21 Saturday
December 2024
2024 December 21
1446 Joumada II 19

കലണ്ടര്‍ ഗണിതങ്ങള്‍ ഖുര്‍ആനിലുണ്ട്

ടി പി എം റാഫി


നബി(സ)യുടെ കാലത്തിനു വളരെ മുമ്പുതന്നെ അറബ് വംശജരായ ജൂതന്മാരും ക്രിസ്ത്യാനികളും അവിടത്തെ മറ്റു സമൂഹങ്ങളും ചാന്ദ്രവര്‍ഷ കലണ്ടര്‍ മതാനുഷ്ഠാന കാര്യങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. സുമേറിയക്കാരുടെ കാലത്തുതന്നെ മനുഷ്യര്‍ക്ക് ചാന്ദ്രഗണനയും ചാന്ദ്രകലണ്ടറും പരിചിതമായിരുന്നു. ബാബിലോണിയക്കാരും പുരാതന ഗ്രീക്കുകാരും ഈജിപ്തുകാരും ചാന്ദ്രവര്‍ഷ കലണ്ടര്‍ അനുവര്‍ത്തിച്ചിരുന്നുവെന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും പ്രാചീന കലണ്ടറായി അടുത്ത കാലം വരെയും ഇത് അറിയപ്പെട്ടു.
സുമേറിയക്കാര്‍ക്കും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, ശിലായുഗത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ സൗരവര്‍ഷ കലണ്ടര്‍ പിറന്നിരുന്നുവെന്ന് ഇന്നു പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്നു. ആസ്‌ത്രേലിയയിലെ വിക്ടോറിയയില്‍ വുര്‍ദി യങ് ശിലകള്‍ കൊണ്ടു തീര്‍ത്ത ക്രമീകരണം, 11,000 വര്‍ഷം മുമ്പത്തെ സൗരവര്‍ഷ കലണ്ടറിന്റെ പ്രാഗ്‌രൂപമായി കണക്കാക്കുന്നു. അണ്ഡാകൃതിയിലുള്ള ശിലാസംവിധാനമാണിത്. വിഷുവത്തിലേക്കും (equinox) സൂര്യന്റെ അയനാന്തത്തിലേക്കും (solstice) വ്യത്യസ്ത കാലങ്ങളിലെ സൂര്യാസ്തമയ സമയങ്ങളിലേക്കും ശിലാ സൗരകലണ്ടറുകളിലെ ചെറുകല്ലുകള്‍ ദിശ കുറിക്കുന്നു. ഏറ്റവും പുരാതനമെന്ന് ഇന്നു കരുതപ്പെടുന്ന ഈ സംവിധാനത്തിന് 20,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ചില ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍, സൗരവര്‍ഷവും ചാന്ദ്രവര്‍ഷവും സന്ദര്‍ഭോചിതമായി മാറിമാറി പ്രയോഗിക്കുന്നതു കാണാം. ഒരുവേള, സൗരവര്‍ഷത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ഖുര്‍ആന്‍ അല്‍കഹ്ഫില്‍ (18:25) പരാമര്‍ശം നടത്തുന്നത്. അത് എന്തുതന്നെയായാലും, രണ്ടു തരം കലണ്ടറുകളിലെയും കാലഗണനയുടെ അടിസ്ഥാന ഗണിതസമീകരണങ്ങളിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നു എന്നതാണ് വാസ്തവം.
വര്‍ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു വാക്കുകള്‍ ഖുര്‍ആനിലുണ്ട്. ‘ആം’, സനത്ത് എന്നിവയാണവ. ഈ രണ്ടു പദങ്ങളും ഏകവചനരൂപത്തില്‍ ഏഴു തവണ വീതമാണ് ഖുര്‍ആനില്‍ ഇടം നേടിയിട്ടുള്ളത്. ഇവ രണ്ടും ചാന്ദ്രവര്‍ഷത്തിന്റെ പര്യായപദങ്ങളാണെന്ന ധാരണയാണ് പൊതുവെയുള്ളത്. അതു വസ്തുതകള്‍ക്കു നിരക്കുന്നതാണോ? അതല്ലെങ്കില്‍, ഖുര്‍ആന്‍ സൗരവര്‍ഷത്തെ കുറിക്കാന്‍ ‘സനത്ത്’ എന്നും ചാന്ദ്രവര്‍ഷത്തെ കുറിക്കാന്‍ ‘ആം’ എന്നും ബോധപൂര്‍വം സ്വീകരിച്ചതാണോ?
