29 Friday
March 2024
2024 March 29
1445 Ramadân 19

സര്‍ഗാത്മകമായ സംഘടനാകാലം

കെ പി സകരിയ്യ / വി കെ ജാബിര്‍

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി, മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സജീവ സാന്നിധ്യമായി കെ പി സക്കരിയ ഉണ്ട്. മികച്ച സംഘാടകനായും നേതാവായും നയ തന്ത്രജ്ഞനായും പ്രഭാഷകനായും എഴുത്തുകാരനായും വ്യത്യസ്ത റോളുകളിലാണ് പ്രസ്ഥാനത്തിന്റെ വിവിധ ഘടകങ്ങളില്‍ സകരിയ തന്റെ പ്രതിഭ അര്‍പ്പിച്ചത്. മുജാഹിദ്, യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രയാണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്ര പ്രസ്ഥാനത്തിന്റെ ചരിത്രത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്. സംഘാടന രംഗം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുന്നതിനാണ് തന്റെ നേതൃകാലത്ത് കെ പി സകരിയ മുഖ്യ ഊന്നല്‍ നല്‍കിയത്. കണിശമായ നിലപാടുകളും ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കെ പി യുടെ മുഖമുദ്ര. വിവിധ തലമുറയില്‍ പെടുന്ന നേതാക്കളെ പരസ്പരം കൂട്ടിയിണക്കുന്നതിന്ന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രസ്ഥാനം പലതായി ഭിന്നിച്ച ശേഷവും വിവിധ  വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന നേതാക്കളുമായും പ്രവര്‍ത്തകരുമായും ഊഷ്മള ബന്ധം നിലനിര്‍ത്തുന്നു.
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ബാല്യം നീന്തിക്കടന്നാണ് അറിവിന്റെയും ചിന്തയുടെയും പഠനത്തിന്റെയും വഴികളിലൂടെ സ്വയം സഞ്ചരിച്ചത്. അരീക്കോട്  സുല്ലമുസ്സലാം അറബിക്കോളജില്‍  അധ്യാപകനായിരുന്ന അദ്ദേഹം ഈ ലോക്ഡൗണ്‍ കാലത്ത്, മാര്‍ച്ച് 31-നാണ്  ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചത്. സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്താവുന്ന ഒരു വ്യക്തി ജീവിതം തനിക്ക്  ഉണ്ടായിട്ടില്ലെന്ന് കെ പി സകരിയയുമായുള്ള സംഭാഷണം അടിവരയിടുന്നു:

മീഞ്ചന്ത ആര്‍ട്‌സിലെ പ്രീഡിഗ്രിക്കു ശേഷമാണ് അഫ്ദലുല്‍ ഉലമയ്ക്കു പോകുന്നത്. പഠനകാലത്തെ കുറിച്ച് പറയാമോ?

1980ല്‍ പരപ്പില്‍ എംഎം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി വിജയിച്ചതിനു പിന്നാലെ ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളെജില്‍ ചേര്‍ന്നു. വിദ്യാഭ്യാസം കാര്യമായി ഇല്ലെങ്കിലും നല്ല വായനയുള്ള ഇടതു പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു ബാപ്പ. ഉമ്മയ്ക്ക് അക്കാലത്തെ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്തു തന്നെ അവര്‍ മരണപ്പെട്ടിരുന്നു. വിദ്യാഭ്യാസ കാര്യത്തില്‍ മൂത്താപ്പയായിരുന്നു വഴി കാണിച്ചിരുന്നത്. ആദര്‍ശപരമായി ഉത്പതിഷ്ണു സമീപനമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പ്രീഡിഗ്രി കാലത്ത് ആര്‍ട്‌സ് കോളെജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. രണ്ടാം വര്‍ഷമായപ്പോഴേക്കും എസ് എഫ് ഐ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനപ്പുറത്തേക്കു പോയി. കുറെക്കൂടി വിപ്ലവച്ചുവയുള്ള നക്‌സല്‍ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗത്തില്‍ ആകൃഷ്ടനായി. ഇതേ കാലത്തു തന്നെ, സുഹൃത്തിന്റെ താല്പര്യപ്രകാരം കുണ്ടുങ്ങല്‍ ഒരു മദ്‌റസയില്‍ ക്ലാസെടുക്കാന്‍ പോകുമായിരുന്നു. മദ്‌റസയില്‍ പഠിച്ച അറബി മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. സ്‌കൂളിലും പ്രീഡിക്കും മലയാളമായിരുന്നു മുഖ്യ ഭാഷ. ശരാശരിക്കു അല്പം മേലെ മാര്‍ക്കോടെ പ്രീഡിഗ്രി പൂര്‍ത്തിയായ ശേഷമാണ് ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ക്ക് തുടക്കം സംഭവിക്കുന്നത്. ആശയപരമായി കുറെക്കൂടി പഠിക്കണമെന്ന ബോധം ഉണ്ടാകുന്നത് പ്രീഡിഗ്രിക്കു ശേഷമാണ്.
ഔദ്യോഗിക പഠനത്തിന് അവധി കൊടുത്ത് 1982 മുതല്‍ 84 വരെ  വിജ്ഞാന സമ്പാദനത്തിനായി നീക്കിവച്ചു. മദ്‌റസാധ്യാപനത്തിനു പുറമെ പലയിടങ്ങളിലായി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു. ആ വകയില്‍ കിട്ടുന്ന പണം സ്വരുക്കൂട്ടിയാണ് പുസ്തകങ്ങള്‍ വാങ്ങിയത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയ കാലമാണത്. വായനാ ശീലം നേരത്തെയുണ്ടായിരുന്നെങ്കിലും വായന കുറെക്കൂടി സീരിയസായി എടുത്തു തുടങ്ങി. മാര്‍ക്‌സിസത്തെ കുറിച്ചും ഖാദിയാനിസത്തെ കുറിച്ചും യുക്തിവാദത്തെ കുറിച്ചുമുളള പുസ്തകങ്ങള്‍ താല്പര്യത്തോടെ വായിച്ചുതുടങ്ങി. അന്ന് കുറെക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നതിനാലാണ് ഖാദിയാനിസത്തോട് താല്പര്യം കൂടിയത്. അനുകൂലവും പ്രതികൂലവുമായി കിട്ടാവുന്ന ഗ്രന്ഥങ്ങളെല്ലാം വായിച്ചു. യു കലാനാഥന്‍, ഇടമറുക് തുടങ്ങി യുക്തിവാദി നേതാക്കളുടെ ലഭ്യമായ ഗ്രന്ഥങ്ങളും ഇടതു സൈദ്ധാന്തിക പഠനങ്ങളും വായനയില്‍ ഇടം നേടി. യുക്തിവാദി, ഇടത്, ഖാദിയാനി നേതാക്കളില്‍ പലരുടെയും പ്രഭാഷണങ്ങളുടെ കേള്‍വിക്കാരനുമായി. അതിനിടെ കുണ്ടുങ്ങല്‍ പള്ളി അലമാരയില്‍ കാര്യമായി ആരും ഉപയോഗപ്പെടുത്താതെ കുഞ്ഞി ക്കാക്ക സൂക്ഷിച്ചിരുന്ന മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ അവസരം ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള പുസ്തകങ്ങളും വായിച്ചിരുന്നു. ആശയവത്കരണത്തിന്റെ, രൂപീകരണത്തിന്റെ യാത്രയിലായിരുന്നു ആ ഇരുപത്തിനാലു മാസക്കാലം.
കൂടെ പഠിച്ച പലരും ഡിഗ്രിയും മറ്റും പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ രണ്ടു വര്‍ഷം പിന്നിലായിരുന്നു.രണ്ടുകൊല്ലത്തിനിടെ അറബി, ഇംഗ്ലീഷ് ഭാഷാ പഠനത്തിനും സമയം കണ്ടെത്തി. ഭാഷകളുടെ വ്യാകരണം നന്നായി ഹൃദിസ്ഥമാക്കാന്‍ ശ്രമിച്ചു. അലവി മൗല വി കടന്നമണ്ണ രചിച്ച അറബി ഭാഷാ ഗുരുനാഥന്‍ എന്ന വലിയ ഗ്രന്ഥം വായിച്ചു പഠിച്ചു. ഇംഗ്ലീഷ് ഗുരുനാഥന്‍ എന്ന വെട്ടം മാണി എഴുതിയ പുസ്തകവും ഭാഷാപഠനത്തിന് സഹായിച്ചു. എന്നാല്‍ ഭാഷയുടെ പ്രായോഗികവശങ്ങള്‍ പിന്നീടാണ് പഠിക്കുന്നത്. 1984ലാണ് അറിവിന്റെ വഴിയിലൂടെയുള്ള യാത്രക്കിടെ റൂട്ട് മാറുന്നത്. സാന്ദര്‍ഭികമായി കണ്ടുമുട്ടിയ കോയക്കുട്ടി ഫാറൂഖിയാണ് ആ മാറ്റത്തിന്റെ വഴി കാണിക്കുന്നത്. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജിലേക്കു ക്ഷണിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹം തന്നെ  അഡ്മിഷനുള്ള ഏര്‍പ്പാടുകളും ചെയ്തു. അങ്ങനെ അഞ്ചു വര്‍ഷക്കാലം റൗദത്തുല്‍ ഉലൂം അറബിക് കോളെജില്‍. അവിടെ നിന്ന് അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കി. ഈ സമയം സംഘടനാ രംഗത്തും  സജീവമായിരുന്നു.

