3 Saturday
December 2022
2022 December 3
1444 Joumada I 9

ജന്മവും ദൗത്യവും പവിത്രമാണ്

ഡോ. ജാബിര്‍ അമാനി


സ്ത്രീകള്‍ക്ക് സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ആരാധനാനുഷ്ഠാന സ്വാതന്ത്ര്യവും കൃത്യമായി നല്‍കുന്ന മതം ഇസ്‌ലാം മാത്രമാണ്. പുരുഷനെപ്പോലെ തന്നെ ഇച്ഛാശക്തിയും സ്വാതന്ത്ര്യവുമുള്ള സ്വതന്ത്ര മനുഷ്യര്‍ തന്നെയാണ് സ്ത്രീകള്‍. പുരുഷന് ജീവിത-മതവ്യവഹാരങ്ങളില്‍ നിയമങ്ങളും നിബന്ധനകളും ഉള്ളപോലെത്തന്നെ സ്ത്രീകള്‍ക്കും അവരുടെ ജൈവപരമായ വ്യത്യസ്തതയും സവിശേഷതയും പരിഗണിച്ചുള്ള നിയമനിര്‍ദേശങ്ങളും മതം നിശ്ചയിച്ചിട്ടുണ്ട്. ശാരീരിക പവിത്രതയും സാമൂഹിക സുരക്ഷിതത്വവും ആദരണീയതയും പുരുഷനേക്കാള്‍ സ്ത്രീകള്‍ക്ക് അവളുടെ സ്വാഭാവിക പ്രകൃതി തന്നെ താല്‍പര്യപ്പെടുന്നതിനാല്‍ പുരുഷന് ഇല്ലാത്ത ചില നിയമങ്ങള്‍ സ്വാഭാവികമായും സ്ത്രീകളുടെ കാര്യങ്ങളില്‍ കാണാം. സ്ത്രീപുരുഷ വിവേചനമോ പുരുഷാധിപത്യമോ ആയിട്ടല്ല പ്രസ്തുത നിര്‍ദേശങ്ങളെ വ്യാഖ്യാനിക്കേണ്ടത്. മറിച്ച്, വൈവിധ്യ സൃഷ്ടികള്‍ക്ക് അനിവാര്യമായി ഉറപ്പുവരുത്തേണ്ട അവസരസമത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് അവ ഓരോന്നും. (ഖുര്‍ആന്‍ 92:4ന്റെ പ്രായോഗിക തലമാണ് പ്രസ്തുത നിര്‍ദേശങ്ങള്‍).
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ മേഖല ജനിക്കാനുള്ള അവകാശമാണ്. സ്ത്രീപുരുഷ ജന്മം വേര്‍തിരിവില്ലാതെ കാണാനും രണ്ടു വ്യക്തികളുടെയും ജനനം തുല്യമായി പരിഗണിക്കാനും മതം പഠിപ്പിക്കുന്നു. അതിലുപരി, സ്ത്രീജന്മത്തെ പവിത്രമായും കൂടുതല്‍ പുണ്യകരവും പ്രതിഫലാര്‍ഹവുമായിട്ടുമാണ് ഇസ്‌ലാമിന്റെ പരിഗണന. സ്ത്രീക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കുകയും പെണ്‍ജന്മം അപമാനമായി ഗണിച്ച് ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന മ്ലേച്ഛമായ ജാഹിലീ അറബികളുടെ സംസ്‌കാരം ചരിത്രത്തില്‍ കാണാം.43 പ്രസ്തുത കാലഘട്ടത്തില്‍ ആണായാലും പെണ്ണായാലും മനുഷ്യജന്മം പവിത്രമായി കാണണമെന്നും ദാരിദ്ര്യഭയത്താല്‍ സന്താനത്തെ വധിച്ചുകളയരുതെന്നും അത് മഹാപാപമായിരിക്കുമെന്നും ഇസ്‌ലാം ലോകത്തെ ബോധ്യപ്പെടുത്തി.44
