അമേരിക്കന്‍ ലോകരാഷ്ട്രീയം: വഞ്ചനകള്‍, തന്ത്രങ്ങള്‍
ഡോ. ടി കെ ജാബിര്‍
അങ്ങനെ 9/11 എന്ന ലോക രാഷ്ട്രീയ നിഗൂഢതയ്ക്ക് 21 വയസ്സായി. ഈ കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ലോകത്ത് ഏറ്റവുമധികം ആത്മനിന്ദ മുതല്‍ ജീവത്യാഗത്തിനു വരെ ഇരയാകേണ്ടി വന്നത് ലോകത്തെ രണ്ടാമത്തെ വലിയ സമൂഹമായ മുസ്‌ലിംകള്‍ തന്നെയാണ്. ഇതില്‍ 25% എങ്കിലും ഉത്തരവാദിത്തം മുസ്‌ലിം ലോകത്തെ മതനേതൃത്വത്തിനു തന്നെയാണ്. കാരണം, ആക്രമണം നടത്തിയവര്‍ മുസ്‌ലിം പേരുള്ളവരായിരുന്നു. മതപരിഷ്‌കരണമെന്ന വാക്കിനെ പോലും അടിച്ചു പുറത്താക്കിയ, തങ്ങള്‍ ഇരകളാക്കപ്പെടാന്‍ സന്നദ്ധരെന്ന മനോഭാവത്തിലുള്ള ഈ സമൂഹത്തില്‍ ഇത്തരത്തിലൊരു വന്‍ ദുരന്തം വന്നുവീഴുമ്പോള്‍ അതിനെ ഗതി മാറ്റേണ്ട ഉത്തരവാദിത്വം അവര്‍ക്കായിരുന്നു.
ആധുനിക രാഷ്ട്രീയ ശാസ്ത്രത്തിന്റെ പിതാവായ ഇറ്റാലിയന്‍ ചിന്തകന്‍ നിക്കോളോ മാക്കിയവെല്ലി ‘ദി പ്രിന്‍സ്’ എന്ന ഗ്രന്ഥത്തിലൂടെ വിവരിക്കുന്നുണ്ട് എന്താണ് രാഷ്ട്രീയ തന്ത്രജ്ഞത എന്നത്. രാഷ്ട്രീയത്തിലെ ധര്‍മമെന്നാല്‍ കുതന്ത്രങ്ങള്‍ ഉപയോഗിക്കാം എന്നതുതന്നെയെന്ന് മാക്കിയവെല്ലി പറയുന്നു. മാക്കിയവെല്ലിയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ തെറ്റിയിട്ടില്ല ഇന്നുവരെയും. രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്താന്‍ ഏതൊരു കൃത്യവും ഇവിടെ സാധിച്ചെടുക്കാം. അതില്‍ ബലിയാടുകളാകുന്നത് സ്വന്തം ജനതയോ അന്യ ജനതയോ ആകാമെന്നും തത്വം. ജനാധിപത്യം, നീതി, ആധുനിക ലോകം എന്നതൊക്കെ ഇവിടെ പ്രഹസനമായി മാറുന്നത് ആര്‍ക്കും കണ്ടെത്താവുന്നതാണ്.
9/11നെ ചോദ്യം ചെയ്യുന്നത് ആദ്യം മുതലേ ഗൂഢാലോചനാ സിദ്ധാന്തം (കോണ്‍സ്പിറസി തിയറി) എന്ന പേരില്‍ ആക്രമിച്ച് ഇല്ലാതാക്കിയത് ഈ വിഷയത്തിലെ ഗവേഷകര്‍ ഓര്‍ക്കേണ്ടതാണ്. 9/11 നടത്തിയത് ഉസാമ ബിന്‍ ലാദിന്‍ നേതൃത്വം നല്‍കി അല്‍ഖാഇദയുടെ ഒരുകൂട്ടം പരിശീലനം ലഭിച്ച യുവഭീകരന്മാര്‍ ആണെങ്കില്‍, അമേരിക്കയുടെ ഉള്ളില്‍ നിന്നുള്ള ഏതെങ്കിലും ഏജന്‍സിയുടെ ശക്തമായ പിന്തുണ 9/11ന് ഉണ്ടായിരുന്നുവെന്ന് അമേരിക്കന്‍ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അറിവുള്ളവര്‍ സമ്മതിക്കും. ഇത്രയും അമ്പരപ്പിക്കുന്ന രീതിയില്‍ ഒരേസമയം നാലു വിമാനങ്ങള്‍ തട്ടിയെടുത്ത് അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ ഇടങ്ങളില്‍ ഇടിച്ചുകയറ്റി തകര്‍ക്കുക- അത്തരമൊന്ന് ആഭ്യന്തരമായ ഒരു പിന്തുണയില്ലാതെ സാധ്യമല്ലെന്ന് അമേരിക്കന്‍ സുരക്ഷയെക്കുറിച്ച് അറിവുള്ള ആരും സമ്മതിക്കും. ലോകത്തെ ഏറ്റവും ആധുനികമായ, വലിയ സൈനിക ശക്തിയെയാണ് ഈ ഭീകരര്‍ വെല്ലുവിളിച്ചത്.