സുഹൃത്ത് ടി പി എം റാഫിയുമൊന്നിച്ച്

പഠനരംഗത്ത് അല്പം പിന്നാക്കം പോയ കാലമാണിതെന്നു പറയാം. 1989ല്‍ പഠനത്തില്‍ സജീവമാകാന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു മറ്റും മാറിനില്‍ക്കണമെന്നു തോന്നി. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ തീരുമാനിച്ചു. അതിനനുയോജ്യമായ സ്ഥലമെന്ന നിലയില്‍ കണ്ടെത്തിയത് ജാമിഅ സലഫിയ്യ ആയിരുന്നു. അവിടെ നടന്നിരുന്ന ദഅ്‌വ കോഴ്‌സിന്റെ രണ്ടു വര്‍ഷം സജീവമായ വായനയുടെയും ഗവേഷണത്തിന്റെയും കാലഘട്ടമായിരുന്നു. അപൂര്‍വമായേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. അത്യാവശ്യം ദീര്‍ഘകാലം പഠനരംഗത്തുണ്ടായിരുന്നുവെന്നു പറയാം. അഫ്ദലുല്‍ ഉലമയ്ക്കും ദഅ്‌വ കോഴ്‌സിനും പിന്നാലെ ബി എ മലയാളം െ്രെപവറ്റായി എഴുതി വിജയിച്ചു. സംസ്‌കൃതമായിരുന്നു ഉപവിഷയം. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബികില്‍ എം എ പൂര്‍ത്തിയാക്കി.

പ്രമുഖരും പണ്ഡിതരുമായുള്ള വിപുലമായ സൗഹൃദത്തിനു അവസരം കിട്ടിയിട്ടുണ്ടല്ലോ.അത് ജീവിതത്തെ ഏതുവിധമാണ് സ്വാധീനിച്ചത്?

