28 Thursday
March 2024
2024 March 28
1445 Ramadân 18

കടുത്ത വേനലും അവധിക്കാലവും

പരീക്ഷച്ചൂടില്‍ നിന്ന് മീനച്ചൂടിലേക്ക് എത്തിച്ചേരുകയാണ് കൗമാരകേരളം. ഏപ്രില്‍, മെയ് മാസങ്ങള്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധിക്കാലമാണ്. കൗമാര കൗതുകം കര്‍മ നിരമാകുന്ന അവസരം കൂടിയാണ് അവധിക്കാലം.
പഠന പ്രക്രിയകളുടെ വൈരസ്യത്തില്‍ നിന്ന് ‘വിദ്വേഷ’ത്തോടെ പടിയിറങ്ങി അവധിയുടെ വിഹായസ്സിലേക്ക് പറക്കാന്‍ വെമ്പുന്ന കൗമാരക്കാരോടൊരു വാക്ക്: പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ വീടൊന്നു ശ്രദ്ധിക്കുക. മാതാപിതാക്കളുടെ അധ്വാനഭാരത്തില്‍ ഒരു കൈ സഹായിക്കുക. വീട്ടുകാര്യങ്ങള്‍ എന്തെന്ന് തിരിച്ചറിയുക. പെണ്‍കുട്ടികളെങ്കിലും പാചകത്തില്‍ ഉമ്മയെ സഹായിക്കുക. സ്വന്തം ഭാവിക്കുതകുന്ന ഈ കാര്യങ്ങള്‍ മനസ്സിന് ആശ്വാസം പകരുന്ന വഴി  കൂടിയാണ്. അവധിക്കാലത്ത് സദ്യയൊരുക്കി വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് ആഹരിക്കാന്‍ അവസരമൊരുക്കുക. അവധി ആസ്വദിക്കാന്‍ ഒരിക്കലും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളില്‍ അഭയം തേടാതിരിക്കുക. ഇതെല്ലാം ചെറിയ കാര്യങ്ങളായി അവഗണിക്കാതിരിക്കുക. വിദ്യാര്‍ഥികളില്‍ നിന്നും നിരവധി നല്ല മാതൃകകള്‍ മീഡിയ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും ശ്രദ്ധിക്കുന്ന കുട്ടികള്‍ക്ക് അനാവശ്യങ്ങള്‍ക്ക് ഏറെ നേരമുണ്ടാവില്ല. ‘സ്വന്തം കൈകൊണ്ടധ്വാനിച്ചു തിന്നവരായിരുന്നു പ്രവാചകന്മാര്‍’ എന്ന നബി(സ)യുടെ അധ്യാപനം ഒരു ഉന്നത സംസ്‌കാരത്തിന്റെ ബാലപാഠമാണ്. അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കര്‍മചേതനയെ രചനാത്മകമാക്കുക എന്നത് സമൂഹ താത്പര്യമാണ്. കൃത്യമായ അജണ്ടയില്ലാതിരിക്കുകയും ദിശാബോധം നഷ്ടപ്പെടുകയും ചുറ്റും കാണുന്ന  ആഡംബരങ്ങളില്‍ കണ്ണു മഞ്ഞളിക്കുകയും ചെയ്യുമ്പോള്‍ കൗമാരത്തിന്റെ കര്‍മചേതന വഴിതെറ്റുന്നു. അതാണ് ജീര്‍ണതയിലേക്കും സമൂഹ ദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും എത്തിച്ചേരുന്നത്.
