29 Friday
March 2024
2024 March 29
1445 Ramadân 19

ചാവേറുകളുടെ മതം

ന്യൂസിലാന്റില്‍ ഒരു മുസ്‌ലിം പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ നിരപരാധരും നിരായുധരുമായ ഒരു പറ്റം വിശ്വാസികളെ ‘ബ്രന്റന്‍ ടാറന്റ്’ എന്ന ഒരു മനുഷ്യപ്പിശാച് നിഷ്‌ക്കരുണം വെടിവെച്ചുകൊന്നു എന്ന വാര്‍ത്ത കേട്ട് നടുങ്ങിയ ലോകമനസ്സാക്ഷി, ആ ഞെട്ടലില്‍ നിന്നു മോചിതമാകുന്നതിനു മുന്‍പായി ഇതാ ശ്രീലങ്കയില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത വന്നിരിക്കുന്നു! ഈസ്റ്റര്‍ ആഘോഷത്തിനു വേണ്ടി ചര്‍ച്ചില്‍ ഒത്തുകൂടിയ നിരപരാധരും നിരായുധരുമായ ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലേക്ക് ഒരു ചാവേര്‍ ഓടിയെത്തി സ്വയം പൊട്ടിത്തിറിച്ച് അനേകം ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു! അയല്‍പക്കമെന്ന നിലയില്‍ ഇന്ത്യയുടെ കൂടി ദു:ഖമാണ് ഈ സംഭവം. കേരളത്തിന്റെ തൊട്ടപ്പുറത്താണ് സംഭവം നടന്നത് എന്നതിനാല്‍ നമ്മെ ഏറെ  വേദനിപ്പിക്കുന്നതാണ് ഈ കൂട്ടക്കൊല.
ന്യൂസിലാന്റ് ശ്രീലങ്ക സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെങ്കിലും ചില സാമ്യങ്ങള്‍ ചിന്തനീയമാണ്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പു മൂലമാണ് താനീ കടുംകൈ ചെയ്തതെന്ന് ബ്രന്റന്‍ ടാറന്റ് വ്യക്തമാക്കുകയുണ്ടായി. ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന്റെയുത്തരവാദിത്തം ഐ എസ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരിക്കുന്നുവെന്നാണ് വാര്‍ത്തകളിലുള്ളത്. വിശ്വാസികളെ, തങ്ങളുടെ ആരാധനാലയങ്ങളില്‍ കടന്നു ചെന്ന് അകാരണമായി കൂട്ടക്കൊല നടത്തുക എന്ന അത്യന്തം അപലപനീയവും അതിക്രൂരവുമായ ചെയ്തികളാണ് രണ്ടു സ്ഥലത്തും നടന്നത്. ഇസ്‌ലാമിക് സ്റ്റെയ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ച ഒരു ഭീകരസംഘം ലോകത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ അവ പൊട്ടിമുളച്ച ഇറാക്ക് – സിറിയന്‍ മണ്ണില്‍ തന്നെ അത് കുഴിച്ചുമൂടപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. ഇനിയും ഒരാക്രമണത്തിന് ഐ എസ് ബാക്കിയുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ശ്രീലങ്കയില്‍ എന്താണു കാര്യം? അതോ, ‘ചാവേറെങ്കില്‍ ഐ എസ് തന്നെ’ എന്ന പ്രചാരണമാണോ? ഇത്യാദി നിരവധി ചോദ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
മുസ്‌ലിം പേരിലുള്ള ആളുകളാണ് സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ചത് എന്നാണ് വസ്തുത. ലോകത്തെ മുസ്‌ലിം സംഘടനകളും മുസ്‌ലിം രാജ്യങ്ങളും ഈ സംഭവത്തെ അലപിക്കുകയും ശ്രീലങ്കയുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇസ്‌ലാം നോ മുസ്‌ലിംകള്‍ക്കോ ശ്രീലങ്കയോടും അവിടത്തെ ജനങ്ങളോടും ഒരു നിലയ്ക്കും വെറുപ്പോ എതിര്‍പ്പോ ഇല്ലെന്നിരിക്കെ ഇത്തരം പൈശാചികതകള്‍ മുസ്‌ലിംകളില്‍ ആരോപിക്കപ്പെട്ടുകൂടാ. മുസ്‌ലിം സൈന്യം മറ്റൊരു വിഭാഗത്തോട് തുറന്ന യുദ്ധം നടത്തുന്നു എന്നിരിക്കട്ടെ. ആ പോര്‍മുഖത്തുപോലും ആരാധനാലയത്തില്‍ ധ്യാനനിരതനായ വിശ്വാസിയെ ശത്രുപക്ഷക്കാരനായാലും അല്ലെങ്കിലും ആക്രമിച്ചുകൂടാ എന്നാണ് നബി(സ) പഠിപ്പിച്ചിരിക്കുന്നത്. എന്നിരിക്കെ ഇസ്്‌ലാം പഠിച്ച് ആരും ഇത്തരം ദുഷ്ടതകള്‍ക്ക് മുതിരില്ല. കാരണം വര്‍ഗീയതയും ഭീകരതയും മാനവികതക്കെതിരാണ്; ഇസ്‌ലാം വിരുദ്ധമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വസ്തുത.