‘സനത്ത്’ എന്ന പദത്തിന്റെ നിഷ്പത്തി ‘സനാ’ എന്ന വാക്കാണ്. മൂലപദത്തിന്റെ അര്‍ഥം ‘ജ്വലിക്കുക’, ‘ദീപ്തമാകുക’, ‘മിന്നല്‍പ്പിണര്‍’ എന്നൊക്കെയാണ്.
‘അതിന്റെ മിന്നല്‍വെളിച്ചം (സനാ) കാഴ്ചയെ റാഞ്ചിക്കളയുന്നതാണ്’ (24:43) എന്ന വചനത്തില്‍ ഈ അര്‍ഥത്തിലാണ് അതു കടന്നുവരുന്നത്. എന്നു മാത്രമല്ല, ‘സനത്ത്’ ഒരു സ്ത്രീലിംഗ പദമാണ്, ‘ശംസി'(സൂര്യന്‍)നെപ്പോലെ. രണ്ടും പ്രോജ്ജ്വലിച്ചുനില്‍ക്കുന്നതിനെ ആവിഷ്‌കരിക്കുന്നു. 2:96, 5:26, 22:47, 29:14, 32:15, 46:15, 70:4 എന്നീ വചനങ്ങളിലാണ് ‘സനത്ത്’ വരുന്നത്. സൗരവര്‍ഷത്തെ മാത്രം കുറിക്കാന്‍ പ്രയോഗിക്കുന്ന പദമാണോ ഇത്?
ആയുസ്സും വയസ്സും അതുപോലെ ഋതുക്കളെ ആശ്രയിച്ചുള്ള കൃഷിക്കാലവും ഖുര്‍ആന്‍ നിര്‍വചിക്കുന്നത് ‘സനത്തി’ലാണ്.
”തീര്‍ച്ചയായും ജനങ്ങളില്‍ ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി ജൂതന്മാരെ നിനക്കു കാണാം, ബഹുദൈവാരാധകരേക്കാളും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ഒരായിരം വര്‍ഷത്തെ (സനത്ത്) ആയുസ്സ് ലഭിച്ചിരുന്നെങ്കില്‍ എന്നാണ്” (2:96).
പ്രായം സൂചിപ്പിക്കുന്ന മറ്റൊരു വചനം: ”അങ്ങനെ അവന്‍ തന്റെ പക്വത പ്രാപിക്കുകയും നാല്‍പതു വയസ്സില്‍ (സനത്ത്) എത്തുകയും ചെയ്താല്‍…” (46:15).
‘ആമ’ എന്ന മൂലപദത്തില്‍ നിന്നാണ് ‘ആം’ ഉണ്ടായത്. ഒരുചാന്ദ്രവര്‍ഷ കരാറില്‍ ഏര്‍പ്പെടുന്നതിനെ അറബികള്‍ ‘ആം’ എന്ന പദം കൊണ്ട് സൂചിപ്പിക്കാറുണ്ട്. 2:259, 9:37, 9:126, 12:49, 29:14 എന്നീ അഞ്ചു വചനങ്ങളിലായി ‘ആം’ എന്ന പദവും ഖുര്‍ആനില്‍ ഏഴു തവണ തന്നെയാണ് ആവര്‍ത്തിക്കുന്നത്. ‘ആം’ പുല്ലിംഗ പദമാണ്, ‘ഖമറി'(ചന്ദ്രന്‍)നെപ്പോലെ. ചാന്ദ്രവര്‍ഷത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന വാക്കാണ് ‘ആം’ എന്ന് ചുവടെ ചേര്‍ത്ത വചനങ്ങളില്‍ നിന്നു മനസ്സിലാക്കാം:
”വിലക്കപ്പെട്ട മാസം പിറകോട്ടു മാറ്റുക എന്നത് സത്യനിഷേധത്തിന്റെ ആധിക്യം തന്നെയാണ്. സത്യനിഷേധികള്‍ അതു നിമിത്തം പാപത്തിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം (ആമന്‍) അവരത് അനുവദിക്കുകയും മറ്റേ കൊല്ലം (ആമന്‍) നിഷിദ്ധമാക്കുകയും ചെയ്യുന്നു” (9:37).