1984ല്‍ റൗദത്തുല്‍ ഉലൂം അറബിക് കോളെജില്‍ ചേര്‍ന്ന സമയത്ത് പ്രിന്‍സിപ്പല്‍ പി മുഹമ്മദ് കുട്ടശ്ശേരിയായിരുന്നു. ജീവിതത്തില്‍ ഏറെ ബഹുമാനാദരം തോന്നിയ മാതൃകാഗുരുനാഥനാണ് അദ്ദേഹം. മാന്യമായ പെരുമാറ്റവും പിതൃതുല്യമായ പ്രോത്സാഹനവുമായിരുന്നു. എന്‍ട്രന്‍സില്‍ നല്ല മാര്‍ക്കു ലഭിച്ചതിനാല്‍ കുട്ടശ്ശേരി മൗലവി സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. അറബി ഭാഷാ പഠനത്തിലും അറബി ക്ലാസുകള്‍ കേള്‍ക്കുന്നതിലും താല്പര്യം ജനിപ്പിച്ചതും എഴുത്തില്‍ പ്രോത്സാഹനം നല്‍കിയതും അദ്ദേഹമാണ്.
ഹുസൈന്‍ മടവൂര്‍ കുറച്ചു കാലം അധ്യാപകനായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഹൃദ്യമായ പെരുമാറ്റവും കാഴ്ചപ്പാടുകളും ആകര്‍ഷിച്ചിരുന്നു. ആയിടെ നടന്ന ഇന്റര്‍ കൊളീജിയറ്റ് പ്രസംഗ മത്സരത്തില്‍ എന്‍ട്രന്‍സുകാരനായ എന്നെ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത് ഹുസൈന്‍ മടവൂര്‍ ആയിരുന്നു. അബ്ദുല്‍ ഹമീദ് മദീനിയുടെ അറബി ക്ലാസുകളും ജമാലൂദ്ദീന്‍ ഫാറൂഖിയുടെ  ജീവിത ചിട്ടകളും ഏറെ ആകര്‍ഷിച്ചു. കാര്യങ്ങള്‍ സമയബന്ധിതമായും വ്യവസ്ഥാപിതമായും ചിട്ടയോടെ ചെയ്യാന്‍ പ്രചോദനമായത് ജമാലുദ്ദീന്‍ ഫാറൂഖിയാണ്.
കുണ്ടുങ്ങല്‍ പള്ളിയില്‍ എ അലവി മൗലവിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ദുസ്സലാം സുല്ലമിയാണ് ഖുത്ബക്കും ക്ലാസിനും എത്തിയിരുന്നത്. അലവി മൗലവിയുടെ അവസാന ഖുത്ബ കുണ്ടുങ്ങല്‍ പള്ളിയിലായിരുന്നു. അലവി മൗലവിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ്, മത കാര്യങ്ങളില്‍ നല്ല അറിവു നേടുകയും ഗവേഷണം നടത്തുകയും ചെയ്ത സലാം സുല്ലമിയെ ഇവിടേക്കു ക്ഷണിച്ചുകൊണ്ടുവരാന്‍ കാരണം. സുല്ലമിയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തില്‍ നിന്ന് മത ഭാഷാ അറിവുകള്‍ നേടാനും ഈ കാലം സഹായകമായി. സംശയങ്ങള്‍ ചോദിച്ചു നിവാരണം വരുത്തുകയും അറിവിന്റെ വഴികള്‍ വികസിതമാവുകയും ചെയ്തു.
മുസ്തഫ ഫാറൂഖി അധ്യാപകനും പില്‍ക്കാലത്ത് സംഘടനകളില്‍ സഹപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം എം എസ് എം സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ ജന. സെക്രട്ടറിയായിരുന്നിട്ടുണ്ട്.
പുളിക്കല്‍ ജാമിഅ സലഫിയ്യയിലെ ദഅ്‌വ കോഴ്‌സ് വിജ്ഞാന രംഗത്തും കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. പഠനത്തോടൊപ്പം വിവിധ പണ്ഡിതരെ അടുത്തു പരിചയപ്പെടാന്‍ അവസരമുണ്ടായി. അന്ന് മുജാഹിദുകളുടെയെല്ലാം സ്വകാര്യ അഹങ്കാരമായിരുന്നു കെ എന്‍ എം ജനറല്‍ സെക്രട്ടറി ആയിരുന്ന കെ പി മുഹമ്മദ് മൗലവി. അന്ന് ജീവിച്ചിരുന്നവരില്‍ ഏറ്റവും അനുകരണീയമായ മാതൃകയായി പറയാവുന്ന വ്യക്തിയാണ് കെ പി മുഹമ്മദ് മൗലവി. കെ പിയുടെ കൂടെ കഴിയാനും അറിയാനും അടുത്തിടപഴകാനും സാധിച്ചത് വലിയൊരു നേട്ടമായിരുന്നു.
ഉസൂലുല്‍ ഹദീസ് (ഹദീസ് പരിശോധന) ആയിരുന്നു കെ പിയുടെ ക്ലാസ്. കെ പി ക്ലാസെടുക്കാന്‍ എഴുതിയ നോട്ട് പകര്‍ത്തിയെടുക്കുക എന്നത് വലിയൊരനുഭവമായിരുന്നു. മത്സരബുദ്ധ്യാ ആയിരുന്നു അന്നത് ചെയ്തത്. വിദ്യാര്‍ഥി എന്ന നിലയിലും സംഘടനാ നേതാവ് എന്ന നിലയിലും കെ പിയുമായി അടുത്തിടപഴകാന്‍ സാഹചര്യമുണ്ടായി.

