9 Sunday
May 2021
2021 May 9
1442 Ramadân 26

ബദ്‌റിനോടുള്ള ചരിത്രത്തിന്റെ സമീപനമല്ല, ചരിത്രത്തോടുള്ള ബദ്‌റിന്റെ സമീപനം

മുഹമ്മദ് ശമീം


ഖുര്‍ആന്റെ ലോക, ജീവിത ദര്‍ശനത്തില്‍ ഫുര്‍ഖാന്‍ എന്ന പദത്തിന് അത്യധികം പ്രാധാന്യമുണ്ട്. പ്രധാനമായും അത് ഖുര്‍ആന്റെ തന്നെ വിശേഷണപദമാണ് എന്നതിനാല്‍. ഒപ്പം മുന്‍കാലവേദങ്ങള്‍ക്കും ഖുര്‍ആന്‍ അതേ വിശേഷണം നല്‍കിയിട്ടുമുണ്ട്. പല അര്‍ഥങ്ങളുണ്ട് ഈ പദത്തിന്. മാനദണ്ഡം എന്നതാണ് പ്രധാനം. രേഖ, തെളിവ്, സത്യപ്രസ്താവന, വിശുദ്ധപ്രമാണം എന്നിങ്ങനെയും ഫുര്‍ഖാനിന് അര്‍ഥങ്ങളുണ്ട്. ഫറഖ എന്ന ക്രിയയുടെ കൃതികൃത്തായി പരിഗണിക്കുമ്പോള്‍ വേര്‍തിരിക്കല്‍ എന്ന അര്‍ഥം വരും ഇതിന്. ഒപ്പം നിര്‍ണയിക്കല്‍, നിശ്ചയിക്കല്‍ എന്നിങ്ങനെയും. സുറിയാനിയില്‍ ‘പുര്‍ഖാന’ എന്നും എബ്രായയില്‍ (ഹീബ്രു) ‘പുര്‍ഖാന്‍’ എന്നും ഉച്ചരിക്കപ്പെടുന്ന പദത്തില്‍ നിന്നാണ് ഫുര്‍ഖാന്റെ നിഷ്പത്തി എന്ന് ചിന്തിച്ചാല്‍ അതിന് പ്രായശ്ചിത്തം, വിമോചനം, മോക്ഷം എന്നെല്ലാം അര്‍ഥമാകും. പുര്‍ഖാന്‍, പുര്‍ഖാന എന്നെല്ലാം പറയുമ്പോള്‍ അര്‍ഥമാക്കപ്പെടുന്നത് ഈ ആശയങ്ങളാണ്.
സത്യാസത്യങ്ങളുടെ പോരാട്ടം
സാങ്കേതികമായി ഖുര്‍ആന്‍ ഈ പദം പ്രയോഗിക്കുമ്പോള്‍ ഈ അര്‍ഥങ്ങളെല്ലാം അതില്‍ ചേരുന്നുണ്ട് എന്ന് വേണം കരുതാന്‍. ഈ വിശേഷണം മൂന്ന് കാര്യങ്ങള്‍ക്ക് നല്‍കുന്നുണ്ട് ഖുര്‍ആന്‍. ഒന്ന് ഖുര്‍ആനിന് തന്നെ. രണ്ടാമതായി ഈ വിശേഷണം നല്‍കുന്നത് തഖ്‌വയുടെ പ്രകാശനത്തിനാണ്. അഥവാ യഥാര്‍ഥ മുത്തഖിയുടെ മനസ്സാണ് ഫുര്‍ഖാന്‍ ആയി അവതരിപ്പിക്കപ്പെടുന്നത്. സൂറത്തുല്‍അന്‍ഫാലില്‍ ”29-ാം വാക്യത്തിലാണ് ആ പരാമര്‍ശം. ‘ബോധമുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് സൂക്ഷ്മത കൈക്കൊള്ളുകയാണെങ്കില്‍, നിങ്ങള്‍ക്ക് അവന്‍ ഒരു ഫുര്‍ഖാന്‍ ഉണ്ടാക്കിത്തരും. നിങ്ങളുടെ തെറ്റുകളെയവന്‍ മായ്ച്ചുകളയും. നിങ്ങള്‍ക്ക് പൊറുത്തും തരും. മഹത്തായ ഔദാര്യത്തിനുടയവനല്ലോ അല്ലാഹു.”
ഈ വിശേഷണം നല്‍കപ്പെടുന്ന മൂന്നാമത്തെ കാര്യവും സൂറ ത്തുല്‍ അന്‍ഫാലില്‍ത്തന്നെ പരാമര്‍ശിക്കപ്പെടുന്നു. അതിലെ 41-ാം ആയത്ത്. ”അറിഞ്ഞിരിക്കണം, നിങ്ങള്‍ നേടിയെടുത്ത മുതലില്‍ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ റസൂലിനും പിന്നെ അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമുള്ളതത്രേ. അല്ലാഹുവിലും പിന്നെ യൗമുല്‍ഫുര്‍ഖാനില്‍ (ഫുര്‍ഖാന്റെ ദിനത്തില്‍) അഥവാ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിനത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും ബോധ്യമുള്ളവരാണ് നിങ്ങളെങ്കില്‍. സകലതിനും കരുത്തുറ്റവനത്രേ അല്ലാഹു.”