ഒരാള്‍ക്ക് രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ ജനിക്കുകയും അവരെ വിശിഷ്ടമായ രീതിയില്‍ പരിപാലിക്കുകയും ചെയ്യുന്നപക്ഷം മരണാനന്തരം സ്വര്‍ഗപ്രവേശം നല്‍കി മാതാപിതാക്കളെ ആദരിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു പ്രഖ്യാപനമാണ്.45 പെണ്‍കുട്ടി ജനിച്ചതിനു ശേഷം ജീവനോടെ വധിച്ചുകളയുന്ന ജാഹിലീ അറബികളുടെ സംസ്‌കാരത്തേക്കാള്‍ ശക്തമാണ്, ഭ്രൂണാവസ്ഥയില്‍ തന്നെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണത്തെ നശിപ്പിച്ചു കളയുന്ന ആധുനിക മനുഷ്യന്റെ ക്രൂരതകള്‍. ഖുര്‍ആന്‍ ഒരു ആരോഗ്യ-വൈദ്യശാസ്ത്ര ഗ്രന്ഥമല്ലാതിരുന്നിട്ടും ഭ്രൂണഹത്യയെന്ന ആശയത്തിനെതിരില്‍ ശക്തമായ പ്രഖ്യാപനം നിര്‍വഹിച്ചുവെന്നത് ലോകം പ്രത്യേകം പരിഗണിക്കേണ്ടതാണെന്ന് ജര്‍മന്‍ ചരിത്രകാരന്‍ വിനനാറ്റു റെയ്‌ന നിരീക്ഷിച്ചിട്ടുണ്ട്.46 നവസാങ്കേതിക മാര്‍ഗങ്ങളിലൂടെ പെണ്‍ഭ്രൂണത്തെ നശിപ്പിക്കുന്ന ആധുനിക മനുഷ്യരില്‍ ചിലരാണ് പെണ്‍ജന്മം പവിത്രമെന്നു പഠിപ്പിച്ച ഇസ്‌ലാമിനെതിരില്‍ സ്ത്രീവിരുദ്ധത വെച്ചുകെട്ടുന്നത് എന്നത് വിരോധാഭാസമാണ്.
ഒരര്‍ഥത്തില്‍ പുരുഷന്റെ ജന്മത്തേക്കാള്‍ ഖുര്‍ആന്‍ സ്ത്രീജന്മത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെടാവുന്നതാണ്. മാത്രവുമല്ല, സ്ത്രീ പ്രതിനിധീകരിക്കുന്ന വ്യക്തി-കുടുംബ-സാമൂഹിക ദൗത്യങ്ങളെ കൂടുതല്‍ പവിത്രമായിട്ടാണ് പരിഗണിക്കുന്നത്. മാതാവ് എന്ന നിലയ്ക്കുള്ള അതിശ്രേഷ്ഠമായ സ്ഥാനം, ഭാര്യയോട് ഏറ്റവും മാന്യമായി വര്‍ത്തിക്കുന്നവനാണ് ജനങ്ങളില്‍ ഉത്തമന്‍ (ഇബ്‌നുമാജ) എന്ന പ്രവാചക പ്രസ്താവന, യുദ്ധത്തില്‍ സ്ത്രീകളോട് മാന്യതയിലും സ്‌നേഹത്തിലും വര്‍ത്തിക്കണമെന്നും അവരെ വധിക്കുന്നതില്‍ നിന്നും ദേഹോപദ്രവം വരുത്തുന്നതില്‍ നിന്നും പരമാവധി പിന്തിരിയണമെന്നുമുള്ള അധ്യാപനങ്ങള്‍47, വിധവകളുടെ സംരക്ഷണത്തില്‍ പങ്കാളികളാവുന്നത് ധര്‍മസമരമാണ് (ജിഹാദ്)48 എന്ന പ്രസ്താവന തുടങ്ങിയവ സ്ത്രീക്ക് ഇസ്‌ലാം വകവെച്ചുകൊടുക്കുന്ന സമാദരണീയതയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്റെ പൗത്രി ഉമാമയെ എടുത്ത് നമസ്‌കരിക്കുമ്പോള്‍ അവള്‍ക്ക് ഒട്ടും അലോസരമുണ്ടാവാത്ത വിധമായിരുന്നു നബി(സ) പെരുമാറിയിരുന്നത്. പത്‌നി ഖദീജ(റ), ആഇശ(റ), മകള്‍ ഫാത്തിമ(റ) എന്നിവരോടുള്ള അദ്ദേഹത്തിന്റെ കലവറയില്ലാത്ത സ്‌നേഹബന്ധവും ചരിത്രത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.49