ഒരാള്‍ ചെയ്യുന്ന പ്രവൃത്തി എത്ര ദുഷ്ടത നിറഞ്ഞതാകട്ടെ അതിനൊരു കാരണം കാണും. അയാള്‍ക്കതിന് തന്റേതായ ന്യായീകരണവും ഉണ്ടാവും. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയത് ഐ എസ് ആണെന്നിരിക്കട്ടെ; എന്തിനുവേണ്ടി ഇതു ചെയ്തു എന്നു പറഞ്ഞിട്ടില്ല. തങ്ങളുടെ ലക്ഷ്യമെന്തെന്ന് വിശദീകരിച്ചിട്ടില്ല. അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സൈനിക ഭീകരതയ്ക്ക് അവര്‍ ‘ചെന്നായ ന്യായ’ മെങ്കിലും പറയാറുണ്ട്; അപഹാസ്യമെങ്കിലും. ‘ഇസ്‌ലാമിക് സ്റ്റെയ്റ്റ്’ ആണെങ്കില്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്നോ മുസ്‌ലിംകള്‍ക്കോ ഗുണകരമായിരിക്കണമല്ലോ. ചുരുങ്ങിയ പക്ഷം പ്രതിരോധമെങ്കിലും ആയിരിക്കണം. ശ്രീലങ്കയിലെ മനുഷ്യക്കുരുതി ഇതൊന്നുമല്ല. പിന്നെയെന്തിന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ലോകത്തിന്റെ ബാധ്യതയാണ്.
ചാവേറാക്രമണത്തിന്റെ പിന്നണിയില്‍ പെട്ടവര്‍ കേരളത്തിലേക്കും ബംഗളൂരുവിലേക്കും കാശ്‌മീരിലേക്കും കടന്നിരിക്കുന്നുവെന്ന ശ്രീലങ്കന്‍ സേനാമേധാവിയുടെ വെളിപ്പെടുത്തല്‍ ഭാഗികമായി ഇന്ത്യ നിഷേധിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലില്‍ വസ്തുത ഉണ്ടെങ്കില്‍ കണ്ടെത്തല്‍ രാജ്യത്തിന്റെ ബാധ്യതയാണ്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടുകൂടാ. പണ്ടെന്നോ കേരളത്തില്‍ നിന്ന് തിരോധാനം ചെയ്യപ്പെട്ടവരുമായി ശ്രീലങ്കന്‍ സംഭവം ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്നുണ്ട്. ഭീകരത വളര്‍ന്നുകൂടാ. പക്ഷേ, നിരപരാധി പീഡിക്കപ്പെടുകയും ചെയ്തുകൂടാ. ടാറന്റിന്റെ പേരില്‍ ക്രിസ്ത്യന്‍ സമൂഹം ഒരിക്കലും അപലപിക്കപ്പെടേണ്ടതില്ലാത്തതുപോലെ ചാവേറിന്റെ പേരുകള്‍ മുസ്‌ലിം പേരാണെന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടുകൂടാ. അതേ സമയം മുസ്‌ലിം സമൂഹത്തിനിടയില്‍ തീവ്രവാദ ചിന്തയും ഭീകര വാദപ്രവണതയും വിശ്വാസത്തിന്റെ പേരില്‍ കടന്നുവരുന്നുണ്ടോ എന്നത് സ്വയം പരിശോധനാവിധേയമാക്കാന്‍ മുസ്‌ലിം  സമൂഹ നേതൃത്വങ്ങള്‍ തയ്യാറാവുകയും വേണം. ഇസ്‌ലാം ഭീകരതയുടെ പര്യായമായി ചിത്രീകരിക്കാന്‍ ശ്രമം ബോധപൂര്‍വം നടക്കുന്നതിനിടയില്‍ അത്തരക്കാര്‍ക്ക് വടി വെട്ടിക്കൊടുക്കേണ്ടതില്ല എന്ന തിരിച്ചറിവുകൂടി ആവശ്യമാണ്. ഇസ്‌ലാം ചാവേറുകളുടെ മതമല്ല. ചാവേറുകളുടെ മതം ഇസ്‌ലാമുമല്ല. ക്രൈസ്തവത ഭീകരതയല്ല. ഹൈന്ദവതയുടെ ലക്ഷ്യം മനുഷ്യക്കുരുതിയല്ല.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x