29 Friday
March 2024
2024 March 29
1445 Ramadân 19

ഭൂമിയില്‍ നാശം ആഗ്രഹിക്കരുത്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


”അല്ലാഹു നിനക്ക് നല്‍കിയ കാര്യങ്ങളില്‍ നീ പരലോകം കാംക്ഷിക്കുക. ദുന്‍യാവില്‍ നിന്റെ പങ്ക് വിസ്മരിക്കുകയും ചെയ്യരുത്. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീ മറ്റുള്ളവര്‍ക്കും നന്മ ചെയ്യുക. ഭൂമിയില്‍ കുഴപ്പവും നാശവും ആഗ്രഹിക്കരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.” (ഖസസ് 77)
മൂസാനബിയുടെ കാലത്ത് ജീവിച്ച അതിസമ്പന്നനായ ഖാറൂന്റെ ചരിത്ര പശ്ചാത്തലത്തിലാണ് ഇത് വന്നിരിക്കുന്നത്. അതിലെ മുഖ്യ പ്രമേയം എക്കാലവും പ്രസക്തമാണ്. അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയേണ്ട യഥാര്‍ഥ മുസ്ലിമിന്റെ ജീവിത ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവുമാണ് ഇതിന്റെ സന്ദേശം.. മുസ്ലിം നിലനിര്‍ത്തേണ്ട ആത്മീയ ഭൗതിക ഭാവങ്ങള്‍ ഏതെല്ലാമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു. നാല് കാര്യങ്ങള്‍ മാത്രമെ ശ്രദ്ധിക്കേണ്ടതുള്ളൂ.
(1). ആജീവനാന്ത പ്രവര്‍ത്തനങ്ങളുടെ പരമ ലക്ഷ്യം മരണാനന്തര ജീവിതം പ്രതിഫലാര്‍ഹമാക്കുക എന്നതായിരിക്കണം. ഇവിടെ ജീവിതം നശ്വരമാണെന്നും കിട്ടുന്നതെന്തും ഇവിടെ തന്നെ വിട്ടേച്ച് പോകേണ്ടവനാണ് താന്‍ എന്ന ബോധവുമാണ് പരലോക സങ്കല്‍പ്പത്തിന് ജീവന്‍ നല്‍കുന്നത്. ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും സമീപന സ്വഭാവങ്ങളും വിമലീകരിച്ച് സംസ്‌കരിക്കാന്‍ ഈ ബോധ്യം അനിവാര്യമാണ്. പ്രയാസങ്ങളില്‍ ക്ഷമിക്കുവാനും പരീക്ഷണങ്ങളെ അതിജീവിക്കുവാനും ഈ വിശ്വാസമുളളവര്‍ക്കേ കഴിയൂ. മുസ്ലിമിന്റെ ജീവിതത്തിനും വ്യക്തിത്വത്തിനും ഉണ്ടായിരിക്കേണ്ട ആത്മീയ ഭാവവും ഇത് തന്നെ. ‘ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍’ എന്ന് തുടങ്ങുന്ന ധാരാളം ഹദീസുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സദാചാര വിശുദ്ധിയും സുതാര്യമായ സാമൂഹ്യ ബോധവും നിലനില്‍ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഈ ആമുഖത്തോടെയാണ് നബി (സ) പഠിപ്പിക്കുന്നത്.
(2). ഈ ലോക ജീവിതത്തില്‍ നമ്മുടെ ബാധ്യതകള്‍ മറക്കാനോ മാറ്റി വെക്കാനോ പാടില്ല. മാതാപിതാക്കള്‍, മക്കള്‍, സമൂഹം, ദാമ്പത്യ ജീവിതം, തൊഴില്‍ തുടങ്ങിയ തലങ്ങളിലുള്ള ബാധ്യതകള്‍ വിശ്വാസി യഥാവിധി നിര്‍വഹിച്ചിരിക്കണം. കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആരോഗ്യകരമായ നിലനില്‍പ്പിന് അത് അനിവാര്യവുമാണ്. ഭൗതിക തലങ്ങളിലെ ബന്ധങ്ങളെല്ലാം വെടിഞ്ഞ് ആത്മീയത അന്വേഷിക്കുന്ന പ്രവണത ഇസ്ലാമികമല്ല. ജീവിക്കുന്ന നാടും സാഹചര്യങ്ങളും മത വിരുദ്ധമാണെന്നും യഥാര്‍ഥ ദീന്‍ ലഭിക്കാന്‍ ഹിജ്‌റ പോവണമെന്നുമുള്ള വാദങ്ങള്‍ അതിഭക്തിയും തീവ്ര ആത്മീയതയുമാണ്.
