17 Wednesday
April 2024
2024 April 17
1445 Chawwâl 8

എ എ പിയെന്ന പോസ്റ്റ് ഐഡിയോളജിക്കല്‍ പാര്‍ട്ടി

ഖാദര്‍ പാലാഴി


2019 ഡിസംബര്‍. ശാഹീന്‍ബാഗിലും ജാമിഅ മില്ലിയ ഇസ്ലാമിയയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സി എ എ – എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊളളുന്ന കാലം. അക്കാലത്ത് ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉത്കണ്ഠ, ശാഹീന്‍ബാഗിലെ സമരം കൊണ്ട് യാത്രക്കാര്‍ കഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു. തനിക്ക് സംസ്ഥാനത്തെ പൊലീസിന്റെ അധികാരമുണ്ടായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നുവെന്ന് പറയാനാണ് അദ്ദേഹം മിടുക്ക് കാട്ടിയത്. അല്ലാതെ സമരത്തിന്റെ മെറിറ്റിനെയോ ഡീമെറിറ്റിനെയോ കുറിച്ച് പറയാനല്ല.
ഡിസംബര്‍ 15-നാണ് പൊലീസ് ജാമിഅ കാമ്പസില്‍ ഇരച്ചുകയറി കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിയോടിച്ചത്. അന്ന് പരിക്കേറ്റവരിലൊരാള്‍ എ എ പി യുടെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര യുവസംഘര്‍ഷ സമിതി (സി വൈ എസ് എസ്) പ്രവര്‍ത്തകന്‍ കാസിം ഉസ്മാനിയായിരുന്നു. സ്വാഭാവികമായും എ എ പി നേതാക്കള്‍ ഉസ്മാനിക്ക് പിന്തുണയുമായി വരണം. വന്നില്ലെന്ന് മാത്രമല്ല ഉസ്മാനിയെക്കൊണ്ട് താന്‍ എ എ പി വിദ്യാര്‍ഥി വിഭാഗത്തിന്റെ പ്രതിനിധിയായല്ല സമരത്തെ അനുകൂലിച്ചതെന്നും വ്യക്തിപരമായി പങ്കെടുത്തതാണെന്നും പ്രസ്താവന പുറപ്പെടുവിപ്പിക്കുകയായിരുന്നു ആപ് നേതൃത്വം.
ജാമിഅ ഉള്‍പ്പെടുന്ന ഓഖ്‌ല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എ എ പിയുടെഅമാനത്തുല്ലാ ഖാന്‍ ആണ്. ഖാന്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയാണ്. സംഘര്‍ഷ സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ഒരേ ഒരു ആപ് നേതാവ് അമാനത്തുല്ല ഖാനാണ്. ഈ സന്ദര്‍ശനമാവട്ടെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയ്ക്കാണെന്ന് അടിവരയിടാന്‍ എം എല്‍ എയും ആപ് നേതാക്കളും ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങള്‍ മുസ്ലിം ഇഷ്യൂവില്‍ കണ്‍സേണ്‍ ഉള്ളവരല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ഒളിച്ചുകളിയുടെലക്ഷ്യം.
രാഷ്ട്രമീമാംസ വിശാരദന്‍മാര്‍ ആം ആദ്മി പാര്‍ട്ടിയെ ഒരു പോസ്റ്റ് ഐഡിയോളജിക്കല്‍ പാര്‍ട്ടി എന്ന് വിളിക്കുന്നത് വെറുതെയല്ല. ജനാധിപത്യം, മതേതരത്വം, സമഭാവന, തുല്യനീതി എന്നൊക്കെ എല്ലാവരും പറയുന്നത് കൊണ്ട് എ എ പിയും പറയും. അതുറക്കെ പറയേണ്ടിടത്ത് പതുക്കെ പറയുകയോ മാളത്തിലൊളിക്കുകയോ ചെയ്യും. നീതി നിഷേധിക്കപ്പെടുന്നവരെ കണ്ടാല്‍ കണ്ണ് പൊത്തി ഒന്നും കാണുന്നില്ലേ എന്ന നിലയില്‍ നില്‍ക്കും. കാര്യസാധ്യത്തിനായി ഇതൊക്കെ ചേരുംപടി ചേര്‍ക്കുകയും ചെയ്യും. അടിസ്ഥാന ആശയം സൗകര്യാധിഷ്ഠിത അവസരവാദമാണെന്ന് പറയാതെ പറയുന്ന ഞാണിന്‍മേല്‍ കളി.
ഡല്‍ഹി കലാപ സമയത്ത് ആപ്നേതാവ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തപ്പോള്‍ ബി ജെ പിക്കാര്‍ അവരെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടി എന്ന് വിളിക്കുകയുണ്ടായി. എന്നാല്‍ ഇത് കേട്ട്മറുത്തൊരക്ഷരം പറയാന്‍ ആപ്നേതാക്കള്‍ക്കായില്ല. പിന്നീടങ്ങോട്ട് ആ കറ മായ്ച്ചുകളയാനുള്ള കഠിന ശ്രമത്തിലായിരുന്നു പാര്‍ട്ടി. ബി ജെ പിക്കെതിരെ ആപ് തുറന്ന സമരത്തിന് മുതിര്‍ന്ന ഒരേ ഒരു സംഭവം ചൈനയുമായുള്ള സംഘര്‍ഷത്തില്‍ യഥാവിധി പ്രവര്‍ത്തിച്ചില്ല എന്നതിനെ ചൊല്ലി മാത്രമായിരുന്നു.
