29 Friday
March 2024
2024 March 29
1445 Ramadân 19

ശുക്രനും ത്രിശങ്കുവും ഖുര്‍ആന്റെ കണ്ണില്‍


അബ്രഹാമിന്റെ കാലത്ത് അവിടത്തെ മനുഷ്യര്‍ ആരാധിച്ചത് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍, പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തുന്നതാകട്ടെ, സൂര്യനെയും ചന്ദ്രനെയും ശുക്രനെയുമായിരുന്നെന്നാണ്. ‘ശുക്രനക്ഷത്രം’ എന്ന് പഴയ കാലത്ത് തെറ്റിദ്ധരിച്ച ഈ ഗ്രഹം ഭൂമിയോട് അടുത്തുനില്‍ക്കുന്ന സൗരയൂഥത്തിലെ ഒരംഗമാണെന്ന് ഇന്നു നമുക്ക് അറിയാം.
ശുക്രാരാധനയുടെ ചരിത്രം ഇങ്ങനെയാണ്: സ്‌നേഹത്തിന്റെയും യുദ്ധത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പുരാതന മെസൊപ്പൊട്ടേമിയന്‍ ദേവതയാണ് ‘ഇനന്ന.’ അവള്‍ സൗന്ദര്യം, ലൈംഗികത, ദൈവിക നീതി, രാഷ്ട്രീയാധികാരം എന്നിവയുടെ പ്രതീകമാണ്. തുടക്കത്തില്‍ ഇനന്നയെ സുമേറിയക്കാരും പിന്നീട് അക്കാദിയന്മാര്‍, ബാബിലോണിയക്കാര്‍, അസീറിയക്കാര്‍ തുടങ്ങിയവര്‍ ‘ഇഷ്താര്‍’ എന്ന പേരിലും ഈ ദേവതയെ ആരാധിച്ചു. മനുഷ്യരിലും മൃഗങ്ങളിലും ലൈംഗികാസക്തി ജനിപ്പിക്കുന്ന ഇഷ്താറിന്റെ പ്രീതിക്കായി പണ്ടുകാലത്ത് അടിമകളെ ബലി നല്‍കിയിരുന്നു.
സൂര്യചന്ദ്രന്മാരോടും ഈ ദേവത ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രദേവനായ സീനിന്റെ പുത്രിയായും സൂര്യദേവനായ ഷാമാഷിന്റെ സഹോദരിയായും വിശ്വസിക്കപ്പെടുന്ന ഇഷ്താര്‍, ശുക്രനുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് റോമില്‍ ഈ ദേവതയെ ആരാധിച്ചിരുന്നുവെന്നും ചരിത്രത്തില്‍ കാണാം. അന്നൊക്കെ ജനങ്ങള്‍ ശുക്രനെ നക്ഷത്രമായി തെറ്റിദ്ധരിച്ചിരുന്നുവെന്നതും നേരാണ്. ഈ ഐതിഹ്യത്തില്‍ നിന്ന് സൂര്യചന്ദ്രന്മാരെയും ശുക്രനെയുമായിരുന്നു അബ്രഹാമിന്റെ കാലത്തെ ജനത ആരാധിച്ചിരുന്നതെന്നും മനസ്സിലാക്കാനാവും.