ഇത് മൂന്നും ചേര്‍ത്ത് ചിന്തിക്കുമ്പോള്‍, ഫുര്‍ഖാന്‍ അഥവാ മാനദണ്ഡം എന്ന ആശയം മൂന്ന് തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് ആശയപരമായിത്തന്നെ. രണ്ട് ജീവിതവുമായി ബന്ധപ്പെട്ട്. മൂന്ന് ചരിത്രപരമായി. മാനദണ്ഡം എന്നതിനെ സത്യാസത്യ വിവേചനബോധമായി മനസ്സിലാക്കുമ്പോള്‍, ആശയതലത്തില്‍ സത്യാസത്യങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിന്റെ ആധാരം വിശുദ്ധ ഖുര്‍ആനാണ്. ജീവിതത്തില്‍ അതിന്റെ അടിസ്ഥാനം തഖ്‌വയുള്ള മനസ്സാണ്. ചരിത്രത്തിലാകട്ടെ, സത്യാസത്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രത്യക്ഷമാണ് ബദ്ര്‍.
കൂട്ടത്തില്‍ച്ചേര്‍ത്ത് പറയേണ്ട ഒരു കാര്യം, ഇത് മൂന്നിനെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് റമദാന്‍ എന്നതാണ്. റമദാനിലാണ് വചനങ്ങളുടെ അവതരണം ആരംഭിക്കുന്നത്. റമദാനിലെ വ്രതാനുഷ്ഠാനം തഖ്‌വ എന്ന ഗുണം ആര്‍ജിക്കാന്‍ വേണ്ടിയുള്ളതാണ്. ചരിത്രത്തിലെ സത്യാസത്യസംഘര്‍ഷങ്ങളുടെ അടയാളമായ ബദ്ര്‍ സംഭവിക്കുന്നതും റമദാനിലാണ്.
മനുഷ്യചരിത്രം എന്നത് ഭൗതികമായി മാത്രം വായിക്കപ്പെടേണ്ട ഒന്നല്ല. ഭൗതികത്തെയും ആശയത്തെയും സമന്വയിക്കുന്ന ഒരു ദര്‍ശനമാണ് ഇസ്ലാം. മനുഷ്യന്‍ എന്ന സത്തയെയും ഇപ്രകാരം മാത്രമേ വിലയിരുത്താന്‍ പറ്റുകയുള്ളൂ. വിവേചനബോധവും യുക്തിചിന്തയും സവിശേഷതയായുള്ള സൃഷ്ടി എന്ന നിലക്ക് മനുഷ്യന്‍ ഒട്ടേറെ ആശയങ്ങളിലൂടെ കടന്നുപോകുന്ന അസ്തിത്വം (ലിശേ്യേ) ആണ്. ഒരര്‍ഥത്തില്‍ ആശയങ്ങളുടെ മഹാഖ്യാനമാണ് മനുഷ്യ ചരിത്രം തന്നെ. ആശയങ്ങളെയും സിദ്ധാന്തങ്ങളെയും തത്വശാസ്ത്രപരമായി സമീപിക്കാന്‍ കഴിവുള്ളവരാണെങ്കിലും അല്ലെങ്കിലും ഈ ആശയങ്ങളും അവ തമ്മിലുള്ള സംഘര്‍ഷങ്ങളും അവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളും സകല മനുഷ്യരുടെയും ജീവിതത്തില്‍ ഇടപെടുന്നുണ്ട്. സ്വാഭാവികമായും ഈ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാനും സത്തും അസത്തും (existence and non existence), ഉണ്മയും അഭാവവും (being and nothingness), ജ്യോതിസ്സും തമസ്സും (light and darkness), ചേതനയും ജഡവും (intellect and inert) ഈ എല്ലാ ദ്വന്ദ്വങ്ങള്‍ക്കുമപ്പുറം സത്യവും മിഥ്യയും (reality and falseness) തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ച ബോധം നേടാനും ഒരാധാരം, ഒരു മാനദണ്ഡം അനിവാര്യമായിത്തീരുന്നു. ഖുര്‍ആന്‍ പ്രവര്‍ത്തിക്കുന്നത് മൂല്യങ്ങളുടെയും ആശയങ്ങളുടെയും സത്യാസത്യവിവേചനത്തിനുള്ള മാനദണ്ഡമായാണ്.