എ എ പിക്ക് ഒരു ഐഡിയോളജിക്കല്‍ വോട്ട് ബെയ്‌സ് പോലുമില്ല എന്നത് കാണിക്കുന്നതാണ് ഡല്‍ഹിയിലെ വോട്ടിംഗ് നില പോലും. 2015-ലെ ഡല്‍ഹി അസംബ്ലി ഇലക്ഷനില്‍ ആപിന് 70-ല്‍ 67 സീറ്റും 54% വോട്ടും ലഭിച്ചു. എന്നാല്‍ 2019-ലെ ലോക്‌സഭാ ഇലക്ഷനില്‍ ആപിന് 20% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേ വോട്ടര്‍മാര്‍ 2020-ലെ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍എ എ പിക്ക് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. വോട്ടര്‍മാര്‍ സൗകര്യം പോലെ ബി ജെ പിക്കും എ എ പിക്കും വോട്ട് ചെയ്യുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ എവിടെയുമവര്‍ ബി ജെ പിയുടെ ഹിന്ദുത്വ- വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ത്തില്ല. അഴിമതി വിരുദ്ധത- സല്‍ഭരണം- വീട്ടുപടിക്കല്‍ റേഷന്‍ കട തുടങ്ങിയ തനി നല്ലകുട്ടി രാഷ്ട്രീയമാണ് കെജ്രിവാളും സംഘവും പറഞ്ഞുകൊണ്ടിരുന്നത്.ടൈംസ് നൗവിനും സീ ന്യൂസിനും നല്‍കിയ അഭിമുഖത്തില്‍ കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും വിമര്‍ശിച്ചില്ലെന്ന് മാത്രമല്ല കേന്ദ്രം കോവിഡിനെ നേരിട്ടതിന്റെ മിടുക്കിനെ പ്രശംസിക്കുക പോലുമുണ്ടായി. പഞ്ചാബില്‍ എ എ പിയുടെ പി ആര്‍ കാമ്പയിനറായ രാഘവ് ഛദ്ദ കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന് ആക്ഷേപിച്ചപ്പോള്‍ ബി ജെ പിയെ ഘടകകക്ഷിയെന്ന പോലെ നോവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയായിരുന്നു.
അരാഷ്ട്രീയമോ അര രാഷ്ട്രീയമോ അതുമല്ലെങ്കില്‍ ബി ജെ പി രക്ഷകരാഷ്ട്രീയമോ പറയുന്നആപ്പിന്റെ ഈ അവസരവാദ രാഷ്ട്രീയംഇക്കഴിഞ്ഞ ഫെബ്രുവരി 15-ന്പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കാണാന്‍പോയപ്പോള്‍ എനിക്ക് നേരിട്ട് ബോധ്യമായതാണ്. അമൃതസര്‍ സൗത്ത് മണ്ഡലം എ എ പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചെന്ന് എ എ പി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ഡോ. രജ്‌വീന്ദര്‍ സിംഗ് എന്നൊരാള്‍ വരും. ഹി ഈസ് ദ റൈറ്റ് പേര്‍സന്‍ എന്നാണ്.താമസിയാതെ രജ്‌വീന്ദര്‍ വന്നു. വിജയം ഉറപ്പാണെന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ എന്താണ് കോണ്‍ഗ്രസില്‍ നിന്നുംബി ജെ പിയില്‍ നിന്നും എ എ പിയെ വ്യത്യസ്തമാക്കുന്ന ഐഡിയോളജിക്കല്‍ ഡിഫറന്‍സ് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സാധാരണക്കാര്‍ക്കൊപ്പമാണ്, അഴിമതിയില്ലാത്തവരാണ്, പഞ്ചാബിനെ ലൂട്ട് ചെയ്ത കോണ്‍ഗ്രസ് തോറ്റേ പറ്റൂ എന്നൊക്കെയാണ് പറഞ്ഞത്.
സി എ എ- എന്‍ ആര്‍ സി,രാംമന്ദിര്‍ തുടങ്ങിയവയിലെല്ലാം നിങ്ങള്‍ ബി ജെ പിക്കൊപ്പമാണല്ലോ എന്ന് ചോദിച്ചപ്പോഴും മുന്‍ ചോദ്യത്തിനുള്ള മറുപടി തന്നെ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. സാധാരണക്കാര്‍ക്കൊപ്പമാവുമ്പോള്‍ തന്നെ ബി ജെ പി അജണ്ടക്കൊപ്പമാവുന്ന നിലപാടാണ്എ എ പി സംസാരിക്കാന്‍പോകുന്നതെങ്കില്‍പഞ്ചാബല്ല രാജ്യമൊട്ടാകെ ഭരണം കിട്ടിയാലും ഒരു സോഫ്റ്റ് ബി ജെ പിയാവാനേ അവര്‍ക്ക് കഴിയൂ എന്നാണ് ഇത് കാണിക്കുന്നത്.
