3 Sunday
December 2023
2023 December 3
1445 Joumada I 20

അല്ലാഹുവിന്റെ ചാരെ

യാസീന്‍ വാണിയക്കാട്


ഓരോ മനുഷ്യന്റെയും ചുവടുകള്‍ക്കടിയില്‍ ഒരു തെളിനീരുറവ മറഞ്ഞിരിപ്പുണ്ട്. ദാഹാര്‍ത്തനായും പരിക്ഷീണനായും അത് ചവിട്ടിക്കടന്നാണ് നാമോരോരുത്തരും ജീവസന്ധാരണത്തിനായി പരക്കംപായുന്നത്. ആത്മീയതയുടെ പിക്കാസിനാല്‍ ഖനനം ചെയ്താല്‍ കണ്ടെത്താവുന്നതേയുള്ളൂ അദൃശ്യമായ ആ ഉറവ.
ത്യാഗത്തിന്റെ, വിശ്വാസദാര്‍ഢ്യത്തിന്റെ, സമര്‍പ്പണത്തിന്റെ, ധ്യാനത്തിന്റെ പിക്കാസ് കൊണ്ട് കുഴിച്ചാല്‍ മാത്രം കണ്ടെത്താവുന്ന ആ ഉറവ മരുഭൂമിയുടെ പാറക്കെട്ടുകളില്‍ നിന്നു ഖനനം ചെയ്‌തെടുത്ത ചരിത്രം അയവിറക്കുന്നുണ്ട് ഹജ്ജ് വേള. സംസം! ആ തെളിനീരുറവയില്‍ ഹാജറാ ബീവിയുടെ പരവശമായ കാലടികളുടെ മൃദുമന്ത്രണമുണ്ട്. സഫ-മര്‍വ മലകളുടെ, അതിനിടയിലെ വറ്റിവരണ്ട താഴ്‌വരയുടെ ആത്മഹര്‍ഷമുണ്ട്. ഇസ്മാഈലിന്റെ(അ) കാല്‍വെള്ളയിലെ ചുവപ്പു മാറാത്ത കുഞ്ഞുപാദപതനങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ(അ) അര്‍പ്പണബോധത്തിന്റെ ഗരിമയും തെളിച്ചവുമുണ്ട്.
‘സംസം… സംസം…’ (അടങ്ങ്, അടങ്ങ്) ഹാജറാബീവി ആര്‍ത്തുവിളിച്ചില്ലായിരുന്നെങ്കില്‍ അതിന്റെ ഒഴുക്ക് പ്രവചനാതീതമാകുമായിരുന്നു. ക്രമാതീതമായി ചുരത്തിക്കൊണ്ടേയിരിക്കുമായിരുന്നു. മക്കയെ ഒന്നടങ്കം അത് മുക്കുമായിരുന്നു. ഇല്ല, അല്ലാഹുവിന്റെ താല്‍പര്യമായിരുന്നു ആ തെളിനീരുറവക്ക് ആ പേര് ചാര്‍ത്തണമെന്നത്. അടങ്ങൂ എന്നര്‍ഥം പേറുന്ന സംസം എന്ന വാക്ക് ഹാജറാബീവി ഉച്ചരിക്കുവോളം അനുസ്യൂതമായി അത് ഒഴുകി. ആ ഒഴുക്കാണ് വിജനമായ മരുപ്പറമ്പില്‍ ഒരു പുതുനാഗരികതയുടെ കൊടിക്കൂറ നാട്ടുന്നതിന് നിമിത്തമായത്.
ഹജ്ജ് വേളയില്‍ ആലു ഇബ്‌റാഹീമിനെ അകതാരില്‍ വരുത്തുന്നു ഹാജിമാര്‍. ആത്മീയതയുടെ ഉത്തുംഗതയില്‍ ഇബ്‌റാഹീമിലേക്കും ഇസ്മാഈലിലേക്കും ഹാജറാബീവിയിലേക്കും അവര്‍ പരകായം ചെയ്യുന്നു. സഫ-മര്‍വ മലമടക്കുകള്‍ക്കിടയില്‍ ഹാജറയെ അനുകരിക്കുന്നു. ആത്മീയദാഹത്തിന്റെ മിടിപ്പിലേക്ക് സംസം തളിക്കുന്നു.