ആശയതലത്തില്‍ നിന്ന് ജീവിതത്തിലേക്ക് വരുമ്പോഴാകട്ടെ, എല്ലായ്‌പോഴും പലതരം ചായ്‌വുകള്‍ (biases) മനുഷ്യനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഏത് കാലത്തും എവിടെയും ശരിയായ ബയാസുകള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ശരികള്‍ പലപ്പോഴും കാലദേശബന്ധിതമാണ്. സ്വാഭാവികമായും ഖുര്‍ആന്‍ എന്ന ഫുര്‍ഖാന്‍ മുന്നോട്ട് വെക്കുന്ന നീതി, നന്മ, മാനുഷികത തുടങ്ങിയ ശാശ്വതമൂല്യങ്ങളെ ആധാരമാക്കുന്ന ചായ്‌വുകള്‍ സ്വീകരിക്കുക എന്നത് പ്രധാനമാണ്. ഇതൊരുവശം. മറ്റൊരു ഭാഗത്ത് ദൈനംദിനമുള്ള എല്ലാ ഇടപാടുകളിലും സത്യത്തെയും നീതിയെയും മുറുകെപ്പിടിക്കുക എന്നത് ഖുര്‍ആന്റെ നിഷ്‌കൃഷ്ടവും നിശിതവുമായ കല്‍പനയാണ്. ആ അടിസ്ഥാനത്തില്‍ ഏറ്റവും ശരിയായ തീരുമാനങ്ങളിലേക്ക് സ്വയം നയിക്കാനുള്ള പ്രാപ്തി നമുക്ക് തരുന്നത് നാം ആര്‍ജിക്കുന്ന വിശുദ്ധി തന്നെയാണ്. ഈ വിശുദ്ധിയെയാണ് നാം തഖ്‌വ എന്ന് വിളിക്കുന്നത്.
ഇതിനപ്പുറം തെറ്റായ ചായ്‌വുകളിലേക്കും അഭിലാഷങ്ങളിലേക്കും നിലപാടുകളിലേക്കുമാണ് ചെകുത്താന്‍ നമ്മളെ നയിക്കുക എന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാത്താനികമായ ഇത്തരം പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ലോകത്ത് പലതരം അധികാരങ്ങളും താത്പര്യങ്ങളുമൊക്കെയായി രൂപപ്പെടുന്നത്. ഇവിടെ നീതിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള കലാപങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഇത്തരം കലാപങ്ങളുടെ ചരിത്രത്തെ മുഴുവനായുമാണ് ഖുര്‍ആന്‍ ഒരൊറ്റ ദിവസത്തിലേക്ക് സംഗ്രഹിക്കുന്നത്. എന്നിട്ടാണ് ആ ദിനത്തെ യൗമുല്‍ ഫുര്‍ഖാന്‍ എന്ന് വിളിക്കുന്നതും.

സംഘര്‍ഷങ്ങളുടെ ആഖ്യാനമായി ചരിത്രത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. കാള്‍ മാര്‍ക്‌സും ഫ്രീദ്രിഷ് എംഗല്‍സും ചേര്‍ന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോ ഒഫ് ദ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ) ആദ്യ അധ്യായത്തിലെ (Bourgeois and Proletarians) ആദ്യവാചകം തന്നെ The history of all hitherto existing society is the history of class struggles (നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസംഘര്‍ഷങ്ങളുടെ ചരിത്രമാണ്) എന്നാണല്ലോ. ചൂഷകനും ചൂഷിതനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചരിത്രത്തിന്റെ മുഖ്യപ്രമേയം തന്നെയാണ്. വിശേഷിച്ചും ചൂഷിതവര്‍ഗത്തോടൊപ്പം നില്‍ക്കുന്നത് എന്ന നിലക്ക് മാര്‍ക്‌സിയന്‍ ചരിത്രവിശകലനത്തിന് പ്രാധാന്യമൊക്കെയുണ്ട്. അപ്പോഴും ചൂഷണം എന്ന സാമൂഹ്യതിന്മ ഇതിന്റെ അടിസ്ഥാനമായി വരുന്നു.
അതായത്, നാളിതുവരെയുള്ള മനുഷ്യജീവിതത്തെ പോരാട്ടത്തിന്റെ ചരിത്രമായി കണക്കാക്കാമെങ്കില്‍ അത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഈ ചരിത്രത്തിന്റെ ആകത്തുകയാണ് ബദ്ര്‍. എന്നുവെച്ചാല്‍ ബദ്‌റിന്റെ ചരിത്രം എന്നത് ബദ്‌റിന്റെ മാത്രം ചരിത്രമല്ല. കേവലമൊരു യുദ്ധത്തിന്റെ വീരാപദാനം എന്ന നിലയിലേക്ക് അതിനെ താഴ്ത്തിക്കെട്ടുന്നത് ബദ്‌റിന്റെ യഥാര്‍ഥ സന്ദേശത്തിന് വിരുദ്ധമായി സങ്കുചിതത്വത്തിന്റെയും വംശീയതയുടെയും നിലപാടിലേക്ക് നമ്മെ തള്ളിവിടാന്‍ പോലും നിമിത്തമായേക്കാം. അത്തരത്തിലുള്ള അപദാനകഥകളാണ് പലപ്പോഴും നാം കേള്‍ക്കാറുള്ളതും. രണ്ട് രീതികള്‍ ഇത്തരം അപദാനങ്ങളില്‍ ബദ്ര്‍ ഉള്‍പ്പെടെ, പ്രവാചകന്റെയും അനുചരന്മാരുടെയും നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങളെ വിവരിക്കുന്നേടത്ത് സ്വീകരിക്കാറുണ്ട്. ഒന്ന് ഇതര സമൂഹങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ചരിത്രമായി അവയെ വായിക്കുന്നു എന്നതാണ്. രണ്ടാമത്തേത് കേവലം പ്രതിരോധമായി അവതരിപ്പിക്കുന്നു എന്നതും.