എന്‍ കെ അഹമ്മദ് മൗലവി

അന്നത്തെ പ്രമുഖ പണ്ഡിതരുടെയെല്ലാം സേവനം കെ പി സ്ഥാപനത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. എന്‍ കെ അഹമ്മദ് മൗലവി (കടവത്തൂര്‍)യായിരുന്നു മറ്റൊരു അധ്യാപകന്‍. അറബിയിലും അറബി വ്യാകരണ ശാസ്ത്രത്തിലും കാവ്യശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്ന അഹമ്മദ് മൗലവിയുടെ അധ്യാപനം ഭാഷാപഠനത്തില്‍ വല്ലാതെ സ്വാധീനിച്ചു. കെ പിയുടെ സഹപാഠിയെങ്കിലും അദ്ദേഹത്തെ എന്‍ കെ അഹമ്മദ് മൗലവിക്ക് വലിയ ബഹുമാനമായിരുന്നു. ജാമിഅ സലഫിയ്യയെ ഭൗതികമായി നയിച്ചതും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ ഇടപെടല്‍ നടത്തിയതും എന്‍ വി ഇബ്രാഹിം സാഹിബാണ്. ലോക ഇസ്‌ലാഹി ചലനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം ക്ലാസെടുത്തിരുന്നത്. ചരിത്ര വൈജ്ഞാനിക മേഖലയില്‍ വലിയ അറിവ് അദ്ദേഹം പകര്‍ന്നു തന്നു. പൊതുസമൂഹവുമായി വലിയ ബന്ധമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ആ കോഴ്‌സിനും ജാമിഅ സലഫിയ്യയുടെ ഭൗതിക പുരോഗതിക്കും വളരെയേറെ സഹായകമായി.
പ്രഫ. കെ അഹമ്മദ് കുട്ടി (തിരൂരങ്ങാടി) സാഹിബും അധ്യാപകരില്‍ പ്രമുഖനായിരുന്നു. ഗോളശാസ്ത്രത്തില്‍ വലിയ അറിവുണ്ടായിരുന്ന അദ്ദേഹമായിരുന്നു കേരള ഹിലാല്‍ കമ്മിറ്റിയുടെ ഗോളശാസ്ത്ര വിഭാഗത്തിന്റെ തലച്ചോര്‍. അതിനുവേണ്ടി അദ്ദേഹം അക്കാലത്തു തന്നെ പ്രത്യേക പ്രോഗ്രാം (സോഫ്റ്റ്‌വെയര്‍) തയ്യാറാക്കിയിരുന്നു. പലരും അവകാശവാദവുമായി ഇന്ന് രംഗത്തുവരുന്നുണ്ടെങ്കിലും പല മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അദ്ദേത്തിനടുത്തെത്തി ചാന്ദ്ര കലണ്ടര്‍ സംബന്ധിച്ച് സംശയങ്ങള്‍ നിവൃത്തിക്കുകയും പ്രോഗ്രാം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. കംപ്യൂട്ടര്‍ വ്യാപകമല്ലാത്ത കാലമാണത്. അന്നേ അദ്ദേഹം കംപ്യൂട്ടറിലും പ്രോഗ്രാമിംഗിലും ഐടി മേഖലയിലും വിദഗ്ധനായിരുന്നു.
ജാമിഅ സലഫിയ്യയില്‍ പരിമിതമായ തോതില്‍ കംപ്യൂട്ടര്‍ പഠനം ഉണ്ടായിരുന്നെങ്കിലും ടെസ്റ്റ് നടത്തിയിരുന്നത് അഹമ്മദ് കുട്ടി സാഹിബിന്റെ വീട്ടില്‍വച്ചായിരുന്നു. ഐ ടി ടെസ്റ്റില്‍ ഒന്നാമനാകാന്‍ സാധിച്ചു. ഗോളശാസ്ത്ര സംബന്ധിയായ കാര്യങ്ങളും മാസഗണന സംബന്ധിച്ചും പഠിപ്പിച്ചു തന്നത് അദ്ദേഹമായിരുന്നു. നേരത്തെ തന്നെ ഈ വിഷയത്തില്‍ താല്പര്യമുണ്ടായിരുന്നതിനാല്‍ അദ്ദേഹം എഴുതിത്തന്ന നോട്ടുകള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ആ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തി. അരീക്കോട് എന്‍ വി ബീരാന്‍ സാഹിബും അധ്യാപകനായുണ്ടായിരുന്നു. മറ്റൊരു പ്രതിഭയായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. യുക്തിവാദം, മാര്‍ക്‌സിസം, അറബി ഭാഷയിലെ ആധുനിക പ്രവണതകള്‍ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഭാഷയിലെ നൂതന പ്രവണതകളുമായും പുതിയ വൈജ്ഞാനിക ലോകവുമായും വിദ്യാര്‍ഥികളെ ബന്ധിപ്പിച്ചത് അബ്ദുല്‍ ഹമീദ് മദനിയാണ്.
ടി സി മുഹമ്മദ് മൗലവി മറ്റൊരു പ്രമുഖനായിരുന്നു. യൂനാനി വൈദ്യപ്രമുഖനായിരുന്നു. സലഫി ക്യാംപസിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ യൂനാനി ചികിത്സകനുമായിരുന്നു. ഇസ്സുന്നി വിഭാഗത്തില്‍ നിന്നു വന്ന പണ്ഡിതനാണദ്ദേഹം. ബുഖാരി ഹദീസുകള്‍ സമ്പൂര്‍ണമായി പഠിച്ച ശേഷം പണ്ഡിതര്‍ക്ക് ഓതിക്കൊടുത്ത് ബുഖാരിയുടെ തഹ്‌സീല്‍ കിട്ടിയ ആളായിരുന്നു അദ്ദേഹം. ഫത്ഹുല്‍ ബാരിയാണ് അദ്ദേഹം എടുത്തിരുന്നത്. ഹിപ്‌നോട്ടിസം അറിയാമായിരുന്ന അദ്ദേഹം വളരെ രസകരമായാണ് ക്ലാസെടുക്കാറ്. ഹിപ്‌നോട്ടിസം പഠിക്കാന്‍ ഞങ്ങളന്ന് ശ്രമം നടത്തിയെങ്കിലും അദ്ദേഹം ആ അറിവ് വിട്ടുതന്നില്ല.

കെ കെ മുഹമ്മദ് സുല്ലമി

എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു മറ്റൊരധ്യാപകന്‍. വളരെ പുരോഗമന കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയിരുന്ന സരസനായ എ പിയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനും സാധിച്ചിരുന്നു. ഫിഖ്ഹുസ്സകാത്തായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. തര്‍ക്കവും ചോദ്യവുമായി രസകരമായ ക്ലാസ് അനുഭവമായിരുന്നു അത്. കെ കെ മുഹമ്മദ് സുല്ലമിയും ഞങ്ങളെ തേടി എത്താറുണ്ടായിരുന്ന മറ്റൊരു അതിഥിയായിരുന്നു. വ്യക്തിപരമായി ഏറെ സ്വാധീനിച്ച ഗുരുനാഥന്മാരില്‍ ഒരാളാണ് കെ കെ മുഹമ്മദ് സുല്ലമി. ശിഷ്യന്മാര്‍ക്ക് അറിവു പകരുന്നതിലും അവരെ തോളില്‍ തട്ടി പ്രോത്സാഹിപ്പിക്കുന്നതും സ്‌നേഹിതനെ പോലെ പെരുമാറുന്നതും കാരണം ഞങ്ങള്‍ക്ക് അദ്ദേഹത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു.
എ അബ്ദുസ്സലാം സുല്ലമിയാണ് ഏറെ പ്രചോദിപ്പിച്ച മറ്റൊരു അധ്യാപകന്‍. കുണ്ടുങ്ങലില്‍ വച്ച് നേരത്തെ ബന്ധമുണ്ടായിരുന്നതിനു പുറമെ ഔദ്യോഗികമായി അധ്യാപകനാവുക കൂടി ചെയ്തതോടെ ബന്ധം ഏറെ ഊഷ്മളമായി. കേരളത്തിലെ സുന്നികളുടെ ആശയങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം ക്ലാസെടുത്തിരുന്നത്. ഉര്‍ദു ഭാഷാ താല്പര്യം ജനിപ്പിക്കുന്നതില്‍ എം എം നദ്‌വിയുടെ ക്ലാസുകള്‍ പ്രചോദനമേകി. അരീക്കോട് പി പി മുഹമ്മദ് മൗലവി സരസനായ അധ്യാപകനായിരുന്നു. അറബി വ്യാകരണ പഠനത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. സംശയങ്ങളെല്ലാം തമാശയില്‍ പൊതിഞ്ഞ് അദ്ദേഹം തീര്‍ത്തു തരുമായിരുന്നു.


