20 Saturday
April 2024
2024 April 20
1445 Chawwâl 11

ബാബരിക്കു ശേഷമുള്ള സംഘപരിവാരത്തിന്റെ പള്ളിവേട്ട

ജൗഹര്‍ കെ അരൂര്‍


‘അയോധ്യാ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ’ (അയോധ്യ ഒരു പ്രതീകം മാത്രമാണ്, കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ). ബാബരിയുടെ മിനാരങ്ങള്‍ തച്ചു തകര്‍ത്ത ശേഷം സംഘപരിവാറും തീവ്രഹിന്ദുത്വ ശക്തികളും മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. 28 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 സെപ്തംബര്‍ 30നു ബാബരി മസ്ജിദ് വിധി വന്നപ്പോഴും ഇതേ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ സംഘപരിവാറോ ഹിന്ദുത്വ തീവ്രവാദികളോ മറന്നതുമില്ല.
ബാബരി ധ്വംസനത്തിന്റെ മൂന്നു പതിറ്റാണ്ടിപ്പുറം ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും കാശിയിലെ ഗ്യാന്‍വാപി പള്ളിയും പുതിയ തര്‍ക്കമന്ദിരങ്ങളാക്കി മാറ്റാനും, അതിനെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാനും സംഘ്പരിവാറിനും ഹിന്ദുത്വ തീവ്രവാദികള്‍ക്കും സാധിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പുതിയ സംഭവവികാസങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുമാറ്റി അതിരിക്കുന്ന 13.37 ഏക്കര്‍ സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രഞ്ജന അഗ്‌നിഹോത്രിയെന്ന വ്യക്തി നല്‍കിയ ഹരജി, മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ച് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
1947 ആഗസ്ത് 15നു നിലവിലുണ്ടായിരുന്ന ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം അതുപോലെ നിലനിര്‍ത്തണമെന്നും, ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ മുമ്പാകെ തീര്‍പ്പു കല്‍പിക്കാത്ത കേസോ നിയമ നടപടിയോ നിലനില്‍ക്കുന്നുവെങ്കില്‍ അത് റദ്ദാക്കപ്പെടുമെന്നും, ഈ വിഷയവുമായി ബന്ധപ്പെട്ട് പുതിയ കേസോ നിയമ നടപടിയോ ആരംഭിക്കാന്‍ പാടില്ല എന്നുമുള്ള 1991ലെ ആരാധനാലയ നിയമം നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് ഷാഹി ഈദ്ഗാഹ് പള്ളിയും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളും നടക്കുന്നതെന്നത് മറ്റൊരു വിരോധാഭാസം.
കേസിലെ
സമാനതകള്‍

ഷാഹി ഈദ്ഗാഹ് പള്ളിയുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജിക്ക് ബാബരി കേസുമായി അനേകം സമാനതകളുണ്ട്. ഭൂജാതനായ രാമന്‍ (രാംലല്ല വിരാജ്മാന്‍) ആയിരുന്നു ബാബരി കേസിലെ ഹരജിക്കാരന്‍ എങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാനാണ് മഥുര കേസിലെ ഹരജിക്കാരന്‍. അതായത് ബാലനായ ശ്രീകൃഷ്ണന്‍. ദൈവം നീതി തേടി കോടതി കയറി അലയുന്നു എന്ന വൈകാരികത പടച്ചുവിട്ട് പ്രശ്‌നത്തെ സങ്കീര്‍ണമാക്കാനുള്ള നീക്കമാണ് ദൈവത്തെത്തന്നെ ഹരജിക്കാരനാക്കുന്നതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്.
വ്യക്തികള്‍ തമ്മിലുള്ള കേസുകളില്‍ ഒരു വിഭാഗം ദൈവമായി കാണുന്നയാളെ ഹരജിക്കാരനാക്കുന്നതിലൂടെ നിയമം നോക്കുകുത്തിയാവുകയും ദൈവം കോടതി കയറുന്നുവെന്ന പ്രചാരണത്തിലൂടെ വൈകാരികത ആളിക്കത്തിക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് എളുപ്പമാവുകയുമാണ് ചെയ്യുന്നതെന്ന് ബാബരി കേസില്‍ നാം കണ്ടുകഴിഞ്ഞതാണ്.