സ്ത്രീ പാപയോനിയില്‍ ജനിച്ചവളാണെന്നും (ഭഗവദ്ഗീത 9:32) കാമദേവനെന്ന കിരാതന്‍ മനുഷ്യരാകുന്ന പക്ഷികളെ അകപ്പെടുത്തുവാന്‍ വീശിയ കേവലമൊരു വലയാണ് സ്ത്രീകള്‍ (യാജ്ഞവല്‍കോപനിഷത്ത്, ശ്ലോകം 17) എന്ന പരാമര്‍ശവും, സ്ത്രീകളുടെ ഹൃദയം കഴുതപ്പുലിയുടേതിനു സമാനമാണെന്നും (ഋഗ്വേദം 10:95:75) പാപിയായി സ്ത്രീയെ പരിഗണിക്കുന്നതും (ഉല്‍പത്തി 3:12) അവളെ വളര്‍ത്തു മൃഗത്തിന്റെയും അടിമയുടെയും സ്ഥാനത്തോട് ചേര്‍ത്തുപറയുന്നതുമായ (പുറപ്പാട് 20:17) ബൈബിള്‍ അധ്യാപനങ്ങളും കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വവും പരിഗണനയും കൂടുതല്‍ സ്പഷ്ടമാവുന്നത്.
ഡോ. ആനി ബസന്റിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്: ”സ്ത്രീകളെ ബാധിക്കുന്ന ഇസ്‌ലാമിക നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലണ്ടില്‍ അനുകരിക്കപ്പെട്ടപ്പോള്‍, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും നീതിപൂര്‍വകമായ നിയമമായി അത് മാറിയെന്നത് ഓര്‍ക്കേണ്ടതാണ്. സ്വത്ത് സമ്പാദന വിനിയോഗം, അനന്തരാവകാശം, വിവാഹം എന്നിവ പരിഗണിക്കുമ്പോള്‍ തന്നെ അവ ഓരോന്നും പാശ്ചാത്യ നിയമങ്ങളേക്കാള്‍ എത്രയോ മുകളിലാണെന്ന് കാണാം. സ്ത്രീ അവകാശങ്ങള്‍ക്ക് ഇസ്‌ലാം കല്‍പിക്കുന്ന ആദരവും തഥൈവ.50
മുതലാളിത്തവും ലിബറലിസവും ഭൗതികനിര്‍മിത പ്രത്യയശാസ്ത്രങ്ങളും സ്ത്രീകളെ കേവലമൊരു വസ്തു എന്ന പരിഗണനയിലാണ് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നത്. പുരുഷന് കീഴ്‌പ്പെടേണ്ട ഉപഭോഗ വസ്തുവാണവള്‍. പാശ്ചാത്യ ലോകത്തെ ലൈംഗിക അരാജകത്വത്തിന്റെ മൂലകാരണം സ്ത്രീയെക്കുറിച്ച് അവര്‍ക്കുള്ള കാഴ്ചപ്പാട് തന്നെയാണ്. സ്വതന്ത്ര ലൈംഗികതയും സദാചാരനിഷേധവും അവകാശ-ആവിഷ്‌കാരങ്ങളായി പരിഗണിക്കുക വഴി തകര്‍ന്നടിഞ്ഞത് സ്ത്രീസ്വത്വവും മഹിതമായ അവരുടെ സ്ഥാനവുമാണ്.51 ‘ഭാര്യയില്‍ മാത്രം ലൈംഗികത പരിമിതപ്പെടുന്നത് പഴഞ്ചന്‍ സിദ്ധാന്തവും ഒന്നില്‍ മാത്രം ഒതുങ്ങിക്കൂടുകയെന്ന വരണ്ട വാദവുമാണ്. അത് യാഥാസ്ഥിതികവും ലൈംഗിക ഭീതിയും(Erotophilics) ആണ്’ എന്നെല്ലാം പരിതപിച്ച ലിബറല്‍ സമൂഹവും സ്ത്രീജന്മത്തെ തകര്‍ത്തെറിയുകയാണ് ചെയ്തത്.
