13 Saturday
April 2024
2024 April 13
1445 Chawwâl 4

ഐഹികവിഭവങ്ങള്‍ പരീക്ഷണത്തിന്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഐഹിക ജീവിതാലങ്കാരം നല്‍കി നാം സുഖിപ്പിച്ചിരിക്കുന്നതില്‍ നീ കണ്ണ് വെക്കരുത്. അതില്‍ നാം അവരെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. നിന്റെ റബ്ബ് നല്‍കുന്ന ഉപജീവനമാണ് കൂടുതല്‍ ഉത്തമവും നില്‍ക്കുന്നതും (ത്വാഹ 131)

മനുഷ്യന് ലഭിച്ചിരിക്കുന്ന ഏത് ജീവിത വിഭവങ്ങളും അല്ലാഹുവില്‍ നിന്ന് മാത്രമാണ്. എല്ലാവര്‍ക്കും ഒരുപോലെയല്ല അത് അവന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ നിലനിര്‍ത്തി സഹകരണ ഭാവത്തില്‍ കഴിയും വിധമാണ് ജീവിത വിഭവങ്ങളുടെ ദൈവിക വിതരണം.
അതിവിപുലമായ രൂപത്തില്‍ ജീവിത വിഭവങ്ങള്‍ അല്ലാഹു നല്‍കിയിരുന്നുവെങ്കില്‍ മനുഷ്യന്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു (42:27) ജീവിത വിഭവങ്ങള്‍ വീതിക്കുന്നതിലെ ദൈവിക രീതി ശാസ്ത്രമാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതല്‍ ലഭിച്ചവരോട് മറ്റുള്ളവര്‍ക്ക് അസൂയയും അമര്‍ഷവും പാടില്ല. കുറച്ച് മാത്രം ലഭിച്ചവര്‍ക്ക് നേരെ നിന്ദ്യതയും പുഛഭാവവും അരുത്. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളില്‍ നിന്ന് കൊണ്ട് തന്നെ ജീവിതം എങ്ങനെ രചനാത്മകമാക്കാം എന്നായിരിക്കണം മുസ്ലിം ചിന്തിക്കേണ്ടത്.
മനുഷ്യന്റെ ജീവിതം തുലയാന്‍ തുടങ്ങുന്നത് ഖുര്‍ആന്‍ വിലക്കിയ ഈ ജീവിത സമീപനത്തില്‍ നിന്നാണ്. കിട്ടിയതില്‍ സംതൃപ്തനായി ജീവിക്കുക എന്നത് പലര്‍ക്കും അസാധ്യമാണ്. ദുസ്വഭാവങ്ങളെല്ലാം ഉത്ഭവിക്കുന്നത് ഈ മാനസികാവസ്ഥയിലാണ്. ‘നിങ്ങള്‍ നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്, പകരം താഴെയുള്ളവരിലേക്ക് നോക്കുക, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ കൂടുതല്‍ നല്ലത് അതാണ്’ (മുസ്ലിം) ഈ നബിവചനം ആയത്തിനെ കൂടുതല്‍ വിശദീകരിക്കുന്നു.
മുസ്ലിമായി ജീവിക്കുകയും അല്ലാഹു നല്‍കിയതില്‍ സംതൃപ്തനാകുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു എന്നും നബി(സ) പറയുന്നു. സമ്പന്നതയും സ്വാതന്ത്ര്യവും ആവിഷ്‌ക്കാരവും മറ്റു ശേഷികളും ഈമാനോടൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് വ്യക്തികളില്‍ ഉദാരതയും ക്രിയാത്മകതയും മൂല്യങ്ങളുടെ പ്രസരണവുമായി നിലനില്‍ക്കും. ഈമാനിന്റെ അഭാവത്തില്‍ ഇവ ധൂര്‍ത്തും അരാജകത്വവും ആഭാസങ്ങളുമായി തരം താഴുന്നു. ദാരിദ്ര്യത്തെ ഈമാനിലേക്ക് ചേര്‍ത്ത് വെച്ചാല്‍ ലഭിക്കുന്നത് മന:സംതൃപ്തിയായിരിക്കും. ഈമാനില്ലെങ്കില്‍ അത് കുറ്റകൃത്യങ്ങള്‍ക്ക് ഇടം നല്‍കുന്നു. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ ലഭിച്ച മികവുകളെ എങ്ങനെ വായിക്കണമെന്ന് കൂടി ഈ വചനം ഉണര്‍ത്തുന്നു.
‘അത് അവരെ പരീക്ഷിക്കാന്‍ വേണ്ടിയാണ്’ എന്ന് തിരിച്ചറിയുമ്പോള്‍ ഇല്ലായ്മയില്‍ കഴിയുന്നവന്, താന്‍ ആ പരീക്ഷണത്തില്‍ നിന്ന് മുക്തനായല്ലോ എന്ന ആശ്വാസമാണ് ഉണ്ടാവേണ്ടത്. ജീവിതത്തിന് കൊഴുപ്പ് കൂട്ടാന്‍ അവരോടൊപ്പം മത്സരിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ പരിണിതി ദുരന്തങ്ങള്‍ മാത്രമായിരിക്കും. ഭൗതിക നേട്ടങ്ങള്‍ക്ക് അതീതമായി, ലഭിച്ചിരിക്കുന്ന ആയുസ്സ് പുണ്യ ദീപ്തമാക്കാനുള്ള മത്സര ബോധമാണ് മതം നമ്മോട് ആവശ്യപ്പെടുന്നത്.
അല്ലാഹു നല്‍കുന്നതെന്തോ അത് മാത്രമാണ് ഉത്തമവും അനശ്വരവും എന്ന സന്ദേശം ജീവിതത്തിന് സ്വസ്ഥതയും ആശ്വാസവും നല്‍കേണ്ട ചിന്തയാണ്. മനസ്സിനെ ശുഭാപ്തി വിശ്വാസത്തിലും സന്തുലിതാവസ്ഥയിലും നിര്‍ത്താന്‍ ഈ ബോധം ആവശ്യവുമാണ്. ധാരാളം വിഭവങ്ങള്‍ ലഭിച്ചു എന്നതിനേക്കാള്‍ ലഭിച്ചതില്‍ അല്ലാഹുവിന്റെ ബര്‍ക്കത്ത് ഉണ്ടാകുക എന്നതിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. ബര്‍ക്കത്തില്ലാത്ത മുതലിന്റെ ഉടമ, എത്ര തിന്നിട്ടും വിശപ്പടങ്ങാത്തവനെ പോലെയാണെന്ന് നബി പറയുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x