ഓരോ പോരാട്ടത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ രണ്ട് സമീപനങ്ങളിലും ശരിയുണ്ടാകാം. എന്നാല്‍ ഇതിനെല്ലാമപ്പുറം പ്രവാചകദൗത്യത്തിന്റെ സമഗ്രതയുമായി ബന്ധപ്പെട്ട് അവയെ സമീപിക്കുമ്പോള്‍, നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തിലുള്ള സബോധകമായ ഇടപെടലുകളായി കാണാന്‍ നമുക്ക് പറ്റുന്നു. ആത്യന്തിക വിജയം നന്മയ്ക്കാണ് എന്ന ഫലശ്രുതിയിലേക്കാണ് ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ ആഖ്യാനങ്ങളെയും ഖുര്‍ആന്‍ കൊണ്ടുപോകുന്നത്. തികച്ചും സ്വാഭാവികമായ ഒരാത്യന്തികപരിണതി എന്ന നിലക്ക് അക്കാര്യം മുന്നോട്ട് വെക്കുമ്പോഴും ചരിത്രത്തിലുള്ള മനുഷ്യന്റെ ഇടപെടല്‍ എന്നത് മുഖ്യമായ കാര്യമാണ്. ഈ ഇടപെടല്‍ ഒരുപക്ഷേ ഒരു യുദ്ധത്തിന്റെ രൂപത്തിലുമാകാം എന്നതിനപ്പുറമുള്ള പ്രാധാന്യമൊന്നും യുദ്ധത്തിന് ഇസ്‌ലാമിലില്ല.
മഹത്തായ ഒരുടമ്പടി
നുബുവ്വത്തിന് മുമ്പ് പ്രവാചകചരിത്രത്തില്‍ നടന്ന വലിയ ഗോത്രയുദ്ധമായിരുന്നു ഫിജാര്‍ യുദ്ധം. ഇതെത്തുടര്‍ന്നുണ്ടായ ഒരു കരാറില്‍ പങ്ക് വഹിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളിലൊന്നായി പ്രവാചകന്‍ അനുസ്മരിക്കാറുണ്ടായിരുന്നു. ഹില്‍ഫുല്‍ ഫുദൂല്‍ (നന്മകളുടെ ഉടമ്പടി) എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്. ഗോത്രപ്പോരിന്റെ കെടുതികളും അതിലെ അനീതികളും അവസാനിപ്പിക്കുവാന്‍ വേണ്ടി നിലവില്‍ വന്ന ഒരു കോണ്‍ഫെഡറസിയായിരുന്നു അത്. പ്രവാചകത്വത്തിന് ശേഷവും നബി ഇതിന് നല്‍കിയ പ്രാധാന്യം കാരണം ഇസ്‌ലാമിക സാമൂഹിക ധാര്‍മികതയെക്കുറിച്ച ചര്‍ച്ചയില്‍ സുപ്രധാനമായ സ്ഥാനം ഈ ഉടമ്പടിക്കുണ്ട്.
