28 Thursday
March 2024
2024 March 28
1445 Ramadân 18

ആന്‍ഡ്രോയ്ഡ് ഇസ്‌ലാം; നിത്യജീവിതത്തിലെ ആപ്പുകളുടെ പ്രശ്‌നവും പ്രതീക്ഷയും

അനും ഹമീദ്, ഹാഫിസ അനീസ അഹ്മദ്, നര്‍മീന്‍ സകരിയ ഭവാനി


സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഇന്റര്‍നെറ്റ് കണക്ഷനുകളും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജഋണ റിസര്‍ച്ച് സെന്ററിന്റെ യുനൈറ്റഡ് സ്റ്റേറ്റ്‌സിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്, 18 മുതല്‍ 29 വയസ്സു വരെയുള്ളവരില്‍ 92% പേരും 50 മുതല്‍ 64 വയസ്സു വരെയുള്ളവരില്‍ 74% പേരും 65 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ 42% പേരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് എന്നാണ്. ഈ വര്‍ധന മൊബൈല്‍ ആപ്പുകളുടെ ഉപയോഗത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വഴിവെച്ചു.
എല്ലാ വര്‍ഷവും മൊബൈലില്‍ ചെലവഴിക്കുന്ന സമയം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മറ്റ് മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കുറവുണ്ടായിട്ടുമുണ്ട്. ഫ്‌ലറിയുടെ അനലിറ്റിക്‌സ് അനുസരിച്ച്, ഉപയോക്താക്കള്‍ ഒരു ദിവസം 5 മണിക്കൂര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ചെലവഴിക്കുന്നു. അതില്‍ 90% ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണ്‍ സമയവും ആപ്പുകള്‍ക്കായി ചെലവഴിക്കുന്നു (Frey et al., 2017). ‘ഇത് ഒരു ആപ്പ് വേള്‍ഡാണ്, വെബ് ജസ്റ്റ് ലൈവ്‌സ് ഇന്‍ ഇറ്റ്’ എന്ന് അതില്‍ പറയുന്നു.
ഈയൊരു അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ തന്നെ മുസ്‌ലിംകളും ഇതര സമുദായങ്ങളുമെല്ലാം തങ്ങളുടെ മതം പഠിക്കാനും പഠിപ്പിക്കാനും മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. മുസ്‌ലിം സമൂഹം ഇതില്‍ പ്രത്യേക ശ്രദ്ധ കാണിച്ചുവരുന്നുണ്ട്. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ എളുപ്പത്തിലുള്ള പ്രാപ്യതയും പ്രയോജനത്വവുമാണ് ഇത് ലക്ഷ്യമിടുന്നത്. അതിനാല്‍ ഇന്നത്തെ തലമുറയ്ക്ക് ആത്മീയത വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു (കാംബെല്‍, 2010) (അസദുല്ല et al, 2014) (Mohamed et al., 2016) (Khan & Shambour, 2017). ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിവിധ മതവിഭാഗങ്ങള്‍ക്കായി ആയിരക്കണക്കിന് ആപ്പുകള്‍ ലഭ്യമാണ്. അവ ധാരാളം ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും കഴിയും.
ഏതൊക്കെ മതപരമായ ആപ്പുകളാണ് കൂടുതലായി ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ നടത്തിയ ഒരു പഠനത്തില്‍ ഇസ്‌ലാമിക് ആപ്പുകളാണെന്ന് കൂടുതലെന്ന് കണ്ടെത്തുകയുണ്ടായി. ഇസ്‌ലാമിക് ആപ്പുകള്‍ പതിവായി ഉപയോഗിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഒരു സര്‍വേയില്‍ ചോദിച്ചപ്പോള്‍, പല മുസ്‌ലിംകളും അത് കൂടുതല്‍ പ്രായോഗികമാണെന്നും മറ്റേതൊരു ഉറവിടത്തേക്കാളും വേഗത്തില്‍ ഇസ്‌ലാമിക വിവരങ്ങള്‍ നേടാന്‍ ഇത് പ്രാപ്തമാക്കുന്നുവെന്നും മറുപടി നല്‍കി (കിറ്റ്‌ലര്‍ & മിച്ചല്‍, 2015). തിരക്കേറിയ ജീവിതം നയിക്കുന്ന മുസ്‌ലിംകള്‍ക്ക് ആയാസം നല്‍കാനാണ് ഇത്തരം ആപ്പുകള്‍ ശ്രമിക്കുന്നത്. അതിനാല്‍ എവിടെയായിരുന്നാലും