സൂര്യചന്ദ്രാദികളോടൊപ്പം നക്ഷത്രങ്ങളെയായിരുന്നില്ല ഇബ്‌റാഹീമിന്റെ(അ) കാലത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നതെന്നും സൂര്യനെയും ചന്ദ്രനെയും ശുക്രനെയുമായിരുന്നെന്നും വ്യക്തമാക്കി ഖുര്‍ആന്‍ ബൈബിളിനെ തിരുത്തുന്നുണ്ട്. ചുവടെ ചേര്‍ത്ത വചനം ശ്രദ്ധിക്കുക: ”ഇബ്രാഹീം തന്റെ പിതാവായ ആസറിനോട് സംവദിച്ച സന്ദര്‍ഭം: വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവമായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇബ്രാഹീമിന് നാം ആകാശഭൂമികളുടെ ആധിപത്യ രഹസ്യങ്ങള്‍ അനാവൃതമാക്കിക്കൊടുത്തു. അദ്ദേഹം ദൃഢജ്ഞാനമുള്ളവരിലായിരിക്കാന്‍ വേണ്ടിയും കൂടിയായിരുന്നു അത്. അങ്ങനെ ഇരുട്ട് മൂടിയപ്പോള്‍ അദ്ദേഹം ഒരു ജ്യോതിര്‍ഗോളത്തെ (കൗകബ്) കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! പിന്നീട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പിന്നീട് ചന്ദ്രന്‍ ഉദിച്ചുയരുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാട്ടിത്തന്നില്ലായിരുന്നുവെങ്കില്‍ ഞാനും വഴിപിഴച്ച സമൂഹത്തില്‍ പെട്ടവനായേനെ. തുടര്‍ന്ന് സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്. അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഞാന്‍ വേറിട്ടുനില്‍ക്കുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ നിലയുറപ്പിച്ചുകൊണ്ട് എന്റെ മുഖം ആകാശഭൂമികളുടെ സ്രഷ്ടാവിലേക്ക് തിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേയല്ല” (6:74-79).
ബാബിലോണിയക്കാരുടെ മൂന്നു പ്രധാന ആരാധനാമൂര്‍ത്തികളിലേക്ക് ഈ ഖുര്‍ആന്‍ വചനങ്ങള്‍ വിരല്‍ചൂണ്ടുന്നു. രാത്രി ഇരുട്ട് മൂടിയപ്പോള്‍ ഇബ്രാഹീം ആദ്യം കണ്ടത് ഒരു ‘കൗകബി’നെയാണ്. അത് ഏകവചനമാണല്ലോ. രാത്രി ഇരുട്ടുമ്പോള്‍ ഒന്നല്ല, ഒട്ടേറെ നക്ഷത്രങ്ങള്‍ ദൃശ്യമാകും. ഇവിടെ ബഹുവചനമല്ല, ഏകവചനമാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതുകൊണ്ട് നക്ഷത്രങ്ങളാവില്ല ഉദ്ദേശ്യം എന്ന് കരുതാം. മാത്രമല്ല, ഇരുട്ട് മൂടുമ്പോഴേക്കും, ശുക്രസാന്നിധ്യമുള്ള രാത്രികളിലാണെങ്കില്‍ ആദ്യം കണ്ണില്‍ പെടുക തിളക്കമാര്‍ന്ന ശുക്രനെയായിരിക്കും.
അറബി ഭാഷയില്‍ നക്ഷത്രത്തേക്കാളേറെ ഗ്രഹമെന്ന അര്‍ഥത്തിലാണ് ‘കൗകബ്’ പ്രയോഗിക്കുന്നത്. നക്ഷത്രത്തെ വ്യക്തമാക്കാന്‍ ‘നജ്മ്’ എന്ന പദമാണ് കൂടുതലായും സ്വീകരിച്ചുകാണുന്നത്. ആധുനിക അറബിയില്‍ കൗകബ് എന്ന പദം ഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നുമുണ്ട്. ആയത്തുന്നൂറില്‍ ‘കൗകബ്’ എന്നു ഖുര്‍ആന്‍ പ്രയോഗിച്ചത്, വിളക്കുമാടത്തിലെ വിളക്കിന്റെ പ്രകാശം പ്രതിബിംബിപ്പിക്കുന്ന പ്രഭാപൂരിതമായ ‘സ്ഫടികക്കൂട്’ എന്ന നിലയ്ക്കാണ്. നക്ഷത്രം എന്ന അര്‍ഥത്തിലായിരുന്നുവെങ്കില്‍ ‘വിളക്ക്’ വേറെ പറയേണ്ടതില്ലല്ലോ.

ത്രിശങ്കു
നക്ഷത്രം

”അവന്‍ തന്നെയാണ് ത്രിശങ്കു (ശിഅ്‌റ) നക്ഷത്രത്തിന്റെ നാഥന്‍” (നജ്മ് 49).
