29 Friday
March 2024
2024 March 29
1445 Ramadân 19

കേരളത്തിന്റെ ആഭ്യന്തര സമാധാനത്തിന് ആള്‍ദൈവങ്ങളുടെ മാധ്യസ്ഥമെന്തിന്?

എ പി അന്‍ഷിദ്‌

സി പി എമ്മും ആര്‍ എസ് എസും തമ്മില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഇതിനെ ഉപയോഗിച്ചു തുടങ്ങിയതോടെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താനാണ് മധ്യസ്ഥ ചര്‍ച്ചയെയന്ന് സി പി എം അവകാശപ്പെടുമ്പോള്‍ സി പി എമ്മും ആര്‍ എസ് എസും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ഈ ചര്‍ച്ച കൂടുതല്‍ വലിയ ‘ചര്‍ച്ച’യായി മാറുമെന്ന് ഉറപ്പാണ്.
എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും സി പി എമ്മിന് ഉത്തരം നല്‍കാന്‍ കഴിയാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നുണ്ട്. സംസ്ഥാനത്തെ പ്രബലമായ രാഷ്ട്രീയ കക്ഷികളില്‍ ഒന്നാണ് സി പി എം. അതും സംസ്ഥാന സര്‍ക്കാറിനെ നയിക്കുന്ന ഭരണകക്ഷി. അങ്ങനെയൊരു പ്രസ്ഥാനത്തിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ ഒരു ആള്‍ദൈവത്തിന്റെ സഹായം തേടേണ്ടി വരുന്നു എന്നത് പാര്‍ട്ടിയും സര്‍ക്കാറും എത്തിപ്പെട്ടിരിക്കുന്ന ദുര്യോഗത്തിന്റെ ആഴമാണ് വിളിച്ചോതുന്നത്.
പണ്ട് അധികാരവും രാജ്യവുമുപേക്ഷിച്ച് മക്കയിലേക്ക് പോകും മുമ്പ് ചേരമാന്‍ പെരുമാള്‍ തന്റെ സാമന്ത രാജാക്കന്മാരെ മുഴുവന്‍ വിളിച്ചുചേര്‍ത്ത് രാജ്യം വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതായി ഐതിഹ്യങ്ങളില്‍ പറയുന്നുണ്ട്. രാജ്യഭാഗത്തിനു ശേഷം ചിലര്‍ തങ്ങള്‍ക്ക് ലഭിച്ച ഭൂഭാഗങ്ങളെക്കുറിച്ച് രാജാവിനോട് പരാതി ബോധിപ്പിച്ചുവെത്ര. ‘ചത്തും കൊന്നും അടക്കിക്കൊള്‍ക’ എന്നായിരുന്നു കൂടുതല്‍ ചോദിച്ചവര്‍ക്കുള്ള രാജാവിന്റെ ഉപദേശം. നിളാ മണപ്പുറത്തു വീണ ചാവേറുകളുടെ ചോരത്തുള്ളികള്‍ ഈ ആഹ്വാനത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പടക്കുപോയ നായര്‍ തറവാടുകളില്‍ തിരിച്ചെത്താതെ പോയ ചാവേറുകളുടെ കുടുംബത്തിന്റെ തോരാ കണ്ണീര്‍, പക്ഷേ ഏതെങ്കിലും വള്ളുവക്കോനാതിരിയുടെ ഉറക്കം കെടുത്തിയതായി ഒരു ഐതിഹ്യത്തിലും പറഞ്ഞു കേട്ടിട്ടില്ല.