85% ഹിന്ദു വോട്ടര്‍മാരുള്ള ഒരു രാജ്യത്ത് തീവ്രമായ ഹിന്ദുത്വം പറയുന്ന ഒരു പാര്‍ട്ടിയുണ്ടാവുമ്പോള്‍ സോഫ്റ്റ് ഹിന്ദുത്വം പറയാതെ ഒരു പാര്‍ട്ടിക്ക് എങ്ങനെ പിടിച്ചു നില്‍ക്കാനാവുമെന്ന ചോദ്യം തീര്‍ച്ചയായും ഉയര്‍ത്തപ്പെടുന്നുണ്ട്. തത്വാധിഷ്ഠിത രാഷ്ട്രീയക്കാര്‍ എന്നവകാശപ്പെടുന്നവരുടെ ദുര്‍ഭരണം കാണുമ്പോഴുള്ള മടുപ്പ് വോട്ടര്‍മാരും പ്രകടിപ്പിക്കുക സ്വാഭാവികമാണ്.
പഞ്ചാബിലെ തെരഞ്ഞെടുപ്പ്ഫലം ഈ പ്രതിസന്ധിയുടെ കൂടി പ്രതിഫലനമാണ്. കോണ്‍ഗ്രസില്‍ പൊരിഞ്ഞഅടിയായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഇലക്ഷന് തൊട്ട് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് മണ്ടത്തരമായി. അയാള്‍ക്ക് പകരം ചരന്‍ജിത് സിംഗ് ഛന്നിയെ കൊണ്ട് വന്നത് മറ്റൊരു മണ്ടത്തരമായി. പി സി സി പ്രസിഡന്റായി നവ് ജ്യോത് സിംഗ് സിദ്ദുവിനെ കൊണ്ട് വന്നത് ആന മണ്ടത്തരമായി. അതിനൊക്കെ അപ്പുറമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനം കട്ടുമുടിക്കുകയായിരുന്നുവെന്ന പ്രചാരണം ഏശിയത്.
ജനങ്ങള്‍ ഒരു പകരം കൊതിക്കുകയായിരുന്നു. പഞ്ചാബ് ജനതയുടെ 57.69% സിഖുകാരായതാണ് കോണ്‍ഗ്രസിന് പകരം ബി ജെ പി അധികാരത്തിലെത്താതിരിക്കാനുള്ള സാമൂഹികപരമായ കാരണം. കോണ്‍ഗ്രസില്ലെങ്കില്‍ മികച്ച തൊമ്മന്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന് എല്ലാ വിഭാഗം ജനങ്ങളുംകൂട്ടത്തോടെ തീരുമാനിക്കുകയായിരുന്നു. 2017- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24% ഹിന്ദുക്കളാണ് ആം ആദ്മിക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ ഇത്തവണയത്35% മായി. സിഖുകാര്‍ 27% ത്തില്‍ നിന്ന് 47% ഉം മുസ്ലിംകള്‍ 6% ത്തില്‍ നിന്ന് 39% വുംവോട്ട് ചെയ്തു.
പൊലീസ് അധികാരമില്ലാത്ത ഡല്‍ഹിയിലാണ് ആപ് ഇത് വരെ ഭരിച്ചത്. പഞ്ചാബ് പുതിയ പരീക്ഷണ ശാലയാണ്. കോണ്‍ഗ്രസ് ദുര്‍ബലമായ പകരമാണെന്ന സന്ദേശം കൊടുങ്കാറ്റു പോലെ പടരുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ബി ജെ പിയിതര സംസ്ഥാന കക്ഷികള്‍ ഉയരുകയും തകരുകയും ചെയ്യുന്നു. സി പി എം, സി പി ഐ പാര്‍ട്ടികള്‍ ചിത്രത്തില്‍ എവിടെയുമില്ല. ഉള്ള മതേതര പക്ഷം തന്നെ പരസ്പരം പോരടിക്കുന്നത് കാരണം യു പികള്‍ എല്ലായിടത്തും ആവര്‍ത്തിക്കപ്പെടുന്നു.
പ്രത്യയശാസ്ത്രപരമായ ഷണ്ഡത്വം കാരണം മുസ്ലിം ന്യൂനപക്ഷം ആപ്പിനെ വിശ്വാസത്തിലെടുക്കുന്നില്ല. ഉവൈസിയെ പോലുള്ളവരുടെ പരീക്ഷണങ്ങള്‍ ആത്യന്തികമായി ബി ജെ പി ക്യാമ്പില്‍ ആഘോഷമാവുന്നു. അനിശ്ചിതത്വത്തില്‍ നിന്ന് അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുകയാണ് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം. അരക്ഷിതത്വത്തിന്റെ കാര്‍മേഘം പടരുകയാണ് ന്യൂനപക്ഷ കേന്ദ്രങ്ങളിലെങ്ങും. പരിഹാരമെന്തെന്ന ചോദ്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x