ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക
ജൗഹര്‍ കെ അരൂര്‍
ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’ എന്ന പ്രവാചക വചനം ഏറെ പ്രസിദ്ധമാണല്ലോ. സഹജീവികളോട് കരുണ കാണിക്കുക എന്ന ഇസ്ലാമിക അധ്യാപനത്തെ ലോകത്താകമാനമുള്ള ഇസ്ലാമിക സമൂഹം വളരെ ആത്മാര്‍ഥമായി ഏറ്റെടുത്തിട്ടുണ്ട്.
പല വിഷയങ്ങളിലും ഭിന്നാഭിപ്രായമുള്ള മുസ്ലിം സംഘടനകള്‍ ഉണ്ടെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏതാണ്ടെല്ലാ സംഘടനകള്‍ക്കും ഒരേ അഭിപ്രായം തന്നെയാണെന്ന് നമുക്ക് ചുറ്റിലുമുള്ള മത സംഘടനകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാല്‍ മനസ്സിലാകും.
രൂപീകൃതമായ കാലം മുതല്‍ക്കേ മുജാഹിദ് പ്രസ്ഥാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സജീവ ഇടപെടല്‍ നടത്തിയിട്ടുണ്ട്. തിരൂരങ്ങാടി യതീംഖാനയടക്കം മുജാഹിദ് പ്രസ്ഥാനം ഈ നാടിന് നല്‍കിയ കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും സംഭാവനകള്‍ അനേകമാണ്.
കെ എന്‍ എം മര്‍കസുദ്ദ അ്‌വയുടെ കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി നിലകൊള്ളുന്ന അനേകം സ്ഥാപനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ട് സംരംഭങ്ങളാണ് രണ്ടത്താണിയില്‍ സ്ഥിതി ചെയ്യുന്ന ശാന്തി ഭവനും പരപ്പനങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന സോഫ്റ്റ് കാമ്പസും.
ശാന്തി ഭവന്‍
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് രണ്ടത്താണിയിലാണ് ശാന്തി ഭവന്‍ സ്ഥിതി ചെയ്യുന്നത്. പല കാരണങ്ങളാല്‍ വീടുകളില്‍ നിന്നു മാറി താമസിക്കേണ്ടി വന്ന കുട്ടികള്‍, റോഡരികിലും ഹോസ്പിറ്റലുകളിലും അമ്മ തൊട്ടിലുകളിലും മറ്റുമായി ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ എന്നിവരുടെ പുനരധിവാസത്തിന് ഒരു സംവിധാനം വേണമെന്ന രണ്ടത്താണി ശാഖ ഐ എസ് എമ്മിന്റെ ആശയമാണ് അനേകം കുട്ടികള്‍ക്ക് ആശ്വാസം പകരുന്ന ശാന്തി ഭവന്‍ എന്ന കാരുണ്യ കേന്ദ്രമായി രൂപം കൊണ്ടത്.
മൂന്ന് കാറ്റഗറികളിലായുള്ള കുട്ടികളാണ് ശാന്തി ഭവനിലുള്ളത്. ആറ് വയസു വരെ പ്രായമുള്ളവര്‍, ആറ് മുതല്‍ പതിനെട്ടു വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍, ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ എന്നിങ്ങനെ. ആദ്യ കാറ്റഗറിയില്‍ 22 കുട്ടികള്‍ ഇന്ന് ശാന്തി ഭവനിലുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏതാണ്ട് അഞ്ഞൂറോളം കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിതവും വിദ്യാഭ്യാസവും ചികിത്സയും നല്‍കാന്‍ ശാന്തി ഭവന് സാധിച്ചിട്ടുണ്ട്. പതിനെട്ട് കുട്ടികളെ സുരക്ഷിതമായ കരങ്ങളിലേക്ക് ദത്ത് നല്‍കി. ഇതില്‍ ഒരു കുട്ടിയെ ഇറ്റലിയിലേക്കും മറ്റൊരു കുട്ടിയെ യു എ ഇ യിലേക്കുമാണ് ദത്ത് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷിതമായി കഴിയുന്നു. പോറ്റി വളര്‍ത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച രക്ഷിതാക്കളോടൊപ്പം പതിനഞ്ച് കുട്ടികള്‍ സുരക്ഷിതമായി വളരുന്നുണ്ട്. വിവിധ ജാതി മതങ്ങളില്‍ പെട്ട കുട്ടികളും മതം ഏതെന്നു തിരിച്ചറിയും മുന്‍പേ ഉപേക്ഷിക്കപ്പെട്ട കുട്ടികളുമാണ് ശാന്തി ഭവനിലുള്ളത്. അവരുടെ മതാചാരപ്രകാരമുള്ള ജീവിത സാഹചര്യമാണ് ശാന്തി ഭവന്‍ ഓരോ കുട്ടിക്കും നല്‍കി വരുന്നത്.