ചരിത്രവും മിഥ്യയും കൂടിക്കലര്‍ന്ന ഈ ഐതിഹ്യ കഥകള്‍ക്ക് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവുമായി ഏറെ സാമ്യത തോന്നാറുണ്ട്. ചത്തും കൊന്നും സ്വാധീന വലയം വിപുലപ്പെടുത്താനുള്ള നേതാക്കളുടെ ആഹ്വാനങ്ങള്‍ക്ക് കീഴില്‍ രാഷ്ട്രീയാന്ധത ബാധിച്ചുപോയവര്‍ അടിമപ്പെട്ടു പോയതിന്റെ കണ്ണീര്‍ക്കഥകളാണ് കണ്ണൂരിന് പറയാനുള്ളത്. ചോരക്കു പകരം ചോരയെന്നത് രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റിയതിന്റെ ദുരന്തം. കൊലക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് മേല്‍ പറഞ്ഞ കഥയിലെ രാജാപാട്ട് വേഷമാണ്. ചത്തു തീരുന്നവന്റെയോ ഒരായുസ്സ് മുഴുവന്‍ കൊലക്കുറ്റത്തിന് ജയിലില്‍ അടക്കപ്പെടുന്നവന്റെയോ കുടുംബത്തിലെ കണ്ണീര്‍ എത്ര നേതാക്കള്‍ കാണാറുണ്ടെന്ന് അറിയില്ല. ജീവിതത്തിന്റ ഓഡിറ്റ് റിപ്പോര്‍ട്ടെടുത്താല്‍ തല്ലാനും കൊല്ലാനും പോയവന്റെ കണക്കില്‍ നഷ്ടങ്ങള്‍ മാത്രമേ കാണൂ. ആഹ്വാനം ചെയ്തവന്റെ കണക്കില്‍ ലാഭവും.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണമെന്ന് ആഗ്രഹിക്കാത്ത മലയാളികളുണ്ടാകുമെന്ന് കരുതുന്നില്ല. അത്രമേലാണ് അത് ഒരു നാടിന്റെ സ്വാസ്ഥ്യത്തെ ഇല്ലാതാക്കിയത്. ഒരു ജനതയുടെ സ്വച്ഛന്ദമായ ജീവിതത്തെ തകിടം മറിച്ചത്. അതുകൊണ്ടുതന്നെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ നടത്തുന്ന ശ്രമങ്ങളെ കുറ്റം പറയാനാവില്ല. സി പി എമ്മോ സംസ്ഥാന സര്‍ക്കാറോ ആണ് അതിന് തുടക്കം കുറിച്ചത് എന്നതു കൊണ്ടു മാത്രം അതിനെ നിസ്സാരവത്കരിച്ചു കാണാനുമാകില്ല.


എന്നാല്‍ ഇവിടെ സി പി എമ്മും സര്‍ക്കാറും നിരത്തുന്ന വാദങ്ങള്‍ ചില മറുവാദങ്ങള്‍ കൂടി ഉന്നയിക്കപ്പെടുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ക്കു വേണ്ടിയാണ് ശ്രീ എമ്മിനെപ്പോലെ ഒരാളെ മധ്യസ്ഥാനക്കിയത് എന്നാണ് സി പി എമ്മും സര്‍ക്കാറും അവകാശപ്പെടുന്നത്. ആര്‍ എസ് എസുമായി മാത്രമാണോ കണ്ണൂരില്‍ സി പി എം അക്രമ പാതയിലുള്ളത്. പെരിയ ഇരട്ടക്കൊലയടക്കം മലബാര്‍ ജില്ലകളില്‍ മാത്രം സമീപ കാലങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍പെട്ട എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകങ്ങള്‍ക്ക് ആരാണ് ഉത്തരവാദി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം എത്രപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ എത്ര കേസുകളില്‍ സി പി എം നേരിട്ട് പ്രതിസ്ഥാനത്തുണ്ട്. ഭരിക്കുന്ന കക്ഷി സ്വയം മനസ്സിരുത്തി തീരുമാനിച്ചാല്‍ ഇല്ലാതാകുമായിരുന്ന എത്ര കുടുംബങ്ങളുടെ കണ്ണീര്‍ ഇക്കൂട്ടത്തിലുണ്ട്.
ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയാല്‍ തീരുന്ന പ്രശ്‌നങ്ങളാണോ ഇതെല്ലാം. മാത്രമല്ല, സമാധാന ശ്രമങ്ങളുടെ ഭാഗമായിരുന്നെങ്കില്‍ എന്തിനാണ് ഇത്ര രഹസ്യമായി ചര്‍ച്ചകള്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായാണ് ആദ്യം ചര്‍ച്ച നടത്തിയതെന്നാണ് ശ്രീ എം തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പിന്നീട് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഇരുവരും നിര്‍ദേശിച്ചതനുസരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായും ചര്‍ച്ച നടത്തി. ഇത്രയും ചര്‍ച്ചകള്‍ നടത്തുമ്പോഴും എന്തിനായിരുന്നു ഇതിന് രഹസ്യ സ്വഭാവം സൂക്ഷിച്ചത്. സമാധാന ശ്രമങ്ങള്‍ക്ക് ഭംഗം വരാതിരിക്കാനാണെന്നാണ് എ വിജയരാഘവന്‍ നിരത്തുന്ന ന്യായീകരണം. മേല്‍ പറഞ്ഞ നേതാക്കളെയൊന്നും അനുസരിക്കാത്ത, കൊലക്കത്തി രാഷ്ട്രീയത്തെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മറ്റാരാണ് സ്വന്തം പാര്‍ട്ടിക്കകത്ത് ഉള്ളതെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം വിജയരാഘവന്‍ കാണിക്കേണ്ടിയിരുന്നു. അതുതന്നെയാണ് ഈ ചര്‍ച്ചയിലെ ഏറ്റവും വലിയ ദുരൂഹത.
താന്‍ ആര്‍ എസ് എസുകാരനല്ലെന്നാണ് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ശ്രീ എം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ആര്‍ എസ് എസിനെ ദേശീയവാദ പ്രസ്ഥാനമായി ചിത്രീകരിക്കുകയും സംഘ്പരിവാറിന്റെ ആശയാദര്‍ശങ്ങളെ അതേ അഭിമുഖത്തില്‍ തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു. ആര്‍ എസ് എസ് ഒരിക്കലും ഇന്ത്യയില്‍ നിന്നു കൊണ്ട് പാകിസ്താനു വേണ്ടി മുദ്രാവാക്യം വിളിക്കില്ലെന്ന ന്യായീകരണമാണ് ഇതിന് അദ്ദേഹം നിരത്തുന്നത്. എന്താണ് ദേശീയത, ദേശവിരുദ്ധത എന്നിവ സംബന്ധിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്തതുകൊണ്ടാണോ, അതോ സംഘ്പരിവാര്‍ പിന്തുടരുന്ന കാപട്യം അതേപോലെ ഉള്ളില്‍ കൊണ്ടു നടക്കുന്നതു കൊണ്ടാണോ അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല.
ദേശത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും ഐക്യത്തിനും വേണ്ടിയുള്ള നിലപാടുകളാണ് ദേശീയയത. അതിന് വിപരീതമായതെല്ലാം ദേശവിരുദ്ധതയും. ആ കണക്കിന് ആര്‍ എസ് എസ് ദേശവിരുദ്ധമല്ലെന്ന് എങ്ങനെ പറയാനാകും. ഒരു ബഹുസ്വര രാജ്യത്ത് ഒരേയൊരു ഐഡിയോളജി മാത്രം നിലനില്‍ക്കണമെന്നും മറ്റുള്ള ആശയങ്ങള്‍ പിന്തുടരുന്നവരെയെല്ലാം ആട്ടിപ്പായിക്കണമെന്നും വിശ്വസിക്കുന്നതിനേക്കാള്‍ വലിയ രാജ്യദ്രോഹപ്രവര്‍ത്തനം എന്തുണ്ട്. ഇഷ്ടമുള്ള ആഹാരം കഴിച്ചതിന്റെ പേരില്‍, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരില്‍, ഇഷ്ടമുള്ള മതവിശ്വാസം പിന്തുടര്‍ന്നതിന്റെ പേരില്‍, ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുത്തതിന്റെ പേരില്‍ സ്വന്തം ജനതയെ തെരുവുനായ്ക്കളെയെന്ന പോലെ തല്ലിക്കൊല്ലുന്നവര്‍ എങ്ങനെ ദേശവിരുദ്ധരല്ലാതാകും.
