26 Thursday
December 2024
2024 December 26
1446 Joumada II 24

ദക്ഷിണേന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരെ നിങ്ങള്‍ക്കറിയുമോ?

സയ്യിദ് ഉബൈദുര്‍റഹ്മാന്‍


ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം സംരക്ഷിക്കുന്നതിനായി പൂര്‍ണമായും സമര്‍പ്പിച്ച ജീവിതമാണ് ഡല്‍ഹിയില്‍ നിന്നുള്ള എഴുത്തുകാരനായ സയ്യിദ് ഉബൈദുറഹ്മാന്റേത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ചുരുങ്ങിയത് അഞ്ചു കൃതികളെങ്കിലും രചിക്കുകയുണ്ടായി. അതില്‍ ‘ഫോര്‍ഗോട്ടണ്‍ മുസ്‌ലിം എംപയേഴ്‌സ് ഓഫ് സൗത്ത് ഇന്ത്യ: ബഹ്മാനി എമ്പയര്‍, മധുരൈ, ബീജാപൂര്‍, അഹ്മദ് നഗര്‍, ഗോല്‍കൊണ്ട ആന്റ് മൈസൂര്‍ സുല്‍ത്താനേറ്റ്‌സ്’, ‘ഉലമാസ് റോള്‍ ഇന്‍ ഇന്ത്യാസ് ഫ്രീഡം മൂവ്‌മെന്റ്’, ‘ബയോഗ്രഫിക്കല്‍ എന്‍സൈക്ലോപീഡിയ ഓഫ് ഇന്ത്യന്‍ മുസ്‌ലിം ഫ്രീഡം ഫൈറ്റേഴ്‌സ്’ എന്നീ മൂന്നു കൃതികള്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം വ്യവസ്ഥാപിതമായി സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. രചനകളെക്കുറിച്ചും നേരിട്ട തടസ്സങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു:

എന്തുകൊണ്ടാണ് താങ്കള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?
ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ അവരുടെ വീരപുരുഷന്മാരെ മറക്കുന്നതില്‍ മിടുക്കരാണ് എന്നത് ഒരു കയ്പുള്ള സത്യമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏതാനും വീരപുരുഷന്മാരുടെ പേരു പറയാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ആളുകള്‍ക്കും ഒന്നോ രണ്ടോ പേരുടെ പേരുകള്‍ പറയാനേ കഴിയൂ. അവയില്‍ തീര്‍ച്ചയായും ബഹ്മാനീസിന്റെയും ആദില്‍ഷാഹികളുടെയും നൈസാംഷാഹികളുടെയും പേരുകള്‍ ഉണ്ടാവില്ല. ഇത് വളരെ വലിയൊരു ദുരന്തമാണ്. നമ്മുടെ സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയുടെ വിലയാണ് നാം കൊടുത്തുകൊണ്ടിരിക്കുന്നത്. മറ്റ് ആളുകളോ സംഘടനകളോ സര്‍ക്കാരോ അല്ല നമ്മുടെ ചരിത്രം പൂര്‍ണമായും മായ്ച്ചുകൊണ്ടിരിക്കുന്നത്, നാം തന്നെയാണ്.