ഈ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ ഇസ്‌ലാം ആചരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഏകദേശം 300 ഇസ്‌ലാമിക് ആപ്പുകളുടെ വിപുലമായ സര്‍വേയാണ് ഈ ഗവേഷണ പ്രബന്ധം. മൂന്നു വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഗവേഷണം നടത്തിയത്: അന്വേഷണ ഘട്ടം, ക്ലാസിഫിക്കേഷന്‍ ഘട്ടം, അവസാന ഘട്ടം. അവസാന ഘട്ടം ഇസ്‌ലാമിക് ആപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകള്‍ എടുത്തുകാണിക്കുന്നു. അന്വേഷണ ഘട്ടത്തില്‍, 300 ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അവയുടെ ഡൗണ്‍ലോഡുകളുടെ എണ്ണം, റേറ്റിങുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവലോകനം ചെയ്യുകയും ചെയ്തു.
ഈ ഗവേഷണം ഇസ്‌ലാമിക് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡിസൈന്‍ ഫങ്ഷനുകള്‍ നിര്‍ണയിക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗനിര്‍ദേശമാണെന്ന് തെളിയിക്കുകയും വികസിപ്പിക്കേണ്ട ആപ്പുകള്‍/ സവിശേഷതകള്‍ തിരിച്ചറിയുന്നതില്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യും.
ഇസ്‌ലാമിക് ആപ്പ് വിശകലനം
പ്രാരംഭ ഘട്ടത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഇസ്‌ലാമിക് ആപ്പുകളുടെ മൂല്യനിര്‍ണയം ഉള്‍പ്പെട്ടിരുന്നു. ഈ ഘട്ടം ഋജുവായി തോന്നുമെങ്കിലും ഇത് നിരവധി പൊരുത്തക്കേടുകള്‍ വെളിപ്പെടുത്തി. മതപരമായ ആപ്പുകളുടെ ഏറ്റവും വലിയ ശേഖരമായ ഗൂഗിള്‍ പ്ലേസ്റ്റോറിന് ഒരു റിലീജ്യസ് എന്ന കാറ്റഗറി പോലുമില്ലെന്ന് വിശകലനത്തിന്റെ ഫലം വെളിപ്പെടുത്തി. അതിനാല്‍, ഈ വിഭാഗത്തിന്റെ അഭാവം ഉപയോക്താക്കള്‍ക്കും ഗവേഷകര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന ഇസ്ലാമിക് ആപ്പ് കണ്ടെത്തുന്നത് കൂടുതല്‍ ദുഷ്‌കരമാക്കി (Olmstead et al., 2015).
ഇസ്‌ലാമിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്ത കീവേഡുകളും സെര്‍ച്ച് സ്ട്രാറ്റജികളും ഉപയോഗിക്കുന്നതിന് ഇത് ഞങ്ങളെ പ്രേരിപ്പിച്ചു. ഇസ്‌ലാമിക് ആപ്പുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ഉപയോഗിച്ച ചില സേര്‍ച്ച് കീവേഡുകള്‍ ഇസ്‌ലാം, അല്ലാഹു, ഖുര്‍ആന്‍, ഖിബ്‌ല, Islamic Prayers, Dua, Azkar, Hadith, Asmaul Husna, Tasbih counters, Zakat എന്നിവയാണ്. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ‘ഇസ്‌ലാമിക് ആപ്പുകള്‍’ എന്ന് ലേബല്‍ ചെയ്ത ചില ആപ്പുകള്‍ കണ്ടെത്തി.
എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ അവ യഥാര്‍ഥത്തില്‍ സാംസ്‌കാരിക ആപ്പുകളായി മാറിയെന്ന് പറയേണ്ടത് പ്രധാനമാണ്. തുടര്‍ന്ന്, ഡൗണ്‍ലോഡ് ചെയ്ത ഓരോ ആപ്പിനെയും കുറിച്ചുള്ള പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ സൃഷ്ടിച്ചു. ആപ്പ് റേറ്റിങുകള്‍, ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പ് വിഭാഗം, ആപ്പ് ഫീച്ചറുകള്‍, ഭാഷകള്‍, ഡൗണ്‍ലോഡുകളുടെ എണ്ണം തുടങ്ങിയവയായിരുന്നു ആ വിഭാഗങ്ങള്‍.
ഇസ്‌ലാമിക് ആപ്പുകളുടെ വര്‍ഗീകരണം
അന്വേഷണ ഘട്ടത്തില്‍ നിന്ന് ശേഖരിച്ച ഡാറ്റയുടെ തീമാറ്റിക് വിശകലനത്തിനു ശേഷം, പൊതുവായ സവിശേഷതകളുള്ള ഇസ്‌ലാമിക് ആപ്പുകളെ 5 വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചു.
ഖുര്‍ആന്‍