മലേഗാവിലും സംഝോത എക്‌സ്പ്രസിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന് ഉത്തരം പറയേണ്ടി വന്നവര്‍ എങ്ങനെ ദേശവിരുദ്ധരല്ലാതാകും. രാഷ്ട്രപിതാവിന്റെ മരണം മുതല്‍ ബോംബെയിലും ഗുജറാത്തിലും കാന്ധമാലിലും, അസമിന്റെ വടക്കുകിഴക്കന്‍ ജില്ലകളിലും അരങ്ങേറിയ എണ്ണമറ്റ മനുഷ്യരെ ജീവനോടെ ചുട്ടെരിച്ച വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ ഉത്തരം പറയേണ്ടി വന്നവര്‍ എങ്ങനെ രാജ്യദ്രോഹികളല്ലാതാകും. അങ്ങനെയുള്ള സംഘ്പരിവാറിനെ ദേശീയവാദികളായി ചിത്രീകരിക്കുന്നതിലൂടെ താനുമൊരു ആര്‍ എസ് എസുകാരന്‍ ആണെന്നു തന്നെയാണ് ശ്രീ എം പറയാതെ പറയുന്നത്. ശാഖയില്‍ പോയി മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനോനില സംഘപരിവാറിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാന്‍ പാകപ്പെട്ടതാണെന്ന് ചുരുക്കം. അങ്ങനെയൊരാളെ മധ്യസ്ഥനാക്കുക വഴി എന്തു സന്ദേശമാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ജനതക്കു കൈമാറാനുള്ളത്.
ഒടുവില്‍ വിവരം പുറത്തുവരികയും വിവാദമാവുകയും ചെയ്തപ്പോള്‍ മതേതര വാദിയായ യോഗിവര്യനെന്ന പട്ടമാണ് ശ്രീ എമ്മിന് മുഖ്യമന്ത്രി ചാര്‍ത്തിക്കൊടുത്തത്. കാര്യം കാണാന്‍ ഇങ്ങനെ ‘യോഗീവര്യന്മാ’രുടെ കാലു പിടിക്കാന്‍ പോകുന്ന അതേ ഭരണകൂടം തന്നെയാണ് ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരില്‍ ഒരു ജനതയുടെ വിശ്വാസത്തെയും ആചാരത്തെയും ചവിട്ടിമെതിച്ച് ശബരിമല സ്ത്രീ പ്രവേശനത്തിന് വഴിയൊരുക്കിയത് എന്നുകൂടി ഓര്‍ക്കണം.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിലാണ് ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള സത്സംഘ് ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാര്‍ തീരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ ആരോപണങ്ങളെ സംസ്ഥാന സര്‍ക്കാറിന് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. മാത്രമല്ല, സത്സംഘ് പോലുള്ള ആള്‍ദൈവ പ്രസ്ഥാനങ്ങളെ ‘ഭൂമിപൂജ’ നടത്തി കുടിയിരിത്തുക വഴി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എത്തിപ്പെട്ടിരിക്കുന്ന അധഃപതനത്തിന്റെ ആഴമാണ് വ്യക്തമാക്കിത്തരുന്നത്.