‘നക്ഷത്രം’ (നജ്മ്) എന്നു നാമകരണം ചെയ്ത ഖുര്‍ആനിലെ അധ്യായത്തിലെ വചനമാണ്. 1400 വര്‍ഷം മുമ്പുള്ള അറബികള്‍ക്കു മാത്രമല്ല, ഭാരതീയര്‍ക്കും ഗ്രീക്കുകാര്‍ക്കും ബാബിലോണിയക്കാര്‍ക്കുമെല്ലാം സുപരിചിതമായ നക്ഷത്രമാണ് ത്രിശങ്കു (sirius). ഖുര്‍ആന്‍ അവതരിച്ച കാലഘട്ടത്തിലെ മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് അറബികള്‍ക്ക് ആകാശത്ത് ഈ നക്ഷത്രത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ‘അവന്‍ തന്നെയാണ് ത്രിശങ്കു നക്ഷത്രത്തിന്റെ നാഥന്‍’ എന്നു ഖുര്‍ആന്‍ പ്രസ്താവിക്കുന്നതില്‍ പ്രസക്തിയില്ലല്ലോ.
മറ്റൊരു ശാസ്ത്രസത്യം കൂടി ഈ വചനത്തില്‍ അടങ്ങിയിട്ടുണ്ടെന്നും മനസ്സിലാക്കാം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ആകാശത്തെ ഏറ്റവും പ്രകാശമാനമായ പത്തു നക്ഷത്രങ്ങളില്‍ ഏറ്റവും മുമ്പനാണ് ത്രിശങ്കു നക്ഷത്രം. ‘നക്ഷത്രം’ (നജ്മ്) എന്നു പേരിട്ട അധ്യായത്തിലാണ് ഖുര്‍ആന്‍ ഈ പരാമര്‍ശം നടത്തിയത് എന്നുകൂടി ഓര്‍ക്കണം. ത്രിശങ്കു നക്ഷത്രത്തേക്കാള്‍ വളരെ പ്രകാശതീവ്രതയോടെ ആകാശത്ത് ‘ജ്വലിച്ചു’നില്‍ക്കുന്നത് ശുക്രനാണെന്ന് എളുപ്പം തിരിച്ചറിയാനാകും. പ്രാചീനകാലത്തെ ജനങ്ങളെപ്പോലെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കാതെയായിരുന്നു ഖുര്‍ആന്‍ ഈ പരാമര്‍ശം നടത്തിയിരുന്നതെങ്കിലോ? ഏറ്റവും തിളക്കമുള്ള ശുക്രനെ നോക്കി, ”ശുക്രനക്ഷത്രത്തിന്റെ നാഥനാണവന്‍” എന്ന അബദ്ധം നിറഞ്ഞ പരാമര്‍ശമായിരിക്കുമല്ലോ ആ ഗ്രന്ഥത്തില്‍ സ്വാഭാവികമായും ഇടം തേടുക!
‘വലിയ നായ’ (canis major) നക്ഷത്രസമൂഹത്തിലെ ഏറ്റവും പ്രഭാപൂരിതമായ നക്ഷത്രമാണ് ത്രിശങ്കു. ഭൂമിയില്‍ നിന്ന് 8.611 പ്രകാശവര്‍ഷം അകലെ. ഇവയുടെ തീവ്രപ്രകാശം ഭൗമാന്തരീക്ഷത്തില്‍ തട്ടുമ്പോള്‍ അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ നിറങ്ങള്‍ മാറിമാറിക്കളിക്കുന്ന ദൃശ്യവിരുന്നൊരുക്കുന്നു. അതുകൊണ്ടുതന്നെ ‘മഴവില്ലു നക്ഷത്രം’ (rainbow star) എന്ന പേരും ത്രിശങ്കുവിനുണ്ട്. ജൂലൈ 3 മുതല്‍ ആഗസ്ത് 11 വരെ ഇത് സൂര്യനു സമാന്തരമായി ഉദിച്ചുയരുന്നതിനാല്‍ ആ ദിവസങ്ങള്‍ ‘ശ്വാനദിനങ്ങള്‍’ (dog days) എന്നു പണ്ടുകാലം തൊട്ടേ അറിയപ്പെടുന്നു.