ഷാഹി ഈദ്ഗാഹ് പള്ളി നില്‍ക്കുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയായ കത്‌റ കേശവ്‌ദേവ് നഗരത്തിലാണ്. 1658 മുതല്‍ 1707 വരെ ഇന്ത്യ ഭരിച്ച മുഗള്‍ രാജാവ് ഔറംഗസീബ് കത്‌റ കേശവ്‌ദേവിലെ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചത്, 1968ല്‍ പള്ളി മാനേജ്‌മെന്റ് സമിതിയും ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാസംഘവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ശ്രീകൃഷ്ണ ഭൂമി തട്ടിയെടുത്തതാണ് തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആരോപണങ്ങള്‍.
1991ലെ ആരാധനാലയ നിയമം അനുസരിച്ച് ഇത്തരമൊരു കേസ് തന്നെ നിലനില്‍ക്കാന്‍ പാടില്ല. എന്നിട്ടും കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും സംഘപരിവാര്‍ ഈ വിഷയത്തെ മറ്റൊരു ബാബരിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നത് ഖേദകരമാണ്.
ഷാഹി ഈദ്ഗാഹ് പള്ളിക്കു പിന്നാലെ കാശിയിലെ ഗ്യാന്‍വാപി മസ്ജിദിനു മേലും ഹിന്ദുത്വ തീവ്രവാദികള്‍ അവരുടെ തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. തന്ത്രങ്ങളില്‍ അല്‍പം മാറ്റമുണ്ട് എന്നതൊഴിച്ചാല്‍ മറ്റൊരു തര്‍ക്കമന്ദിരം സൃഷ്ടിക്കുക, അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അതിലൂടെ ഹിന്ദുത്വ വികാരത്തെ ആളിക്കത്തിക്കുക, രാഷ്ട്രീയപരമായ നേട്ടം സൃഷ്ടിക്കുക എന്നതുതന്നെയാണ് ഇതിന്റെയും ആത്യന്തിക ലക്ഷ്യം.
1699ല്‍ ഔറംഗസീബാണ് ഗ്യാന്‍വാപി പള്ളിയും നിര്‍മിച്ചത്. ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കാണുന്ന കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇത് നിലനില്‍ക്കുന്നത്. 2000 വര്‍ഷത്തിനു മുമ്പ് വിക്രമാദിത്യന്‍ നിര്‍മിച്ച ശിവക്ഷേത്രം പൊളിച്ചാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്, ഇതില്‍ 12 ജ്യോതിര്‍ലിംഗങ്ങളുണ്ട്, അത്‌കൊണ്ട് ഇത് ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ വിട്ടുതരണം എന്നതാണ് സംഘപരിവാറിന്റെയും ഹിന്ദുത്വ തീവ്രവാദികളുടെയും ആവശ്യം. കാലങ്ങളായി ഈ ആരോപണവും അവകാശവാദവും സംഘപരിവാര്‍ ഉന്നയിക്കുന്നുണ്ട്. മുമ്പ് പലതവണ അവര്‍ നല്‍കിയ ഹരജികളും മറ്റും നിയമപരമായി നിലനില്‍ക്കില്ല എന്ന കാരണം പറഞ്ഞു കോടതി തള്ളിയതുമാണ്.
1991ലെ ആരാധനാലയ നിയമം തന്നെയായിരുന്നു സംഘ്പരിവാര ശക്തികളില്‍ നിന്ന് ഇക്കാലമത്രയും ഗ്യാന്‍വാപി പള്ളിയെയും നിയമപരമായി സംരക്ഷിച്ചു നിര്‍ത്തിയിരുന്നത്. അതേ നിയമം ഇന്നും നിലവിലുണ്ടായിട്ടും ഗ്യാന്‍വാപിയില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് അഞ്ചു സ്ത്രീകള്‍ നല്‍കിയ ഹരജി സ്വീകരിക്കാന്‍ വാരണാസി കോടതിക്ക് യാതൊരു തടസ്സവും ഉണ്ടായില്ല എന്നത് പുതിയ ഇന്ത്യ ഏത് ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്.