അലി അബ്ദുറസാഖ് മദനി, പിപി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ കുഞ്ഞീതു മദനി തുടങ്ങിയവരെ ഗുരുനാഥന്മാരായി ലഭിച്ചു എന്നതാണ് ജാമിഅ സലഫിയ്യ പഠനകാലത്ത് ലഭിച്ച വലിയ നേട്ടം. പൊക്കിട്ടാര അഹമ്മദ്കുട്ടി മൗലവിയാണ് മറ്റൊരു ഗുരുനാഥന്‍. മദ്‌റസാധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്‍കാനെത്തിയ അദ്ദേഹത്തില്‍ നിന്ന് തജ്‌വീദ് സംബന്ധമായി ഏറെ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പേരക്കുട്ടിയായ ഹാഫിള് അസ്‌ലമുമായി ചേര്‍ന്ന് ഖുര്‍ആന്‍ തജ്‌വീദ് പഠന സംബന്ധിയായി പുസ്തകവും സി ഡിയും തയ്യാറാക്കാന്‍ വഴിയൊരുക്കിയത് ആ ബന്ധമാണ്. യുവത ബുക് ഹൗസാണത് പുറത്തിറക്കിയത്. പുതുതലമുറയില്‍ ശ്രദ്ധേയരായ നൗഷാദ് കാക്കവയല്‍, അബ്ദുല്ല തിരൂര്‍ക്കാട് എന്നിവര്‍ക്ക് ഖുര്‍ആന്‍ പാരായണ സംബന്ധമായി പ്രോത്സാഹനം നല്‍കാനും സാധിച്ചു.

ദഅ്‌വ കോഴ്‌സ് താങ്കളെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഈ വിവരണം വ്യക്തമാക്കുന്നു. ആ കോഴ്‌സ് ഇടയ്ക്കു നിലച്ചു പോകുകയായിരുന്നോ?

ആധുനികമായ എല്ലാ അറിവുകളും ദഅ്‌വ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന താല്പര്യത്തോടെ വളരെയേറെ ആസൂത്രിതമായി നടത്തിയ സംരംഭമായിരുന്നു ഈ കോഴ്‌സ്. കെ എന്‍ എം ജന. സെക്രട്ടറി കെ പി മുഹമ്മദ് മൗലവിയുടെയും എന്‍ വി ഇബ്‌റാഹിം സാഹിബിന്റെയും ചിന്തയും ആസൂത്രണവും ദീര്‍ഘവീക്ഷണവുമായിരുന്നു അതെന്നു പറയാം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ജേണലിസം, മലയാളം വിഭാഗം അധ്യാപകരെയെല്ലാം പങ്കെടുപ്പിച്ച് ജേണലിസം വര്‍ക്‌ഷോപ്പ് നടത്തിയിരുന്നത് മറക്കാനാവില്ല. ഡോ. എംഎം ബഷീര്‍, എം എന്‍ കാരശ്ശേരി തുടങ്ങി യൂനിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ പ്രമുഖരും പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എഴുത്ത്, ഭാഷാ താല്പര്യം മിനുക്കിയെടുക്കാന്‍ ഈ പരിശീലനങ്ങളാണ് സഹായിച്ചത്. എന്‍ വി ഇബ്രാഹിം സാഹിബായിരുന്നു ഇതിന് മുന്‍കയ്യെടുത്തിരുന്നത്.
1995 ജനുവരി 25നായിരുന്നു കെ പിയുടെ മരണം. കെ പിയുടെ മരണശേഷം എ പി അബ്ദുല്‍ ഖാദര്‍ മൗലവി കെ എന്‍ എം ജന. സെക്രട്ടറിയും ജാമിഅ സലഫിയ്യയുടെ അധിപനുമായി നിയോഗിക്കപ്പെട്ടു. നല്ല സൗഹൃദബന്ധത്തിലായിരുന്നതിനാല്‍, ജാമിഅ സലഫിയ്യയെ കുറിച്ചും കോഴ്‌സിനെ കുറിച്ചും എ പി എന്നെ വിളിച്ചു ചോദിച്ചിരുന്നു. ദഅ്‌വ കോഴ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ എന്താണ് മാര്‍ഗം എന്നും അദ്ദേഹം ആരാഞ്ഞു. കെ പിയെ പോലെ തനിക്കു കഴിയാത്തതിനാല്‍ കോഴ്‌സിനു നല്ല രീതിയില്‍ നേതൃത്വം കൊടുക്കാന്‍ ആരാണുള്ളതെന്നും അന്വേഷിച്ചിരുന്നു. കുഞ്ഞിമുഹമ്മദ് പറപ്പൂരോ ജമാലുദ്ദീന്‍ ഫാറൂഖിയോ ആയാല്‍ നന്നാകുമെന്ന് അന്ന് എ പിയോടു പറഞ്ഞിരുന്നു. എ പി അവരോടു സംസാരിക്കുകയും ചെയ്തു.
പക്ഷെ ഇവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരായതിനാലും രാജിവച്ച് വരാനുള്ള സാഹചര്യമല്ലാത്തതിനാലും അതു നടന്നില്ല. പിന്നെയാണ് സുബൈര്‍ മങ്കടയിലേക്ക് എത്തുന്നത്. കുറച്ചുകാലം അദ്ദേഹം കോഴ്‌സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികകാലം നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വൈജ്ഞാനികമായി വളരെ മികവു പുലര്‍ത്തിയ വ്യക്തിയെങ്കിലും ഒരു ഉത്തരവാദിത്വത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ലെന്നാണ് എനിക്കു മനസ്സിലായത്. തുടര്‍ന്ന് അധികം വൈകാതെ, ഇസ്‌ലാഹി കേരളത്തിന് ബൗദ്ധികമായും വൈജ്ഞാനികമായും സംഭാവന നല്‍കുന്നതിനായി ആരംഭിച്ച സംരംഭം കൂമ്പടയുകയായിരുന്നു. കാലികമായ അറിവും വൈജ്ഞാനിക കരുത്തുമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കുകയായിരുന്നു ജാമിഅ സലഫിയ്യയും ദഅ്‌വ കോഴ്‌സും കൊണ്ട് കെ പി മുഹമ്മദ് മൗലവി ലക്ഷ്യമിട്ടിരുന്നത്.
ഇത്തരമൊരു സംരംഭത്തിന് തുടര്‍ച്ചയുണ്ടായിരുന്നോ?

