29 Friday
March 2024
2024 March 29
1445 Ramadân 19

ഭരണകൂട ഹിംസയും മുസ്‌ലിം വിദ്വേഷവും

സി കെ അബ്ദുല്‍അസീസ്‌


1992 നു ശേഷം സംഘപരിവാര്‍ രാഷ്ട്രീയം പരുവപ്പെടുത്തിയ സാമൂഹിക പ്രതലത്തിലേക്കാണ് 2021 ഡിസംബറില്‍ ജാര്‍ഖണ്ഡിലെ ഹരിദ്വാറില്‍ സമ്മേളിച്ച സന്യാസിമാര്‍ ഹിന്ദുത്വത്തെ സംരക്ഷിക്കാനെന്ന വ്യാജേന മുസ്‌ലിം വംശഹത്യക്കുള്ള പരസ്യമായ ആഹ്വാനങ്ങള്‍ തൊടുക്കുന്നത്. ‘ലോക ജെനോസൈഡ് വാച്ചി’ന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ഗ്രിഗറി സ്റ്റാന്റണ്‍ ഈ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും തൊട്ടടുത്ത മാസങ്ങളില്‍ കൂടിയ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളാരുംതന്നെ അത് ഉന്നയിക്കുകയോ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും വംശഹത്യക്കുള്ള ആഹ്വാനത്തെ പരസ്യമായി അപലപിക്കാനും പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ തയ്യാറാവുകയോ ഉണ്ടായില്ല. അതിനു പകരം പെഗാസസ് വിഷയത്തിലാണ് പാര്‍ലമെന്റ് കലങ്ങിമറിഞ്ഞത്. ഇന്ത്യാ രാജ്യം വംശഹത്യാ ഭീഷണി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ജാഗ്രതപ്പെടുത്തുന്ന ഗ്രിഗറി സ്റ്റാന്റണിന്റെ നിഗമനങ്ങള്‍ പിന്നീട് അദ്ദേഹവുമായി ‘ദി വയറി’നുവേണ്ടി കരണ്‍ ഥാപര്‍ നടത്തിയ അഭിമുഖത്തിലൂടെ ഇന്ത്യയും ലോകവും അറിഞ്ഞതാണ് (Karan Thaper Interview with Dr. Gregary H Stanton, The Wire in 19th Jan 2022). ഡോ. സ്റ്റാന്റണിന്റെ നിഗമനത്തില്‍ വംശഹത്യകള്‍ക്കു മുന്നോടിയായി സംഭവിക്കുന്ന തയ്യാറെടുപ്പുപ്രക്രിയ കഴിഞ്ഞ രണ്ടു ദശകമായി ഇന്ത്യാ രാജ്യം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങളും പ്രതീകാത്മക വര്‍ഗീകരണവും മുസ്‌ലിംകളെ ‘ചിതല്‍പ്പുഴുക്കളാ’യി ചിത്രീകരിക്കുന്ന അപമാനവീകരണവും പൗരത്വ ഭേദഗതി പോലുള്ള വിവേചനപരമായ ഭരണകൂട നടപടികളുമെല്ലാം വംശഹത്യയിലേക്ക് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു സാഹചര്യത്തിന്റെ ലക്ഷണങ്ങളാണ്. 1993-ല്‍ റുവാണ്ടയില്‍ നടന്ന അതിഭീകരമായ വംശഹത്യയെക്കുറിച്ച്, അത് അരങ്ങേറുന്നതിന്റെ അഞ്ചു വര്‍ഷം മുമ്പുതന്നെ താക്കീതു നല്‍കിയ സംഘടനയാണ് ജെനോസൈഡ് വാച്ച്.
പ്രതിനിധാന ഹിംസയെ നിയമത്തിന്റെ ബലിഷ്ഠമായ കരങ്ങള്‍ക്ക് തളയ്ക്കാനാകുമോ എന്ന വിഷയം തന്നെ വാസ്തവത്തില്‍ നിയമക്കുരുക്കിലാണ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കുന്നതിനും എടുക്കാതിരിക്കുന്നതിനും നിയമപരമായ സാധ്യതകള്‍ ധാരാളമുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളെ ‘ചിതല്‍പ്പുഴുക്കള്‍’ എന്നു വിശേഷിപ്പിച്ചത് ഭരണഘടനാപരമായി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രതിനിധി തന്നെയാണ്. ‘നിയമത്തിന്റെ ഉദ്ദേശ്യം വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുകയെന്നതാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയമഭാഷയിലെ സങ്കീര്‍ണതകളും അതിന്റെ അര്‍ഥതലങ്ങളുടെ അനിശ്ചിതത്വവും കാരണം ബലപ്രയോഗത്തിന്റെയും ചിലപ്പോള്‍ നശീകരണാത്മകവുമായ ഒരു തലത്തിലേക്ക് അതിനെ നിയമപരമായി വലിച്ചുനീട്ടാനുള്ള സാധ്യതകളുമുണ്ട്. യാതനകളെ മാനവികവും അപമാനവികവുമായി തരം തിരിക്കുന്ന അതിപ്രധാനമായ നിര്‍വചനങ്ങള്‍ ഉണ്ടാക്കുന്നതും നിയമങ്ങള്‍ തന്നെയാണ് (Talal Asad, Reflections of Violence and Humanitarianism, 2015).
ലോകത്തെ മറ്റെല്ലാ ലിബറല്‍ ജനാധിപത്യങ്ങളെയും പോലെ ഇന്ത്യയിലും നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്മാരും സമന്മാരാണ്. അവസര സമത്വവും തുല്യതയും ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും ഭരണഘടനാപരമായി വ്യവസ്ഥ ചെയ്തിട്ടുള്ള ഒരു റിപബ്ലിക്കാണ് ഇന്ത്യ. മതേതര ജനാധിപത്യ റിപബ്ലിക്കില്‍ രാജ്യത്തിന്റെ പരമാധികാരം നിക്ഷിപ്തമായിട്ടുള്ളത് ഏതെങ്കിലും മതത്തിലോ മതസമൂഹങ്ങളിലോ അല്ല; ജനങ്ങളിലാണ്. ‘പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്നു ഭരണഘടന വിശേഷിപ്പിക്കുന്നതിന്റെ അര്‍ഥമതാണ്. പക്ഷേ മതേതര ജനാധിപത്യത്തിന്റെ പരമാധികാര സങ്കല്‍പത്തിന് ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ശ്രേണീനിബദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്നുവെന്നതും ഒരു യാഥാര്‍ഥ്യമാണ്. ഭരണഘടനാ തത്വങ്ങളുടെ പ്രയോഗം ശ്രേണീനിബദ്ധമായ അധികാരബന്ധങ്ങള്‍ക്ക് അനുബന്ധമാവുന്ന സ്ഥിതിവിശേഷം സുസ്ഥിരമാവുന്നതോടെ, സമൂഹത്തിന്റെ താഴേത്തട്ടില്‍ അധിവസിക്കുന്നവര്‍ പരമാധികാരത്തിന്റെ കര്‍തൃത്വമണ്ഡലത്തില്‍ നിന്നു പുറന്തള്ളപ്പെടുന്നത് മതേതര ജനാധിപത്യത്തില്‍ സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ഇൗ പ്രക്രിയയെ വ്യവസ്ഥയ്ക്കുള്ളില്‍ നടക്കുന്ന പുറന്തള്ളല്‍ പ്രക്രിയയായിട്ടാണ് ഇറ്റാലിയന്‍ ദാര്‍ശനികനായ ജോര്‍ജിയോ അഗംബന്‍ നിരീക്ഷിക്കുന്നത് (Agamben, G., Homo Sacer: Sovereign Power and Bare Life).
