30 Saturday
November 2024
2024 November 30
1446 Joumada I 28

വേദനിക്കുന്നവരുടെ കെയര്‍ഹോം; മാറ്റിനിര്‍ത്തപ്പെട്ടവരുടെ എബിലിറ്റി

ഡാനിഷ് കെ ഇസെഡ്‌


കരുണ എന്നത് മാനുഷികതയുടെ അനിവാര്യമായ ഗുണമാണ്. ഇസ്ലാം അതിന് വലിയ പ്രോത്സാഹനം നല്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകള്‍ നേതൃത്വം നല്കുന്ന നിരവധി ജീവകാരുണ്യ പദ്ധതികള്‍ കാണാം.
അനിവാര്യതകള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണുക എന്നതാണ് ഈ മേഖലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഐ എസ് എം നേതൃത്വം നല്കുന്ന അത്തരത്തിലുള്ള ഒട്ടേറെ പദ്ധതികളുണ്ട്. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ടു പദ്ധതികളാണ് കെയര്‍ ഹോം, എബിലിറ്റി എന്നിവ.
കെയര്‍ ഹോം
ചികിത്സക്കു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരുന്ന കാന്‍സര്‍, കിഡ്‌നി, ലൂക്കീമിയ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രധാന ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ് കെയര്‍ ഹോം. നാവിന് കാന്‍സര്‍ വന്ന് ഉമിനീര് ഒലിച്ചുകൊണ്ടിരിക്കുന്നവര്‍, കഴുത്തിന് ബാധിച്ച കാന്‍സര്‍ മൂലം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍, ബ്ലഡ് കാന്‍സര്‍ വന്ന് കീമോ തെറാപ്പിയും റേഡിയേഷനും ചെയ്തുകൊണ്ടിരിക്കുന്നവര്‍, നട്ടെല്ലിന് ബാധിച്ച കാന്‍സര്‍ കാരണം നിവര്‍ന്ന് നില്ക്കാന്‍ പോലും കഷ്ടപ്പെടുന്നവര്‍, വൃക്ക മാറ്റിവെക്കപ്പെട്ടവര്‍, ലുക്കീമിയ ബാധിച്ച പിഞ്ചുകുട്ടികള്‍, കിഡ്‌നി മാറ്റിവെക്കേണ്ടിവന്നവര്‍ തുടങ്ങി മാരകരോഗങ്ങള്‍ പിടിപ്പെട്ട 1200-ഓളം പേരാണ് ചികിത്സക്കും തുടര്‍ചികിത്സക്കുമായി പ്രതിവര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.
തിരുവനന്തപുരം ആര്‍ സി സിയില്‍ നല്കുന്ന അതേ ചികിത്സയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും നല്‍കുന്നത്. പക്ഷെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ ഒരുപാട് കുറവുകളുണ്ട്. ആര്‍ സി സിക്ക് ചുറ്റും രോഗികള്‍ക്കുപയോഗപ്പെടുത്താവുന്ന അനേകം ഷെല്‍ട്ടര്‍ ഹോമുകള്‍ ഉള്ളതിനാല്‍ യാത്രകള്‍ മൂലം ഉണ്ടാകുന്ന അണുബാധ തടയാനും ശാരീരിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സാധിക്കുന്നു. ചികിത്സാകാലയളവില്‍ വളരെ വൃത്തിയുള്ള താമസസ്ഥലം ലഭിച്ചാല്‍ അണുബാധ മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം വൃത്തിയുള്ള താമസസൗകര്യങ്ങള്‍ ദുര്‍ലഭമാണ്. ഇനി ഉണ്ടെങ്കില്‍ തന്നെ താമസചെലവ് ഇത്തരം രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും. ഇതിനുള്ള പരിഹാരമായാണ് ചികിത്സാകാലയളവില്‍ സൗജന്യമായി താമസിക്കാന്‍ പൂര്‍ണമായും അണുവിമുക്തമാക്കിയ അന്തരീക്ഷം കെയര്‍ ഹോം ഒരുക്കുന്നത്.
നൂറു രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഒരേ സമയം കെയര്‍ ഹോമില്‍ താമസിക്കാം. കെയര്‍ഹോമിന്റെ ഒന്നാം നില ലുക്കീമിയ ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാ കാലത്ത് താമസിക്കാനുള്ളതാണ്. കളിക്കാനും പഠിക്കാനും വേദനകള്‍ മറക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കാന്‍സര്‍ ബാധിച്ച മുതിര്‍ന്നവര്‍ക്കുള്ളതാണ് രണ്ടാം നില. കീമോതെറാപ്പിക്ക് ശേഷമുള്ള സമയം ശരീരത്തിന് പ്രതിരോധശേഷി വളരെ കുറയുന്ന കാലമാണ്. അവര്‍ക്ക് സുരക്ഷിതമായി ഈ സമയത്ത് കെയര്‍ ഹോമില്‍ താമസിക്കാം. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് താമസിക്കാനുള്ളതാണ് മൂന്നാം നില. അതീവ സുരക്ഷാ മേഖലയാണിത്. രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേകം സജ്ജമാക്കിയ അടുക്കള, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ചികിത്സാ റൂമുകള്‍ എന്നിവ മറ്റു നിലകളിലുമായും സജ്ജീകരിച്ചിട്ടുണ്ട്.