2001 സപ്തംബറില്‍ അമേരിക്കയിലെ അക്രമങ്ങള്‍ക്കു ശേഷം പ്രസിഡന്റ് ബുഷ് ഭീകരതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ അഫ്ഗാനിസ്താനു മീതെയായിരുന്നു ആ അധിനിവേശ പരാക്രമം. ഗോത്രവിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള അഫ്ഗാനിസ്താനില്‍ മത യാഥാസ്ഥിതിക വിഭാഗമായ താലിബാനായിരുന്നു 1996 മുതല്‍ ഭരിച്ചുകൊണ്ടിരുന്നത്. അമേരിക്കന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അറബ് വിഘടനവാദി നേതാവും മുന്‍ അമേരിക്കന്‍ സ്‌പോണ്‍സേഡ് ജിഹാദിയുമായ ഉസാമ ബിന്‍ലാദിന്റെ തലയിലേക്ക് യു എസ് കല്‍പിച്ചു നല്‍കുകയായിരുന്നു.
രണ്ടു കാര്യങ്ങള്‍ കൊണ്ട് ഭീകരതയ്‌ക്കെതിരെയുള്ള അമേരിക്കന്‍ യുദ്ധം പരാജയമായി എന്ന് അമേരിക്കന്‍ വിദഗ്ധര്‍ തന്നെ പറയുന്നു. ഒന്ന്: അമേരിക്കക്കാര്‍ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ല. രണ്ട്: അഫ്ഗാനിസ്താനില്‍ നടത്തിയ അധിനിവേശം സമ്പൂര്‍ണ പരാജയമെന്ന് ലോകത്തിനു പകല്‍ പോലെ ബോധ്യപ്പെടാന്‍ 20 വര്‍ഷം/2021 വരെ കാത്തിരിക്കേണ്ടിവന്നു. രാത്രിക്കു രാത്രി അഫ്ഗാനില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു അമേരിക്ക എന്നത് ലോകം ആശ്ചര്യത്തോടെ കാണുകയുണ്ടായി.
2001-ല്‍ അമേരിക്ക ആക്രമിക്കപ്പെട്ടപ്പോള്‍ ലോകത്തെ അത് ഞെട്ടിക്കുകയും അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ സിറിയ, ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ നയങ്ങളില്‍ അനിഷേധ്യമായ ആധിപത്യം നേടുക എന്ന മുഖ്യ അജണ്ടയായിരുന്നു ഇതിനെ തുടര്‍ന്ന് അമേരിക്ക സാധ്യമാക്കിയത്. അങ്ങനെയാണ് അമേരിക്കയുടെ എതിര്‍പക്ഷത്തെ ആദ്യ രാജ്യമായ ഇറാഖിലെ സദ്ദാം ഹുസൈനെ ഇല്ലായ്മ ചെയ്തത്.
ഇറാഖിനെ, സര്‍വ സംഹാരശേഷിയുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നു എന്ന വ്യാജ ആരോപണങ്ങള്‍ കൊണ്ട് തകര്‍ത്തത് ഇതിനാലായിരുന്നു. അഫ്ഗാനില്‍ ഇതേ സമയം കഷ്ടപ്പെട്ടുകൊണ്ടിരുന്ന അമേരിക്ക 2008-ല്‍ അവിടെ നിന്നു പിന്‍വാങ്ങാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവിടെ പരമാവധി കാലം നില്‍ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും സത്യം. അമേരിക്കയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയവും 9/11 മായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും ഇടപെട്ടിരുന്നു.