കലഹപ്രിയരായ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ക്ക് മൂന്നു മാസം തുടര്‍ച്ചയായി യുദ്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രയാസമായിരുന്നു. അതിനാല്‍ യുദ്ധം നിഷിദ്ധമായ ഏതെങ്കിലും ചാന്ദ്രമാസത്തില്‍ വേണ്ടിവന്നാല്‍ യുദ്ധം ചെയ്യുകയും പിറകെ വരുന്ന മറ്റൊരു മാസം അതിനു പകരം വിലക്കപ്പെട്ട മാസമായി പുനര്‍ഗണിക്കുകയും ചെയ്യുന്ന ഒരു കുതന്ത്രം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിന് ‘നസീഅ്’ എന്നാണ് പറയുന്നത്. തീര്‍ഥാടനം ഒരേ കാലാവസ്ഥയിലാക്കുന്നതിന് ചാന്ദ്രവര്‍ഷത്തെ (ആം) സൗരവര്‍ഷവുമായി (സനത്ത്) ഒപ്പിച്ചുകൊണ്ടുപോകുന്ന സമ്പ്രദായത്തിനും ‘നസീഅ്’ എന്നുതന്നെയാണ് പറയുക.
ചുവടെ ചേര്‍ത്ത വചനത്തില്‍, യൂസുഫ് നബിയുടെ കാലത്തെ ഈജിപ്തില്‍ ചാന്ദ്രവര്‍ഷ കലണ്ടറിനായിരുന്നു പ്രാധാന്യമുണ്ടായതെന്നു വ്യക്തമാക്കാന്‍ ഖുര്‍ആന്‍ ‘ആം’ ബോധപൂര്‍വം പ്രയോഗിക്കുന്നതു കാണാം: ”പിന്നീട് അതിനു ശേഷം ഒരു കാലം (ആമുന്‍) വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും…” (12:49).
എന്നാല്‍ ഋതുക്കളെ ആശ്രയിച്ചുള്ള കൃഷിയെക്കുറിച്ച് യൂസുഫ് നബി(അ) സംസാരിക്കുന്നത് ഉദ്ധരിക്കുമ്പോള്‍ സൗരവര്‍ഷം (സനത്ത്) പ്രയോഗിക്കാന്‍ ഖുര്‍ആന്‍ വിട്ടുപോകുന്നില്ല:
”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഏഴു കൊല്ലം (സിനീന) തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ മാത്രമെടുത്ത് ശേഷിച്ചത് കരുതിവെക്കുക” (12:47).
വചനം 29:14ല്‍ മാത്രമാണ്, നൂഹ് നബി(അ)യുടെ ആയുസ്സ് വ്യക്തമാക്കാനായി ഖുര്‍ആന്‍ സൗരവര്‍ഷവും (സനത്ത്) ചാന്ദ്രവര്‍ഷവും (ആം) ഒരുമിച്ചു പ്രയോഗിക്കുന്നത്:
”നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതു വര്‍ഷം (ആം) ഒഴിച്ചാല്‍ ആയിരം വര്‍ഷം (സിനീന്‍) അദ്ദേഹം അവര്‍ക്കിടയില്‍ ജീവിച്ചു” (29:14).
അതായത്, ആയിരം സൗരവര്‍ഷത്തില്‍ നിന്ന് അമ്പതു ചാന്ദ്രവര്‍ഷ ദിനങ്ങള്‍ കിഴിച്ചാല്‍ കിട്ടുന്ന കാലമാണ് അദ്ദേഹം ജീവിച്ചതെന്നാണ് ഖുര്‍ആന്‍ കൃത്യമായി വെളിപ്പെടുത്തുന്നത്. ‘സനത്തും’ ‘ആമും’ പര്യായപദങ്ങളല്ലെന്ന് ഈ വചനത്തില്‍ നിന്നു വ്യക്തമാകുന്നു.
ഒരു ചാന്ദ്രവര്‍ഷത്തില്‍ ശരാശരി 354.367056 ദിവസങ്ങളാണ് ഉള്ളത്. അപ്പോള്‍ 50 ചാന്ദ്രവര്‍ഷത്തില്‍ 50 ഃ 354.367056 = 17718.3528 ദിവസങ്ങള്‍. ഈ ദിവസങ്ങളെ ഒരു സൗരവര്‍ഷത്തിലെ ദിനങ്ങള്‍ കൊണ്ട് ഹരിച്ചാല്‍ അതിനു തുല്യമായ സൗരവര്‍ഷം കണ്ടെത്താമല്ലോ. 17718.3528/ 365.2425 = 48.51 സൗരവര്‍ഷം. എങ്കില്‍ നൂഹ് നബി(അ)യുടെ ആയുഷ്‌കാലം കൃത്യം എത്രയാണ്? 1000 48.51 = 951.49 സൗരവര്‍ഷം. ആ പ്രവാചകന്റെ പ്രായം കൃത്യമായി പറയാന്‍ ഉചിതവും യുക്തിഭദ്രവുമായ രീതിയല്ലേ ഖുര്‍ആന്‍ സ്വീകരിച്ചത്?