മുജാഹിദ് വിഭാഗങ്ങളില്‍ നിന്ന് സമാനമായ സംരംഭങ്ങള്‍ പിന്നീട് ഉണ്ടായിട്ടില്ല. ശാന്തപുരം ജാമിഅ ഇസ്‌ലാമിയ്യ ആ വഴിയില്‍ മുന്നേറി എന്നാണു കരുതുന്നത്. ചെമ്മാട് ദാറുല്‍ ഹുദ പോലുള്ള സ്ഥാപനങ്ങള്‍ പുതിയ ലോകത്ത് മുസ്‌ലിം വിദ്യാര്‍ഥികളെ മത്സരിച്ചു മുന്നേറാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡിസൈന്‍ ചെയ്ത കോഴ്‌സുകള്‍ വിജയകരമായി നടത്തിവരുന്നു. ആദര്‍ശ മേഖലയെക്കാള്‍ ഊന്നല്‍ നല്‍കുന്നത് കാലികമായി സംവദിക്കാന്‍  കെല്പുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ്. ദാറുല്‍ ഹുദയുടെ അമരക്കാരനായ ബഹാവുദ്ദീന്‍ നദ്‌വി, അബുല്‍ ഹസന്‍ നദ്‌വിയുടെ ശിഷ്യനാണ്. നദ്‌വി സാഹിബിന്റെ പ്രേരണയില്‍ നിന്നാണ് അദ്ദേഹം ഇത്തരമൊരു സ്ഥാപനം തുടങ്ങിയതെന്നാണ് മനസ്സിലാകുന്നത്. കാരന്തൂര്‍ മര്‍കസ്, മഅ്ദിന്‍ പോലുള്ള സ്ഥാപനങ്ങള്‍, ആ തരത്തില്‍ ശ്രദ്ധേയമായ സംരംഭങ്ങളാണ്. ആധുനികമായ അറിവുകള്‍ക്കൊപ്പം ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ സ്പാനിഷ്, ഫ്രഞ്ച് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യുല്പത്തി നേടാന്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്ന കോഴ്‌സുകള്‍ സഹായിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ സമുദായത്തിന് ആവശ്യമാണ്.
അന്നത്തെ ദഅ്‌വ കോഴ്‌സിന്റെ മാതൃകയില്‍ നടത്തിയ ചെറിയൊരു ശ്രമമാണ് രാമനാട്ടുകര അഴിഞ്ഞിലത്ത് ആരംഭിച്ച ഐ എച്ച് ഐ ആര്‍ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച്) എന്ന സ്ഥാപനം. കെ പി മുഹമ്മദ് മൗലവി നടത്തിയ ദഅ്‌വ കോഴ്‌സിന്റെ പുനരാവര്‍ത്തനമാകണം അതെന്നാണ് നടത്തിപ്പുകാര്‍ ആഗ്രഹിക്കുന്നത്. ഇവിടെ രണ്ടു ബാച്ച് പുറത്തിറങ്ങി. മൂന്നാം ബാച്ച് നടന്നുവരികയാണ്. ശ്രദ്ധേയരായ എഴുത്തുകാരും പ്രഭാഷകരും സംഘാടകരുമായ ചില യുവ പ്രബോധകരെ സൃഷ്ടിക്കാന്‍ ഈ ചെറിയ സംരംഭത്തിന് കഴിഞ്ഞുവെന്നത് സംതൃപ്തി പകരുന്നു.

അബ്ദുസ്സലാം സുല്ലമിയെ എഴുത്തിന്റെ രംഗത്തേക്ക് വഴി തിരിച്ചു വിടാന്‍ താങ്കള്‍ ശ്രമിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്?

കൈരളിക്ക് ഒരുപാട് വിജ്ഞാന മുത്തുകള്‍ സംഭാവന ചെയ്ത, ഹദീസ് രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്നു എ അബ്ദുസ്സലാം സുല്ലമി. അദ്ദേഹവുമായി വളരെ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നു. പ്രസംഗിച്ചും ക്ലാസെടുത്തും അദ്ദേഹം തിരക്കുപിടിച്ച്, ഒരുവേള ഏകാന്തനായി നടന്നു നീങ്ങുന്ന കാലമാണ്. ഈ അറിവുകളും പഠനങ്ങളും രേഖയാക്കണമെന്നും വരും തലമുറക്ക് പകര്‍ന്നു നല്‍കണമെന്നും പറഞ്ഞപ്പോള്‍ സലാം സുല്ലമിയില്‍ നിന്നു ലഭിച്ച മറുപടി, മലയാള ആലേഖനം തനിക്കു വശമില്ലെന്നും നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു. നിങ്ങള്‍ ആശയങ്ങള്‍ എഴുതിക്കോളൂ, മലയാളം ഞാന്‍ ശരിയാക്കിക്കോളാം എന്ന ഉറപ്പിലാണ് നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ആദ്യ പുസ്തകം രചിക്കുന്നത്. മയ്യിത്ത് സംസ്‌കരണ മുറകള്‍ എന്ന ചെറിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കുണ്ടുങ്ങല്‍ ഐ എസ് എം  കമ്മിറ്റിയാണ് ആദ്യം താല്പര്യമെടുത്തതെങ്കിലും നടക്കാതെ പോയതിനാല്‍ അയ്യൂബി ബുക് ഹൗസ് ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. പുസ്തകം അവര്‍ പ്രസിദ്ധീകരിക്കുകയും വന്‍തോതില്‍ കോപ്പി വിറ്റഴിയുകയും ചെയ്തു. അങ്ങനെ അയ്യൂബിക്കാര്‍ക്ക് അബ്ദുസ്സലാം മൗലവിയുടെ പുസ്തകങ്ങളോട് വലിയ താല്പര്യമായി. അവര്‍ ആവശ്യപ്പെട്ട പ്രകാരം ഹജ്ജും ഉംറയും, അനന്തരാവകാശവും വസ്വിയ്യത്തും എന്ന പുസ്തകവും സല്‍സബീലില്‍ ലേഖന പരമ്പരയും എഴുതിയിരുന്നു. ഇവയുടെ കൈയെഴുത്തു പ്രതികള്‍ എന്നെയേല്‍പ്പിക്കും. ഭാഷാപരമായ കൈക്രിയകള്‍ നടത്തുക എന്റെ ഉത്തരവാദിത്തമായിരുന്നു. അബ്ദുസ്സലാം മൗലവിയുടെ എഴുത്തുകളോട് ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ആവശ്യപ്പെട്ടു. അല്‍മനാറിലെ ചോദ്യോത്തരങ്ങള്‍ കുറച്ചുകാലം അദ്ദേഹം കൈകാര്യം ചെയ്തു. മൂസാ വാണിമേല്‍ ആയിരുന്നു അന്ന് അല്‍മനാര്‍ പത്രാധിപര്‍. ശബാബ് വാരികയില്‍ അദ്ദേഹം നിരന്തരം എഴുതി.
ആയിടക്കാണ് ഖുര്‍ആന്‍ ഇന്‍ഡെക്‌സ് എന്ന പുസ്തക രചനയ്ക്ക് മൗലവി ഒരുങ്ങുന്നത്. കുറെ ജോലികള്‍ ചെയ്യാനുണ്ടെന്നും താന്‍ സഹായിക്കണമെന്നും പറഞ്ഞ മൗലവി, കൂട്ടു രചനയാവാമെന്ന് നിര്‍ദേശിച്ചു. വിശുദ്ധ ഖുര്‍ആന്‍ സൂചികയെന്ന ഞങ്ങളുടെ ആ സംയുക്ത രചനയും അയ്യൂബിയാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് അല്‍ഹുദ ബുക് ഹൗസും ഏറെ ശ്രദ്ധിക്കപ്പെട്ട അനുഷ്ഠാനമുറകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. എഴുതാന്‍ പ്രേരിപ്പിച്ചത് സകരിയ്യ ആണെന്ന് അദ്ദേഹം പുസ്തകങ്ങളുടെ ആമുഖത്തിലും അല്ലാതെയും പറയുമായിരുന്നു.