യാത്രയില്‍ ഖുര്‍ആന്‍ കൊണ്ടുപോകാന്‍ കഴിയാത്ത മുസ്‌ലിംകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ ഒരു അനുഗ്രഹമാണ്. ഈ ആപ്പുകള്‍ മുസ്‌ലിംകള്‍ക്ക് മുഴുവന്‍ ഖുര്‍ആനും ഇ-ഫോര്‍മാറ്റില്‍ നല്‍കി. ഇത് മുസ്‌ലിംകള്‍ക്ക് അവര്‍ എവിടെയായിരുന്നാലും ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള അവസരം തുറക്കുന്നു. അതിനാല്‍ അവരുടെ വിശ്വാസവുമായുള്ള ബന്ധം പുതുക്കാന്‍ അവരെ അനുവദിക്കുന്നു (Syadiah et al., 2016).
50-ഓളം ഖുര്‍ആനിക് ആപ്പുകളുടെ വിശദമായ പഠനത്തിനു ശേഷം ഖുര്‍ആന്‍ കാറ്റഗറി ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഡൗണ്‍ലോഡ് ചെയ്തതുമായ 10 ആപ്പുകള്‍ കണ്ടെത്തി. അറബിക് ഖുര്‍ആന്‍ വാക്യങ്ങള്‍, ഉച്ചാരണം, വിവര്‍ത്തനം, തജ്‌വീദ്, പാരായണം, ബുക്മാര്‍ക്കുകള്‍ എന്നിവയ്‌ക്കൊപ്പം ജുസ്അ്, സൂറത്തുകള്‍ തിരിച്ചുള്ള തിരയലുകള്‍ എന്നിവയാണ് ഈ ആപ്പുകളുടെ പൊതുവായ സവിശേഷതകള്‍.


ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഇസ്‌ലാമിക് ആപ്പുകളില്‍ ചിലതില്‍ ഖുര്‍ആന്‍ ആപ്പുകളും ഉള്‍പ്പെടുന്നു. ഒരു കൂട്ടം മുസ്ലിം ഉപയോക്താക്കളോട് ഖുര്‍ആന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ കാരണം ചോദിച്ച് ഒരു സര്‍വേ നടത്തി. ഉപയോഗിക്കാനുള്ള എളുപ്പവും ഒരു ഖുര്‍ആന്‍ ആപ്പിന് വ്യത്യസ്ത ഭാഷാവിവര്‍ത്തനം പോലുള്ള കൂടുതല്‍ സവിശേഷതകള്‍ ഉണ്ടെന്നതും വ്യത്യസ്ത ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ ഓഡിയോ പാരായണത്തിന്റെ ലഭ്യതയുമാണ് കൂടുതലായും വന്ന ഉത്തരങ്ങള്‍. ഖുര്‍ആനിന്റെ ഹാര്‍ഡ് കോപ്പി വേര്‍ഷനിലൂടെ ഏതെങ്കിലും വാക്യമോ അധ്യായമോ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് ആപ്പുകളില്‍ നിന്ന് അവ കണ്ടെത്തല്‍ എന്ന് കുറച്ചു പേര്‍ പ്രതികരിക്കുകയുണ്ടായി.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏകദേശം 256 ഖുര്‍ആന്‍ ആപ്പുകള്‍ ഉണ്ട്. അതില്‍ 66 ആപ്പുകള്‍ക്ക് പണം നല്‍കേണ്ടതുണ്ട്. 190 ആപ്പുകള്‍ സൗജന്യമാണ്. 86 ആപ്പുകള്‍ക്ക് 4+ സ്റ്റാര്‍ റേറ്റിങ് ഉണ്ട്. പട്ടിക ഒന്നില്‍ കാണിച്ചിരിക്കുന്നതുപോലെ 4,68,117 ഡൗണ്‍ലോഡുകള്‍ ഉള്ള Quran for Android ആപ്പ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഒന്നാണെന്ന് കണ്ടെത്തി.

ഖിബ്‌ല/ പ്രാര്‍ഥനാ സമയം

ഖിബ്‌ല/ പ്രാര്‍ഥനാ ആപ്പുകള്‍ ശരിയായ ഖിബ്‌ല ദിശ തിരിച്ചറിയാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക മാത്രമല്ല പ്രാര്‍ഥനാ സമയത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. ഈ ആപ്പുകള്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ടവയാണ്. ഒരു ഉപയോക്താവ് ഒരു പുതിയ സ്ഥലത്തായിരിക്കുമ്പോഴും ചുറ്റും പള്ളികളൊന്നും ഇല്ലാതിരിക്കുമ്പോഴും ഖിബ്‌ല ദിശ കണ്ടെത്താന്‍ അവ സഹായിക്കുന്നു. കൂടാതെ, ലൊക്കേഷന്‍ അനുസരിച്ചുള്ള പ്രാര്‍ഥനാ സമയ ഓര്‍മപ്പെടുത്തലുകള്‍, ഉപയോക്താവിനു ചുറ്റുമുള്ള പള്ളികളുടെ അടയാളങ്ങളില്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുമ്പോള്‍ പ്രാര്‍ഥനയുടെ കൃത്യമായ സമയം അറിയാന്‍ സഹായിക്കുന്നു (Gunawan et al., 2012).


ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏകദേശം 250 ഖിബ്‌ല/ പ്രാര്‍ഥനാ ആപ്പുകള്‍ ഉണ്ട്. അതില്‍ ഏകദേശം 78 ആപ്പുകള്‍ക്ക് പണം നല്‍കേണ്ടതുണ്ട്, 172 ആപ്പുകള്‍ സൗജന്യമാണ്. 86 ആപ്പുകള്‍ക്ക് 4+ സ്റ്റാര്‍ റേറ്റിങില്‍ കൂടുതലുണ്ട്. 8,92,777 ഡൗണ്‍ലോഡുകളുള്ള Muslim Pro ആപ്പ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഒന്നാണെന്ന് കണ്ടെത്തി. Muslim Pro ആപ്പിന്റെ ജനപ്രീതി കാരണം ഒരു സര്‍വേ നടത്തി. അതില്‍ 15 Muslim Pro ഉപയോക്താക്കളോട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള കാരണം ചോദിച്ചു. ഖിബ്‌ല ദിശ, പ്രാര്‍ഥനാസമയ റിമൈന്‍ഡറുകള്‍, ഖുര്‍ആന്‍, ദൈനംദിന പ്രാര്‍ഥനകള്‍ എന്നിവയും അതിലേറെയും ഫീച്ചറുകളുള്ള ഒരു ‘ഓള്‍ ഇന്‍ വണ്‍’ ആപ്പാണ് ഈ ആപ്പ് എന്ന് എല്ലാ ഉപയോക്താക്കളും ഫീഡ്ബാക്ക് നല്‍കി (Tayan et al., 2017).
ഹദീസ്