ത്രിശങ്കുവിന് ശ്രേയസ്സുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം ഭാരതീയര്‍ക്കും ഗ്രീക്കുകാര്‍ക്കുമെന്നപോലെ അറബികള്‍ക്കും ഉണ്ടായിരുന്നുവത്രേ. ”അവന്‍ തന്നെയാണ് ത്രിശങ്കു നക്ഷത്രത്തിന്റെ നാഥന്‍” എന്ന വചനത്തോടു ചേര്‍ത്ത് ”ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ്” എന്ന് സന്ദേഹത്തിനു പഴുതില്ലാത്തവിധം ഖുര്‍ആന്‍ വ്യക്തമാക്കുന്നത്, ആ വിശ്വാസവൈകല്യത്തെ തകര്‍ത്തെറിയാന്‍ കൂടിയായിരിക്കണം.
ത്രിശങ്കുവിന്റെ വലുപ്പത്തിലേക്ക് ഖുര്‍ആന്‍ സൂചന തരുന്നത് ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ്. ത്രിശങ്കു നക്ഷത്രത്തിന്റെ ആരം (radius) 1.19 മില്യണ്‍ കിലോമീറ്ററാണ്. ഈ ദ്വന്ദ്വനക്ഷത്രത്തിലെ ശ്രദ്ധേയമായ പ്രകാശം പരത്തിനില്‍ക്കുന്ന സിറിയസ്-എയുടെ ആരം സൂര്യന്റെ ആരത്തിന്റെ 1.711 ഇരട്ടിയാണ്. ഭൂമിയില്‍ നിന്നു ദൃശ്യമാകുന്നതും സിറിയസ്-എ മാത്രമാണ്. ‘സൂര്യന്‍’ എന്ന അധ്യായവും ‘നക്ഷത്രം’ എന്ന അധ്യായവും ഖുര്‍ആനില്‍ വിന്യസിച്ചിരിക്കുന്നത് ആ അനുപാതത്തെ ഗവേഷകരുടെ ചിന്തയില്‍ കൊണ്ടുവരുന്ന തരത്തിലാണ്. 91ാമത്തെ അധ്യായമാണല്ലോ ‘സൂര്യന്‍’ (ശംസ്). അതുപോലെ, 53ാം അധ്യായമാണ് ‘നക്ഷത്രം’ (നജ്മ്). ഇവ തമ്മിലുള്ള അനുപാതം 91/53 = 1.71698 ആണല്ലോ. നിഷ്പക്ഷമതികള്‍ക്ക് വലിയ വെളിച്ചം നല്‍കുന്ന അധ്യായവിന്യാസമാണിത്.

നക്ഷത്ര
സമാഗമം പോലെ

ഖുര്‍ആനിലെ ‘നജ്മ്’ എന്ന അധ്യായത്തിന് വേറെയും സവിശേഷതയുണ്ട്. നബി(സ)യും ദിവ്യസന്ദേശവാഹകനായ ജിബ്‌രീലും തമ്മില്‍ കണ്ടുമുട്ടുന്നത് ഈ അധ്യായത്തില്‍ വശ്യമനോഹരമായി ചിത്രീകരിക്കുന്നതു കാണാം. ആ സമാഗമം സ്വപ്‌നദര്‍ശനത്തിലായിരുന്നില്ലെന്നും യഥാര്‍ഥമായ ഭൗതികതലത്തിലുള്ള, അനുഭൂതിവിശേഷമാര്‍ന്ന സംഗതിയാണെന്നും, ‘രണ്ടു നക്ഷത്രങ്ങളുടെ സമാഗമം’ പോലെ അത് പ്രോജ്ജ്വലവും നിരുപമവുമായ ദൃശ്യസൗഭഗമായിരുന്നെന്നും ഖുര്‍ആന്‍ ജ്യോതിശാസ്ത്ര സങ്കേതങ്ങളിലെ ഗണിതസൂചനകള്‍ നല്‍കി പരോക്ഷമായി ഉപമിക്കുന്നുമുണ്ട്, ഈ അധ്യായത്തില്‍. ആത്മാവില്‍ നിന്ന് ആത്മാവിലേക്ക് ആശയസാഗരം അലയടിച്ചുയര്‍ന്ന നിര്‍വൃതിദായക മുഹൂര്‍ത്തത്തെ ഖുര്‍ആന്‍ ഭംഗ്യന്തരേണ ഓര്‍മിപ്പിക്കുന്നുമുണ്ട്.