സൗരവര്‍ഷ കലണ്ടറും ചാന്ദ്രവര്‍ഷ കലണ്ടറും തമ്മിലുള്ള ‘കണ്‍വേര്‍ഷന്‍ ഫാക്ടറി’ലേക്കും ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നുണ്ട്. സൂറഃ അല്‍കഹ്ഫിലെ 25ാം വചനം ആ കലണ്ടര്‍ ഗണിതമാണ് നമ്മെ പഠിപ്പിക്കുന്നത്: ”അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറു വര്‍ഷം (സിനീന) താമസിച്ചു. അവര്‍ ഒമ്പതു കൂട്ടുകയും ചെയ്തു” (18:25).
ഈ വചനത്തിലെ ‘അവര്‍’ ചാന്ദ്രവര്‍ഷ കലണ്ടര്‍ അനുവര്‍ത്തിക്കുന്ന അറബികളാണെന്നും, അതല്ല, 300 വര്‍ഷത്തിനു ശേഷം അവര്‍ ഉണര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ജനതയാണെന്നും അഭിപ്രായമുണ്ട്.
ക്രി.വ. ഏതാണ്ട് രണ്ടാം നൂറ്റാണ്ടിലെ ഏകദൈവ വിശ്വാസികളായ ക്രിസ്ത്യന്‍ യുവാക്കള്‍, ത്രിയേകത്വത്തിന്റെ വഴിയിലേക്ക് രാജാവും രാജ്യവും അധഃപതിച്ചപ്പോള്‍ അതില്‍ നിന്നു രക്ഷപ്പെടാന്‍ ഗുഹയില്‍ അഭയം തേടിയ കഥയാണല്ലോ ഇത്. അന്നു ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടറില്‍ അവര്‍ കൃത്യം മുന്നൂറു വര്‍ഷം നിദ്രയിലാണ്ടു എന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഗുഹാവാസികള്‍ ഉണര്‍ന്നപ്പോള്‍ പരിസരവും കാലാവസ്ഥയും മാറിയതായി അവര്‍ക്ക് അനുഭവപ്പെടാതിരുന്നത് സൗരവര്‍ഷത്തിലായതുകൊണ്ടാണ്. കൃത്യം 300 സൗരവര്‍ഷം കഴിയുമ്പോള്‍ ഒരേ കാലാവസ്ഥാ പ്രകൃതിയിലായിരിക്കുമല്ലോ അവര്‍ ഉണര്‍ന്നിട്ടുണ്ടാവുക. മുന്നൂറു സൗരവര്‍ഷത്തിനു ശേഷം ബൈസാന്റൈന്‍ എമ്പയര്‍ (Byzantine Empire) വന്നപ്പോള്‍ ആ സമൂഹം ലൂനി-സോളാര്‍ കലണ്ടറിലേക്ക് മാറിയതായി ചരിത്രത്തില്‍ കാണാം. ‘അവരാ’ണ് സ്വാഭാവികമായും 9 കൂട്ടി അവരുടെ കലണ്ടറിലേക്ക് ഈ കാലഘട്ടത്തെ പുനര്‍നിര്‍ണയിച്ചതെന്നും അഭിപ്രായമുണ്ട്.
300 സൗരവര്‍ഷം 309 ചാന്ദ്രവര്‍ഷമാണോ? 309/300 = 1.03 എന്ന അനുപാതമാണ്. അതുപോലെ സൗരവര്‍ഷത്തെ ഏകദേശം 365 ദിവസമെന്നും ചാന്ദ്രവര്‍ഷത്തെ 354 ദിവസമെന്നും എടുക്കാം. 365/354 = 1.031073446327684 ആണല്ലോ.

300 സൗരവര്‍ഷം കൃത്യമായി 309 ചാന്ദ്രവര്‍ഷമല്ലെന്നും അതുകൊണ്ടുതന്നെ 1.03 എന്നത് യഥാര്‍ഥമായ അനുപാതമല്ലെന്നും വാദിച്ചേക്കാം. 300 സൗരവര്‍ഷം = 300 ഃ 365.2425 = 109572.75 ദിവസം.
309 ചാന്ദ്രവര്‍ഷം = 309 ഃ 354.367056 = 109499.420304 ദിവസം.