ഇസ്‌ലാമിന്റെ പ്രബോധനത്തിനും ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനും ശേഷവും ഈ കോണ്‍ഫെഡറസിയുടെ സാധുതയെയും കരാറിന്റെ പവിത്രതയെയും (കോണ്‍ഫെഡറസിയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും അമുസ്‌ലിംകളായിരുന്നിട്ടും) മുഹമ്മദ് നബി മാനിച്ചു. ഇതില്‍ പ്രഖ്യാപിക്കപ്പെട്ട നീതിയെയും മൂല്യങ്ങളെയും ഇസ്ലാമിന്റെ പ്രബോധനത്തിലും നബി ഉള്‍ച്ചേര്‍ക്കുകയും ചെയ്തു. ഉള്‍ക്കൊള്ളലിന്റെ സ്വരമായിരുന്നു ഈ ഉടമ്പടിക്ക്. ഇസ്ലാമിക ധര്‍മനീതിയുടെ സ്വഭാവവും അത് തന്നെയായിരുന്നു എന്നത് പിന്നീടും നബി ഇതിനെ മാനിച്ചതില്‍ നിന്ന് മനസ്സിലാക്കാം. കോണ്‍ഫെഡറസിക്ക് പില്‍ക്കാലത്തും പ്രവാചകന്‍ നല്‍കിയ അംഗീകാരത്തെ നാല് കാര്യങ്ങളുടെ അടയാളമായി വിശകലനം ചെയ്ത ചരിത്രകാരന്മാരുണ്ട്. ഇസ്ലാമിക് ഡെമോക്രസി എന്ന ആശയത്തിന്റെ സാധുതയാണ് അതിലൊന്ന്. രണ്ടാമത്തെത് മനുഷ്യാവകാശങ്ങളോടുള്ള ഇസ്ലാമിന്റെ താത്പര്യമാണെങ്കില്‍ അത്തരം അവകാശങ്ങളുടെ സംരക്ഷണത്തോട് പ്രവാചകനും മുസ്ലിംകള്‍ക്കുമുള്ള വ്യഗ്രതയാണ് മൂന്നാമത്തെ തത്വം. നാലാമത്തെതാകട്ടെ, സ്വതന്ത്രേച്ഛ, മനുഷ്യമനസ്സാക്ഷി തുടങ്ങിയവയ്ക്ക് ഇസ്ലാം നല്‍കുന്ന അംഗീകാരവും.
ഇപ്പറഞ്ഞവയെ ഒന്നുകൂടി വിപുലമാക്കിയാല്‍ ഇസ്ലാമിക സമൂഹത്തിന് പുറത്തു നിന്നാണെങ്കിലും പൊതുമനസ്സാക്ഷിയില്‍ നിന്ന് ഉരുത്തിരിയുന്ന മൂല്യങ്ങളെ ഇസ്ലാം മുറുകെപ്പിടിക്കുന്നു. സ്വാഭാവികമായും അമുസ്ലിം വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മയെ അത് അംഗീകരിക്കുന്നു. എല്ലാറ്റിലുമുപരിയായി In the Footsteps of the Prophet എന്ന പുസ്തകത്തില്‍ താരീഖ് റമദാന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഒരു അടഞ്ഞ സമുദായത്തോടുള്ള പ്രതിബദ്ധത വളര്‍ത്തുന്നതിന് പകരം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് സാര്‍വത്രിക തത്വങ്ങളോടുള്ള (universal principles) കൂറാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇതര സമൂഹങ്ങളും മൂല്യവ്യവസ്ഥകളുമായി തിരസ്‌കാരം (exclusion), കലഹം (conflict), മാത്സര്യം (rivalry) എന്നീ നിലപാടുകളല്ല ഇസ്ലാം ആഗ്രഹിക്കുന്നത്.
ഇത്രയും വിശദമായി ഇവിടെ വിവരിച്ചത് ഇസ്ലാമിക മൂല്യവിചാരത്തിന്റെ ഈ ആധാരത്തിലും കൂടി വേണം ബദ്ര്‍ ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളെ വിലയിരുത്താന്‍ എന്നതു കൊണ്ടാണ്.
ഫിത്‌നയും പോരാട്ടവും
ബദ്ര്‍ രണം നല്‍കുന്ന
പാഠങ്ങളെന്തൊക്കെയാണ്?

ഏറ്റവും പ്രധാനം അത് വംശീയമായ ചിന്തകളെയും സംഘര്‍ഷങ്ങളെയും പൂര്‍ണമായും നിരാകരിക്കുന്നു എന്നതാണ്. ഗോത്രപരതയുടെ രൂപത്തിലാണ് അന്നത്തെ അറബികളില്‍ വംശീയബോധം നിലനിന്നിരുന്നത്. വിശുദ്ധഖുര്‍ആന്‍ സൂറത്തുല്‍ ഹുജുറാത്ത് പതിമൂന്നാം വാക്യത്തില്‍ ശുഊബ്, ഖബാഇല്‍ എന്നിങ്ങനെ രണ്ട് പദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ബഹുവചനപ്രയോഗങ്ങളാണ് രണ്ടും. ശഅ്ബ്, ഖബീല എന്നിങ്ങനെയാണ് ഏകവചനങ്ങള്‍. വംശങ്ങള്‍ (races) എന്നും ഗോത്രങ്ങള്‍ (tribes) എന്നും ശുഊബിനെയും ഖബാഇലിനെയും ലഘുവായി വിവര്‍ത്തനം ചെയ്യാം. ഇത് രണ്ടിന്റെയും അസ്തിത്വവും