ശാസ്ത്രവിചാരങ്ങളുടെ കാലമായിരുന്നുവല്ലോ അത്. അന്നത്തെ മുസ്‌ലിം വിദ്യാര്‍ഥികളില്‍ ‘ഇസ്‌ലാമും ശാസ്ത്രവും’ ആയിരുന്നുവല്ലോ ചര്‍ച്ചാ വിഷയം?

അക്കാലത്ത് വി മുഹമ്മദ് സാഹിബിന്റെയും മറ്റും നേതൃത്വത്തിലിറങ്ങിയ ശാസ്ത്രവിചാരം മാഗസിന്റെ സ്ഥിരം വായനക്കാരനും പിന്നാലെ എഴുത്തുകാരനുമായിരുന്നു ഞാന്‍. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്ന മതവിരുദ്ധ ശാസ്ത്ര ബോധത്തിന് തിരുത്ത് എന്ന നിലയിലാണ് ശാസ്ത്ര വിചാരം പ്രസിദ്ധീകരിച്ചിരുന്നത്. അന്നത്തെ സാമാന്യ ധാരണപ്പുറത്ത് ചില കുറിപ്പുകളും ലേഖനങ്ങളും ശാസ്ത്ര വിചാരം മാഗസിനില്‍ എഴുതിയിരുന്നു. സോവിയറ്റ് യൂനിയനില്‍ നിന്നിറങ്ങിയിരുന്ന പല ശാസ്ത്ര പുസ്തകങ്ങളും പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കാറുണ്ടായിരുന്നു. ശാസ്ത്ര പുസ്തകങ്ങളും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ ശാസ്ത്ര പുസ്തകങ്ങളും തെരഞ്ഞെടുത്തു വായിച്ചു. ഫിസിക്‌സിനോടും ഗണിതത്തോടുമുള്ള ഇഷ്ടം അപ്പോഴും കൂടെയുണ്ടായിരുന്നു. അന്നേ കൂട്ടുകാരനായിരുന്ന ടിപിഎം റാഫിയുമായുള്ള സഹവാസം ശാസ്ത്ര വിഷയങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും ഉപയോഗപ്പെട്ടു. അന്നത്തെ ഐ ടിയുടെ പുരോഗമിച്ച മുഖം റേഡിയോ ആയിരുന്നു. റേഡിയോ മെക്കാനിസവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും സംഘടിപ്പിച്ച് വായിച്ചു പഠിച്ചിരുന്നു.
ഇംഗ്ലിഷിലുള്ള ചില ചെറിയ ശാസ്ത്രപുസ്‌കങ്ങള്‍ സ്വന്തമാക്കി വായിച്ചിരുന്നു. റാഫിയുമൊത്ത് ഫ്രീ പവര്‍ റേഡിയോ സര്‍ക്യൂട്ട് രൂപപ്പെടുത്തുന്നത് അങ്ങനെയാണ്. വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിസ്റ്ററായിരുന്നു അത്. റേഡിയോ സ്‌റ്റേഷന്റെ നിശ്ചിത ദൂര പരിധിക്കകത്ത് ഈ സംഗതി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നതാണ് പ്രത്യേകത. ഈ ഉപകരണം കോഴിക്കോട് കടപ്പുറത്ത് ആള്‍ ഇന്ത്യ റേഡിയോ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. റാഫിയുടെയും എന്റെയും വീട്ടില്‍  അത് പ്രവര്‍ത്തിച്ചിരുന്നു.

