19 Friday
April 2024
2024 April 19
1445 Chawwâl 10

ദൈവനിരാസം അഹങ്കാരമാണ്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ഒരു തെളിവും പ്രമാണവുമില്ലാതെ അല്ലാഹുവിന്റെ ആയത്തുകളില്‍ തര്‍ക്കിക്കുന്നവര്‍, അവരുടെ മനസ്സില്‍ അഹങ്കാരം മാത്രമാണുള്ളത്. അവര്‍ ലക്ഷ്യത്തിലെത്തുകയില്ല. അതുകൊണ്ട് നീ അല്ലാഹുവില്‍ അഭയം തേടുക. അവനാണ് എല്ലാം കാണുന്നവനും കേള്‍ക്കുന്നവനും. (ഗാഫിര്‍ 56)

മനുഷ്യനു ലഭിച്ചിരിക്കുന്ന ബുദ്ധിയും തിരിച്ചറിവും ശരിയായി വിനിയോഗിച്ചാല്‍ തന്നെ അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയും. വളച്ചുകെട്ടില്ലാത്ത, ദുര്‍ഗ്രാഹ്യതയില്ലാത്ത ലളിത യാഥാര്‍ഥ്യമാണത്. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും മനുഷ്യന് നല്‍കുന്ന സന്ദേശവും ഇതു തന്നെ. എന്നിട്ടും സംശയമുള്ളവര്‍ക്ക് യാഥാര്‍ഥ്യം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകളും മതം നല്‍കുന്നു. പ്രാഥമിക തലത്തിലും സംശയനിവാരണം നടത്തിയും സ്രഷ്ടാവിന്റെ അനിവാര്യത മനുഷ്യന് ബോധ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇതിന് തടസ്സം അറിവിന്റെ അപര്യാപ്തതയോ തെളിവിന്റെ അഭാവമോ അല്ല, മനുഷ്യന്റെ അഹങ്കാരം മാത്രമാണ്. സത്യം നിരാകരിക്കലാണ് അഹങ്കാരം എന്ന് നബി പറയുകയുണ്ടായി.
ദൈവനിരാസവും മതനിഷേധവും ഇന്നൊരു അലങ്കാരമായി ചിലര്‍ സ്വീകരിച്ചുവരുകയാണ്. നിരീശ്വരത്വത്തിലേക്ക് മുസ്ലിംകളെ കുടിയൊഴിപ്പിച്ച് കൊണ്ടുപോകുക അത്ര എളുപ്പമല്ല എന്ന് പ്രതിയോഗികള്‍ക്കറിയാം. ഇസ്ലാമിനകത്ത് നിര്‍ത്തി തന്നെ അവരെ മുസ്ലിമല്ലാതാക്കുക എന്നതാണ് അവര്‍ സ്വീകരിക്കുന്ന അടവുനയം. അല്ലാഹുവിലും വിശ്വാസ ആരാധന-ആചാരങ്ങളിലും സംശയമുണ്ടാക്കുന്ന നാസ്തിക പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മതപരമായ ഏത് ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തെളിവുകളുണ്ട്. എന്നാല്‍ ചോദ്യകര്‍ത്താവിന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള വിനയ മനോഭാവം ഇല്ലെങ്കില്‍ ബൗദ്ധിക ബോധ്യങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. അതിനുപകരം അവരില്‍ പ്രവര്‍ത്തിക്കുന്നത് അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് എന്നാണ് ഈ ആയത്ത് വ്യക്തമാക്കുന്നത്. മതനിരാസം ചെറിയ തോതില്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് പരശ്ശതം ആളുകള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്. മുന്‍വിധിയും അഹന്തയുമില്ലാതെ സത്യം ഉള്‍ക്കൊള്ളാനുള്ള വിനയവും വിവേകവുമാണ് അതിനു പിന്നില്‍. സത്യധര്‍മങ്ങളോട് അല്‍പമെങ്കിലും അനുഭാവമുള്ളവര്‍ക്ക് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ അവന്‍ സന്ദര്‍ഭമൊരുക്കും.
തെളിവുകളില്ലാതെ, ദൈവിക വചനങ്ങളില്‍ തര്‍ക്കിക്കുന്നത് ദൈവകോപത്തിന് കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു (40:35). സംശയരോഗം, തന്റെ മുമ്പില്‍ തുറക്കപ്പെടുന്ന സത്യത്തിന്റെ വാതിലുകള്‍ അടക്കുന്നു. തിന്മയും നിഷേധവും പിശാച് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ”യാതൊരു അറിവുമില്ലാതെ അല്ലാഹുവില്‍ തര്‍ക്കിക്കുകയും ധിക്കാരിയായ പിശാചിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ മനുഷ്യരിലുണ്ട്” (22:03) എന്ന വചനം ഇക്കാര്യം വ്യക്തമാക്കുന്നു.
അഹങ്കാര നിഷേധ ഭാവത്തിലൂടെ പ്രതീക്ഷിക്കുന്ന ദൈവ വിരുദ്ധ ലക്ഷ്യങ്ങള്‍ തകരുമെന്നതിന് ചരിത്രവും സാക്ഷിയാണ്. പദാര്‍ഥ വിജ്ഞാനങ്ങള്‍ അവസാനിക്കുന്നിടത്ത് നിന്ന് ഈമാന്‍ നല്‍കുന്ന ഉള്‍ക്കരുത്തില്‍ ജ്ഞാനധന്യത നേടണമെന്നതാണ് മതം ആവശ്യപ്പെടുന്നത്. ഇക്കാണുന്നതെല്ലാം അല്ലാഹു സൃഷ്ടിച്ചു, എങ്കില്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിക്കുന്ന കാലം വരുമെന്ന് നബി(സ) ഉണര്‍ത്തുകയുണ്ടായി. തര്‍ക്കിക്കാനും തോല്‍പിക്കാനുമുള്ള ഈ ചോദ്യത്തിന് ഉത്തരമില്ല. ‘ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു’ എന്നു മറുപടി നല്‍കാനാണ് നബി പറയുന്നത്. ചോദ്യകര്‍ത്താവിന് അത് സ്വീകാര്യമായില്ലെങ്കിലും കേട്ടുനില്‍ക്കുന്നവന്റെ ഈമാനിന് ഇളക്കമുണ്ടാകരുത് എന്ന് ധ്വനിപ്പിക്കാന്‍ കൂടിയാണ് ഈ പ്രതികരണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x