ഖുര്‍ആന്‍ ആപ്പുകളെ അപേക്ഷിച്ച് ഹദീസ് ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യുന്നതും കുറവാണ്. വിദ്യാര്‍ഥികളും ഗവേഷകരുമാണ് ഇവ കൂടുതലും ഡൗണ്‍ലോഡ് ചെയ്യുന്നത് (Kamsin et al., 2015). ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏകദേശം 256 ഹദീസ് ആപ്പുകളുണ്ട്. അതില്‍ ഏകദേശം 66 ആപ്പുകള്‍ക്ക് പണം നല്‍കേണ്ടതുണ്ട്. 190 ആപ്പുകള്‍ സൗജന്യമാണ്. ഹദീസ് വിശദീകരണം, വിവര്‍ത്തനം, തിരയല്‍, പാരായണം, അധ്യായങ്ങളിലേക്ക് കുറിപ്പുകള്‍ ചേര്‍ക്കല്‍, ബുക്മാര്‍ക്കിങ് എന്നിവയാണ് ഈ ആപ്പുകളുടെ പൊതുവായ സവിശേഷതകള്‍.
രിയാദുസ്വാലിഹീന്‍ ആണ് പട്ടിക 3-ല്‍ കാണിച്ചിരിക്കുന്നതുപോലെ 17,794 ഉള്ള ഏറ്റവും ജനപ്രിയമായ ഒന്ന്. ഈ ആപ്പ് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നുമുള്ള വാക്യങ്ങളുടെ ഒരു ശേഖരമാണ്. 372 അധ്യായങ്ങളാല്‍ വേര്‍തിരിച്ച 1905 ഹദീസുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
സകാത്ത്


ഗവേഷണവേളയില്‍ വിശകലനം ചെയ്ത എല്ലാ വിഭാഗങ്ങളിലും ഏറ്റവും കുറവ് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് സകാത്ത് ആപ്പുകള്‍. ഈ ആപ്പുകള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അവരുടെ ആസ്തികള്‍ക്കും ബാധ്യതകള്‍ക്കുമായി സകാത്ത് കണക്കാക്കാന്‍ സമൂഹത്തെ സഹായിക്കുന്നതിനുള്ള സംവിധാനമാണ് (Abdelaziz et al., 2016). ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏകദേശം 205 സകാത്ത് ആപ്പുകളുണ്ട്. അതില്‍ ഏകദേശം 52 ആപ്പുകള്‍ക്ക് പണം നല്‍കേണ്ടതുണ്ട്. 150 ആപ്പുകള്‍ സൗജന്യമാണ്. ഇതില്‍ Appsoft InfoTech ന്റെ Zakat Calculator ആണ് ഏറ്റവും ജനപ്രിയമായത്.

പ്രാര്‍ഥന
പ്രാര്‍ഥന (ദുആയും ദിക്‌റും) അല്ലാഹുവിന്റെ സ്മരണയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ആരാധനയുടെയും ആശയവിനിമയത്തിന്റെയും ഏറ്റവും അനിവാര്യമായ വശമാണിത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏകദേശം 210 പ്രാര്‍ഥനാ ആപ്പുകള്‍ ഉണ്ടെങ്കിലും ഡൗണ്‍ലോഡുകളുടെ അളവ് ഒന്നിനും തുല്യമല്ല. ഇവയില്‍ ദൈനംദിന ജീവിതത്തില്‍ മുസ്‌ലിമിന് ആവശ്യമായി പ്രാര്‍ഥനകളാണ് കാര്യമായും അടങ്ങിയിട്ടുള്ളത്. ചില ആപ്പുകള്‍ ഖുര്‍ആന്‍ ദുആകളുടെ വ്യത്യസ്ത വിവര്‍ത്തനങ്ങളും പാരായണങ്ങളും ഉച്ചാരണവും ഉള്ള പ്രാര്‍ഥനകളും നല്‍കുന്നു. രാവിലെയും വൈകുന്നേരവും പ്രാര്‍ഥനകളുടെ ഓര്‍മപ്പെടുത്തലിനൊപ്പം അവര്‍ സൂര്യോദയത്തിന്റെയും സൂര്യാസ്തമയ സമയവും കണക്കാക്കുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട Dua and Azkar ആപ്പിന് 4.7 റേറ്റിങും ഒരു ദശലക്ഷം ഡൗണ്‍ലോഡുകളും ഉണ്ടെന്ന് കണ്ടെത്തി. Dua and Azkar ആപ്പ് എല്ലാ തരം ദുആകളും ഇംഗ്ലീഷ് അര്‍ഥങ്ങളും ഉച്ചാരണങ്ങളും നല്‍കുന്നു.

