25 Thursday
April 2024
2024 April 25
1445 Chawwâl 16

തെരഞ്ഞെടുപ്പ്: നെറിയും നെറികേടും

ഇന്ത്യാ മഹാരാജ്യം ഒരു വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നടുവിലാണ്. ജനാധിപത്യത്തിന്റെ നെടും തൂണാണ് പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക്കുക എന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നാണ് അടുത്ത അഞ്ചുവര്‍ഷം ഇന്ത്യയെ നയിക്കേണ്ട ഭരണാധികാരികള്‍ ഉണ്ടാവുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത് രാഷ്ട്രീയ പാര്‍ട്ടികളോ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണികളോ ആണ്. പാര്‍ട്ടികള്‍ക്കതീമായി വോട്ട് ലഭിച്ചേക്കാവുന്ന ഉന്നത വ്യക്തിത്വങ്ങളും സമൂഹത്തിലുണ്ട്. തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരം വ്യക്തികള്‍ തമ്മിലായിരിക്കും. അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ തമ്മിലായിരിക്കും. എന്നാല്‍ അടിസ്ഥാനപരമായി മാറ്റുരയ്‌ക്കേണ്ടത് നയങ്ങള്‍ തമ്മിലാണ്.
ഓരോ പാര്‍ട്ടിക്കും പ്രഖ്യാപിത നയങ്ങളുണ്ടാവും. തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ അത് പ്രകടപ്പിക്കുകയും ചെയ്യും. തങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണം കയ്യാളാന്‍ അവസരം കിട്ടിയാല്‍ ഇന്നതെല്ലാം ചെയ്തിരിക്കുമെന്ന് മുന്‍കൂട്ടി ജനങ്ങളെ അറിയിക്കുന്നതാണ് ഓരോ വിഭാഗത്തിന്റെയും പ്രകടനപത്രികകള്‍. ഈ പ്രകടനപത്രികകളുടെ അടിസ്ഥാനത്തിലായിരിക്കണം യഥാര്‍ഥത്തില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ വാഗ്ദാനങ്ങളില്‍ യാഥാര്‍ഥ്യബോധമുണ്ടാവും. ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ/മുന്നണിയെ വിലയിരുത്താന്‍ അവര്‍ കഴിഞ്ഞതവണ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ എത്രത്തോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിന് ഏറെ പ്രധാന്യമുണ്ട്. വസ്തുതകള്‍ ഇതെ ല്ലാമാണെങ്കിലും പ്രായോഗിക രംഗത്ത് നടമാടിക്കൊണ്ടിരിക്കുന്നത് മറ്റെന്തെല്ലാമോ ആണ്.
മറ്റേതു രംഗത്തെയുംപോലെ തെരഞ്ഞെടുപ്പുകളെയും  നിയന്ത്രിക്കുന്നത് പണമാണ്. ‘പണമില്ലാത്തവര്‍ വെറും പിണം’ അതുകൊണ്ടുതന്നെ പണമിറക്കിക്കളിക്കുന്നു. ജയിച്ച് ഭരണം കിട്ടിയാല്‍ ഭരണം പണമാക്കിമാറ്റുന്നു. ആ പണം വീണ്ടും ഭരണത്തിലെത്താന്‍ ഉപകരിക്കുന്നു. ഈ ചാക്രികതയാണ് അഴിമതികളിലേക്ക് നയിക്കുന്നത്. വന്‍കിട കോടീശ്വരന്മാര്‍ക്ക് തെരഞ്ഞെടുപ്പിനെയും ഭരണത്തെയും വാര്‍ഷിക ബജറ്റുകളെയും നിയന്ത്രിക്കാന്‍ സാധിക്കുന്നത് ഈ സമവാക്യത്തിന്റെ നിര്‍ധാരണത്തിലൂടെയാണ്. ഏറ്റവും ലാഭകരമായ കച്ചവടം ആയുധക്കച്ചവടമാണ്. കണക്കുപറയേണ്ടാത്ത ഭാഗം പ്രതിരോധവുമാണ്. ഈ വസ്തുതയുടെ പരിണതിയാണ് ബോഫോഴ്‌സും റാഫേലും. 2019ലെ കേന്ദ്ര വാര്‍ഷിക ബജറ്റില്‍ പ്രതിരോധത്തിനുവേണ്ടി വകയിരുത്തിയത് മൂന്നുലക്ഷം കോടി രൂപയാണ് എന്നുകൂടി ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ത്തിയായി.
