22 Wednesday
September 2021
2021 September 22
1443 Safar 14

സഅ്ദ്ബിന്‍ അബീവഖാസ് ഇസ്‌ലാമിന്റെ അശ്വഭടന്‍ – എ അബ്ദുല്‍അസീസ് മദനി

ഗതകാലത്തും വര്‍ത്തമാന കാലത്തും നാവുകളില്‍ ധാരാളമായി ആവര്‍ത്തിച്ചുവരുന്ന നാമമാണ് സഅ്ദ്ബിന്‍ അബീ വഖ്ഖാസിന്റേത്. ഭാവിയില്‍ ആ നാമം ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. മുസ്‌ലിംകള്‍ അദ്ദേഹത്തെ അത്രയധികം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിക്കുകയും ചെയ്തു.
ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ട സ്വഹാബിയാണ് സഅദ് ബിന്‍ അബീവഖാസ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അസ്ത്രപ്രയോഗം നടത്തിയ പ്രഥമ വ്യക്തി. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനങ്ങള്‍ തകര്‍ത്തവന്‍ -അതായിരുന്നു സഅ്ദ് ബിന്‍ അബീവഖ്ഖാസ്. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാളുമായിരുന്നു അദ്ദേഹം.
ജാഹിലിയ്യ കാലത്ത് അമ്പ് നിര്‍മാണവും വില്പനയും നടത്തിവന്നു. അമ്പെയ്ത്തിലും കുതിരസവാരിയിലും അദ്ദേഹം മുസ്‌ലിംകള്‍ക്ക് പരിശീലനം നല്‍കി. പ്രവാചകന്‍(സ) രഹസ്യമായി ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നുണ്ടെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ശ്രവണ പുടത്തിലെത്തി. അജ്‌യാദ് താഴ്‌വരയില്‍ വെച്ച് അദ്ദേഹം നബി(സ)യെ കണ്ടുമുട്ടുകയും താന്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഖുറൈശികളുടെ നിസ്സഹകരണം കാരണത്താല്‍ കഠിനമായ പ്രയാസങ്ങള്‍ സഅ്ദിന് നേരിടേണ്ടി വന്നു. മുഹമ്മദ് നബി(സ) യോടൊപ്പം എല്ലാ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. ചില യുദ്ധങ്ങളില്‍ അദ്ദേഹം സേനാ നായകനായി. ബദര്‍ യുദ്ധത്തില്‍ അദ്ദേഹത്തിന്റെ യശസ്സുയര്‍ന്നു.
ഉഹ്ദ് യുദ്ധത്തില്‍ രൂക്ഷമായ പോരാട്ടം നടത്തി. ശത്രുക്കള്‍ക്ക് നേരെ ഓരോ അമ്പ് തൊടുക്കുമ്പോഴും അദ്ദേഹം പറയുമായിരുന്നു: ”അല്ലാഹുവേ, അവരുടെ കാല്‍പാദങ്ങള്‍ നീ വിറപ്പിക്കുകയും മനസ്സുകളില്‍ നീ ഭയം ഇട്ട് കൊടുക്കുകയും ചെയ്യേണമേ.”
ഓരോ യുദ്ധത്തിലും ആയിരത്തിലധികം അമ്പുകള്‍ അദ്ദേഹം ശത്രുക്കളുടെ നേരെ എയ്തുവിട്ടു. മുഹമ്മദ് നബി(സ)യെ ശത്രുക്കളുടെ മര്‍ദനത്തില്‍ നിന്നും പ്രതിരോധിച്ചു.
പ്രവാചകന്റെ സംസ്‌കാരങ്ങളോരോന്നും വാരിപ്പുണര്‍ന്ന വ്യക്തിത്വമായിരുന്നു സഅ്ദി(റ)ന്റേത്. അനസ്(റ) പറഞ്ഞു: ”ഞങ്ങള്‍ മുഹമ്മദ് നബി(സ)യുടെ അടുക്കല്‍ ഇരിക്കവേ പ്രവാചകന്‍ പറഞ്ഞു: സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ നിങ്ങളുടെയടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അത് സഅ്ദ്ബിന്‍ അബീ വഖ്ഖാസായിരുന്നു. പ്രവാചകന്‍ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു.”