എം എസ് എമ്മിന്റെയും ഐഎസ് എമ്മിന്റെയും വളര്‍ച്ചയുടെ ഘട്ടത്തില്‍ നേതൃത്വത്തിലുളളയാള്‍ എന്ന നിലയില്‍ ആ കാലത്തെ എങ്ങനെ വിലയിരുത്തുന്നു?
1982ലാണ് എംഎസ്എം അംഗത്വമെടുത്തത്. കുണ്ടുങ്ങല്‍ ശാഖാ സെക്രട്ടറിയായിട്ടാണ് വിദ്യാര്‍ഥി സംഘടനയിലേക്ക് വരുന്നത്. പിന്നീട് മണ്ഡലം പ്രസിഡന്റും ജില്ലാ ഭാരവാഹിയും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1986 ആഗസ്ത് 26ന് നടന്ന തെരഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായി നിയോഗിതനാകുന്നത്. മുസ്തഫ ഫാറൂഖി പ്രസിഡന്റും എംടി അബ്ദുസ്സമദ് ജന. സെക്രട്ടറിയുമായ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ചുമതലയാണ് എനിക്കുണ്ടായിരുന്നത്. പഠനസംബന്ധമായ കാരണത്താല്‍ ജന. സെക്രട്ടറിയുടെ അഭാവത്തില്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ കൂടി ചെയ്യേണ്ടിവന്നു. മുസ്തഫ ഫാറൂഖി, പി കെ സുഹൈല്‍, എന്‍ എം മുഹമ്മദലി, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം മുജാഹിദ് സെന്ററില്‍ കൂടിക്കിടന്നായിരുന്നു സംഘടനാ ആലോചനകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത്. കെഎന്‍എം ജന. സെക്രട്ടറിയായിരുന്ന കെപിയുമായി നിരന്തരം ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. എംഎസ്എം കൗണ്‍സില്‍ ക്യാമ്പ് രൂപത്തിലാക്കി മാറ്റുന്നത് ആ ചര്‍ച്ചകളുടെ ഫലമായാണ്. ഭക്ഷണം, താമസം ഉള്‍പ്പെടെ ആദ്യ ക്യാമ്പിന് ആതിഥ്യം വഹിക്കുന്നതും സൗകര്യങ്ങള്‍ ചെയ്യുന്നതും കെ പിയുടെ താല്പര്യാര്‍ഥം പുളിക്കല്‍ ജാമിഅ സലഫിയ്യ ക്യാംപസിലാണ്. 1987ല്‍ നടന്ന ആ ക്യാമ്പ് സംഘടനാ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റവും ചലനവും സൃഷ്ടിക്കാന്‍ കാരണമായി. കുട്ടികളുടെ സംഘടനയെ മുതിര്‍ന്നവര്‍ ഗൗരവത്തിലെടുക്കാന്‍ തുടങ്ങിയത് ആ കാലഘട്ടം മുതലാണെന്ന് പറയാം.
1984 മുതല്‍ ഇഖ്‌റഅ് മാസിക പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. അക്കൊല്ലം മെയ് 13ന് നടന്ന ഐ എസ് എം സമ്മേളനത്തിലായിരുന്നു പ്രകാശനം. നാസര്‍ നല്ലളം തുടങ്ങിയവരായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. എംഎം അക്ബര്‍, ടിപിഎം റാഫി, അബ്ദുല്‍ ഖയ്യൂം പാലത്ത്, ഇബ്രാഹിം പാലത്ത്, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി എന്നിവര്‍ക്കൊപ്പം ഞാനും എഡിറ്റോറിയല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായിരുന്നു. സാമ്പത്തിക ബാധ്യത കാരണം ഇഖ്‌റഅ് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവരികയായിരുന്നു.
ഇക്കാലയളവില്‍ ചരിത്രപുസ്‌കങ്ങളിലെ വര്‍ഗീയതക്കെതിരെ, വിദ്യാഭ്യാസം മാനവ സംസ്‌കരണത്തിന്, ശാസ്ത്രം ദൈവത്തിലേക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എംഎസ്എം ക്യാംപയിനുകളും പദയാത്രകളും നടത്തി. ഇതോടെ വിദ്യാര്‍ഥികള്‍  സജീവമായി സംഘടന രംഗത്തുവന്നു. മുതിര്‍ന്നവരുടെ ശ്രദ്ധയും പരിഗണനയും വിദ്യാര്‍ഥിസംഘനടയ്ക്കു ലഭിച്ചു തുടങ്ങി.
1988 ഡിസംബര്‍ അവസാനവും 89 ജനുവരി ഒന്നിനുമായി നാലു ദിവസങ്ങളിലായി കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന സംസ്ഥാന സമ്മേളനം മുജാഹിദ് വിദ്യാര്‍ഥി സംഘടനയുടെ ചരിത്രത്തിലെ അടയാളപ്പെടുത്തലായിരുന്നു. ഒരേസമയം വിവിധ വേദികളില്‍ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സമാപന സമ്മേളനത്തില്‍ പരിശുദ്ധ ഹറം ഇമാം ഡോ. അബ്ദുല്ല സുബയ്യിലും മകന്‍ ഉമര്‍ സുബയ്യിലും പങ്കെടുത്തതോടെ അതുവരെ ലഭിക്കാത്ത പൊതു മാധ്യമ ശ്രദ്ധ സമ്മേളനത്തിനു ലഭിച്ചു. (ഒരു ഹറം ഇമാം ആദ്യമായിട്ടായിരുന്നു ഇന്ത്യയില്‍ വരുന്നത്) കെഎന്‍എം ഭാരവാഹികളുടെ സമ്പൂര്‍ണ പിന്തുണയോടെയാണ് ഇതു സാധ്യമായത്. എല്ലാ വിഭാഗം മുസ്‌ലിംകളും സമ്മേളനവേദിയിലേക്ക് എത്താന്‍ ഹറം ഇമാമിന്റെ സാന്നിധ്യം വഴിയൊരുക്കി. എന്നു മാത്രമല്ല വിദ്യാര്‍ഥി സംഘടനയുടെ സാമ്പത്തിക ഞെരുക്കം മാറി നിവര്‍ന്നു നില്‍ക്കാന്‍ സഹായിച്ചതും കോഴിക്കോട് സമ്മേളനമായിരുന്നു.
1990-92ല്‍ ജന. സെക്രട്ടറിയായും 92-93 കാലത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം അബൂബക്കര്‍ കടവത്തൂരും സയ്യിദ് മുഹമ്മദ് ശാക്കിറുമായിരുന്നു അപ്പോള്‍ പ്രസിഡന്റ്, ജന. സെക്രട്ടറിമാര്‍. കെഎന്‍എം സംസ്ഥാന എക്‌സിക്യൂട്ടിവില്‍ എംഎസ്എം പ്രതിനിധിയായി പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രവര്‍ത്തകരുടെ വികാരം അറിയാനും സംഘടനാ നേതൃ രംഗത്തെ പ്രതിസന്ധികളും സാധ്യതകളും ഒരേസമയം അറിയാനും അവസരം ലഭിച്ചിരുന്നു.
പരിപാടികള്‍ക്ക് ഭാരവാഹികള്‍ നേരത്തെ എത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയായിരുന്നു രീതി. ഭാരവാഹിയാണോ അല്ലേ എന്നു നോക്കാതെ നേരത്തെ എത്തി പരിപാടി കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ചവരില്‍ ഒരാളാണ് ഉമര്‍ മുട്ടാഞ്ചേരി. നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വല്ലാത്ത ആത്മബന്ധമാണുണ്ടായിരുന്നത്. എംഎസ്എമ്മിലെ എന്റെ അവസാന സമയത്ത് നാസര്‍ ബാലുശ്ശേരി, സി പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സജീവമായി നേതൃത്വത്തിലെത്തിയിരുന്നു. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ ഹോട്ടലുകളില്‍ പോലും ഭക്ഷണം പങ്കിട്ടു കഴിക്കുകയായിരുന്നു അന്നത്തെ രീതി. പൊറോട്ടയും ഒന്നോ രണ്ടോ കറിയും വാങ്ങി എല്ലാവരും കൂടി പങ്കുവെക്കുന്ന സവിശേഷ രീതി പ്രയോഗവത്കരിച്ചയാളായിരുന്നു നാസര്‍ ബാലുശ്ശേരി. സൂക്ഷ്മതയും സ്‌നേഹവും പങ്കുവെപ്പുമായിരുന്നു ആ കാലത്തെ സംഘടനാ പ്രവര്‍ത്തകരുടെ പ്രധാന ഈടുവയ്‌പ്പെന്നു നിസ്സംശയം പറയാം. മറക്കാത്ത അനുഭവങ്ങളുടെ നറുമണമുള്ള ഓര്‍മകളുടെ കാലമാണത്.
പിന്നീട് ഐ എസ് എമ്മിന്റെയും കെ എന്‍ എമ്മിന്റെയും നേതൃത്വങ്ങളിലെത്തി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിമാരിലൊരാളും കെ ജെ യു സെക്രട്ടറിമാരിലൊരാളുമാണിപ്പോള്‍.
(അവസാനിക്കുന്നില്ല)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x