വികസിക്കേണ്ട ഇസ്‌ലാമിക് ആപ്പുകള്‍

വിശ്വസ്തരായ ഇസ്‌ലാമിക
പണ്ഡിതന്മാരുമായുള്ള
ആശയവിനിമയം

ഇസ്‌ലാം ഒരു മുസ്‌ലിമിന്റെ ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിതം നയിക്കേണ്ടത് നിര്‍ബന്ധമാണ്. മുസ്‌ലിംകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇസ്‌ലാമിക നിയമവിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശവും ഉപദേശവും തേടേണ്ടതായി വരാറുണ്ട് (Talib et al., 2015) (Syadiah et al., 2016). എന്നിരുന്നാലും, സാധാരണ മുസ്‌ലിംകള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് മുഫ്തികളെയും അംഗീകൃത പണ്ഡിതന്മാരെയും സമീപിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. കൂടാതെ, ഇസ്‌ലാമിക വിവരങ്ങളുടെ ആധികാരികത എപ്പോഴും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നിരവധി ആളുകള്‍ ക്ഷുദ്രകരമായ ഉള്ളടക്കം പ്രചരിപ്പിക്കാന്‍ പ്രവണത കാണിക്കുന്നതിനാല്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഒരു വിവരവും പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കാന്‍ കഴിയില്ല.
ഓണ്‍ലൈനില്‍ ലഭ്യമായ ഇസ്‌ലാമിക ഉള്ളടക്കത്തിന്റെ വിശ്വാസ്യതയുടെയും ആധികാരികതയുടെയും അഭാവത്തെക്കുറിച്ച് പല ഗവേഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (Ishak et al., 2011) (Mahmud et al., 2012) (Bawany & Shaikh, 2016). അതിനാല്‍, മുസ്‌ലിംകള്‍ക്കും വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങളിലും വിഭാഗങ്ങളിലും പെട്ട അംഗീകൃത ഇസ്‌ലാമിക നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഇടയില്‍ ആശയവിനിമയത്തിന് ഒരു കേന്ദ്ര ഹബ് പ്രദാനം ചെയ്യുന്ന ഒരു ആപ്പിന്റെ ആവശ്യകതയുണ്ട്. ഇത് മുസ്‌ലിംകള്‍ക്ക് എവിടെയും യാത്ര ചെയ്യാതെ വിശ്വസ്തരായ പണ്ഡിതന്മാരില്‍ നിന്ന് ഉപദേശം തേടാന്‍ സഹായിക്കും.

