11 Wednesday
September 2024
2024 September 11
1446 Rabie Al-Awwal 7

ആത്മീയതയില്‍ ഊന്നിയ ആത്മവിശ്വാസം

ഹഫ്‌സ അദ്ഹം; വിവ. നാദിര്‍ ജമാല്‍


ഇന്ന് ആത്മവിശ്വാസത്തിന് നിരവധി നിര്‍വചനങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട സ്വഭാവഗുണമായി പരിഗണിക്കപ്പെടുന്നു. ആത്മവിശ്വാസം നമ്മുടെ ജോലിയിലെ ഒരു മാനദണ്ഡം കൂടിയാണ്. കാരണം, അതുവഴിയാണ് നമ്മള്‍ ശ്രദ്ധിക്കപ്പെടേണ്ടതും മുന്നേറേണ്ടതും എല്ലാ ജീവിതാഭിലാഷങ്ങളും നേടിയെടുക്കേണ്ടതുമെന്ന് പഠിപ്പിക്കപ്പെടുന്നു. ഇക്കാലത്ത്, നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ദ്രുതഗതിയിലുള്ള പരിഹാര തന്ത്രങ്ങളുടെയും സൂത്രവാക്യങ്ങളുടെയും സെല്‍ഫ് ഹെല്‍പ് നിങ്ങള്‍ക്ക് ലഭ്യമാണ്.
നിങ്ങളുടെ ഉള്‍ക്കാഴ്ച, പെരുമാറ്റം തുടങ്ങിയവയില്‍ ആത്മവിശ്വാസത്തിന് നിര്‍ണായക പങ്കുണ്ട്. അതിനാല്‍ അത് എല്ലാവര്‍ക്കും ആവശ്യമാണ് എന്നതാണ് യാഥാര്‍ഥ്യം. കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള നിങ്ങളുടെ ബന്ധം, ജോലി പ്രകടനം, കമ്മ്യൂണിറ്റിയിലെ നിങ്ങളുടെ ഇടപെടല്‍, ജീവിതത്തിലെ ഏറ്റവും ചെറിയ ആഗ്രഹങ്ങള്‍ മുതല്‍ ഏറ്റവും വലിയതുവരെ നേടാനുള്ള നിങ്ങളുടെ കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ഇതിനു കഴിയും.
ഇന്ന് ആത്മവിശ്വാസത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വാക്യം, നിങ്ങള്‍ സ്വയം വിശ്വസിക്കുക എന്നതാണ്. വിശ്വാസികള്‍ എന്ന നിലയില്‍, സ്വയം വിശ്വസിക്കുക എന്ന ഈ ധാരണക്ക് പ്രസക്തിയുണ്ട്. പക്ഷേ അതിനൊരു മുന്‍കരുതല്‍ ആവശ്യമുണ്ട്. ഓരോ നിമിഷത്തിലും നമ്മുടെ ആത്മവിശ്വാസം എവിടെ നിന്നാണ് വരുന്നതെന്നും അത് നമ്മുടെ വിശ്വാസങ്ങള്‍, സ്വഭാവം, പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ നമ്മെ നയിക്കുന്നത് എങ്ങോട്ടാണെന്നും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഒരാള്‍ക്ക് സ്വന്തമായതും അയാള്‍ ചെയ്യുന്നതും അടിസ്ഥാനമാക്കി അയാളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള പ്രലോഭനം സ്വാഭാവികമാണ്. നമ്മുടെ ശാരീരിക രൂപം, ജോലിസ്ഥലത്തുള്ള നമ്മുടെ പ്രവര്‍ത്തനം, ബോസ് പറയുന്ന കാര്യങ്ങള്‍, എത്ര ബാങ്ക് ബാലന്‍സുണ്ട്, മറ്റുള്ളവര്‍ നമ്മളെ സാമൂഹികമായി അംഗീകരിക്കുന്ന നമ്മുടെ ബിരുദം തുടങ്ങിയവയെ അധികരിച്ച് നമുക്ക് നല്ല ആത്മവിശ്വാസം അനുഭവപ്പെടും. ഇവയെല്ലാം വളരെ താല്‍ക്കാലിക സ്വഭാവമുള്ള സാധൂകരണത്തിന്റെ ബാഹ്യരൂപങ്ങളാണ്. നാം യഥാര്‍ഥത്തില്‍ ആരാണെന്നതിനു വിരുദ്ധമായി, നാം ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ആത്മവിശ്വാസം നേടാനുള്ള ശ്രമം, ബാഹ്യമായതിനെ പിന്തുടരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉള്ളിലുള്ളതിനെ അവഗണിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. അല്ലാഹു കാണുന്നതിലേക്ക് ശ്രദ്ധ ചെലുത്തുന്നതില്‍ നിന്ന് നാം വ്യതിചലിക്കുന്നു.
അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു നോക്കുന്നത് നിങ്ങളുടെ രൂപത്തിലോ സമ്പത്തിലോ അല്ല, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ്” (സ്വഹീഹ് മുസ്‌ലിം).
ആത്മവിശ്വാസത്തിന്റെ വിവിധ രീതികള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. സുശക്തവും ആരോഗ്യപൂര്‍ണവും ആത്മീയമായി സമ്പന്നമാക്കുന്നതും മുതല്‍ താല്‍ക്കാലിക സ്വഭാവമുള്ളതും വിഷലിപ്തവുമായ രൂപങ്ങള്‍ അതിനുണ്ട്. നമ്മെ ആത്മീയതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതും ക്ഷേമ-ഐശ്വര്യങ്ങളില്‍ നിന്നും അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തില്‍ നിന്നും അകറ്റുന്നതും അഹന്തയെ ഊതിവീര്‍പ്പിക്കാന്‍ മാത്രം സഹായിക്കുന്നതുമായ ആത്മവിശ്വാസത്തിന്റെ വിവിധ രീതികള്‍ വേര്‍തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
ഇസ്‌ലാമികമായി അടിയുറച്ച
ആത്മവിശ്വാസം