ബുഷ് ഭരണകൂടം ഭീകരതയ്‌ക്കെതിരേ നടത്തിയ വ്യാജ യുദ്ധത്തിന് അമേരിക്കയിലെ കോര്‍പറേറ്റ് മീഡിയയാണ് സഹായവും പ്രേരണയും നല്‍കിയത്. അതിലൂടെ ഭയം ജനിപ്പിക്കുക എന്ന വലതുപക്ഷ അജണ്ട നടപ്പാവുകയായിരുന്നു. പാട്രിയറ്റ് ആക്റ്റ് എന്ന ഒരു മാനവിക വിരുദ്ധ നയം കൂടി അവിടെ സ്ഥാപിച്ചെടുക്കാന്‍ 9/11 കാരണം സാധിച്ചു. നിയമവ്യവസ്ഥയില്‍ അത് അമേരിക്കന്‍ ജനതയുടെ സുരക്ഷാബോധ്യങ്ങളെ തന്നെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു. മിലിറ്ററിവത്കരണം അമേരിക്കയില്‍ കൂടുതല്‍ സജീവമാവുകയും അത് അഫ്ഗാന്‍, ഇറാഖ് അധിനിവേശത്തിന് അടിസ്ഥാനമാവുകയും വന്‍ മാനവിക ദുരന്തങ്ങളായി പരിണമിക്കുകയും ചെയ്തു. പ്രസിഡന്റ് ബുഷും വൈസ് പ്രസിഡന്റ് ഡിക് ചെനിയും ഒത്തുചേര്‍ന്ന രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ഭീകരതയ്‌ക്കെതിരെയുള്ള ആഗോള യുദ്ധം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലാ ഗവേഷകനായ ഡഗ്ലസ് കെല്‍നര്‍ ഇക്കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്. അമേരിക്ക ആഗോള തീവ്രവാദ-ഭീകരരുടെ ഭീഷണിയിലാണെന്ന വാദം ഉന്നയിക്കുന്നത് നുണകളില്‍ നിന്നാണെന്ന് ഇദ്ദേഹം വിവരിക്കുന്നുണ്ട്. ബുഷിന്റെ പ്രഖ്യാപനങ്ങള്‍ കേവലം വാചകമടി മാത്രമായിരുന്നെന്ന് കെല്‍നര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനെ ബുഷ്‌സ്പീക്ക് എന്നും നുണകളുടെ രാഷ്ട്രീയം എന്നും കെല്‍നര്‍ വിവരിക്കുന്നു. ‘ഭീകരതാ യുദ്ധം’ കേവലം യാദൃച്ഛികമായി രൂപംകൊണ്ട പദ്ധതിയല്ല. ദുരൂഹമായി സൃഷ്ടിച്ചെടുത്ത ഒന്നാണത്. ‘നുണ പറയലിന്റെ രാഷ്ട്രീയം’ എന്ന പേരിലാണ് ആ പഠനം പ്രസിദ്ധീകരിച്ചത്.
അമേരിക്കന്‍ രാഷ്ട്രതന്ത്രം:
വഞ്ചനകളും വസ്തുതകളും
അമേരിക്കന്‍ വൈറ്റ്ഹൗസ് നാഷനല്‍ സെക്യൂരിറ്റി ഹൗസിലെ മെമ്പറായ ബ്രൂസ് റീഡല്‍ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം (2021) ഇപ്പോഴും ലഭ്യമാണ്: ”ബുഷ് സദ്ദാം ഹുസൈനെ ഒരു ബാധ (ഒബ്‌സെസീവ്) എന്നപോലെ കണ്ടിരുന്നു. സപ്തംബര്‍ 11ന്റെ കാരണക്കാര്‍ ഇറാഖാണെന്ന് അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചു. ഞാന്‍ 2001 സപ്തംബര്‍ 12ന് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നു. ഈ അടുത്തിടെ എന്റെ അന്നത്തെ പോക്കറ്റ് ഡയറി വെറുതെ നോക്കുകയുണ്ടായി. അന്ന് ഞാന്‍ നിയര്‍ ഈസ്റ്റിന്റെ (പൗരസ്ത്യദേശത്തിന്റെ) സീനിയര്‍ ഡയറക്ടര്‍ ആയിരുന്നു. അന്നത്തെ അമേരിക്കന്‍ നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറായ കോണ്ടലീസ റൈസിനെയും പ്രസിഡന്റ് ബുഷിനെയും ദിനേന എനിക്ക് ബന്ധപ്പെടേണ്ടതുണ്ടായിരുന്നു. അതിന് പ്രധാന കാരണം രണ്ടാം ഇന്‍തിഫാദയാണ് (ഫലസ്തീന്‍ പ്രതിരോധം). പ്രദേശത്തെ അതിക്രമങ്ങളെ കൂടക്കൂടെ ഞങ്ങള്‍ക്ക് തടയേണ്ടത് ആവശ്യമായിരുന്നു”- ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ തുറന്നെഴുത്ത്.