അവധിക്കാലത്ത് ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വായന. വിവരസാങ്കേതിക വിദ്യ എത്ര ഉയര്‍ന്നാലും വായന എന്നത് അനുഭൂതിദായകവും വിജ്ഞാനവര്‍ധകവും മനോവിശാലത നല്കുന്നതുമാണ്. വായനയില്‍ ഏറ്റവും പ്രധാനം അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കുക, പഠിക്കുക, മനനം ചെയ്യുക എന്നതാണെന്നതില്‍ തര്‍ക്കമില്ല. മനുഷ്യരാശിക്ക് അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്, ‘നീ വായിക്കുക’ (96:1) എന്നു പറഞ്ഞുകൊണ്ടാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഒരു ഹദീസ് നോക്കൂ: ”രണ്ടു വലിയ അനുഗ്രഹങ്ങള്‍. അധിക മനുഷ്യരും അതില്‍ നഷ്ടം പറ്റിയവരാണ്. ആരോഗ്യവും ഒഴിവു സമയവുമാണത്.” ആരോഗ്യവും ഒഴിവും ഒത്തിണങ്ങിയവര്‍ അത് നിഷേധാത്മകമായി വിനിയോഗിക്കുന്നതാണ് ഇന്ന് സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഒരിക്കലും തിരിച്ചുവരാത്ത അതിഥിയാണ് സമയം എന്നോര്‍ത്തുകൊണ്ട് മുന്നോട്ടു നീങ്ങിയാല്‍ വിജയം സുനിശ്ചിതം. ഒരു വര്‍ഷം കിട്ടിയ അവധിക്കാലം ദുര്‍വിനിയോഗം ചെയ്താല്‍ അതിന് പകരം ഇല്ല എന്ന സത്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ”നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിച്ചുകൊള്ളുക” (94:7).
ഒഴിവ് വെറുതെ കളയാനല്ല; വിനിയോഗിക്കാനുള്ളതാണ്. ഒരു കര്‍മത്തില്‍ നിന്നൊഴിഞ്ഞാല്‍ മറ്റൊന്നില്‍ വ്യാപൃതരാവുക. അതു തന്നെയാണ് യഥാര്‍ഥ വിശ്രമം.
ഇസ്‌ലാമിക മൂല്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും വിശുദ്ധ ഖുര്‍ആനും നബിചര്യയും ഊന്നിപ്പറഞ്ഞതുമായ ഒരു കാര്യമാണ് കുടുംബബന്ധം ചേര്‍ക്കുക എന്നത്. ഇന്ന് കുറഞ്ഞുവരികയും ഇല്ലാതായിത്തീരുകയും ചെയ്യുന്ന ഒരു കാര്യം കൂടിയാണിത്. അവധിക്കാല പ്രവര്‍ത്തനങ്ങളുടെ അജണ്ടയില്‍ വിരുന്നുപോകലിനും വിരുന്നു സല്‍ക്കാരങ്ങള്‍ക്കും അതുവഴി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ആവശ്യമായ പ്രോഗ്രാമുകള്‍ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കല്‍ അനിവാര്യമാണെന്ന് പറയേണ്ടതില്ല.
മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും തടവറയില്‍ കനത്ത ചുറ്റുമതില്‍ തീര്‍ത്ത് അവനവന്റെ ആഡംബരത്തിന്റെ ആലസ്യത്തില്‍ കഴിഞ്ഞുകൂടുന്ന ഫഌറ്റു സംസ്‌കാരം പതുക്കെ കടന്നുവരുമ്പോള്‍, ഗ്രാമങ്ങള്‍ നഗരവല്‍കരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന ഒന്നാണ് ബന്ധങ്ങള്‍. ‘അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവന്‍ ബന്ധങ്ങള്‍ ചേര്‍ക്കട്ടെ, അയല്‍വാസിയെ ആദരിക്കട്ടെ, അതിഥിയെ മാനിക്കട്ടെ’ എന്ന പ്രവാചക ശാസന ഗൗരവപൂര്‍വം കണക്കിലെടുക്കുകയും അവധിക്കാലത്തെങ്കിലും ഈ ബന്ധങ്ങള്‍ സക്രിയമാക്കാന്‍ മക്കളെ പ്രേരിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഈ വര്‍ഷത്തെ വേനലവധിക്കാലം അക്ഷരാര്‍ഥത്തില്‍ ചുട്ടുപൊള്ളുകയാണ്. സൂര്യാഘാത ത്തില്‍നിന്ന് ഉഷ്ണതരംഗത്തിലേക്ക് കാലാവസ്ഥ മാറിവരികയാണ്. വളരെ ശ്രദ്ധിക്കണമെന്ന് അ ധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വസ്തുനിഷ്ഠമായ മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്തുകൊണ്ടും ജലവിനിയോഗം പരമാവധി മിതമാക്കിയും വേനലിനെയും ഒഴിവിനെയും ഒരുപോലെ പരിഗണിക്കുവാന്‍ നാം ശ്രദ്ധിക്കുക. കാലാവസ്ഥാ വിപത്തുകളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x