ആരാധനകളുടെ ലക്ഷ്യം
അലി മദനി മൊറയൂര്‍
ഇസ്‌ലാം സ്ഥാപിക്കപ്പെട്ടത് അഞ്ച് സ്തംഭങ്ങളിലാണ്. ഇവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിലൂടെ വിശ്വാസി നേടിയെടുക്കേണ്ട ലക്ഷ്യത്തെക്കുറിച്ച് അല്ലാഹു അറിയിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമ്പോഴാണ് ആരാധനകളുടെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. ഇത് നേടിയെടുക്കാന്‍ സാധ്യമായിട്ടുണ്ടോ എന്നു വിലയിരുത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
ഇസ്‌ലാമിലെ ഒന്നാമത്തെ അടിസ്ഥാനം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ്. തഖ്‌വ ജീവിതത്തില്‍ നിലനിര്‍ത്തലാണ് ഇതിന്റെ ലക്ഷ്യമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്: ”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ചു ജീവി)ക്കാന്‍ വേണ്ടിയത്രേ അത്” (2:21). ദോഷബാധയെ സൂക്ഷിച്ച് ധാര്‍മികതയില്‍ ഊന്നി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് തൗഹീദ് ഉള്‍ക്കൊള്ളുന്നതിലൂടെ ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട പരിവര്‍ത്തനം. ഇത് നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അയാളുടെ തൗഹീദ് പരിപൂര്‍ണമാവുന്നില്ല.
ഇസ്‌ലാമിലെ രണ്ടാമത്തെ അടിസ്ഥാനം സമയം നിര്‍ണയിക്കപ്പെട്ട നമസ്‌കാരമാണ്. യഥാസമയം നിര്‍വഹിക്കുന്ന നമസ്‌കാരം അവനെ എല്ലാ ദോഷബാധകളില്‍ നിന്നും തടയുമെന്നാണ് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ”നബിയേ, വേദഗ്രന്ഥത്തില്‍ നിന്നു നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പ്പിക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.” (29:45)
നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്ന ഏതൊരാളും ദുഷിച്ച ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മുക്തനായിരിക്കണം. അതിന് സാധ്യമാവുന്നില്ലെങ്കില്‍ അവന്റെ നമസ്‌കാരം ചൈതന്യമില്ലാത്ത കാട്ടിക്കൂട്ടലുകള്‍ മാത്രമായിത്തീരുന്നു. ശുഐബ് നബി(അ)യെ പരിഹസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സമൂഹം ഉന്നയിച്ച ചോദ്യം ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: ”അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്മാര്‍ ആരാധിച്ചുവരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ” (11:87). ഈ വചനത്തില്‍, നിന്റെ നമസ്‌കാരമാണോ നിന്നോട് കല്‍പിക്കുന്നത് എന്ന ഭാഗം പ്രത്യേകം വിലയിരുത്തേണ്ടതാണ്. കൃത്യമായി മനസ്സാന്നിധ്യത്തോടെയുള്ള നമസ്‌കാരം ഒരു വിശ്വാസിയെന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ശത്രുക്കള്‍ പോലും മനസ്സിലാക്കിയിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
ഇസ്‌ലാമിലെ മറ്റൊരു പ്രധാന ആരാധനയാണ് സകാത്ത്. സ്വര്‍ണമോ വെള്ളിയോ കറന്‍സിയോ പഴങ്ങളോ പച്ചക്കറികളോ മറ്റ് വിഭവങ്ങളോ സകാത്ത് നല്‍കുന്ന വിശ്വാസി എന്താണ് അതിലൂടെ നേടിയെടുക്കേണ്ടത്? ”അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കു വേണ്ടി (അനുഗ്രഹത്തിനായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രേ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (9:103). സകാത്തിലൂടെ വിശ്വാസി ശാരീരികവും സാമ്പത്തികവും മാനസികവുമായ ശുദ്ധീകരണവും സംസ്‌കരണവും നേടിയെടുക്കണമെന്നാണ് അല്ലാഹു കല്‍പിക്കുന്നത്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ സകാത്ത് നല്‍കുന്നവര്‍ക്ക് സാധ്യമാവാറുണ്ടോ?
വിശ്വാസികളെല്ലാം ത്യാഗം സഹിച്ച് നോമ്പനുഷ്ഠിക്കുന്ന കാലമാണ് റമദാന്‍. അതിന്റെ ലക്ഷ്യം എത്ര പേര്‍ക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാനാണ് നോമ്പനുഷ്ഠിക്കുന്നത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രേ അത്” (2:183).
മറ്റുള്ള ആരാധനകളെ പോലെത്തന്നെ മനുഷ്യമനസ്സിനെ ശുദ്ധീകരിച്ച് അവന്റെ സ്വഭാവത്തെയും ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും അല്ലാഹുവിന്റെ ഇഷ്ടത്തിനനുസരിച്ച് പരിവര്‍ത്തിപ്പിക്കുമ്പോഴാണ് അവര്‍ യഥാര്‍ഥ നോമ്പുകാരനാവുന്നത്. ”ചീത്ത വാക്കും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്‍ അവന്റെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” എന്ന നബിവചനം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
ഏറെ സമയവും ധനവും വിനിയോഗിക്കേണ്ട ആരാധനയാണ് ഹജ്ജ്. ഇത്രമാത്രം ത്യാഗം സഹിച്ച് നിര്‍വഹിക്കുന്ന ഹജ്ജിലൂടെ നാമെന്താണ് നേടിയെടുക്കേണ്ടത്? ഹജ്ജിനു പോകുന്നവന്‍ കരുതേണ്ട യാത്രാവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്‌വയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിന് പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കി പോവുക. എന്നാല്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക” (2:197).
തഖ്‌വയാകുന്ന വിഭവവുമായി ഹജ്ജിന് പോകുന്ന വ്യക്തി അതിന്റെ കര്‍മങ്ങളെല്ലാം യഥാവിധി നിര്‍വഹിച്ചു കഴിഞ്ഞാല്‍, അഥവാ മഖ്ബൂലും മബ്‌റൂറുമായ ഹജ്ജ് നിര്‍വഹിച്ചവന്‍ ഇപ്പോള്‍ പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ പാപമുക്തനാവുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചത് അതിനാലാണ്. ഹജ്ജിനോടനുബന്ധിച്ച് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ബലികര്‍മം. ബലികര്‍മത്തെയും അതിന്റെ മൃഗത്തെയും കുറിച്ച് പറയുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു: ”അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ), സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക” (22:37). ബലികര്‍മം നിര്‍വഹിക്കുന്നവന്റെ ധര്‍മനിഷ്ഠയാണ് അല്ലാഹു പരിഗണിക്കുന്നത് എന്ന പ്രഖ്യാപനം നാം പരിഗണിക്കാറുണ്ടോ?
നമ്മുടെ തൗഹീദും നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും ബലികര്‍മവുമെല്ലാം നമ്മെ നയിക്കേണ്ടത് ദോഷബാധയെ ഭയപ്പെട്ട് ധാര്‍മികതയില്‍ ഊന്നിയ ജീവിതം നയിക്കുന്നതിലേക്കാണ്. അത് നേടിയെടുക്കാന്‍ നമുക്ക് സാധിക്കണം.