കാശി അജണ്ട നടപ്പാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരും യുപി സര്‍ക്കാരും പുലര്‍ത്തുന്ന ജാഗ്രത അതിവിദഗ്ധമായിരുന്നു. വാരണാസി സൗന്ദര്യവത്കരണ പദ്ധതി എന്ന പേരിലാണ് ഗ്യാന്‍വാപി വേട്ടക്ക് സര്‍ക്കാര്‍ തണലൊരുക്കിയിരിക്കുന്നത്. കാശി വിശ്വനാഥ ടെമ്പിള്‍ കോറിഡോര്‍ പ്രൊജക്റ്റ് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സൗന്ദര്യവത്കരണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
2014ല്‍ വാരണാസിയില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ‘മേ യഹാ ഖുദ് നഹി ആയാ ഹു, മുജേ തോ ഗംഗാ നെ ബുലായാ ഹേ’ (ഞാനിവിടേക്ക് എന്റെ ഇഷ്ടത്തിന് വന്നതല്ല, എന്നെ ഗംഗാ മാതാവ് വിളിച്ചുവരുത്തിയതാണ്) എന്നായിരുന്നു. പ്രധാനമന്ത്രിപദത്തില്‍ കയറിയ ഉടനെത്തന്നെ ഗംഗാ നദിയില്‍ നിന്ന് വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഇടനാഴി ഉണ്ടാക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും യുപിയില്‍ അന്ന് ബിജെപി സര്‍ക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആ ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. 2017ല്‍ യുപിയില്‍ ബിജെപി അധികാരത്തില്‍ വരികയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് കാശി വിശ്വനാഥ് ടെമ്പിള്‍ കൊറിഡോര്‍ പ്രൊജക്റ്റിന് വേഗത കൈവന്നത്.
കാശിയിലെ ഈ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു തൊട്ടുമുന്‍പ് ഗ്യാന്‍വാപി പള്ളി കോമ്പൗണ്ടില്‍ നിന്ന് പഴയ ഒരു നന്തി വിഗ്രഹവുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായത്, ആ വിഗ്രഹം ഗ്യാന്‍വാപി പരിസരത്ത് കുഴിച്ചിടാനുള്ള ശ്രമത്തിനിടയിലാണ്. 1949ല്‍ ബാബരി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം കടത്തിയതിന് സമാനമായ സംഭവം. പ്രദേശവാസികളുടെ ജാഗ്രത കൊണ്ട് മാത്രമാണ് ആ ശ്രമത്തിന് തടയിടാന്‍ സാധിച്ചത്. ഏകദേശം രണ്ടു പതിറ്റാണ്ട് മുന്‍പ് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന എസ് കെ പാണ്‌ഡേ ക്ഷേത്രത്തിനകത്തു നിന്ന് ഒരു ശിവലിംഗം എടുത്ത് ഗ്യാന്‍വാപിക്കകത്തേക്ക് എറിഞ്ഞു. അന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അവസരോചിതമായ ഇടപെടലായിരുന്നു വലിയ ഒരു പ്രശ്‌നത്തില്‍ നിന്ന് കാശിയെ രക്ഷിച്ചത്. ഇങ്ങനെ നിരന്തരമായ ശ്രമങ്ങള്‍ ഗ്യാന്‍വാപിക്കു മേല്‍ ഹിന്ദുത്വ തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ഒരു വശത്ത് ഹിന്ദുത്വ സംഘടനകളുടെ ഇത്തരം നീക്കങ്ങള്‍, മറ്റൊരു വശത്ത് സര്‍ക്കാര്‍ തലത്തില്‍ കാശി വിശ്വനാഥ ടെമ്പിള്‍ കോറിഡോര്‍. ഈ കൊറിഡോര്‍ പ്രൊജക്റ്റിനു വേണ്ടി പ്രദേശവാസികളുടെ പ്രതിഷേധങ്ങളൊന്നും വകവെക്കാതെ അനേകം വീടുകളും കടകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയിട്ടുണ്ട്. സവിശേഷമായ പല ക്ഷേത്രങ്ങള്‍ പോലും ഈ കൊറിഡോര്‍ പ്രൊജക്റ്റിനു വേണ്ടി തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോറിഡോര്‍ പ്രൊജക്റ്റിനു വേണ്ടി ചുറ്റുവട്ടത്തെ ബില്‍ഡിംഗുകളെല്ലാം പൊളിച്ചുമാറ്റി പള്ളിയോട് ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രഭാഗങ്ങളും നന്തി പ്രതിമയും പുറമേക്ക് ദൃശ്യമാവുന്നതോടുകൂടി ഗ്യാന്‍വാപി തര്‍ക്കം രൂക്ഷമാവുമെന്ന് ചൂണ്ടിക്കാണിച്ച് 2018ല്‍ തന്നെ പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വാരാണസി സൗന്ദര്യവത്കരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എങ്ങനെ കോടതിക്ക് വിലക്കാനാകുമെന്ന് ചോദിച്ച് ഹരജി കോടതി തള്ളുകയാണുണ്ടായത്. അത് സംഘ്പരിവാറിനും കേന്ദ്ര-യുപി സര്‍ക്കാരുകള്‍ക്കും കാശി കോറിഡോര്‍ പ്രൊജക്റ്റുമായി മുന്നോട്ടുപോകാന്‍ കൂടുതല്‍ കരുത്ത് പകര്‍ന്നു. ഈ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് കാശി മുക്തി ആന്ദോളന്‍ എന്ന ഒരു മുന്നേറ്റം കൂടി വന്നതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുത്വര്‍ കാശിക്കു വേണ്ടി ശബ്ദമുയര്‍ത്തിത്തുടങ്ങി. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയിലാണ് ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ചിലര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് ഗ്യാന്‍വാപി പള്ളിക്കകത്ത് വീഡിയോഗ്രാഫി സര്‍വേ ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ടത്. അലഹബാദ് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തുവെങ്കിലും സിവില്‍ കോടതി വിധി തടയാന്‍ സുപ്രീം കോടതി തയ്യാറാവാതിരുന്നത് പ്രശ്‌നം പിന്നെയും സങ്കീര്‍ണമാക്കി.