പരീക്ഷണങ്ങളുടെ പേമാരിപ്പെയ്ത്തില്‍ നനഞ്ഞ്, ഇടിവാളുകളെ മുറിച്ചുകടന്ന്, കനല്‍ത്താരകളെ ചവിട്ടിക്കടന്ന്, വെയില്‍ച്ചീളെറിഞ്ഞ് കളിക്കുന്ന നട്ടുച്ചയില്‍ ആത്മാവിനാല്‍ കുളിര്‍ന്ന്, ഒടുവില്‍ അല്ലാഹുവിന്റെ പ്രീതിയില്‍ പരിലസിച്ച് ചരിത്രത്തില്‍ അജയ്യമായി നില്‍ക്കുന്ന ആ മഹിത കുടുംബത്തെ മക്കയില്‍ ചെന്ന് ഹൃദയത്തിലേക്ക് പകര്‍ത്തിയെഴുതാനുള്ള തീര്‍ഥാടനമാണ് പരിശുദ്ധ ഹജ്ജ്. ജംറയില്‍ നാം എറിഞ്ഞുകളയുന്നത് നമ്മെത്തന്നെയാണ്, ദുര്‍ബല നിമിഷത്തില്‍ പിശാചിന് രാപാര്‍ക്കാന്‍ ഒരിടം അനുവദിച്ച നമ്മുടെ മനസ്സിനെയാണ്, നമ്മുടെ സിരകളില്‍ ഇബ്‌ലീസ് നിറച്ചുവെച്ച പ്രതിലോമ ചിന്തകളെയാണ്, പൈശാചിക പ്രേരണയാലും ഭൗതിക വിധേയത്വത്താലും നരച്ചുതുടങ്ങിയ നമ്മിലെ അപരനെയാണ്.
ഹിമധവളിമയാര്‍ന്ന രണ്ടു കീറത്തുണിയില്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ നമുക്ക് കൈമോശം വന്ന ആ ശുഭ്രതയെയാണ് നാം തിരിച്ചുപിടിക്കുന്നത്. മഹ്ശറയില്‍ നിന്ന് വിയര്‍ക്കാതിരിക്കാന്‍ കഅ്ബക്കു ചുറ്റും നിന്ന് വിയര്‍ത്തേ തീരൂ. പ്രദക്ഷിണം ചെയ്തു മടങ്ങുമ്പോള്‍ ഒരു കഅ്ബ നെഞ്ചില്‍ പണിതേ തീരൂ.
തവക്കുല്‍! ആ വാക്ക് ഉച്ചരിക്കുമ്പോഴും ജീവിതത്തില്‍ തുന്നിച്ചേര്‍ക്കുമ്പോളും ആലുഇബ്‌റാഹീമിനെ സ്മരണയില്‍ കൊണ്ടുവരാതിരിക്കാനാവില്ല ഒരു വിശ്വാസിക്കും. തന്റെ പ്രിയതമയെയും നീണ്ട കാലത്തെ കാത്തിരിപ്പിനുമൊടുവില്‍ ലഭിച്ച കൈക്കുഞ്ഞിനെയും വിജനമായ മരുപ്പറമ്പില്‍ വിട്ടേച്ചുപോരാന്‍ തവക്കുലിന്റെ തെളിച്ചമില്ലാത്ത ഏതു പിതാവിനാണ് കഴിയുക! അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമാണ് ഈ മരുഭൂവാസമെന്നറിഞ്ഞ പ്രിയതമയുടെ സര്‍വവും നാഥനില്‍ ഭരമേല്‍പിക്കാനുള്ള മാനസികാവസ്ഥ ഏതു ചരിത്രത്തെയാണ് പ്രോജ്വലിപ്പിക്കാതിരിക്കുക! പിതാവിന്റെ സ്വപ്‌നദര്‍ശനാനന്തരം മൂര്‍ച്ചയുള്ള കഠാരയ്ക്കു കീഴെ, ബലിക്കല്ലിലേക്ക് സുസ്‌മേരവദനനായി കഴുത്ത് നീട്ടിക്കൊടുക്കാന്‍ വിമുഖത കാട്ടാത്ത, തവക്കുലിന്റെയും സമര്‍പ്പണത്തിന്റെയും ഉദാത്തമായ നിദര്‍ശനമാകുന്ന ഒരു മകനെ എത്ര പകര്‍ത്തിയാലാണ് മതിയാവുക!