1948 നവംബര്‍ ആറിന് തിരുവനന്തപുരം വഞ്ചിയൂരിലെ ഒരു സാധാരണ മുസ്്‌ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലി ഖാന്‍ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ആധ്യാത്മിക കേന്ദ്രങ്ങളുള്ള സത്സംഘ് ഫൗണ്ടേഷന്റെ അധിപനായ ശ്രീ എം ആകുന്നതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ യോഗീവര്യനെയല്ല, മറിച്ച് സ്വന്തമായ സാമ്രാജ്യങ്ങളുള്ള ആള്‍ദൈവത്തെയാണ് കണ്ടുമുട്ടാനാവുക. ഒമ്പതാം വയസ്സില്‍ സ്വന്തം വീട്ടുമുറ്റത്തുവച്ച് ബോധോദയമുണ്ടായെന്നും പിന്നീട് 19-ാം വയസ്സില്‍ എല്ലാമുപേക്ഷിച്ച് ഹിമാലയന്‍ സാനുക്കളിലേക്ക് യാത്ര ചെയ്ത് കേദാര്‍നാഥിലും ബദ്രിനാഥിലുമെത്തി നാഥ് പിന്തുടര്‍ച്ചക്കാരനായ ബാബാജി ഗുരുവിന്റെ ശിഷ്യനായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യത്വം സ്വീകരിച്ച് മൂന്നു വര്‍ഷത്തോളം തപംചെയ്ത് ഒടുവില്‍ ഗുരുവിന്റെ അഭ്യര്‍ഥന പ്രകാരം നാട്ടില്‍ തിരിച്ചെത്തി വിവാഹം ചെയ്ത് ഗൃഹസ്ഥാശ്രമം സ്വീകരിച്ച ശേഷം ആശയ പ്രചാരണത്തിനിറങ്ങിയെന്നുമാണ് സത്സംഘ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ശ്രീ എമ്മിനെ പരിചയപ്പെടുത്തിക്കൊണ്ട് അവകാശപ്പെടുന്നത്. ഏതു സമയത്തും പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷനാകാനും തന്റെ ഗുരുവിന് ശേഷിയുണ്ടെന്നും ശ്രീ എം തന്റെ ആത്മകഥയില്‍ അവകാശപ്പെടുന്നു.
ഒരു ആള്‍ദൈവം എന്നതില്‍ കുറഞ്ഞ ഒരു നിലയിലുമല്ല അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. അങ്ങനെ ഒരാളെയാണ് മതേതര വാദിയായ യോഗീവര്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാടിപ്പുകഴ്ത്തുന്നത്. മാതാ അമൃതാനന്ദ മയിയുടേയും ശ്രീ ശ്രീ രവിശങ്കറിന്റെയും മിനിയേച്ചര്‍. തല്‍ക്കാലം അങ്ങനെ വിശേഷിപ്പിക്കാം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പട്ടികയെടുത്താല്‍ സത്സംഘ് ഫൗണ്ടേഷന്റെ എത്രയോ ഇരട്ടി വരും അമൃതാനന്ദമയീ മഠവും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും നടത്തുന്ന സേവനങ്ങള്‍. മനുഷ്യന്റെ വിശ്വാസപരമായ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇത്തരക്കാരോടും ഇതേ സമീപനം തന്നെയാണോ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് തുറന്നു പറയണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയതിന്റെ വായ്ത്താരികള്‍ പാടിനടന്ന് ഇന്നും വോട്ടു പിടിക്കുന്നവര്‍, ഒന്നുകില്‍ പൂര്‍വ്വകാല നിലപാടുകളെ തള്ളിപ്പറയുന്നു, അല്ലെങ്കില്‍ അവസരവാദത്തിന്റെ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്നു വേണ്ടേ ഇതില്‍ നിന്നു വായിച്ചെടുക്കാന്‍.
ഇത്തരം ഒരാളെ മധ്യസ്ഥനാക്കി വേണോ സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. അങ്ങനെയെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറുപക്ഷത്തുള്ള മറ്റു പാര്‍ട്ടികളുമായും സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ച നടത്തുമോ, അതിന് ആരെ മധ്യസ്ഥരാക്കും തുടങ്ങിയ അനവധി ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഏതായാലും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം സ്വന്തം ശവക്കുഴി തോണ്ടുന്ന നടപടിയായി മാത്രമേ ഇതിനെ കാണാനാകൂ.