വീഡിയോഗ്രഫി സര്‍വേയില്‍ പള്ളിക്കകത്ത് ശിവലിംഗം കണ്ടെത്തിയെന്ന് വാദിച്ചുകൊണ്ട് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതോടുകൂടി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വരും മുമ്പുതന്നെ ശിവലിംഗം കണ്ടെത്തിയ ഭാഗം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
സംഘ്പരിവാറിനും ഹിന്ദുത്വശക്തികള്‍ക്കും മന്ദിര്‍-മസ്ജിദ് തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്, ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കണം. എന്നാല്‍ നീതിന്യായ കോടതികള്‍ പോലും ഈ നീക്കങ്ങളെ തടയുന്നില്ല എന്നത് മതേതര ഇന്ത്യയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഷാഹി ഈദ്ഗാഹ് പള്ളിയിലോ ഗ്യാന്‍വാപിയിലോ നില്‍ക്കുന്നതല്ല സംഘ്പരിവാറിന്റെ പള്ളിവേട്ട. ഗുജറാത്തിലെ സിദ്ദാപൂരിലെ ജാമിഅഃ മസ്ജിദ് രുദ്രമഹാലയ ക്ഷേത്രമായിരുന്നുവെന്നും പശ്ചിമ ബംഗാളിലെ പാണ്ടുവയിലെ അഥീന മസ്ജിദും മധ്യപ്രദേശിലെ കമാല്‍ മൗലാ പള്ളിയും തുടങ്ങി അനവധി നിരവധി പള്ളികളുണ്ട് സംഘ്പരിവാര്‍ ലിസ്റ്റില്‍. താജ്മഹലും ഖുത്ബ് മിനാറും അടക്കം മുസ്‌ലിം പേരും രൂപവുമുള്ള പൈതൃക മന്ദിരങ്ങള്‍ പോലും സംഘ്പരിവാറിന്റെയും ഹിന്ദുത്വ ശക്തികളുടെയും വര്‍ഗീയ കണ്ണുകളില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുതന്നെയാണ് സംഘ്പരിവാറിന്റെ ഈ നീക്കങ്ങളെ ഇവിടത്തെ മുസ്‌ലിംകളും മതേതര വിശ്വാസികളും എതിരിടുന്നത്.
ബാബരി തകര്‍ക്കപ്പെട്ട കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നത് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയാണ്. അതുകൊണ്ടുതന്നെ ബാബരിക്കു വേണ്ടിയുണ്ടായ മുറവിളികളോ രഥയാത്രയോ സൃഷ്ടിച്ച ഭീതിയേക്കാള്‍ ഭീകരം തന്നെയാണ് കാശിക്കും മഥുരക്കും വേണ്ടിയുള്ള മുറവിളികള്‍ മതേതര ഇന്ത്യയുടെ മനസ്സില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും നീതിന്യായ കോടതികളിലും മഹത്തായ നമ്മുടെ ഭരണഘടനയിലും വിശ്വാസം അര്‍പ്പിച്ചുകൊണ്ട് നമുക്ക് ഒരുമിച്ചു മുന്നോട്ടുപോകാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x