”അദ്ദേഹം കണ്ട ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയം നിഷേധിച്ചിട്ടില്ല” (നജ്മ് 11) എന്നുകൂടി ഖുര്‍ആന്‍ പറഞ്ഞത്, ഭ്രമാത്മകതലത്തിലുള്ള ഒരു സംഗതിയേയല്ല അതെന്നു വ്യക്തമാക്കാന്‍ വേണ്ടിയാണ്.
നക്ഷത്രത്തിന്റെ പ്രദക്ഷിണവീഥിയിലെ പ്രത്യേകത കൊണ്ട് സിറിയസ് ഒരു ദ്വന്ദ്വനക്ഷത്ര (binary star)മാണെന്ന് ഇന്നു ശാസ്ത്രം കണ്ടെത്തുന്നു. ത്രിശങ്കു സത്യത്തില്‍ രണ്ടു നക്ഷത്രങ്ങളാണെന്ന വസ്തുതയും ഖുര്‍ആന്‍ സൂചിപ്പിക്കാന്‍ വിട്ടുപോകുന്നില്ല.
സിറിയസ്-എ എന്നും സിറിയസ്-ബി എന്നും നാമകരണം ചെയ്ത ഈ ഇരട്ട നക്ഷത്രങ്ങള്‍ ഓരോ 49.9 വര്‍ഷം ചെല്ലുന്തോറും പരസ്പരം വില്ലുപോലെ (തരംഗരൂപത്തില്‍) അടുക്കുകയും അകലുകയും ചെയ്യുന്നുണ്ടത്രേ. ഈ വസ്തുത ഹാവാര്‍ഡ് സര്‍വകലാശാലയിലെ ആസ്‌ട്രോണമിക്കല്‍ ഡിപാര്‍ട്ട്‌മെന്റും ഒട്ടാവയിലെയും ലൈസസ്റ്ററിലെയും ഗവേഷണ കേന്ദ്രങ്ങളും സ്ഥിരീകരിച്ചതാണ്.
‘നജ്മി’ലെ 9ാം വചനത്തിലെ ”രണ്ട് വില്ല് അകലത്തിലോ അതിനേക്കാള്‍ താഴ്‌ന്നോ” (കാന ഖാബ ഖൗസൈനി ഔ അദ്‌നാ) എന്ന ശ്രദ്ധേയമായ ഉപമ, നബി(സ) യും ജിബ്‌രീലും തമ്മിലുള്ള സമാഗമത്തില്‍ മാത്രമല്ല, 49ാം വചനത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ത്രിശങ്കുവെന്ന ഇരട്ട നക്ഷത്രങ്ങളുടെ പ്രദക്ഷിണവീഥിയിലെ സമാഗമത്തിലും ബാധകമാകുന്നുവെന്ന് ആധുനിക ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിലൂടെ ഇന്നു നമുക്ക് വായിച്ചെടുക്കാം. ഗണിതബാന്ധവങ്ങളിലൂടെ ഖുര്‍ആന്‍ ഇവ തമ്മില്‍ കോര്‍ത്തിണക്കുന്നത് ആരിലും വിസ്മയമുണര്‍ത്തും വിധമാണ്. ഓരോ 49.9 വര്‍ഷം കൂടുമ്പോഴാണല്ലോ സിറിയസ്-എയും സിറിയസ്-ബിയും സമാഗമം നടത്തുന്നത്. 49-ാം വചനവും 9-ാം വചനവും ചേര്‍ന്നുതീര്‍ക്കുന്ന ഗണിതസമീകരണംപോലെ!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x