യാഥാര്‍ഥ്യവും പൂര്‍ണമായും അംഗീകരിച്ചു കൊണ്ടു തന്നെ ഈ വക കാര്യങ്ങളിലുള്ള ഉത്കൃഷ്ടതാവാദങ്ങളെ തീര്‍ത്തും തള്ളിക്കളയുകയും ചെയ്യുന്നു അല്‍ഹുജുറാത്തിലെ വാക്യം. ശ്രേഷ്ഠതയുടെ മാനദണ്ഡം ശുഊബിയഃ (racism), ഖബ്‌ലിയഃ (tribalism) എന്നിവയല്ലെന്നും അത് മാനവികമാണെന്നും സ്ഥാപിക്കുന്നു അത്. കല്‍പനാരൂപേണ പല കാര്യങ്ങളും പറയുന്ന അല്‍ഹുജുറാത്ത് സൂറയില്‍ അത് സംബന്ധമായ മറ്റ് വചനങ്ങളിലെല്ലാം സംബോധന ചെയ്യുന്നത് യാ അയ്യുഹല്ലദീന ആമനൂ (ഗ്രാഹ്യമുള്ളവരേ) എന്നാണെങ്കില്‍ ഈ വചനത്തില്‍ മാത്രം അത് യാ അയ്യുഹന്നാസ് (ഹേ, മനുഷ്യരേ) എന്നാണ് എന്നതും ശ്രദ്ധിക്കുക. (ഈമാന്‍ എന്നതിനെക്കുറിച്ച ശരിയായ തിരിച്ചറിവ് നല്‍കുന്ന വചനവും അല്‍ഹുജുറാത്തില്‍ത്തന്നെയാണ് ഉള്ളത്. പതിനാലാം വാക്യം. കേവലം വിശ്വാസം എന്ന അര്‍ഥത്തിലല്ല ഈമാനിനെ മനസ്സിലാക്കേണ്ടത് എന്ന് അത് വായിക്കുമ്പോള്‍ തോന്നുന്നു. അതുകൊണ്ടാണ് വിശ്വാസികളേ എന്ന സാമ്പ്രദായിക വിവര്‍ത്തനം ഇവിടെ ഒഴിവാക്കുന്നത്). കല്‍പനാരൂപേണയുള്ള ഈ സൂറയിലെ വര്‍ത്തമാനങ്ങളാകട്ടെ, മനുഷ്യത്വത്തെക്കുറിച്ച ഈ വചനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. മുഅ്മിനുകളെ (ഗ്രാഹ്യമുള്ളവര്‍) സംബോധന ചെയ്തുകൊണ്ട് പ്രത്യേകമായി നല്‍കുന്ന കല്‍പനകളെ മാനവികം എന്ന സമഗ്രതയിലേക്ക് സംക്ഷേപിക്കുകയും കൂടിയാണ് അവിടെ ഖുര്‍ആന്‍.
ശുഊബിയക്കും ഖബ്‌ലിയക്കും എതിരായി ഖുര്‍ആന്‍ കൈക്കൊണ്ട നിലപാട് ആധുനിക മനുഷ്യന് പല കുറി ആവര്‍ത്തിച്ച് സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഗോത്രങ്ങളെ അടിച്ചമര്‍ത്തുന്നിടത്തും ഇതര വംശങ്ങള്‍ക്ക് മേല്‍ അധികാരം നേടുന്നിടത്തും വംശീയമായ സിദ്ധാന്തങ്ങള്‍ സ്വീകരിച്ച, വൈറ്റ് ഇംപീരിയലിസവും കൊളോണിയലിസവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വരെ ശാസ്ത്രത്തെപ്പോലും അതിനായി ഉപയോഗിച്ചു എന്നതാണ് വസ്തുത. ഇന്നും ആദരിക്കപ്പെടുന്ന പല ശാസ്ത്രജ്ഞന്മാരും അംഗീകരിച്ച ഒരു തത്വമായിരുന്നു സയന്റിഫിക് റേസിസം.
എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും അധിനിവേശങ്ങള്‍ക്കുമൊടുവില്‍ 1950-ല്‍ യുനെസ്‌കോ ഠവല ഞമരല ഝൗലേെശീി എന്ന പേരില്‍ ഒരു പ്രസ്താവന ഇറക്കി. വംശം എന്നതിന്റെ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളെയും മിത്തുകളെയും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ട് എന്ന് അതില്‍ പറയുന്നു. വംശം എന്നത് ഒരിക്കലും ഒരു ജീവശാസ്ത്ര പ്രതിഭാസം (biological phenomenon) അല്ലെന്നും അതൊരു സാമൂഹിക മിത്ത് (social myth) മാത്രമാണെന്നുമുള്ള തിരിച്ചറിവും പ്രകാശിപ്പിക്കുന്നു. ഈ മിത്ത് ആകട്ടെ, മാനുഷികവും സാമൂഹ്യവുമായ ഒട്ടേറെ ഡാമേജുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മനുഷ്യജീവിതത്തില്‍ കനത്ത നാശനഷ്ടവും വിവരണാതീതമായ ദുരിതങ്ങളും വിതയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പ്രസ്താവന തിരിച്ചറിയുന്നു. ബയളജിക്കല്‍ എന്നതിനെക്കാള്‍ ഒരു സോഷ്യോപൊളിറ്റിക്കല്‍ ഫെനോമെനന്‍ ആയാണ് വംശം എന്നതിനെ വിലയിരുത്തേണ്ടത് എന്ന് ആന്ത്രോപോളജിസ്റ്റുകള്‍ തീരുമാനിക്കുകയും ചെയ്തു.