ബഹുഭാഷാ ഇസ്‌ലാമിക് ആപ്പുകള്‍
വിശകലന ഘട്ടത്തില്‍ പല ആപ്പുകളും മികച്ച ഫീച്ചറുകളുള്ളതായി കണ്ടെത്തി. എന്നാല്‍ അവയുടെ ഡൗണ്‍ലോഡ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് ആപ്പുകള്‍ ടാര്‍ഗറ്റ് ചെയ്ത ഉപയോക്താക്കളിലേക്ക് എത്തിച്ചേരുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. ആപ്പുകളുടെ ഭാഷയാണ് ഈ പ്രശ്‌നത്തിന് പിന്നിലെ പ്രധാന കാരണം. ഉദാഹരണത്തിന്, ഹദീസ് ഇസ്‌ലാമിക വിശ്വാസങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ഈ ആപ്പുകള്‍ക്ക് മറ്റ് പല ആപ്പുകളേക്കാളും ഡൗണ്‍ലോഡുകള്‍ കുറവാണ്.
കാരണങ്ങള്‍ കണ്ടെത്തുന്നതിന് കറാച്ചിയിലെ ജിന്ന യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ലേണിങ് ഡിപാര്‍ട്ട്മെന്റിലെ 25 വിദ്യാര്‍ഥികളുമായി ഒരു സര്‍വേ നടത്തി. ഏതെങ്കിലും ഹദീസ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ഥികളോട് ചോദിച്ചു, ഇല്ലെങ്കില്‍ എന്തുകൊണ്ട്? 25 വിദ്യാര്‍ഥികളില്‍ 24 പേരും ഹദീസിനായി ഒരു ആപ്പും ഉപയോഗിക്കുന്നില്ലെന്ന് മറുപടി നല്‍കി. കുറച്ച് ഉത്തരങ്ങളില്‍, 40% വിദ്യാര്‍ഥികള്‍ ഹദീസ് ആപ്പുകളില്‍ കൂടുതലും ഹദീസ് വിശദീകരണങ്ങളില്ലെന്നും വിശദീകരണങ്ങളുള്ളവ പൂര്‍ണമായും അറബി ഭാഷയിലാണെന്നും ഉത്തരം നല്‍കി.
ഉദാഹരണത്തിന്, ഏറ്റവും പ്രചാരമുള്ള ഹദീസ് ആപ്പ് റിയാദുസ്വാലിഹീന്‍. അതില്‍ ഹദീസുകളെ സംബന്ധിച്ച എല്ലാ സവിശേഷതകളും പൂര്‍ണമായും അറബി ഭാഷയിലാണ്. അതുപോലെ സകാത്തിനായുള്ള ആപ്ലിക്കേഷനുകള്‍ കൂടുതലും ഇംഗ്ലീഷില്‍ മാത്രമാണെന്ന് കണ്ടെത്തി. ഏകദേശം 80% ഇസ്‌ലാമിക് ആപ്ലിക്കേഷനുകളും മൂന്നു പ്രാദേശിക ഭാഷകളില്‍ മാത്രമാണ്- ഇംഗ്ലീഷ്, അറബി, ഉര്‍ദു. അതിനാല്‍ ഈ ആപ്പുകള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്കു കൂടി വികസിപ്പിക്കാന്‍ ഗവേഷണം ആവശ്യപ്പെടുന്നു.
ഹദീസുകളുടെയും
ഖുര്‍ആന്‍ വാക്യങ്ങളുടെയും വിവര്‍ത്തന സേവനം
ഹദീസ്, ഖുര്‍ആന്‍ വാക്യവിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ മൊബൈല്‍ മെസഞ്ചറുകള്‍ വഴി ഫോര്‍വേഡ് അയക്കുന്നതും സ്വീകരിക്കുന്നതും അടുത്തിടെ മുസ്‌ലിംകള്‍ക്കിടയില്‍ പതിവായി മാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതലും ഫോര്‍വേഡ് ചെയ്യപ്പെടുന്നത് ഉള്ളടക്കത്തിന്റെ യാതൊരു പരിശോധനയും ആധികാരികതയും ഇല്ലാതെയാണ്. ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും നല്ലതാണ്. എന്നാല്‍ ഈ സംവിധാനങ്ങള്‍ വഴി തെറ്റായ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഹദീസുകളുടെയും ഖുര്‍ആന്‍ വാക്യങ്ങളുടെയും ആധികാരികത മൊബൈലില്‍ തല്‍ക്ഷണം പരിശോധിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ്/ ഫീച്ചര്‍ ഉയര്‍ന്ന മുന്‍ഗണനാടിസ്ഥാനത്തില്‍ ആവശ്യമാണ് (I A Khan 2010, Ismail M A 2015, Siddiqui & Shaikh 2016, Syadiah et al., 2016).
വിവ. ഷബീര്‍ രാരങ്ങോത്ത്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x