2019 മാര്‍ച്ച് 31-നാണ് കെയര്‍ ഹോം പ്രവര്‍ത്തനമാരംഭിച്ചത്. പത്ത് കോടിയിലധികമാണ് കെയര്‍ ഹോമിന്റെ നിര്‍മാണചെലവ്. ഏഴ് നിലകളിലായി 43,464 ചതുരശ്ര അടിയിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിനുള്ളില്‍ കെയര്‍ ഹോം ഇന്ന് തലയുയര്‍ത്തി നില്ക്കുന്നു. സര്‍വശക്തന്റെ അപാരമായ അനുഗ്രഹത്താല്‍ കഴിഞ്ഞ നാലു വര്‍ഷ കാലയളവിനുള്ളില്‍ തന്നെ ആയിരത്തോളം രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും കെയര്‍ഹോമിന്റെ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നതും അതില്‍ 85% ആളുകള്‍ക്കും ഫലപ്രദമായ ചികിത്സകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചു എന്നതും കെയര്‍ ഹോമിന്റെ അഭ്യുദയകാംക്ഷികള്‍ക്ക് അഭിമാനിക്കാന്‍ ഏറെ വക നല്കുന്നതാണ്.
1990-കളില്‍ സ്ഥാപിതമായ കോഴിക്കോട് പാളയം ആര്‍ എം റോഡിലെ മര്‍കസുദ്ദഅ്‌വ കെട്ടിടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ സൗജന്യ മരുന്ന് വിതരണം, ‘സുഹൃദയ’ സൗജന്യ ശിശു ഹൃദയ ശസ്ത്രക്രിയ, മെഡിക്കല്‍ കോളേജ്, കുതിരവട്ടം മാനസികകേന്ദ്രം, ബീച്ച് ഹോസ്പിറ്റല്‍ എന്നിവയുടെ പുനരുദ്ധാരണം, സൗജന്യ ഭക്ഷ്യവിതരണം, ‘റൂഫ്’ തീരദേശങ്ങളിലെ വീടുകളില്‍ സൗജന്യ ടോയ്‌ലറ്റ് നിര്‍മാണം, കിഡ്‌നി ഏര്‍ളി ഇവാല്വേഷന്‍ (ഗഋഋ), മെഡിക്കല്‍ ഉപകരണ വിതരണം, ആംബുലന്‍സ് സര്‍വീസ്, ബ്ലഡ് ഡോണേഴ്‌സ് ഫോറം, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, വളണ്ടിയര്‍ സേവനം തുടങ്ങി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഹെല്‍പിംഗ് ഹാന്‍ഡ്‌സിന് കീഴില്‍ നടന്നു വരുന്നു.
കെയര്‍ഹോമിന്റെ മാത്രം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുന്നത്. ഓരോ മാസത്തെയും ചെലവ് പത്ത് ലക്ഷത്തിലധികമാണ്. സേവനങ്ങളെല്ലാം സൗജന്യമായത്‌കൊണ്ട് തന്നെ സുമനസ്സുകളുടെ സകാത്ത് വിഹിതവും ദാനധര്‍മങ്ങളുമാണ് കെയര്‍ ഹോമിന്റെ ഏക വരുമാനം.
എബിലിറ്റി
സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ 2022ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള മികച്ച സര്‍ക്കാരിതര സംഘടനക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായത് മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ആണ്. എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും സമഗ്രമായ ഉന്നമനത്തിനു വേണ്ടി 2009-ല്‍ സ്ഥാപിതമായ എബിലിറ്റി. കാഴ്ചപരിമിതര്‍, ശ്രവണപരിമിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, അരക്ക് താഴെ ചലനശേഷി നഷ്ടമായവര്‍, പഠനവൈകല്യം, ഓട്ടിസം തുടങ്ങി വിവിധതരം വൈകല്യം ബാധിച്ചവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന കേരളത്തിലെ പ്രധാന അത്താണിയായി മാറിയിട്ടുണ്ട്.
14 വര്‍ഷം കൊണ്ട് ദേശീയതലത്തിലടക്കം ശ്രദ്ധേയമായ നിരവധി പദ്ധതികളും പരിപാടികളുമായി എബിലിറ്റി സേവനരംഗത്ത് സജീവമാണ്. ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ബധിരര്‍ക്കു വേണ്ടി മാത്രമായുള്ള ഏക അഫിലിയേറ്റഡ് കോളേജാണ്. ഈ സ്ഥാപനത്തിന് 2019-ല്‍ ബധിരര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ബധിരര്‍ക്ക് വേണ്ടി ഭാഷാ വികസന ഫിനിഷിംഗ് സ്‌കൂള്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം, ആംഗ്യഭാഷാ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, സിവില്‍ സര്‍വീസ് പരിശീലനം, പി എസ് സി പരിശീലനം, പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്, സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികള്‍ക്ക് ഭാഷാ വികസന പദ്ധതി(ഇശല്‍), സ്പീച്ച് തെറാപ്പി, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ്, എംപ്ലോയബിലിറ്റി ട്രെയിനിംഗ് തുടങ്ങിയ സേവനങ്ങള്‍ എബിലിറ്റിയില്‍ ലഭ്യമാണ്.