‘ജനങ്ങളുമായി ഇടപഴകി ജീവിക്കുന്ന, അപ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുന്ന വിശ്വാസിയാണ് അതൊന്നും ചെയ്യാത്തവനെക്കാള്‍ ഉത്തമന്‍’ എന്ന നബി വചനം ഇതിലേക്ക് ചേര്‍ത്ത് വായിക്കാവുന്നതാണ്. തീവ്ര ആത്മീയത ആഗ്രഹിച്ച മൂന്ന് പേരെ നബി (സ) തിരുത്തിയത് പ്രസിദ്ധമാണല്ലോ. രാത്രി ഉറങ്ങാതെ ആരാധനാ നിരതരാകുക, വിവാഹ ജീവിതം വേണ്ടെന്ന് വെക്കുക, എന്നും നോമ്പെടുക്കുക തുടങ്ങിയ തീരുമാനങ്ങളെ അദ്ദേഹം അപലപിച്ചു.
(3). പുണ്യത്തിന്റെയും നന്മയുടേയും നീരൊഴുക്ക് സമൂഹത്തില്‍ നിലക്കാന്‍ പാടില്ല. നാം ഇപ്പോള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളൊന്നും നമ്മുടെ മിടുക്ക് കൊണ്ട് കിട്ടിയതല്ല. പ്രാര്‍ഥനാ നിരതമായ മനസ്സുമായി അല്ലാഹുവിനെ സമീപിക്കാന്‍ ഈ ബോധ്യം ആവശ്യമാണ്. അവന്‍ നല്‍കിയ ബര്‍കത്ത് നമ്മില്‍ അവസാനിക്കാതെ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്നതും തുടക്കത്തില്‍ പറഞ്ഞ പരലോക ബോധമാണ്. മുസ്ലിം നിര്‍വഹിച്ചിരിക്കേണ്ട യഥാര്‍ഥ ത്യാഗവും ഇത് തന്നെ. സ്വന്തത്തില്‍ അനുഭവിക്കാന്‍ സൗകര്യമുണ്ടായിട്ടും നമുക്ക് ലഭിച്ചത് മറ്റുള്ളവര്‍ക്ക് പകുത്തു കൊടുക്കുമ്പോഴാണ് ത്യാഗമായി അത് അടയാളപ്പെടുത്തുന്നത്.
(4). ഭൂമിയില്‍ നാശമുണ്ടാക്കരുത് എന്ന സന്ദേശം രചനാത്മകതയുളള മനോഗതിയുടെ സാന്നിധ്യമാണ് ആവശ്യപ്പെടുന്നത്. സമയവും സമ്പത്തും സാമര്‍ഥ്യവും വിനിയോഗിക്കുന്നതില്‍ അതീവ ജാഗ്രത ആവശ്യമാണ്. പുണ്യം ചെയ്യാന്‍ താല്‍പര്യമില്ലാത്തവരുടെ ജീവിതത്തില്‍ അരാജകത്വത്തിന് കാരണമാകുന്നു ഇവയെല്ലാം.
അല്ലാഹുവിനോട് പ്രതിബദ്ധതയില്ലാത്ത വാക്കുകളും ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ഉപദ്രവകരമായി ഭവിക്കും. അല്ലാഹുവിനോടും മനുഷ്യരോടും പ്രഞ്ചത്തോടും വിശ്വാസിയുടെ ബാധ്യത ഓര്‍മപ്പെടുത്തുന്നതാണ് ഈ വചനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x