത്തോളം നീതികേട് തന്നെയാണ്. ലോഹര്‍ സമുദായത്തിനും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും മറ്റു ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു.
ജാതി അടിസ്ഥാനമാക്കിയ സെന്‍സസ് വഴി ആരുടെ വിമോചനമാണോ വാഗ്ദാനം ചെയ്യുന്നത്, അവരുടെ, അതായത് സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ടവരെ സംബന്ധിച്ച് ചില പ്രധാന ആശങ്കകള്‍ പെറ്റീഷന്‍ കൊടുത്തവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ ആശങ്കകള്‍ ഭരണകൂടം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇതുതന്നെയാണ് ഒരുമിച്ചിരുന്ന് ഉത്തരവിന്റെ നിയമവശങ്ങള്‍ മനസ്സിലാക്കിയ ശേഷം മുന്നോട്ടുള്ള നടപടികള്‍ തീരുമാനിക്കുമെന്നു പറയവേ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രസ്താവിച്ചത്. എന്നാലും ബിജെപി പതിവുപോലെ കോടതിക്ക് ബോധ്യമാവുന്ന രീതിയില്‍ വാദങ്ങള്‍ അവതരിപ്പിക്കാത്തതിനും തയ്യാറെടുപ്പ് നടത്താത്തതിനും നിലവിലെ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങി.
വിജയകരമായ ഒരു ഭരണകൂടത്തിന്റെ അടിസ്ഥാനം എപ്പോഴും ജനങ്ങളെ കണക്കിലെടുക്കുന്നതിലാണ്. ജനങ്ങളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ധാരണ ഉണ്ടാകുന്നതിനു മുമ്പ് നയങ്ങള്‍ നടപ്പാക്കുന്നതും പാര്‍ലമെന്റില്‍ സംഭാഷണങ്ങള്‍ നടത്തുന്നതും വെറും അധരവ്യായാമം മാത്രമാണ്. അതുകൊണ്ടുതന്നെ ജാതി സെന്‍സസ് സാമൂഹികമായ ആവശ്യമാണ്. എന്റെ അഭിപ്രായത്തില്‍ ജാതി അടിസ്ഥാനപ്പെടുത്തിയ സെന്‍സസാണ് പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തിനും ഇടപെടലിന്റെ രാഷ്ട്രീയത്തിനും ഇടയില്‍ വിട്ടുപോയ കണ്ണി. നമുക്ക് എവിടെയാണ് തെറ്റു പറ്റിയതെന്ന്, എവിടെയാണ് തിരുത്തല്‍ ആവശ്യമായത്, പുനഃസംഘടന എവിടെ നിന്ന് തുടങ്ങണം എന്നെല്ലാം മനസ്സിലാക്കാന്‍ അത് അവസരം ഒരുക്കുന്നു.
(ലേഖകന്‍ ബിഹാറിലെ പാലിഗഞ്ചില്‍ നിന്നുള്ള സിപിഐ(എംഎല്‍) എംഎല്‍എ ആണ്.)
വിവ: ഡോ. സൗമ്യ പി എന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x