അതേസമയം തത്വശാസ്ത്രവും ശാസ്ത്രവും ചരിത്രവും ഒക്കെ വച്ചുകൊണ്ടുള്ള വംശീയ ചിന്തകള്‍ മനുഷ്യരാശിക്ക് മേല്‍ വര്‍ഷിച്ച ദുരിതങ്ങള്‍ ഇപ്പോഴും ശക്തിയായി തുടരുന്നു എന്നതാണ് ശരി.
ഈ പശ്ചാത്തലത്തില്‍ സൂറഃ അല്‍ഹുജുറാത്തിന്റെ ഈ വായന കൂടുതല്‍ പ്രസക്തമായിത്തീരുന്നു. ഒരു സാമൂഹ്യരാഷ്ട്രീയ യാഥാര്‍ഥ്യം എന്ന നിലക്ക് ശുഊബിനെയും ഖബാഇലിനെയും ഖുര്‍ആന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ വംശീയവും ഗോത്രപരവുമായ ശുദ്ധി, ശ്രേഷ്ഠതാ വാദങ്ങളെ മുഴുവനായും, ഒരനുരഞ്ജനവും സാധ്യമല്ലാത്ത വിധം തള്ളിക്കളയുകയും ചെയ്യുന്നു.
ഈ മാനവികതയാണ് ബദ്‌റില്‍ ജയം നേടിയത് എന്നതാണ് അതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചരിത്രപാഠം. ബദ്ര്‍ രണത്തോടെ, ഭ്രഷ്ടനായ ഒരു മക്കക്കാരന്‍ (Meccan outcast) എന്നതില്‍ നിന്ന് പുതിയൊരു സമൂഹത്തിന്റെയും ജീവിതത്തിന്റെയും മാനവിക നൈതികതയുടെയും വ്യവസ്ഥയായ മദീനയുടെ നേതാവ് എന്ന പദവിയില്‍ മുഹമ്മദ് നബിയെ അംഗീകരിക്കാന്‍ അന്നത്തെ അറബ് സമൂഹം നിര്‍ബന്ധിതമാവുകയും ചെയ്തു.
ഫിത്‌നഃ അവസാനിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പ്രലോഭനം എന്നതോടൊപ്പം ദുരിതം, പീഡനം എന്നിങ്ങനെയും അര്‍ഥമുള്ള പദമാണ് ഫിത്‌ന. മനുഷ്യനെ മനുഷ്യന്‍ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന എല്ലാ സമ്പ്രദായങ്ങളെയും സംഭവങ്ങളെയും ഫിത്‌ന എന്ന് വിളിക്കാം. ഫിത്‌ന അവസാനിക്കുന്നേടത്താണ് ദീന്‍ (ധര്‍മം, മാര്‍ഗം) അല്ലാഹുവിന്റേതായി മാറുക എന്ന അര്‍ഥത്തില്‍ വേണം സൂറത്തുല്‍ ബഖറയിലെ നൂറ്റിത്തൊണ്ണൂറ്റി മൂന്നാം വാക്യം വായിക്കേണ്ടത് എന്ന് തോന്നുന്നു.
തുടക്കത്തില്‍ പറഞ്ഞ, നന്മ തിന്മകളുടെ സംഘര്‍ഷത്തില്‍ തിന്മ മേല്‍ക്കൈ നേടുന്ന സന്ദര്‍ഭങ്ങളുടെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ഫിത്‌ന. ഇടപെടാനും പൊരുതാനും കല്‍പിക്കുന്നേടത്ത് ഫിത്‌നയെ തകര്‍ക്കുക എന്നത് ലക്ഷ്യമായിത്തീരുന്നതും അതുകൊണ്ടാണ്. ഫിത്‌ന എന്നത് നീതിയുടെ വിപരീതമാണ്. ഫിത്‌ന ഇല്ലാതാവുന്നതോടെ നീതി പുലരും. നീതി പുലരുമ്പോഴാണ് ദീന്‍ അല്ലാഹുന്റേതായിത്തീരുക.
ഒരു സര്‍ഗാത്മക ന്യൂനപക്ഷത്തെക്കുറിച്ചുള്ള ആര്‍നള്‍ഡ് ടോയിന്‍ബിയുടെ ചിന്തയുമായി ബന്ധപ്പെട്ടും ബദ്‌റിനെ വായിക്കാം. നന്മ – തിന്മ ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പൊതുവിശകലനങ്ങളില്‍ ഖുര്‍ആന്‍ പറയുന്ന ഒരു കാര്യമുണ്ട്. ”എത്രയോ ചെറുസംഘങ്ങള്‍ (ഫിഅതുന്‍ ഖലീല) അല്ലാഹുവിന്റെ കല്‍പനയാല്‍ വന്‍ സൈന്യങ്ങളെ (ഫിഅതുന്‍ കഥീറ) അതിജയിച്ചിട്ടുണ്ട്.” (സൂറത്തുല്‍ബഖറ 249).
