19 Friday
April 2024
2024 April 19
1445 Chawwâl 10

ഈദുല്‍ഫിത്വ്ര്‍  ആത്മീയതയുടെ ആഘോഷ പ്രഹര്‍ഷം

ഇസ്‌ലാമിക ജീവിതദര്‍ശനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത പ്രത്യക്ഷവും സരളവുമായ വസ്തുതകള്‍ക്കപ്പുറത്തെ സാക്ഷാല്‍ സത്യത്തിലേക്ക് മനുഷ്യനെ നയിക്കുന്നു എന്നതാണ്. ഏറ്റവും രുചികരമായ ആഹാരപാനീയങ്ങള്‍ വയറ് നിറയെ കഴിക്കുന്നതില്‍ ജീവിതസാക്ഷാത്കാരം കണ്ടെത്തുകയാണ് ജീവിതത്തെ ഭൗതികം മാത്രമായി വീക്ഷിക്കുന്നവരെല്ലാം ചെയ്യുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി മിതമായി മാത്രം തിന്നുകയും കുടിക്കുകയും ചില ഇടവേളകളില്‍ പകല്‍ മുഴുവന്‍ ആഹാരപാനീയങ്ങള്‍ വര്‍ജിച്ചുകൊണ്ട് സംയമനം ശീലിക്കുകയും ചെയ്യുന്നതാണ് ശരീരത്തിനും മനസ്സിനും ആത്മാവിനും ഒരുപോലെ വിശുദ്ധിയും വികാസവും നല്കുന്ന മാര്‍ഗം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അമിതാഹാരവും അഹിതാഹാരവും ശാരീരികസൗഖ്യം കെടുത്തുമെന്ന യാഥാര്‍ഥ്യം ചില വിവേകമതികള്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷമാളുകള്‍ ഇപ്പോഴും ആഹാരനിയന്ത്രണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവാന്മാരല്ല. ഉപവാസത്തെ ഒരു ചികിത്സയായി നിര്‍ദേശിക്കുന്നവര്‍ പോലും അതിനെ ശാരീരിക ആരോഗ്യവുമായി മാത്രമാണ് ബന്ധപ്പെടുത്തുന്നത്. എന്നാല്‍ ജീവിതത്തിന്റെ സര്‍വതലങ്ങളെയും ശുദ്ധീകരിക്കുകയും അപചയമുക്തമാക്കുകയും ചെയ്യാനുള്ള മാര്‍ഗമായി വ്രതനിഷ്ഠയെ നിര്‍ദേശിക്കുന്ന  ഇസ്‌ലാം  ഈ  വിഷയത്തില്‍ ഭൗതികദര്‍ശനങ്ങളെയെല്ലാം കവച്ചുവെക്കുന്നു. ക്ഷണികമായ ഇഹലോകത്തിനപ്പുറത്ത് വ്രതംമൂലം ശാശ്വത സൗഭാഗ്യം നേടാന്‍ കഴിയുമെന്ന വിശ്വാസം ജനകോടികളുടെ മനസ്സില്‍ രൂഢമൂലമാക്കിക്കൊണ്ടാണ് ഇസ്‌ലാം അവര്‍ക്ക് ഇഹപര നന്മകളുടെ കവാടം തുറന്നുകൊടുക്കുന്നത്.
 മുഴുവന്‍ സ്വത്തിന്റെയും സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണെന്നും ധനസമ്പാദനവും ധനവിനിയോഗവും അവന്‍ അനുശാസിച്ച രീതിയില്‍ തന്നെയാകണമെന്നും അതാണ് ഇഹപരവിജയത്തിന് നിദാനമെന്നും പഠിപ്പിച്ച ഇസ്‌ലാം എക്കാലത്തെയും ഭൗതികമാത്രമായ സാമ്പത്തിക വീക്ഷണങ്ങളെയെല്ലാം തിരുത്തുകയാണ് ചെയ്തത്.