മുസ്‌ലിം ചരിത്രം പതിവായി ഉര്‍ദുവിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷില്‍ എഴുതേണ്ടതിന്റെ ആവശ്യകത താങ്കള്‍ക്ക് തോന്നിയത് എന്തുകൊണ്ടാണ്?
ഈ ധാരണ ശരിയല്ല. ബഹ്മാനി സാമ്രാജ്യം, ആദില്‍ഷാഹി സാമ്രാജ്യം, നിസാം ഷാഹി സാമ്രാജ്യം, ഖുതുബ്ഷാഹി സാമ്രാജ്യം, മൈസൂര്‍ സുല്‍ത്താനേറ്റ് എന്നിവയെക്കുറിച്ച് ഏതാനും പുസ്തകങ്ങളെങ്കിലും എഴുതപ്പെട്ടിട്ടുണ്ട്. ഹാറൂന്‍ ഖാന്‍ ഷര്‍വാനി എന്ന പ്രശസ്തനായ ഹൈദരാബാദി ചരിത്രകാരന്‍ ബഹ്മാനി സാമ്രാജ്യത്തിന്റെ ചരിത്രവും ഗോല്‍ക്കൊണ്ട സുല്‍ത്താനേറ്റിലെ ഖുത്ബുഷാഹിമാരുടെ ചരിത്രവും വിശദമായി എഴുതിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ ഔട്ട് ഓഫ് പ്രിന്റ് ആണ്. എങ്ങും ലഭ്യമല്ല. ബഹ്മാനി സാമ്രാജ്യത്തെക്കുറിച്ചും തുടര്‍ന്നുവന്ന ഡക്കാനി സുല്‍ത്താനേറ്റിനെ കുറിച്ചും കനപ്പെട്ട ഒരു കൃതിയും ഉര്‍ദുവില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മൈസൂര്‍ സുല്‍ത്താനേറ്റിനെക്കുറിച്ച്, പ്രത്യേകിച്ചും ടിപ്പു സുല്‍ത്താനെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ വളരെ മികച്ച ചില പുസ്തകങ്ങള്‍ ഇംഗ്ലീഷിലാണ്. ടിപ്പു സുല്‍ത്താനെക്കുറിച്ച് മുഹിബ്ബുല്‍ ഹസന്‍ രചിച്ച ഇംഗ്ലീഷിലുള്ള ജീവചരിത്രം ഇവയില്‍ ഏറ്റവും മികച്ചതാണ്.

എന്തുകൊണ്ടാണ് താങ്കള്‍ ദക്ഷിണേന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം എഴുതുന്നത്?
ദക്ഷിണേന്ത്യയില്‍ ഒരുപാട് മുസ്‌ലിംകളുണ്ട് എന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവില്ല. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ വടക്കേ ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്നു ഭിന്നമായി ദക്ഷിണേന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും അവരുടെ രാജവംശങ്ങളുടെ ചരിത്രവും മുസ്‌ലിം സാമ്രാജ്യങ്ങളുടെ ചരിത്രവും വേണ്ടത്ര വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വടക്കേ ഇന്ത്യയുടെ കാര്യത്തില്‍ പോലും എപ്പോഴും കൂടുതല്‍ ശ്രദ്ധ മൂന്നു നൂറ്റാണ്ടു കാലം വടക്കേ ഇന്ത്യ ഭരിച്ച മുഗളരുടെ ചരിത്രം രചിക്കുന്നതിലായിരുന്നു. ഡല്‍ഹി സുല്‍ത്താനേറ്റിന്റെയും ഡല്‍ഹി ഭരിച്ച വിവിധ സുല്‍ത്താന്‍മാരുടെ ചരിത്രവും വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരൊഴിച്ചുള്ള മറ്റു വടക്കേ ഇന്ത്യന്‍ മുസ്‌ലിം ഭരണാധികാരികളുടെ ചരിത്രം കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജോണ്‍പൂര്‍ ആസ്ഥാനമായ ശര്‍ക്കി സുല്‍ത്താനേറ്റിന്റെയും നൂറ്റാണ്ടുകളോളം നീണ്ടുനിന്ന സുശക്തമായ ബംഗാളിലെ മുസ്‌ലിം സുല്‍ത്താനേറ്റിന്റെയും ചരിത്രം ഇവയില്‍ പെടുന്നു. അതുപോലെ ഗുജറാത്ത്, മാല്‍വാ, ഖണ്ടേശ് എന്നിവിടങ്ങളിലെ മുസ്‌ലിം രാജവംശങ്ങളുടെ ചരിത്രവും വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ല.
മധ്യകാല ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രമാണ് ഞാന്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘ഫോര്‍ഗോട്ടന്‍ മുസ്‌ലിം എംപയേഴ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ എന്ന എന്റെ പുസ്തകം ഈ പരമ്പരയിലെ ആദ്യ വാള്യം ആണ്. ഈ ഗ്രന്ഥത്തില്‍ ബഹ്മാനി സാമ്രാജ്യം, ബീജാപൂരിലെ ആദില്‍ഷാഹി സുല്‍ത്താനേറ്റ്, അഹ്മദ് നഗറിലെ നിസാംഷാഹി സുല്‍ത്താനേറ്റ്, ഗോല്‍കൊണ്ടയിലെ ഖുത്ബ്ഷാഹി സുല്‍ത്താനേറ്റ്, ഹൈദരലി സ്ഥാപിച്ച മൈസൂര്‍ സുല്‍ത്താനേറ്റ് എന്നിവയെക്കുറിച്ചു വിവരിച്ചിരിക്കുന്നു. അടുത്ത വാള്യത്തില്‍ ഗുജറാത്ത് സുല്‍ത്താനേറ്റ്, മാല്‍വ സുല്‍ത്താനേറ്റ്, ഖണ്ടേശ് സുല്‍ത്താനേറ്റ് എന്നിവയെക്കുറിച്ചും ഹൈദരാബാദിലെ നൈസാമുമാരെക്കുറിച്ചും വിശദമായ അധ്യായങ്ങള്‍ ഉണ്ടാകും. ദക്ഷിണേന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും ഡല്‍ഹി സുല്‍ത്താനേറ്റിന്റെയും മുഗള്‍ സുല്‍ത്താനേറ്റിന്റെയും ചരിത്രം പോലെ തിളക്കമാര്‍ന്നതാണ്.
15ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബിദാര്‍ കേന്ദ്രമാക്കിയുള്ള ബഹ്മാനി സാമ്രാജ്യം ദക്ഷിണേന്ത്യയിലെ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു.

ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുന്ന പ്രൊജക്ടിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
നിലവില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്ന് നമ്മുടെ ചരിത്രവും സംസ്‌കൃതിയും സംരക്ഷിക്കാനാവാത്തതാണ്. ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടുകൂടി ഇക്കാര്യത്തിന് ഗൗരവമേറിയിരിക്കുന്നു. അവര്‍ പ്രധാനമായും തിരുത്തിയെഴുതാന്‍ ഉദ്ദേശിക്കുന്നത് മധ്യകാല ചരിത്രമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനു കീഴില്‍ ‘കോംപ്രിഹെന്‍സീവ് ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ ഉള്ള ഈ പ്രോജക്ടിന് ചുരുങ്ങിയത് 12 വാള്യങ്ങള്‍ ഉണ്ടാകും.
ഈ വാള്യങ്ങള്‍ രചിക്കുമ്പോള്‍ യൂറോ കേന്ദ്രീകൃതമായ സോഴ്‌സുകളെ ആശ്രയിക്കാതെ പ്രാദേശിക ഭാഷകളിലുള്ള സോഴ്‌സുകളെയാണ് ആശ്രയിക്കുക എന്ന് അവര്‍ പ്രാധാന്യപൂര്‍വം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മധ്യകാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചു പോലും പ്രാദേശിക ഭാഷകളില്‍ വേണ്ടത്ര സാഹിത്യങ്ങള്‍ ലഭ്യമല്ല. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് മഹ്മൂദ് ഗസ്‌നി നടത്തിയ നിരവധി മുന്നേറ്റങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു മധ്യകാല ഇന്ത്യന്‍ കൃതികളിലും ലഭ്യമല്ല എന്നത് പലരെയും വിസ്മയിപ്പിച്ചേക്കാം. വികലമായ കെട്ടുകഥകളില്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ രേഖപ്പെടുത്തല്‍ വേണ്ടത്ര പ്രാധാന്യമുള്ളവയായി അക്കാലത്തെ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ കരുതിയില്ലെന്ന് അബ്രഹാം എരാലി വിശ്വസിക്കുന്നു.
താങ്കളുടെ രചനകളുടെ അനന്തര ഫലം ഇതുവരെ എന്താണ്?
അനന്തര ഫലം ഫീല്‍ ചെയ്യാന്‍ മാത്രമുള്ള കാലദൈര്‍ഘ്യം ആയിട്ടില്ല. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനും നമ്മുടെ ചരിത്രത്തെക്കുറിച്ചും പൈതൃകത്തെ കുറിച്ചും അവരെ ബോധവാന്മാരാക്കുന്നതിനും ഇനിയും സമയമെടുക്കും. എന്നിരുന്നാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള എന്റെ ‘ബയോഗ്രഫിക്കല്‍ എന്‍സൈക്ലോപീഡിയ ഓഫ് ഇന്ത്യന്‍ മുസ്‌ലിം ഫ്രീഡം ഫൈറ്റേഴ്‌സ്’, ‘ഉലമാസ് റോള്‍ ഇന്‍ ഇന്ത്യാസ് ഫ്രീഡം മൂവ്‌മെന്റ്‌സ്’ എന്നീ കൃതികള്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ സുപ്രധാന സംഭാവനകളെ കുറിച്ച് ബോധവത്കരിക്കുന്നതിന് സഹായകമായിട്ടുണ്ട്. മുസ്‌ലിം സമൂഹം, മുസ്‌ലിം സമുദായത്തിന്റെ പ്രത്യേകിച്ചും പണ്ഡിതന്മാരുടെ പങ്കാളിത്തം ഇല്ലായിരുന്നെങ്കില്‍ സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്‌നം കേവലം ദിവാസ്വപ്‌നമായി അവശേഷിക്കുമായിരുന്നു. അതുപോലെ ഒടുവില്‍ ഇറങ്ങിയ എന്റെ പുസ്തകം ‘ഫോര്‍ഗോട്ടണ്‍ മുസ്‌ലിം എംപയേഴ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ ദക്ഷിണേന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരുടെയും സുല്‍ത്താന്മാരുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രം ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
മധുരൈ മുസ്‌ലിം സുല്‍ത്താന്‍മാര്‍ ഭരിച്ചിരുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് നല്ല വായനക്കാരായ പലരും എന്നോട് വ്യക്തിപരമായി പറയുകയുണ്ടായി. ഒരു കടല്‍ത്തീരം മുതല്‍ മറ്റേ കടല്‍ത്തീരം വരെ പരന്നുകിടന്ന ശക്തമായ ഒരു സാമ്രാജ്യം ദക്ഷിണേന്ത്യ ഭരിച്ചിട്ടുണ്ടെന്ന് പലരും മനസ്സിലാക്കിയിട്ടില്ല. വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളെ ബീജാപൂരിലെ ആദില്‍ഷാ സുല്‍ത്താന്‍ 17ാം നൂറ്റാണ്ടില്‍ കീഴടക്കുകയും ഒരു വലിയ സാമ്രാജ്യമായി അത് സ്വയം മാറുകയും ചെയ്തിരുന്നു. അതു കൂടാതെ, ബഹ്മാനി കോടതികളുടെയും തുടര്‍ന്നുള്ള സുല്‍ത്താന്‍മാരുടെ കോടതികളുടെയും സൗന്ദര്യവും ഗാംഭീര്യവും വിസ്മയകരമായിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളുടെ സമ്പന്നമായ ചരിത്രം വടക്കേ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ക്കു പോലും പുതിയതും വിസ്മയിപ്പിക്കുന്നതുമാണ്.
വിവ: സിദ്ദീഖ് സി സൈനുദ്ദീന്‍

Back to Top