അഗംബന്റെ അഭിപ്രായത്തില്‍ പരമാധികാരശക്തിയായി പരിണമിക്കുന്ന പ്രതിനിധാനങ്ങള്‍ സാധാരണ മനുഷ്യന്റെ ജീവിതങ്ങളെ/കീഴാള ജീവിതങ്ങളെ (ആമൃല ഹശളല) അധികാരത്തിന്റെ പരിവൃത്തിക്കു പുറത്തു നിര്‍ത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സ്വയം നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. കീഴാള മനുഷ്യ ജീവിതങ്ങളുടെ നിയമപരമായ യോഗ്യതക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ ബഹിഷ്‌കരണ പ്രക്രിയ നടക്കുന്നത്. നിയമങ്ങള്‍ അഥവാ നിയമപരമായ അവകാശങ്ങള്‍ അവര്‍ക്ക് ഇല്ലാതാക്കുകയും അവരുടെ കാര്യത്തില്‍ നിയമങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം അവകാശങ്ങളില്ലാത്ത ഒരവസ്ഥയിലേക്ക് കീഴാള ജീവിതങ്ങള്‍ തളച്ചിടപ്പെടുന്നു. ഇത്തരത്തിലുള്ള വിലക്കിനാല്‍ വലയം ചെയ്യപ്പെട്ട കീഴാള മനുഷ്യ ജീവിതങ്ങള്‍ക്ക് നിയമ-രാഷ്ട്രീയ സമുദായത്തിന്റെ ഉമ്മറപ്പടിയില്‍ ജീവിക്കേണ്ടിവരുന്നുവെന്നാണ് അഗംബന്‍ നിരീക്ഷിക്കുന്നത്. ഈ വിലക്കപ്പെട്ട ജീവിതങ്ങളെ ‘ഹോമോ സേയ്‌സര്‍’, എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ആര്‍ക്കും കൊലപ്പെടുത്താവുന്നതും എന്നാല്‍ മതപരമായ ബലിയര്‍പ്പണത്തിനു വേണ്ടി കൊല ചെയ്യാന്‍ പാടില്ലാത്തതുമായ വ്യക്തിയെക്കുറിച്ച് റോമന്‍ നിയമത്തില്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഹോമോ സെയ്‌സര്‍ (Amy O, Denoghue: Sovereign Exception: Notes on the Thought of Giorgio Agamben, 2015).
അഗംബന്റെ വീക്ഷണത്തില്‍, മതേതര ജനാധിപത്യത്തിന്റെ പരമാധികാര സങ്കല്‍പം ജനാധിപത്യപരമായ അധികാര പങ്കാളിത്തത്തെയല്ല ഫലത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. മറിച്ച് ജനാധിപത്യ കര്‍തൃത്വങ്ങളുടെ തലയ്ക്കു മുകളിലുള്ള അധീശശക്തിയെയാണ്. ഈയര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകളെ ആര്‍ക്കും ആക്രമിച്ചു കൊലപ്പെടുത്താവുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും, വംശഹത്യയുടെ അപഖ്യാതിയില്‍ പെടാത്തവണ്ണം അതിനെ ഹിന്ദു സംരക്ഷണത്തിന്റെ/ ഹിന്ദു ധര്‍മത്തിന്റെ ഭാഗമായി കാണാന്‍ അനുശീലിപ്പിക്കുകയും ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഭരണകൂട ഹിംസയെയാണ്. അത് ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളെ മാത്രമല്ല, മതേതര ജനാധിപത്യത്തിന്റെ കാവല്‍ശക്തിയായി മാറേണ്ട മതേതര കര്‍തൃത്വങ്ങളും യഥാര്‍ഥത്തില്‍ സംഘ് ഭീകരതയുടെ ആക്രമണ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ഭരണകൂട ഹിംസയ്ക്കും ഭരണകൂട സ്ഥാപനങ്ങളുടെ ഹിന്ദുത്വവത്കരണത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം അവയെ ‘മുസ്‌ലിം തീവ്രവാദ’വുമായി കണ്ണിചേര്‍ക്കാനുള്ള സംഘ്-പോലീസ് ഉദ്യമങ്ങളില്‍ ഈ ലക്ഷ്യം മറനീക്കി പുറത്തുവരുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ, സര്‍വകലാശാലകള്‍ക്കുള്ളില്‍ നിന്ന് കീഴാള ജനവിഭാഗങ്ങൡലേക്ക് പരിക്രമിച്ച പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഭരണകൂട ശക്തികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ വംശഹത്യയെ ‘ദേശവിരുദ്ധരായ മതേതര ശക്തികളും മുസ്‌ലിം തീവ്രവാദികളും ചേര്‍ന്നു നടത്തിയ ഗൂഢാലോചന’യുടെ ഫലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂട ശക്തികള്‍ കിണഞ്ഞു ശ്രമിക്കുന്നത് നാം കണ്ടതാണ്. സാമൂഹിക ശാസ്ത്രജ്ഞനും ഗാന്ധിയന്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവിനെയും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കള്ളസാക്ഷ്യങ്ങള്‍ വരെ ചമച്ചുണ്ടാക്കാനും അതിനു പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും ഹിന്ദുത്വശക്തികള്‍ ശ്രമം നടത്തുകയുണ്ടായി.