2015-ന് ശേഷമാണ് ശാന്തി ഭവന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യതീംഖാനയായിട്ടായിരുന്നു തുടക്കം. 2017-ല്‍ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള അംഗീകാരം കിട്ടിയതോടു കൂടിയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് ശാന്തി ഭവന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. ഓട്ടിസം പോലുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികളെ റസിഡന്‍ഷ്യല്‍ ആയി ഏറ്റെടുത്ത് വിദ്യാഭ്യാസപരവും സാമൂഹികവുമായ ശിക്ഷണം നല്‍കുന്ന പദ്ധതിയുടെ പണിപ്പുരയിലാണ് ശാന്തിഭവന്‍ ഭാരവാഹികള്‍.
ഐ എസ് എമ്മിലൂടെയായിരുന്നു തുടക്കം എങ്കിലും സി പി ഉമര്‍ സുല്ലമി മുഖ്യ രക്ഷാധികാരിയായും വി ടി അബ്ദുസ്സമദ് കോയ തങ്ങള്‍ പ്രസിഡന്റ് ആയും അബ്ദുന്നാസര്‍ മൂര്‍ക്കത്ത് സെക്രട്ടറിയായും കെ മൊയ്തീന്‍കുട്ടി ട്രഷറര്‍ ആയുമുള്ള രണ്ടത്താണി യുവത കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ ജി ഒ ആണ് ഇപ്പോള്‍ ശാന്തി ഭവന്‍ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.
വിവിധ ജാതി മതങ്ങളില്‍ പെട്ട സുമനസ്സുകളുടെ സഹായത്തോട് കൂടി നടക്കുന്ന ഈ സംരഭത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനികള്‍ ശാന്തിഭവന്റെ പ്രഥമ പ്രസിഡന്റയിരുന്ന അബ്ദുസമദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ അന്‍സാരി രണ്ടത്താണി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയവരാണ്.
സോഫ്റ്റ് കാമ്പസ്
2002-ല്‍ പരപ്പനങ്ങാടി ശാഖ ഐ എസ് എമ്മിന്റെ നേതൃത്വത്തിലാണ് സോഫ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപം കൊണ്ടത്. ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി സേവനങ്ങളാണ് സോഫ്റ്റിന് കീഴില്‍ വിവിധ വകുപ്പുകളിലായും സ്ഥാപനങ്ങളിലായും നടന്നു വരുന്നത്.
കെട്ടുങ്ങല്‍ മസ്ജിദ്, പരപ്പനങ്ങാടി മസ്ജിദുസ്സലാം, ചാപ്പപ്പടി മസ്ജിദ്, ദാറുല്‍ ഖുര്‍ആന്‍, അല്‍ഫിത്‌റ സ്‌കൂള്‍, പരപ്പനങ്ങാടി ഇ സി സി യില്‍ നിര്‍മിച്ചിരിക്കുന്ന മയ്യിത്ത് പരിപാലന കേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി കോംപ്ലക്‌സ് എന്നിവയാണ് സോഫ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍. കൊറോണ കാലത്ത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് മയ്യിത്തുകളാണ് സോഫ്റ്റ് മയ്യിത്ത് പരിപാലന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സംസ്‌കരിച്ചത്.
ഫ്രീ ആംബുലന്‍സ്
പ്രദേശത്തെ സാമ്പത്തിക ശേഷിയില്ലാത്ത രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് സോഫ്റ്റിനു കീഴില്‍ ഫ്രീ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തിച്ചു വരുന്നു. കൊറോണ സമയത്ത് രോഗികളെ എത്തിക്കാനും ജീവന്‍ രക്ഷാ മരുന്നുകള്‍ ദൂരസ്ഥലങ്ങളിലെത്തിക്കാനും, മയ്യിത്ത് കൊണ്ടുപോവാനുമെല്ലാം സോഫ്റ്റ് ആംബുലന്‍സ് നിരന്തരം ഉപയോഗിച്ചിരുന്നു. പൂര്‍ണമായും സൗജന്യ സേവനമാണ് സോഫ്റ്റ് ആംബുലന്‍സ് സര്‍വീസ് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത്.