അതായത്, ഇവ തമ്മില്‍ 9 വര്‍ഷം കൊണ്ട് 73.329 ദിവസത്തിന്റെ ചെറിയ വ്യത്യാസമുണ്ട്. അതു വ്യക്തമാക്കാനും ഖുര്‍ആന്‍ വിട്ടുപോകുന്നില്ല. സൗരവര്‍ഷത്തില്‍ കൃത്യം 300 വര്‍ഷം എന്നു പറഞ്ഞ ഖുര്‍ആന്‍, 300 വര്‍ഷത്തിനു ശേഷമുള്ള ലൂനി-സോളാര്‍ കലണ്ടറിലേക്കു മാറിയ പുതിയ സമൂഹത്തിന്റേത് ഏതാണ്ടേ കൃത്യമാകുന്നുള്ളൂ എന്ന സൂചനയും തൊട്ടടുത്ത വചനത്തില്‍ തന്നെ വെളിപ്പെടുത്തുന്നു: ”അവര്‍ താമസിച്ച കാലദൈര്‍ഘ്യം കൃത്യമായി അല്ലാഹുവിനാണ് അറിയുക” (18:26).
365/354 എന്നതിന്റെ അനുപാതം പോലെ, അല്ലെങ്കില്‍ 309/300 എന്നതിന്റെ അനുപാതം പോലെ, സൗരവര്‍ഷം (സനത്ത്) എന്ന വാക്കിന്റെയും ചാന്ദ്രവര്‍ഷം (ആം) എന്ന വാക്കിന്റെയും ജാമാട്രിക്കല്‍ മൂല്യങ്ങള്‍ തമ്മിലുള്ള അനുപാതവും 1.03 എന്ന വിസ്മയസംഖ്യയിലാണ് കിടക്കുന്നത്.

സനത്തിന്റെ ജാമാട്രിക്കല്‍ മൂല്യം 115 ആണ് (പട്ടിക കാണുക). സ (70), ന (40), ത മര്‍ബൂത്തയുടേത് ‘ഹ’യുടേതുപോലെ 5 എന്നിങ്ങനെയാണ് വില. അവ പരസ്പരം കൂട്ടിയാല്‍ 115 കിട്ടുമല്ലോ. ‘ആമി’ന്റെ മൂല്യം 111 ആണ്. (60 + 1 + 50 = 111). അപ്പോള്‍ 115/111 = 1.0360360360.
മറ്റൊരു ജാമാട്രിക്കല്‍ വിസ്മയ മൂല്യത്തിലൂടെയും കലണ്ടര്‍ ഗണിതം ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നുണ്ട്. സൗരവര്‍ഷത്തിന് ഖുര്‍ആന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതായി അല്‍കഹ്ഫിലെ ഉദാഹരണത്തിലൂടെ പറഞ്ഞല്ലോ. അതിന് മറ്റൊരു തെളിവിതാ: ഖുര്‍ആനില്‍ മൊത്തത്തില്‍ ‘ദിവസം’ എന്ന പദം 365 തവണയാണ് ആവര്‍ത്തിക്കുന്നത്. ഒരു സൗരവര്‍ഷത്തിലെ ദിനങ്ങളാണല്ലോ അത്. ‘ദിവസം’ എന്ന പദത്തിന്റെ ജാമാട്രിക്കല്‍ മൂല്യമായ 56നെ (യ 10, വ 6, വ 40. ആകെ തുക 56 ) 365 (സൗരവര്‍ഷ ദിനങ്ങള്‍) കൊണ്ട് ഗുണിച്ചാല്‍ 20440 എന്നു കിട്ടും (365 ഃ 56 = 20440). ദിവസത്തിന്റെ ജാമാട്രിക്കല്‍ മൂല്യത്തെ 354 (ചാന്ദ്രവര്‍ഷ ദിനങ്ങള്‍) കൊണ്ട് ഗുണിച്ചാല്‍ 19824 എന്നും കിട്ടും (354 ഃ 56 = 19824). ഇവ തമ്മിലുള്ള അനുപാതം 20440/19824 = 1.031.
‘സനത്തും’ ‘ആമും’ സൗരവര്‍ഷവും ചാന്ദ്രവര്‍ഷവും ആണെന്ന കണ്ടെത്തല്‍ പുതിയതൊന്നുമല്ല. എഡ്വേഡ് ലൈന്റെ അറബിക്-ഇംഗ്ലീഷ് ഡിക്ഷനറി(1863)യില്‍ ഇങ്ങനെ കാണാം: ”സനത്ത് ആമിനേക്കാള്‍ ദൈര്‍ഘ്യമേറിയ കാലയളവാണ്. ആദ്യത്തേത് ഒരു സൗരപരിക്രമണത്തിന്റെ സമയവും രണ്ടാമത്തേത് 12 അറേബ്യന്‍ മാസങ്ങള്‍ ചേര്‍ന്നതുമായ കാലയളവുമാണ്.” ഇക്കാര്യം തന്നെയാണ് പ്രയോഗങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുകൊണ്ടും ഗണിതനിര്‍ധാരണങ്ങളിലൂടെയും ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

Back to Top