ധനവും ദ്രവ്യങ്ങളും മറികടന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഒരു ഘടകമാണ് വര്‍ഗീയത. മനുഷ്യമനസ്സിന്റെ ലോലവികാരങ്ങളും മതവികാരങ്ങളും ഇളക്കിവിട്ടുകൊണ്ട് ആളുകളെ വരുതിയില്‍ നിര്‍ത്തുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. തെരഞ്ഞെടുപ്പ് ചട്ടപ്രകാരംഅത് ചട്ടലംഘനമാണ്. എന്നാല്‍ വംശീയ ധ്രുവീകരണത്തിലൂടെയാണ് ഇന്ന് നിലവിലുള്ള കേന്ദ്രഗവണ്‍മെന്റ് നിലവില്‍ വന്നതുതന്നെ. രാമക്ഷേത്രം തെരഞ്ഞെടുപ്പ് പ്രചാരണമാക്കി. കടുത്ത വര്‍ഗീയത നിലനിര്‍ത്താന്‍ പശുസംരക്ഷണം മറയാക്കി. നിരപരാധരും നിരായുധരുമായ പാവപ്പെട്ട മനുഷ്യരെ ചുട്ടും അടിച്ചും പട്ടാപ്പകല്‍ കൊന്നുതള്ളി. വര്‍ഗീയത താരതമ്യേന കുറഞ്ഞ കേരളത്തില്‍ മതവികാരം വോട്ടുമാര്‍ഗമായി ഇതുവരെ ആരും സ്വീകരിച്ചിട്ടില്ല. എന്നാല്‍ വീണുകിട്ടിയ ശബരിമല വിവാദം ‘സുവര്‍ണാവസര’മായി കാണണമെന്ന് ബി ജെ പി സംസ്ഥാന നേതാവും ഉത്തരേന്ത്യയില്‍ രാമക്ഷേത്രം പോലെ കേരളത്തില്‍ ശബരിമലയും എന്ന് കേന്ദ്രനേതാവും പ്രഖ്യാപിച്ചത് കേരളത്തിന്റെ ചരിത്രത്തിനേറ്റ അടിയാണ്.
പണവും വംശീയതയും പഴയകഥ. അതിനേക്കാള്‍ ഭീകരമാണ് കേന്ദ്രഭരണ കക്ഷിയായ ബി ജെ പി തെരഞ്ഞെടുപ്പ് ഗോദയില്‍ എടുത്തുപയറ്റുന്നത്. രാജ്യരക്ഷ എന്ന പ്രധാനപ്പെട്ട സംവിധാനം ഒരു വ്യക്തിയിലേക്ക് താഴ്ത്തിക്കെട്ടിയ അത്യന്തം ഗുരുതരമായ പ്രകടനമാണ് ഇയ്യിടെ കണ്ടുവരുന്നത്. ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ സൈനിക സംവിധാനത്തെ നിരുത്തരവാദപരമായി ‘മോദി സേന’ എന്ന് വ്യവഹരിച്ചത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ വര്‍ഗീയ മുഖവുമായ ആദിത്യനാഥ് ആണ്. അതിര്‍ത്തിയില്‍ അതിക്രമവും തത്സമയ തിരിച്ചടിയും സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള സംഗതിയാണ്. അതിര്‍ത്തി രക്ഷാസേന ഒരു വിഭാഗം തന്നെ മികച്ച ഇന്ത്യന്‍ സൈന്യത്തിലുണ്ട്. അത് ആരുടെയും കുത്തകയല്ല. ജവഹര്‍ലാല്‍നെഹ്‌റു മുതല്‍ ഇന്നുവരെ ഇന്ത്യ ഭരിച്ച ഒരൊറ്റ പ്രധാനമന്ത്രിയും ഇങ്ങനെ അവകാശപ്പെട്ടിട്ടില്ല. അവകാശപ്പെടാന്‍ ആരെയും ഏല്പിച്ചിട്ടുമില്ല. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി ആ നെറികേടും ചെയ്തു; ചെയ്യിച്ചു.
ലോകശക്തികളില്‍ മുന്‍നിരയില്‍ നില്ക്കുന്ന ഇന്ത്യാ രാജ്യത്തിന് ശാസ്ത്രരംഗത്ത് സ്വയംപര്യാപ്തത അവകാശപ്പെടാവുന്ന ഒരു രംഗമാണ് ബഹിരാകാശ രംഗത്തെ കുതിപ്പ്. ഇതരരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍പോലും ഇന്ത്യന്‍ റോക്കറ്റുകള്‍ മുഖേന വിക്ഷേപിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചാന്ദ്രയാന്‍ ഒരു കുതിപ്പായിരുന്നു. ഏറ്റവും ഒടുവില്‍ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഇന്ത്യന്‍ ബഹിരാകാശശാസ്ത്രനേട്ടം മോദി എന്ന വ്യക്തിയിലേക്ക് ചുരുക്കിക്കെട്ടാന്‍ ശ്രമിച്ച അല്പത്തവും ഇന്ത്യ കാണേണ്ടിവന്നു. ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം നെറിയും നെറികേടും നോക്കാതെ മുന്നേറുമ്പോള്‍ വിവേകമതികള്‍ക്ക് പറയാനുള്ളത് ലക്ഷ്യം മറക്കരുത് എന്ന് മാത്രമാണ്. മതനിരപേക്ഷ ജനാധിപത്യം മുഖമുദ്രയാക്കി ലോകത്തിനു മുന്നില്‍ എഴുന്നേറ്റു നടക്കുക എന്നതാണ് നമ്മുടെ പ്രഖ്യാപിത നയം. അതില്‍ നിന്ന് വ്യതിചലിക്കാതെ രാജ്യത്തിന്റെ വികസനവും പുരോഗതിയും ചര്‍ച്ചയാക്കാം. അവ മുന്‍നിര്‍ത്തി വോട്ടുകള്‍ തേടാം. തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന വലിയ അധികാരമുള്ള ഭരണഘടനാ ബോഡി ഒരു ഭാഗത്തേക്ക് മാത്രം കണ്ണുതുറക്കുന്നു എന്ന ആക്ഷേപവും ഇതിനകം വന്നുകഴിഞ്ഞു. ഇത്തരം അരുതായ്മകള്‍ രാഷ്ട്രത്തെ പ്രതികൂലമായി ബാധിക്കും, തീര്‍ച്ച.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x