തലയില്‍ മുണ്ടിട്ടു പോയിട്ടല്ല ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം. അര്‍ധരാത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിന്റെ ലൈറ്റ്ഹൗസില്‍ വച്ചാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ശ്രീ എം അഭിമുഖത്തില്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ എന്ത് മുണ്ടിടലാണാവോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. മാത്രമല്ല, തന്റെ മധ്യസ്ഥതയിലും അല്ലാതെയും ആര്‍ എസ് എസുമായി സി പി എം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ശ്രീ എം അഭിമുഖത്തില്‍ അവകാശപ്പെടുന്നു. താന്‍ തുടക്കം കുറിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. ഈ തുടര്‍ ചര്‍ച്ചകള്‍ എത്ര തവണ നടന്നുവെന്ന് ഏതായാലും ഇരു വിഭാഗവും വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നയുടന്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു സി പി എം ബുദ്ധിജീവിയെന്ന് അവകാശപ്പെടുന്ന എം വി ഗോവിന്ദന്റെ വാദം. ചര്‍ച്ച നടന്നില്ല എന്നല്ല, ഗോവിന്ദന്‍ അറിഞ്ഞില്ല എന്നതാണ് സത്യം. ഗോവിന്ദന്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ബഹുഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇതക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പറഞ്ഞതിന്റെ ആലങ്കാരിക പ്രയോഗം തന്നെയാണ് തലയില്‍ മുണ്ടിട്ടുപോയി ചര്‍ച്ച നടത്തുക എന്ന് പാവം മുഖ്യമന്ത്രിക്ക് മനസ്സിലായിക്കാണില്ലെന്ന് സഹതപിക്കാനേ പാകമുള്ളൂ.
ആര്‍ എസ് എസ് ബാന്ധവം പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ജമാഅത്തെ ഇസ്്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്നാണ് ജയരാജന്റെ വാദം. ആര്‍ എസ് എസുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയല്ലേ. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരും ഇക്കാര്യം ശരിവെക്കുന്നു. അപ്പോള്‍ ആര്‍ എസ് എസ് ബാന്ധവം പ്രചരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമല്ലേ. ഇരുട്ടിന്റെ മറവില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് ഏതൊരു പ്രതിപക്ഷ കക്ഷിയും ഉന്നയിക്കുക സ്വാഭാവികമല്ലേ. അതിനെ നിഷേധിക്കാന്‍ കഴിയാത്തതല്ലേ യഥാര്‍ഥത്തില്‍ സര്‍ക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും വീഴ്ച. എന്തുകൊണ്ടാണ് സി പി ഐയോ ഇടതുപക്ഷത്തെ മറ്റു കക്ഷികളോ ഇതിനെ ന്യായീകരിക്കാന്‍ രംഗത്തെത്താത്തത്. സി പി എമ്മിന്റെ നീക്കങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതു കൊണ്ടല്ലേ.
കണ്ണൂരിന്റെ സ്വാസ്ഥ്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള ഉദ്യമങ്ങളെ ഒരു നിലക്കും നിരുത്സാഹപ്പെടുത്തുന്നില്ല. എന്നാല്‍ സ്വന്തം നേതാക്കളേയും പാര്‍ട്ടിക്കാരേയും പോലും വിശ്വാസത്തിലെടുക്കാതെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയം ജനിക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സ്വീകരിച്ച സംഘ്പരിവാര്‍ അനുകൂല നിലപാടുകള്‍ വിലയിരുത്തപ്പെടുമ്പോള്‍. രാജ്യത്തെ വലിയൊരു വിഭാഗം ജനത പ്രതീക്ഷയര്‍പ്പിപ്പിക്കുന്ന ഇടതുപക്ഷ മതേതര പ്രസ്ഥാനത്തെ ആര്‍ എസ് എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടുന്നതായിരുന്നില്ലേ പിണറായി സര്‍ക്കാറിന്റെ നടപടികളുമെന്ന് ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ആത്മവിചാരണ നടത്തേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x