ആ ഡയറിയില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ ബ്രൂസ് റീഡല്‍ കുറിച്ചിരുന്നു. സപ്തംബര്‍ 14ന് ബ്രൂസ് റീഡല്‍ ബുഷിനോടൊപ്പം ഉണ്ടായിരുന്നു. അന്നാണ് ആക്രമണ ശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബുഷിനെ ഫോണ്‍ ചെയ്തത്. ആ ഫോണ്‍ സംഭാഷണത്തില്‍ ബുഷ് ആദ്യം പറഞ്ഞത് ഇറാഖിനെ ഉടനെ ആക്രമിക്കാന്‍ ബുഷ് തയ്യാറാകുന്നു എന്നായിരുന്നു. ബ്രൂസ് റീഡല്‍ എഴുതുന്നു: ബ്ലെയര്‍ ഉച്ചത്തില്‍ ഞെട്ടി. 9/11 ആക്രമണത്തിന് ഇറാഖിന്റെയും അല്‍ഖാഇദയുടെയും ബന്ധത്തിനു തെളിവുകള്‍ കൊണ്ടുവരുവാന്‍ സമ്മര്‍ദം ചെലുത്തി. തീര്‍ച്ചയായും അവിടെ അങ്ങനെ തെളിവുകള്‍ ഇല്ലായിരുന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സിന് ഇത് അറിയാമായിരുന്നു എന്ന് ബ്രൂസ് റീഡല്‍ പറയുന്നു.
ഒരാഴ്ച കഴിഞ്ഞു സുഊദി അംബാസഡര്‍ പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ വൈറ്റ്ഹൗസില്‍ ബുഷിനെ കാണാനെത്തി. ട്രൂമാന്‍ ബാല്‍ക്കണിയിലാണ് കൂടിക്കാഴ്ച നടന്നത്. ചെനിയും റൈസും അവിടെ അപ്പോഴുണ്ട്. എന്റെ കുറിപ്പുകളില്‍ കാണാം ബുഷ് പറഞ്ഞത്, ‘ഈ ആക്രമണത്തിനു പിന്നില്‍ വ്യക്തമായും ഇറാഖാണ്.’ ബന്ദര്‍ ആശ്ചര്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘ഉസാമ ബിന്‍ലാദിനും ഇറാഖും തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ സുഊദിയുടെ പക്ഷത്തില്ല, അവര്‍ തമ്മില്‍ ശത്രുതയിലാണെന്നത് സത്യമാണെങ്കിലും.’ യഥാര്‍ഥത്തില്‍ കുവൈത്ത് പ്രശ്‌നത്തില്‍ സദ്ദാമിനെതിരെ അമേരിക്കയുടെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച രാജ്യമാണ് സുഊദി. അതേത്തുടര്‍ന്ന് നിരവധി തവണ സുഊദിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു എന്നത് ലോകത്തിന് ബോധ്യമുള്ള വസ്തുതയാണ്.
പ്രിന്‍സ് ബന്ദര്‍ ബ്രൂസ് റീഡലിനോട് സ്വകാര്യമായി പറഞ്ഞത് തുടര്‍ന്ന് എഴുതുന്നു: ‘ഇറാഖിനോടുള്ള ബുഷിന്റെ വാശിയിലും വൈരത്തിലും സുഊദികള്‍ അസ്വസ്ഥരാണ്.’ (മേഖലയില്‍ സദ്ദാമിനെ അമേരിക്ക ആക്രമിക്കുമ്പോള്‍ അതിന്റെ പ്രതിക്രിയകള്‍ സുഊദിക്ക് ദോഷമായി ഭവിക്കുമെന്ന് സുഊദിക്ക് അറിയാം). ഈ സമയം സുഊദി ബുഷിനോട് ഫലസ്തീന്‍ രാഷ്ട്രത്തെ പരസ്യമായി പിന്തുണയ്ക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇത് ബുഷ് രഹസ്യമായി മുമ്പ് നല്‍കിയ വാഗ്ദാനമായിരുന്നു എന്നും റീഡല്‍ എഴുതുന്നു.