ഇനിയും മരിച്ചിട്ടില്ലാത്ത ജനാധിപത്യ പ്രതിരോധശേഷിയുടെ സ്പന്ദനങ്ങളെ പോലും അടിച്ചമര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് ഹിന്ദുത്വശക്തികളുടെ മുസ്‌ലിം വിരുദ്ധ അജണ്ടക്കുള്ളില്‍ പതിയിരിക്കുന്നത്. സമീപകാലത്ത് തീവ്രരൂപം പ്രാപിച്ച പ്രതിനിധാന ഹിംസയുടെ ഉദ്ഭവസ്ഥാനം ഹിന്ദുത്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരമാധികാര പ്രയോഗങ്ങളിലാണ് എന്ന്, കരിനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.
ഭരണകൂട ഹിംസയും പ്രതിനിധാന ഹിംസയും ഇപ്രകാരം പരസ്പരം വേര്‍തിരിക്കാനാവാത്ത ഒരു മര്‍ദനോപാധിയായി മാറുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിജീവനത്തിനു തന്നെ കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭത്തെയാണ് ഇന്ത്യന്‍ ജനത ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, മുസ്‌ലിം പ്രശ്‌നത്തെ മതേതര ജനാധിപത്യത്തിന്റെ തന്നെ അതിജീവന പ്രശ്‌നമായി മനസ്സിലാക്കാന്‍ സംഘ്പരിവാറിന്റെ മുസ്‌ലിം ബഹിഷ്‌കരണ അജണ്ടക്കെതിരെ രാജ്യവ്യാപകമായ ചെറുത്തുനില്‍പുകള്‍ക്ക് മുന്നിട്ടിറങ്ങാനും മതേതര കക്ഷികള്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്നു. മതേതര രാഷ്ട്രീയ കക്ഷികളുടെ സംഘടനാ/ സംഘാടന ദൗര്‍ബല്യങ്ങളുമായും നേതൃശേഷിയില്‍ വന്നുഭവിച്ച തകരാറുകളുമായും ബന്ധപ്പെട്ട ഒരു പ്രശ്‌നമായി ഇതിനെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍, 2004- ലും 2009-ലും സംഭവിച്ച പോലെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം കരസ്ഥമാക്കാന്‍ കഴിയുമായിരിക്കാം. അതൊരു പ്രതീക്ഷ മാത്രമാണ്.
പക്ഷേ അത്തരത്തിലുള്ള ഒരു തിരിച്ചുവരവ് കോണ്‍ഗ്രസിനോ മറ്റേതെങ്കിലും മതേതര കക്ഷികള്‍ക്കോ സാധ്യമാവണമെങ്കില്‍ മുസ്‌ലിം പ്രശ്‌നത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താതെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മതേതര രാഷ്ട്രീയം എത്തിനില്‍ക്കുന്നത്. വാസ്തവത്തില്‍ മുസ്‌ലിം പ്രശ്‌നങ്ങളെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഒരു കീഴ്‌വഴക്കമായിത്തീര്‍ത്തിരിക്കുന്നു. മറ്റൊരു തരത്തില്‍ ഈ പ്രശ്‌നത്തെ നിരീക്ഷിക്കുമ്പോള്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്‌ലിം ബഹിഷ്‌കരണം പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമാന്തരമായി മുസ്‌ലിം പ്രശ്‌നങ്ങളെ ബഹിഷ്‌കരിക്കാനുള്ള ഒരു പൊതുസ്വഭാവവും പ്രവണതയും മതേതരപക്ഷത്തിന്റെ നിലപാടുകളിലും പ്രകടമാണ്. പ്രതിനിധാന ഹിംസയുടെ ഒരു വകഭേദമായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്.