ഓര്‍ഫന്‍ കെയര്‍ പ്രൊജക്റ്റ്
അനാഥകളെ അവരുടെ മാതാക്കളുടെ കൂടെ താമസിപ്പിച്ച് ആവശ്യമായ സാമ്പത്തിക സഹായവും പിന്തുണയും നല്‍കി വരുന്ന സോഫ്റ്റിന്റെ സംരംഭമാണ് ഇത്. പ്രദേശത്തെ സാധാരണക്കാരായ ആളുകള്‍ മാസം തോറും ഇതിലേക്ക് സംഭാവന നല്‍കുന്നു. എല്ലാ മാസവും കുട്ടികളെയും ഉമ്മമാരെയും വിളിച്ച് ചേര്‍ക്കുകയും, കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ സംഗമങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമായ മത – ധാര്‍മിക ബോധനം നല്‍കി വരുന്നുണ്ട്. ഈ സംരംഭത്തിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ സഹായവും ലഭ്യമാണ്.
വീട് നിര്‍മാണം
പരപ്പനങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും കുറേയേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍മിച്ചു നല്‍കാന്‍ സോഫ്റ്റിന് സാധിച്ചു. സോഫ്റ്റ് സഹായത്തോടെ വള്ളിക്കുന്ന്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഇപ്പോഴും വീട് പണി നടന്നു വരുന്നുണ്ട്. കടലോര മേഖലയില്‍ വീടുകള്‍ക്ക് പുറമെ ടോയ്‌ലറ്റുകളും കിണറുകളും സോഫ്റ്റിനു കീഴില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
റമദാന്‍ കാല ദത്ത്
വര്‍ഷങ്ങളായി നടന്നു വരുന്ന പദ്ധതിയാണ് റമദാന്‍ കാല ദത്ത്. ഈ പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷവും നടപ്പു വര്‍ഷവും എഴൂനൂറോളം ഭക്ഷണ കിറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സോഫ്റ്റിനു സാധിച്ചു.
മെഡിക്കല്‍ ഉപകരണ
വിതരണ പദ്ധതി
എയര്‍ബെഡുകള്‍, കട്ടിലുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വീല്‍ചെയര്‍, വാക്കര്‍ തുടങ്ങി മെഡിക്കല്‍ എക്യുപ്‌മെന്റുകള്‍ ആവശ്യമായ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി വളരെ വ്യവസ്ഥാപിതമായി നടന്നു വരുന്നു.
ഫുഡ്-പെന്‍ഷന്‍ പദ്ധതി
സമൂഹത്തിലെ അര്‍ഹരായ ദരിദ്രരെ കണ്ടെത്തി മാസം തോറും ആയിരം രൂപയുടെ ഭക്ഷ്യ വസ്തുക്കളോ പെന്‍ഷനോ നല്‍കി വരുന്ന ഈ പദ്ധതി ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്.
സോഫ്റ്റ് കെയര്‍ ഷോര്‍
സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെട്ടു പോയവരെ താമസിപ്പിച്ച് പരിചരിക്കാനുള്ള സോഫ്റ്റിന്റെ സ്വപ്‌ന പദ്ധതിയാണിത്. പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടലോരത്ത് ഇതിനായി വിശാലമായ കെട്ടിടം ഒരുങ്ങി കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചയുടന്‍ ഈ സംരംഭം ആരംഭിക്കും. തുടക്കത്തില്‍ തന്നെ ഇരുപതില്‍ പരം ആളുകളെ താമസിപ്പിക്കാന്‍ സാധിക്കും വിധമാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
സന്നദ്ധ സേവന സംഘം
മയ്യിത്ത് പരിപാലനം, പാലിയേറ്റീവ് സേവനം, ഗൃഹ നിര്‍മാണം, ശുചീകരണം, ദുരന്ത നിവാരണം, തുടങ്ങി സോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്ത് പകരുന്നത് കര്‍മ നിരതരായ സന്നദ്ധ സേവകരാണ്.
പരപ്പനങ്ങാടി മസ്ജിദു സലാമില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് സോഫ്റ്റിന്റെ ഓരോ പദ്ധതിയും ആസൂത്രണം ചെയ്തു മികച്ച രീതിയില്‍ നടപ്പിലാക്കി വരുന്നത്. എല്ലാ ചൊവ്വാഴ്ചയും സോഫ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ യോഗം നടന്നു വരാറുണ്ട്. മാസാന്ത സംഗമങ്ങളെല്ലാം നടക്കുന്നത് ഇസിസിസിയിലെ ഹാളിലാണ്.
പ്രവര്‍ത്തകരുടെ സൗജന്യ സേവനമാണ് സോഫ്റ്റിന്റെ കരുത്ത്. സോഫ്റ്റ് വാട്‌സപ് ഗ്രൂപ്പു വഴി ജനകീയമായാണ് സാമ്പത്തിക സമാഹരണം നടക്കുന്നത്.