ആത്മാവിന്റെ ഉള്‍വിളിയില്‍ നിര്‍വഹിക്കേണ്ട കര്‍മമാണ് ഹജ്ജ്. സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ നിര്‍വഹിക്കേണ്ട ഒന്നല്ല. പാപക്കറ ഒന്നിനു മീതെ ഒന്നായി പതിഞ്ഞ് നരച്ചുപോയ ജീവിതത്തെ അലക്കിവെളുപ്പിക്കാനും തിരിച്ചുപിടിക്കാനും ആത്മാവിന്റെ ഉള്‍വിളി ഉയര്‍ന്നേ മതിയാവൂ. മക്ക വിളിച്ചുകൊണ്ടേയിരിക്കും.
ഹൃദയത്തില്‍ കാതുള്ളവര്‍ മാത്രം കേള്‍ക്കുന്ന വിളി! വിലങ്ങനെ എത്ര കടലുകള്‍ ഒഴുകിപ്പരന്നാലും എത്ര ഭൂഖണ്ഡങ്ങള്‍ ഉയര്‍ന്നുനിന്നാലും നമ്മിലേക്കെത്തുന്ന വിളി! ആത്മവിമലീകരണത്തിന്റെ കൊടുംപാത താണ്ടിക്കടക്കുന്നവനില്‍ ഒരു ഇബ്‌റാഹീമുണ്ട്, ഇസ്മാഈലും ഹാജറയുമുണ്ട്. ആ പരമ്പരയുടെ കണ്ണി വന്നുമുട്ടുന്ന മുഹമ്മദെന്ന അന്ത്യപ്രവാചകനുണ്ട്.
നമ്മുടെ ഹൃദയമൊന്ന് കുഴിച്ചുനോക്കൂ… ആരെല്ലാമുണ്ടവിടെ? ഹൃദയസരസ്സിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും കിനിയുന്ന ഉറവ കലക്കുവെള്ളമാണോ? അരുചി നിറഞ്ഞതാണോ? അടങ്ങൂ, അടങ്ങൂ… എന്നെത്ര ശഠിച്ചിട്ടും അടങ്ങാതെ അതു നമ്മെത്തന്നെയും ചുറ്റുപാടിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും മുക്കിക്കൊല്ലാന്‍ പാകത്തില്‍ വളരുന്നുണ്ടോ?
ആലുഇബ്‌റാഹീമിന്റെ കാടുപിടിച്ചുകിടക്കുന്ന ആ പാത വെട്ടിത്തെളിക്കാന്‍ സമയമായിരിക്കുന്നു. ഹൃദയത്തില്‍ എവിടെയോ തുരുമ്പുപിടിച്ചുകിടക്കുന്ന പിക്കാസെടുക്കാന്‍ ഉള്‍വിളി ഉയരേണ്ടിയിരിക്കുന്നു. അത്ര അകലെയൊന്നുമല്ല ആ പാതയുടെ അറ്റം. ത്യാഗത്തിന്റെയും ധ്യാനത്തിന്റെയും പിക്കാസുകൊണ്ട് കുഴിച്ചുതുടങ്ങുമ്പോള്‍ അത് വിളിച്ചുപറയും: ദേ… ഇവിടെയാണ്, ഇവിടെയാണ് ഈ പാത വന്നുമുട്ടുന്നത്… അല്ലാഹുവിന്റെ ചാരെ!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x