സ്വതന്ത്രരതിയും സ്വതന്ത്ര ലൈംഗികതയും സൃഷ്ടിച്ചത് സുരക്ഷിതത്വമില്ലാത്ത സ്ത്രീജന്മവും ജീവിതവുമാണ്. പെണ്ണുടല്‍ വിപണിയും സ്ത്രീവേട്ടയും പീഡനങ്ങളും വ്യാപകമാവുകയും ചെയ്തു. ഇത്തരമൊരു സാമൂഹിക ദുരന്തപശ്ചാത്തലത്തിന് ‘ആശയാടിത്തറ’യൊരുക്കിയവര്‍ തന്നെയാണ്, ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നില്ല എന്ന പ്രസ്താവനകളുമായി രംഗത്തുവരുന്നത്! ഇസ്‌ലാം സ്ത്രീക്ക് വകവെച്ചു നല്‍കിയ സ്വാതന്ത്ര്യവും ആധുനിക ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ കോരിച്ചൊരിഞ്ഞ സ്വാതന്ത്ര്യവും താരതമ്യം ചെയ്താല്‍ സ്ത്രീസംരക്ഷണവും ആദരണീയതയും ആരുടെ ഭാഗത്തുനിന്നാണെന്ന് കൃത്യമായി വിലയിരുത്താവുന്നതാണ്.
സ്ത്രീയെ മാന്യമായി പരിഗണിക്കുന്നതിനും ലൈംഗിക ജീവിതത്തിനു പെരുമാറ്റച്ചട്ടം നിശ്ചയിക്കുന്നതിനും ബ്രിട്ടന്‍, ഐസ്‌ലന്‍ഡ് തുടങ്ങിയ പാശ്ചാത്യ നാടുകളില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.52 വര്‍ത്തമാനകാല കുടുംബ ദുരന്തങ്ങളും ലോകസമൂഹത്തിന് ഇസ്‌ലാമിന്റെ തണലില്‍ സ്ത്രീക്ക് ലഭിക്കുന്ന സംരക്ഷണ കവചത്തെ വീണ്ടുവിചാരത്തിന് വിധേയമാക്കിയിട്ടുണ്ട്.
കുറിപ്പുകള്‍

43. ഖുര്‍ആന്‍ 81:8,9, 16:58,59, 43:17.
44. ഖുര്‍ആന്‍ 6:151, 17:31.
45. അബൂദാവൂദ് 5146, തിര്‍മിദി 1915.
46. Raina Vinanatu, Uniform Civilcode and Gender Justice, Reliance Publishing House, New Delhi, 1996, Page 5.
47. ഇമാം ശൗഖാനി, നീലുല്‍ ഔത്വാര്‍, പേജ് 8:74.
48. ബുഖാരി 5353.
49. ബുഖാരി, മുസ്‌ലിം. സ്ത്രീജന്മം പവിത്രമാണെന്ന ആശയം ലോകരെ പഠിപ്പിക്കുക എന്നതുകൂടി ഈ നടപടിയില്‍ കാണാമെന്ന് ഇമാം ഫാകിഹാനി നിരീക്ഷിച്ചിട്ടുണ്ട് (ഫത്ഹുല്‍ബാരി 2:139). മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, വാള്യം 15, പേ. 295.
50. Annie Besant, The Life and Teaching of Mohammed, 1932, p. 3.
51. വിശദമായ പഠനത്തിന് David blankenhorn രചിച്ച Fatherless America വായിക്കുക.
52. Sree Vaishna Roy, Freedom that must have limits, The Hindu, April 29, Page 9.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x