28 Thursday
March 2024
2024 March 28
1445 Ramadân 18

അര്‍ഥരഹിതമായ അധികാരം

സുഫ്‌യാന്‍


1995-ലെ ഉംബെര്‍ട്ടോ എക്കോവിന്റെ ഫാസിസത്തെ സംബന്ധിച്ച ലേഖനം ധാരാളമായി ഉദ്ധരിക്കപ്പെടാറുണ്ട്. വൈവിധ്യങ്ങളോടുള്ള ഭയം, ഏകശിലാത്മകത അടിച്ചേല്‍പ്പിക്കല്‍, പാരമ്പര്യത്തിലും കള്‍ട്ടുകളിലും അമിതമായി ഊന്നല്‍ നല്‍കല്‍, പാര്‍ലമെന്ററി സംവിധാനത്തെ അപ്രസക്തമാക്കല്‍ തുടങ്ങിയവ ഫാസിസത്തിന്റെ ലക്ഷണങ്ങളായാണ് എക്കോ എണ്ണിയിട്ടുള്ളത്. അതേ സമയം, ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ ജര്‍മനിയിലേതു പോലെ ക്ലാസിക്കല്‍ സ്വഭാവത്തിലല്ല എന്ന നിരീക്ഷണം പ്രസക്തമാണ്. ഇന്ത്യയില്‍ അതിന് രൂപമാറ്റമുണ്ട്. അതുകൊണ്ടാണ് ഫാസിസ്റ്റ് വിരുദ്ധരായ ചില രാഷ്ട്രീയക്കാര്‍ പോലും ഇന്ത്യയില്‍ ഫാസിസമുണ്ടോ എന്ന ചോദ്യത്തിന് മുമ്പില്‍ ആശയക്കുഴപ്പത്തിലാവുന്നത്. കാരണം, ഇന്ത്യയില്‍ ഫാസിസം പ്രവര്‍ത്തിക്കുന്നത് പോപുലിസത്തിലൂടെയാണ്. പോപുലിസം എന്നാല്‍ അതൊരു പോസ്റ്റ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്.
പോപുലിസം
ജനകീയത എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ പോപുലിസത്തിന്റെ രാഷ്ട്രീയ അര്‍ഥം ചോര്‍ന്നുപോകും. അധികാരം നിലനിര്‍ത്താനും പ്രയോഗിക്കാനും ജനങ്ങളുടെ അംഗീകാരം നിര്‍ബന്ധമാണ്. കണ്‍സെന്റ് ഇല്ലാത്ത അധികാരം അര്‍ഥരഹിതമാണ്. ഈ അംഗീകാരം നേടിയെടുക്കാനും നിലനിര്‍ത്താനും വേണ്ടി ഭരണകൂടം പുറത്തെടുക്കുന്ന രീതികളിലൊന്നാണ് പോപുലിസം. യാഥാര്‍ഥ്യം, വസ്തുത, നീതി, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളൊന്നും പരിഗണിക്കാതെ തന്നെ പൊതുബോധവും ജനകീയതയും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വലതുപക്ഷ പോപുലിസം എന്നാല്‍ ഫാസിസമാണ് എന്നു നിരീക്ഷിക്കുന്നവരുണ്ട്. ഫാസിസവും പോപുലിസവും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്.
ലെജിറ്റിമസി അഥവാ നിയമസാധുത നേടുന്നതിന് ഫാസിസം അക്രമത്തെ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാന വ്യത്യാസം. അതുപോലെ ഫാസിസം നേര്‍ക്കുനേരെ ജനാധിപത്യത്തെ നിരാകരിക്കുകയും ചെയ്യുന്നു. എല്ലാ ഫാസിസ്റ്റുകളും പോപുലിസ്റ്റുകളാണ്. നേരെ തിരിച്ചാവണം എന്നില്ല. പോപുലിസത്തിന്റെ ലക്ഷണങ്ങളായി എണ്ണിയിട്ടുള്ളത് ജനങ്ങളെ പല തട്ടുകളായി തിരിക്കുക, ബുദ്ധിജീവികളോടുളള ശത്രുതയില്‍ അഭിമാനം കൊള്ളുക, ധ്രുവീകരണ ചിന്തകള്‍ക്ക് പ്രോത്സാഹനം നല്‍കുക, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുക തുടങ്ങിയവയാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഫാസിസം രൂപമാറ്റം സംഭവിച്ച് പ്രയോഗത്തില്‍ വന്നത് പോപുലിസത്തിലൂടെയാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഫെഡറിക്കോ ഫിഞ്ചല്‍സ്റ്റീന്റെ എൃീാ ളമരെശാെ ീേ ുീുൗഹശാെ ശി വശേെീൃ്യ എന്ന പുസ്തകം ഇത് സംബന്ധിച്ച ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. ട്രംപിന്റെ വരവിനും ബ്രെക്‌സിറ്റിനും ശേഷം പോപുലിസം ഒരു പ്രധാന അക്കാദമിക് ഗവേഷണ വിഷയമായി മാറിയിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. പോപുലിസം ജനാധിപത്യത്തിന്റെ സ്വേച്ഛാധിപത്യ രൂപമാണ്, അത് ഉദാര ജനാധിപത്യത്തിന്റെ തത്വങ്ങളെ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും, ഭൂരിപക്ഷത്തിന്റെ ഇച്ഛാശക്തിയെ പോപുലിസത്തിന്റെ അടിസ്ഥാന സ്രോതസ്സായി പരിഗണിക്കുന്നതുകൊണ്ട് അതിന്റെ കാതലായ വ്യവഹാരം നിലകൊള്ളുന്നത് ജനാധിപത്യത്തില്‍ തന്നെയാണ്. പക്ഷേ, അത് ഭൂരിപക്ഷ യുക്തിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.
പോപുലിസത്തിന്റെ ആകര്‍ഷണവലയത്തിലായവര്‍ സാമൂഹിക വിശകലനത്തിന്റെ ടൂളുകളെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാതെ സംഘപരിവാറിന് നിയമസാധുത നല്‍കുന്നത് പതിവായി മാറിയിട്ടുണ്ട്. സംഘപരിവാര്‍ ചാനലിന് അഭിമുഖം നല്‍കുന്നതും അവരുടെ സംവിധാനങ്ങള്‍ക്കും നേതാക്കള്‍ക്കും ലെജിറ്റിമസി നല്‍കുന്നതും വലതുപക്ഷ ഭരണകൂടത്തിന്റെ പോപുലിസത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഭരണീയരുടെ കണ്‍സെന്റ് ലഭിക്കുക എന്നത് പോപുലിസ്റ്റ് അധികാര പ്രയോഗത്തിന് അനിവാര്യമാണ് എന്നതിനാല്‍ പൊതുജനാംഗീകാരത്തിനുള്ള വിവിധ ടൂളുകളിലൊന്നാണ് സംഘപരിവാര്‍ മാധ്യമങ്ങള്‍ എന്ന തിരിച്ചറിവ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രാഥമിക പാഠമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x