അബൂബക്കര്‍(റ) ഹവാസിലെ ഗവര്‍ണറായി സഅദ്ബിന്‍ അബീ വഖ്ഖാസിനെ തെരഞ്ഞെടുത്തു. ഉമര്‍(റ) ഭരണമേറ്റെടുത്തപ്പോള്‍ പേര്‍ഷ്യക്കാര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ സൈന്യ സജ്ജീകരണം നടത്തുന്നുണ്ടെന്ന വാര്‍ത്ത അദ്ദേഹത്തിനെത്തി. ഇറാഖില്‍ നിന്നും മുസ്‌ലിംകളെ തുരത്താന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്നും. അപ്പോള്‍ ജിഹാദിന് ആവശ്യപ്പെട്ട് ഖലീഫ ഉമര്‍(റ) ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതി. മദീനയില്‍ ഏഴായിരം വരുന്ന ഒരു സൈന്യം സംഘടിച്ചു. നേതൃത്വം ഓരോരുത്തരും സ്വയം ഏറ്റെടുക്കണമെന്ന് ഖലീഫ പ്രഖ്യാപിച്ചു. എന്നാല്‍ പ്രമുഖരായ സ്വഹാബികളില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കാമെന്നവര്‍ നിര്‍ദേശിച്ചു. അങ്ങനെ ഉമര്‍(റ) സഅദി(റ)നോട് നേതൃത്വമേറ്റെടുക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് ഏറ്റെടുക്കുകയും ചെയ്തു. സഅ്ദി(റ)ന്റെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടം നടന്നു. പേര്‍ഷ്യക്കാരുടെ ആനപ്പടക്ക് മുമ്പില്‍ അവര്‍ ഉറച്ചുനിന്നു. അന്തിമമായി മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചു. സഅ്ദ്(റ) ബാബിലോണിയ, മദ്‌യന്‍ എന്നീ സ്ഥലങ്ങളില്‍ ഇറങ്ങുകയും ഇറാഖിനെയും പേര്‍ഷ്യന്‍ രാഷ്ട്രത്തിന്റെ കുറച്ചു ഭാഗങ്ങളെയും ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് ചേര്‍ക്കുകയും ധാരാളം യുദ്ധാര്‍ജിത സ്വത്തുക്കള്‍ നേടുകയും ചെയ്തു.
ഉമറുബിനില്‍ ഖത്താബ്(റ) എല്ലാ ദിവസവും സഅ്ദി(റ)നെക്കുറിച്ചും അദ്ദേഹത്തിന്റെ പോരാട്ടത്തെക്കുറിച്ചും അന്വേഷിക്കുമായിരുന്നു. ഒരു ദിവസം സഅ്ദി(റ)ന്റെ കത്ത് അദ്ദേഹത്തിന് ലഭിച്ചു. ”അമീറുല്‍ മുഅ്മിനീന്‍ തീര്‍ച്ചയായും അല്ലാഹു പേര്‍ഷ്യക്കാര്‍ക്കെതിരില്‍ മുസ്‌ലിംകള്‍ക്ക് വിജയം നല്‍കിയിരിക്കുന്നു.” കത്തിലെ ഈ പരാമര്‍ശം കേട്ടപ്പോള്‍ മുസ്‌ലിംകള്‍ സന്തോഷത്താല്‍ അല്ലാഹുവിനെ വാഴ്ത്തുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു.
സഅദ്(റ) തന്റെ സൈന്യങ്ങളോട് മാതാവ് കുട്ടികളോടെന്ന പോലെ ദയ കാണിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം അവരുടെ സ്‌നേഹം കരസ്ഥമാക്കി. പ്രാര്‍ഥിച്ചാല്‍ ഉത്തരം നല് കപ്പെടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ യുദ്ധപാടവം തന്റെ സമകാലീനരെപ്പോലും അത്ഭുതപ്പെടുത്തി. അതുകൊണ്ട് തന്നെയായിരിക്കണം ഇസ്‌ലാമിന്റെ അശ്വഭടന്‍ എന്ന് അദ്ദേഹത്തെ നാമകരണം ചെയ്തത്. 19-ാം വയസ്സിലാണദ്ദേഹം ഇസ്‌ലാം മതമാശ്ലേഷിച്ചത്. കരാര്‍ പാലിച്ച നീതിമാനായ പടനായകനായിരുന്നു അദ്ദേഹം. തന്റെ മരണമാസന്നമായപ്പോള്‍ ബദ്ര്‍ യുദ്ധത്തില്‍ താന്‍ ധരിച്ച കമ്പിളി വസ്ത്രം കൊണ്ടുവരാനും അതില്‍ അദ്ദേഹത്തെ കഫന്‍ ചെയ്യാനും മക്കളോടദ്ദേഹം ആവശ്യപ്പെട്ടു. ഹിജ്‌റ 55 ല്‍ അദ്ദേഹം വഫാത്തായി. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 72 വയസ്സ് പ്രായമായിരുന്നു. സ്വര്‍ഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്ത് സ്വഹാബിമാരില്‍ അവസാനത്തെ വ്യക്തിയായിരുന്നു അദ്ദേഹം

4.8 4 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x