തെരഞ്ഞെടുപ്പു വിജയങ്ങളില്‍ നിര്‍ണായക ഘടകമായ ഭൂരിപക്ഷ ഹിന്ദു വോട്ടുകളെ ‘വശീകരിച്ച്’ കൂടെ നിര്‍ത്താന്‍ മതേതര പക്ഷത്തിന് ഇത്തരമൊരു അടവുസമീപനം സ്വീകരിക്കേണ്ടത് അനുപേക്ഷണീയമാണ് എന്നു വാദിച്ചാല്‍ പോലും ആ വാദത്തിന്റെ കാലിക പ്രസക്തി തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഹിന്ദു ഭൂരിപക്ഷത്തിനിടയില്‍ സംഘ് രാഷ്ട്രീയം നേടിയെടുത്ത വന്‍ സ്വാധീനം തെളിയിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങൡലും യാഥാര്‍ഥ്യങ്ങളിലും സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ സ്പഷ്ടമാണെങ്കിലും കോണ്‍ഗ്രസിതര മതേതര പാര്‍ട്ടികള്‍ ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നത്തോടുള്ള അവരുടെ മൗലിക സമീപനങ്ങളില്‍ കാര്യമാത്രപ്രസക്തമായ യാതൊരു മാറ്റവും വരുത്താന്‍ സന്നദ്ധമായിട്ടില്ല. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു ദേശീയവാദികള്‍ക്കും മുസ്‌ലിം ദേശീയവാദികള്‍ക്കുമിടയില്‍ ഉടലെടുത്ത അവകാശവാദങ്ങളുടെയും അധികാരത്തര്‍ക്കങ്ങളുടെയും ഉപോല്‍പന്നമായി വിശേഷിപ്പിക്കപ്പെടുന്ന മതവര്‍ഗീയതയുടെ ചരിത്രപരമായ തുടര്‍ച്ചയിലാണ് സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നം സൈദ്ധാന്തികമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഈ സിദ്ധാന്ത പ്രകാരം ഹൈന്ദവ ദേശീയതയുടെ തീവ്രരൂപമാണ് ഹിന്ദുത്വം; ഹിന്ദുത്വത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ഒരു മുസ്‌ലിം പ്രതിശക്തി അനിവാര്യമാണെന്ന കാഴ്ചപ്പാട് ഈ സിദ്ധാന്തത്തിന്റെ കൂടപ്പിറപ്പാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നടന്ന വംശഹത്യകളെല്ലാം വര്‍ഗീയ കലാപങ്ങളായി വിലയിരുത്തപ്പെടുന്നതിനു പിന്നില്‍ ഈ മുസ്‌ലിം പ്രതിശക്തിയെക്കുറിച്ചുള്ള ‘മതേതര വികല്‍പങ്ങള്‍’ വലിയ തോതിലുള്ള പങ്കു വഹിച്ചിട്ടുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയം മതേതര വ്യവസ്ഥയുടെ അടിക്കല്ല് ഇളക്കിക്കൊണ്ടിരിക്കുന്ന കാലത്തുടനീളം മതേതര രാഷ്ട്രീയത്തിന്റെ ഇടതും വലതും ഈ മുസ്‌ലിം ‘രാഷ്ട്രീയ പ്രതിയോഗി’യെ നിരീക്ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഇന്നിപ്പോള്‍ ചിറകറ്റ പക്ഷികളെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു മൂലയ്ക്കിരുന്നുകൊണ്ട് ഇടക്കിടെ ‘ചിലക്കാന്‍’ മാത്രം ശേഷിയുള്ള ഒരു നിര്‍ഗുണപക്ഷമായി പരിണമിച്ചതിനു ശേഷവും ഈ ദുരവസ്ഥയുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ഒരന്വേഷണത്തിന് മതേതരപക്ഷം തല്‍പരരല്ല. ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ല, രണ്ടാണ് എന്ന ഒരു തിരിച്ചറിവ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൊതുപ്രസംഗങ്ങളില്‍ പ്രസരിക്കപ്പെടുന്നുണ്ടെങ്കിലും (രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം, ഡിസം. 12, ’20 ഹിന്ദുസ്ഥാന്‍ ടൈംസ്), ‘ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ സര്‍വമത സഹിഷ്ണുതയുള്ളവരാണെന്നു’മുള്ള പ്രസ്താവന തന്നെ ഹൈന്ദവ ദേശീയതയുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനാവുമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഭൂരിപക്ഷവാദം കൊണ്ട് ഹിന്ദുത്വവാദത്തെ ചെറുക്കാനാവുമെന്നു കരുതുന്നതുതന്നെ മഹാ മൗഢ്യമാണ്. ഹൈന്ദവ ദേശീയതയും ഹിന്ദുത്വവും മൗലികമായി വ്യത്യസ്തമായ രണ്ടു പ്രത്യയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന കാഴ്ചപ്പാട് തികച്ചും ശരിയാണെങ്കിലും, ഇവ രണ്ടിലും പൊതുവായി നിലനില്‍ക്കുന്ന ഒരു ഘടകമാണ് മുസ്‌ലിം വിദ്വേഷം. അതേസമയം, ഹൈന്ദവ ദേശീയതയുടെ മുസ്‌ലിം വിദ്വേഷത്തെ ചരിത്രപരമായി പരിശോധിച്ചാല്‍ സോപാധികമായിരുന്നു എന്ന് കണ്ടെത്താനാകും. ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സാമൂഹിക നേതൃത്വമെന്ന നിലയിലുള്ള സവര്‍ണ മേല്‍ക്കോയ്മയെ രാഷ്ട്രീയരംഗത്ത് മുസ്‌ലിംകള്‍ അംഗീകരിക്കണമെന്ന വാദമാണ് ബാലഗംഗാധര തിലകനെയും മദന്‍ മോഹന്‍ മാളവ്യയെയും പോലുള്ള ഹൈന്ദവ ദേശീയവാദികള്‍ ഉന്നയിച്ചിരുന്നത്. ലിബറല്‍ ജനാധിപത്യത്തിന്റെ അധികാരവ്യവസ്ഥയുടെ തലപ്പത്ത് സവര്‍ണ ഹിന്ദുക്കളെ പ്രതിഷ്ഠിക്കുകയും അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുകയെന്നതുമാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. ദേശീയതയുടെ മുസ്‌ലിം വിദ്വേഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് 1925-ല്‍ രൂപീകരിച്ച ആര്‍ എസ് എസ്. ജര്‍മന്‍ നാസിസത്തെ റോജര്‍ ഗ്രിഫിന്‍ (Roger Grifin: A fascist Century Essays, edited by mathew feedman, 2008) വിശേഷിപ്പിക്കുന്നതുപോലെ, ‘പൊളിറ്റിക്കല്‍ റിലീജിയന്‍’ അഥവാ ഹിന്ദുമതത്തിന്റെ മൗലിക സംഹിതകളില്‍ നിന്നു വ്യത്യസ്തമായ സംഹിതകളെ ആധാരമാക്കി രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ മതം തന്നെയാണ്. മതേതര ജനാധിപത്യത്തെ തന്നെ ഉന്മൂലനം ചെയ്യുകയും അതിന്റെ സ്ഥാനത്ത് ഹിന്ദുത്വ വിഭാവനങ്ങള്‍ക്ക് അനുസൃതമായി മനുഷ്യനെയും വ്യവസ്ഥയെയും സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x