ഇതേ സപ്തംബര്‍ മാസം 28-ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല യു എസില്‍ എത്തി. ‘ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ച എത്രയും പെട്ടന്ന് പുനരാരംഭിക്കണം. അല്‍ഖാഇദയുടെ പിന്തുണയ്ക്കും ജനകീയതയ്ക്കും കാരണം ഈ ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷമാണ്’ എന്ന് അദ്ദേഹം ബുഷിനോട് പറയുകയുണ്ടായി. പക്ഷേ ബുഷ് ‘ഇറാഖ്’ എന്ന ഒറ്റ ലക്ഷ്യത്തില്‍ പിടിവാശിയിലായിരുന്നു എന്ന് റീഡല്‍ എഴുതുന്നു. അമേരിക്ക ഉടനെ ഇറാഖിനെ ആക്രമിച്ചില്ല. 9/11 ആക്രമണത്തിന്റെ പേരില്‍ പരമാവധി പിന്തുണ ആഗോളതലത്തില്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബുഷ് ആദ്യം ചെയ്തത്. ഇറാഖിന് 9/11 ആക്രമണവുമായോ അല്‍ഖാഇദയുമായോ ബന്ധമില്ലെന്ന് സി ഐ എ (അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി)യുടെ റിപോര്‍ട്ട് അവിടെയിരിക്കെയാണ് അമേരിക്കന്‍ ജനതയെയും ലോക മനഃസാക്ഷിയെയും വഞ്ചിക്കുന്ന ഈ സംഭവം എന്നോര്‍ക്കണം.
കൃത്യം ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ബുഷ് ഇറാഖില്‍ അധിനിവേശം നടത്തി. അതിനു മുമ്പേ 2001 ഒക്ടോബറില്‍ അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തി തങ്ങളുടെ ആയുധപ്പുരയിലെ പഴകിപ്പോകാറായ ആയുധങ്ങള്‍ പലതും അഫ്ഗാനില്‍ പരീക്ഷിച്ച് തങ്ങളാണ് ആഗോള സൈനിക-ആയുധശക്തിയെന്ന് തെളിയിച്ചിരുന്നു. പക്ഷേ 9/11ന്റെ യഥാര്‍ഥ കുറ്റവാളികളെ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ അവരുടെ അത്യന്താധുനിക സാങ്കേതികവും സൈനികവുമായ ശക്തിപ്രഭാവത്തിനു കഴിഞ്ഞില്ല. അത് അവരുടെ ഉദ്ദേശ്യവുമായിരുന്നില്ല എന്ന് അനുമാനിക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ടതില്ല.
ഇതേ ലേഖനത്തില്‍ റീഡല്‍ എഴുതിയ മറ്റൊരു വസ്തുത: 2003ല്‍ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം ഒരു വോട്ടെടുപ്പ് നടത്തിയതിന്റെ വസ്തുത ഇപ്രകാരമായിരുന്നു: 69% അമേരിക്കക്കാരും വിശ്വസിച്ചത് സദ്ദാം ഹുസൈന്‍ വ്യക്തിപരമായി ഇടപെട്ടാണ് 9/11 നടത്തിയത് എന്നാണ്. 82% അമേരിക്കക്കാരും വിചാരിച്ചിരുന്നത് സദ്ദാം അല്‍ഖാഇദയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ടായിരിക്കും എന്നുമാണ്. ഓര്‍ക്കുക, എത്രത്തോളം ബുദ്ധിശൂന്യരോ നിഷ്‌കളങ്കരോ ആണ് സാദാ അമേരിക്കക്കാര്‍! 1990-കളുടെ പകുതിയോടെ അമേരിക്കയുടെ വിവിധ ചെറു ആക്രമണങ്ങളിലും (ബില്‍ ക്ലിന്റണ്‍ യുഗത്തില്‍) കടുത്ത ഉപരോധങ്ങളിലും അസ്ഥിരമായ, ദുര്‍ബലമായ ശക്തിയായിരുന്നു സദ്ദാമിന്റെ ഇറാഖ് എന്നത് ഏതൊരു മാധ്യമപ്രവര്‍ത്തകര്‍ക്കും അറിവുള്ള കാര്യമായിരുന്നു.
അമേരിക്കയുടെ വഞ്ചനയുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതും ലോകത്തെ ബോധ്യപ്പെടുത്തേണ്ടതും ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞവരുടെ ധാര്‍മിക ബാധ്യതയാണ്. കാരണം, ആഗോള ജനാധിപത്യവത്കരണത്തിനായാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് ഊറ്റംകൊള്ളുന്ന ഒരു മുഖം അമേരിക്കക്കുണ്ട്. അതിന്റെ മെഗാഫോണ്‍ ആകാന്‍ നമ്മുടെ മലയാളത്തിലെ ചില മാധ്യമങ്ങളും മിനക്കെട്ടിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.