പ്രസംഗിക്കാന്‍ ഭയവും ആത്മവിശ്വാസക്കുറവുമുള്ള ഒരാളാണ് ഞാനെന്ന് നിങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല. കാരണം, ആ ഭയം മറയ്ക്കുന്നതില്‍ ഞാന്‍ മിടുക്കനായിരുന്നു. എനിക്കു ചുറ്റുമുള്ള എല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു നിറം മാറുന്ന ഓന്തിനെപ്പോലെയായിരുന്നു ഞാന്‍. പക്ഷേ, അതോടൊപ്പം എവിടെയോ എന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടു. പലപ്പോഴും എനിക്കു തന്നെ ഹാനികരമാകുന്ന വിധത്തില്‍, ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും ആളുകളെ പ്രീതിപ്പെടുത്താനും ഉന്നത നേട്ടം കൈവരിച്ചവനായി മാറാനും ഓടിനടന്നു. എന്നെ സാധൂകരിക്കാനും എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും മറ്റുള്ളവര്‍ ആവശ്യമാണെന്ന വികാരത്തിന്റെ റോളര്‍കോസ്റ്ററില്‍ ഞാന്‍ ഓടിത്തളര്‍ന്നു.
വര്‍ഷങ്ങള്‍ നീണ്ട വ്യക്തിത്വവികസന പരിശീലനത്തിനു ശേഷം ചില കാര്യങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടു. ആധികാരികത, സ്വീകാര്യത, എന്റെ യഥാര്‍ഥ വ്യക്തിത്വവുമായുള്ള ബന്ധം എന്നിവ ഞാന്‍ തിരിച്ചറിഞ്ഞു. അതിലൂടെ ഞാന്‍ ഒരു അടിസ്ഥാന സത്യം മനസ്സിലാക്കി: അചഞ്ചലമായ ആത്മവിശ്വാസം അനുഭവിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്നത് നിങ്ങളുടെ വ്യക്തിത്വം, പരിശ്രമങ്ങള്‍, ശ്രദ്ധ തുടങ്ങിയവ അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസത്തില്‍ കേന്ദ്രീകരിക്കുക എന്നതാണ്.
ഈ ഘട്ടത്തിലാണ് ഞാന്‍ ലൈഫ് കോച്ചായി യോഗ്യത നേടിയത്. ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ മറ്റുള്ളവരില്‍ നിന്ന് തടയാന്‍ എനിക്ക് കഴിയും. അല്ലാഹുവിന്റെ കാരുണ്യത്താല്‍, കഴിഞ്ഞ ആറു വര്‍ഷമായി ഞാന്‍ ആത്മവിശ്വാസത്തിന്റെ ഒരു പുതിയ ചട്ടക്കൂടില്‍ ഗവേഷണം ചെയ്യുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അത് വിശ്വാസത്തില്‍ വേരൂന്നിയതാണ്, അഹംഭാവത്തിലോ ഈഗോയിലോ അല്ല. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളെ ഞാന്‍ പ്രഭാഷണങ്ങളും ശില്‍പശാലകളും പരിശീലിപ്പിച്ചിട്ടുണ്ട്. അഹംഭാവത്തില്‍ അധിഷ്ഠിതമായ ആത്മവിശ്വാസത്തില്‍ നിന്ന്, അല്ലാഹുവുമായുള്ള അവരുടെ വിശ്വാസത്തിലും ബന്ധത്തിലും ആഴത്തില്‍ വേരൂന്നിയ യഥാര്‍ഥ ആന്തരിക ആത്മവിശ്വാസത്തിലേക്ക് മാറാന്‍ അവരെ സഹായിക്കുന്നു.
ഇസ്‌ലാമിക തത്വങ്ങളില്‍ വേരൂന്നിയ ആഴത്തിലുള്ള ആന്തരിക പ്രവര്‍ത്തനത്തിന്റെ സമഗ്രമായ ഒരു പ്രക്രിയയാണ് ഈ ആത്മവിശ്വാസം. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും നിലനില്‍ക്കാന്‍ കഴിയുന്ന ആത്മീയമായി ഉറപ്പിച്ച ആത്മവിശ്വാസത്തോടെയും ദൃഢതയോടെയും നമ്മുടെ ഫിത്‌റയിലേക്ക് വീണ്ടും കണക്റ്റ് ചെയ്യാന്‍ അതിനു സാധിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x