ദേഹത്തിന്റെയും ധനത്തിന്റെയും കാര്യത്തില്‍ അപക്വവും ഹ്രസ്വവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അബദ്ധങ്ങളാണ് അവരുടെ ജീവിതത്തില്‍ ബഹുവിധ കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരുത്തുന്നത്. ഇതിന്റെ കെടുതികള്‍ ഐഹികജീവിതത്തിന്റെ സീമകളില്‍ ഒതുങ്ങുന്നതല്ല. പരലോകത്ത് ശാശ്വതമായ ശിക്ഷ അനുഭവിക്കാനും അവ നിമിത്തമായേക്കാം. വേദഗ്രന്ഥം അവതരിപ്പിച്ചുകൊണ്ടും പ്രവാചകനെ നിയോഗിച്ചുകൊണ്ടും ജീവിതവ്യവഹാരങ്ങളും സാമ്പത്തിക ഇടപാടുകളും അന്യൂനമാക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ച അല്ലാഹു അതുവഴി മാനവരാശിക്ക് അളവറ്റ അനുഗ്രഹമാണ് നല്കിയിരിക്കുന്നത്. അന്യൂനമായ മാര്‍ഗദര്‍ശനം എന്ന അനിതരമായ അനുഗ്രഹം നല്കിയ രക്ഷിതാവിന്റെ മഹത്വം വാഴ്ത്താനും അവന് നന്ദിരേഖപ്പെടുത്താനുമുള്ള അസുലഭാവസരമാകുന്നു ‘ഈദുല്‍ഫിത്വ്ര്‍.’ ”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്)”(വി.ഖു. 2:185)
നമ്മോട് പരമമായ കാരുണ്യവും സ്‌നേഹവുമുള്ള ജഗന്നിയന്താവ് വ്രതവും നിര്‍ബന്ധദാനവും അനുശാസിച്ചത് നമ്മെ വിഷമിപ്പിക്കാന്‍ വേണ്ടിയല്ല; പ്രത്യുത, നമ്മുടെ ജീവിതം അനായാസവും സുഗമവും വിജയകരവുമായിരിക്കുന്നതിന് വേണ്ടിയാണെന്ന് ബോധ്യപ്പെടുമ്പോഴാണ് അവന്റെ മഹത്വം വീണ്ടും വീണ്ടും വാഴ്ത്താനും അവന് ആവര്‍ത്തിച്ച് കൃതജ്ഞത രേഖപ്പെടുത്താനും നാം പ്രചോദിതരാകുന്നത്. ഈ പ്രകീര്‍ത്തനവും കൃതജ്ഞതയുമാണ് ഈദുല്‍ഫിത്വ്‌റിനെ ചൈതന്യധന്യമാക്കുന്നത്. റമദാനിലെ വ്രതനിഷ്ഠയിലൂടെ ജീവിതവിശുദ്ധി നേടിയെടുത്തവര്‍ അതിന്റെ പരിസമാപ്തി ആഘോഷിക്കുന്ന പെരുന്നാളില്‍ ആരും പട്ടിണികിടക്കേണ്ടി വരാത്തവിധം പാവങ്ങള്‍ക്കെല്ലാം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന ഫിത്വ്ര്‍സകാത്ത് നല്കണമെന്ന് നബി(സ) കല്പിച്ചിരിക്കുന്നു. പിശുക്കും സ്വാര്‍ഥതയും ധൂര്‍ത്തും വെടിഞ്ഞ് ഉദാരവും ഉദാത്തവുമായ സാമ്പത്തിക നിലപാട് സ്വീകരിക്കുമ്പോഴേ ജീവിതവിശുദ്ധിയുടെ പൂര്‍ത്തീകരണമാവുകയുള്ളൂ എന്നത്രെ ഇതില്‍നിന്ന് ഗ്രഹിക്കാവുന്നത്.
മനുഷ്യര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ ഉദ്ദേശിക്കാത്ത അല്ലാഹു ഈദ് സുദിനത്തില്‍ നിഷിദ്ധമല്ലാത്ത എല്ലാ ജീവിതസുഖങ്ങളും അനുവദിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. വ്രതത്തിന് വലിയ പ്രാധാന്യം കല്പിക്കുന്ന ഇസ്‌ലാം ഈദ് സുദിനത്തില്‍ നോമ്പെടുക്കാന്‍ പാടില്ലെന്ന് വിധിച്ചിരിക്കുകയാണ്. അന്ന് പാട്ടും കായികവിനോദങ്ങളും അനുവദിക്കപ്പെട്ടിരിക്കുന്നു. മദീനയിലെ പള്ളിയില്‍ കായികവിനോദങ്ങള്‍ നടത്താന്‍ ഏതാനും ആഫ്രിക്കന്‍ വംശജര്‍ക്ക് നബി(സ) അനുവാദം നല്കിയ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
ഓരോ പെരുന്നാളിനും ആബാലവൃദ്ധം മുസ്‌ലിംകള്‍ക്ക് ആദര്‍ശപ്രതിബദ്ധത പുതുക്കാനും അതോടൊപ്പം തന്നെ ജീവിതത്തിന്റെ സജീവത മങ്ങലേല്ക്കാതെ സൂക്ഷിക്കാനുമുള്ള സന്ദര്‍ഭമാണ്. കുടുംബബന്ധവും സാമൂഹ്യബന്ധവും ഇഴചേര്‍ത്ത് നിര്‍ത്താനും പിണക്കങ്ങളും നീരസങ്ങളും നീക്കാനും കൂടിയുള്ള സന്ദര്‍ഭമാണ് പെരുന്നാള്‍. ഇസ്‌ലാമിക സമൂഹത്തിലെ ഇളംതലമുറയ്ക്ക് സ്‌നേഹത്തിന്റെ ഊഷ്മളത ലഭിക്കാനും ഭാവിയെ സംബന്ധിച്ച് പ്രത്യാശ ജനിക്കാനും സഹായകമാകുന്ന സന്ദര്‍ഭവും കൂടിയായിരിക്കണം പെരുന്നാള്‍. ഇസ്‌ലാമും മുസ്‌ലിംകളും നേരിടുന്ന വിഷമതകളും പ്രയാസങ്ങളും ലഘൂകരിക്കുന്നതിനെ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും പെരുന്നാളില്‍ ഏറെ പ്രസക്തിയുണ്ട്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x