കാഴ്ച പരിമിതര്‍ക്കുള്ള നിപുണി വികസന കേന്ദ്രം, സ്‌ക്രീന് റീഡര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ്, ബ്രയില്‍ ലിപി പരിശീലനം, ബ്രയില്‍ ഉപകരണ വിതരണം, പ്രിന്റ് പുസ്തകങ്ങള്‍, ഓഡിയോ രൂപത്തിലേക്ക് പുസ്തകങ്ങള്‍ മാറ്റുന്നതിനുള്ള സംവിധാനം, ഓഡിയോ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ഉറവ ടോക്കിംഗ് ബുക് ലൈബ്രറി, അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പാചകപരിശീലനം അടക്കമുള്ള ഹോം സയന്‍സ് കോഴ്‌സ് എന്നിവയും എബിലിറ്റി കേന്ദ്രമായി നടന്നുവരുന്നു.
എബിലിറ്റി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് റഹ്മയില്‍ 2013 മുതല്‍ ജുമുഅ ഖുതുബ ആംഗ്യഭാഷയിലും നടത്തിവരുന്നു. ചഉഠഢ അടക്കം അടക്കമുള്ള മാധ്യമങ്ങള്‍ വളരെ താത്പര്യത്തോെട ഈ വാര്‍ത്ത കൈകാര്യം ചെയ്യുകയുമുണ്ടായി. കാമ്പസിനകത്ത് മാത്രമല്ല, പുറത്തേക്കും എബിലിറ്റിയുടെ സേവനം വ്യാപിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള പോലീസ് എന്നിവര്‍ക്കെല്ലാം ആംഗ്യഭാഷാ പരിശീലനം നല്കിവരുന്നുണ്ട്. കോഴിക്കോട് സിറ്റി പോലീസിലെ ജീവനക്കാര്‍ ആംഗ്യഭാഷയില്‍ ദേശീയഗാനം അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയപ്പോള്‍ ഇതിനു വേണ്ടി പരിശീലനം നല്കിയത് എബിലിറ്റിയിലെ അധ്യാപകരായിരുന്നു.
ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ എബിലിറ്റിയുടെ മാസ്റ്റര്‍പീസ് പദ്ധതിയാണ് ‘പൊരുത്തം’. വിവാഹപ്രായമെത്തിയ ഭിന്നശേഷിക്കാരുടെ വിവാഹസ്വപ്‌നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും എബിലിറ്റി കേന്ദ്രമാക്കി നടത്തിവരുന്ന വിവാഹ സംഗമമാണ് ‘പൊരുത്തം’. ജാതിമതഭേദമന്യേ കേരളത്തിന്റെ നാനാദിക്കുകളില്‍ നിന്നു ഈ സംഗമത്തിലേക്ക് ആളുകള്‍ എത്തിച്ചേരാറുണ്ട്. അനുയോജ്യമായ ജീവിതപങ്കാളികളെ കണ്ടെത്താന്‍ സാധിച്ചതിലൂടെ നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ വിവാഹസ്വപ്‌നമാണ് ‘പൊരുത്തം’ വഴി പൂവണിഞ്ഞത്.
എബിലിറ്റി കാമ്പസില്‍ നടന്നുവരുന്ന പി എസ് സി കോച്ചിംഗിലൂടെ അനേകം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സിവില്‍ സര്‍വീസ്, കെ-ടെറ്റ്, സെറ്റ്, നെറ്റ് എന്നിവക്കും പരിശീലനം നല്കുന്നു. വൊക്കേഷണല്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനഫലമായി നിരവധി പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ബഹുമതികള്‍ എബിലിറ്റിയെ തേടിയെത്തിയിട്ടുണ്ട്. 2019ലും 2020ലും മികച്ച കാഴ്ചപരിമിത ജീവനക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, 2019ല് എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ബധിരര്‍ക്കുള്ള മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ്, വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷ ബ്രയില്‍ ലിപിയിലേക്ക് പകര്‍ത്തിയതിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌കാരം തുടങ്ങിയവ ഇവയില്‍ പ്രധാനമാണ്.

Back to Top