സര്‍ഗാത്മക (ക്രിയാത്മക) ന്യൂനപക്ഷങ്ങള്‍ (creative minorities) എന്ന ആശയം ടോയിന്‍ബി മുന്നോട്ട് വെക്കുന്നത് A Study of Historyയിലാണ്. അതേസമയം ടോയിന്‍ബിക്ക് മുമ്പ് ഈയാശയം അവതരിപ്പിച്ചത് ഇബ്‌നു ഖല്‍ദൂന്‍ ആണ്. ഏതൊരു സമൂഹത്തിന്റെയും നാഗരികതയുടെയും വികാസത്തെയും വളര്‍ച്ചയെയും നയിക്കുന്നത് ക്രിയേറ്റീവ് മൈനോറിറ്റീസ് ആണ്. ഒരു സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് അവര്‍ പരിഹാരം കണ്ടെത്തുന്നു. അറബ് സമൂഹത്തിന്റെ വിശ്വാസപരവും സാമൂഹ്യവുമായ ധാര്‍മികത്തകര്‍ച്ചകള്‍ക്കെതിരായ ശബ്ദമാണ് പ്രവാചകനില്‍ നിന്നും അനുയായികളില്‍ നിന്നും ഉയര്‍ന്നത്. ഈ ശബ്ദം സൃഷ്ടിച്ച സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോഴാണ് സൈനികമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രവാചകന്റെ ആദ്യ സൈനിക സംരംഭവും ആദ്യവിജയവും ബദ്ര്‍ ആണ്. ബദ്‌റില്‍ പരസ്പരം പൊരുതുമ്പോഴാകട്ടെ, പ്രവാചകനൊപ്പമുണ്ടായിരുന്നത് ഒരു ചെറുന്യൂനപക്ഷം. എന്നാല്‍ ഫിഅതുന്‍ ഖലീലയെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശത്തെ സാധൂകരിക്കുന്ന വിധത്തില്‍ ആ ചെറു ന്യൂനപക്ഷം വിജയം നേടി. സര്‍വായുധസജ്ജരായ ഭൂരിപക്ഷത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
ചെറുതായാലും വലുതായാലും ചരിത്രത്തില്‍ എല്ലാ സര്‍ഗാത്മക സമൂഹങ്ങളെയും പിന്നീട് ജഡികത ബാധിച്ചിട്ടുണ്ട്. അതോടെ അവരുടെ സര്‍ഗാത്മകത അവസാനിക്കുന്നു. അത് കേവലം ഡോമിനന്റ് മൈനോറിറ്റി ആയി അധപ്പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയും വിവരിക്കുന്നുണ്ട് ടോയിന്‍ബി. പ്രകാശമാനമായ ചരിത്രം പോലും അതിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന് കേവലം ചേരിപ്പോരിന്റെ ആഖ്യാനമായി അധപ്പതിക്കുന്നതും അതിന്റെ ഫലമാണ്. ബദ്‌റിനെയും വിഭാഗീയമായ അന്തസ്സുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതും അതാണ്.
മനുഷ്യന്റെ സ്വതന്ത്രവും വിശുദ്ധവുമായ പ്രകൃതം, ഇച്ഛാശക്തി ഒപ്പം നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിനിധാനമാണ് ഇസ്ലാമും തൗഹീദും. അല്ലാഹു എന്ന ഏകത്വത്തില്‍ മാനുഷികതയെ ഏകോപിപ്പിക്കാനാണ് ഇസ്ലാമിന്റെ പരിശ്രമം. ഈ പരിശ്രമത്തിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ് പ്രവാചകജീവിതത്തിലെ ഓരോ സംഭവങ്ങളും. അവിടുത്തെ യുദ്ധങ്ങളും അപ്രകാരം തന്നെ വായിക്കപ്പെടണം. അതിലെ ഏറ്റവും ഉജ്വലമായ അടയാളമാണ് ബദ്ര്‍. നന്മ-തിന്മ സംഘര്‍ഷങ്ങളുടെ ആഖ്യാനമായ മനുഷ്യചരിത്രത്തിന്റെ ഒരു മാനദണ്ഡമോ നിദര്‍ശനമോ ആയി ബദ്‌റിനെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതും അതുകൊണ്ടാണ്. കോരിത്തരിപ്പിക്കുന്ന യുദ്ധചരിത്രം എന്നതിനെക്കാള്‍, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരപോരാട്ടത്തിന്റെ അടയാളമാണത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x