29 Wednesday
November 2023
2023 November 29
1445 Joumada I 16

മാനവികതയുടെ മത ദര്‍ശനങ്ങളും സ്വാര്‍ഥതയുടെ പൗരോഹിത്യ കരങ്ങളും

മനുഷ്യനെ സംസ്‌കരിച്ചെടുത്ത് യഥാര്‍ഥ മനുഷ്യനാക്കാനുള്ള മാര്‍ഗദര്‍ശനമാണ് മതങ്ങള്‍. മനസ്സാണ് മനുഷ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. മനസ്സ് വിമലീകരിക്കപ്പെട്ടാല്‍ മനുഷ്യന്‍ നന്നായി. മനസ്സ് മലിനമായാല്‍ മനുഷ്യന്‍ ദുഷിക്കുന്നു. മനുഷ്യന്‍ സൂക്ഷ്മത പുലര്‍ത്തി നന്നായിത്തീര്‍ന്നാല്‍ മാലാഖയോളം ഉയരും. മനുഷ്യന്‍ ദുഷിച്ചാലോ പിശാചിനോളും അധ:പതിക്കും. സൂക്ഷ്മതയും ദുഷ്ടതയും തികച്ചും വ്യക്തി നിഷ്ഠമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആത്യന്തിക വിജയപരാജയങ്ങളും വൈയക്തികമാണ്. ഒരാളുടെയും കര്‍മഫലങ്ങള്‍ മറ്റൊരാള്‍ക്ക് ഉപകരിക്കില്ല. ഒരാളുടെ പാപഭാരം മറ്റൊരാള്‍ പേറുകയുമില്ല. ദൈവികാദര്‍ശമായ മതങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്ന വ്യക്തികള്‍ സമസൃഷ്ടികള്‍ക്കും ഉപകരിക്കും. ഉന്നത സംസ്‌കൃത വ്യക്തിത്വങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന സമൂഹം ഉത്തമ സമൂഹവും മാതൃകായോഗ്യവുമായിരിക്കും.
ഇസ്്‌ലാമിന്റെ ജീവിത ദര്‍ശനമാണ് മുകളില്‍ സംഗ്രഹിച്ചത്. ഏതാണ്ട് എല്ലാ മതങ്ങളും ഇക്കാര്യങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുന്നു. ഈയൊരു ജീവിത സരണിയില്‍ വിശ്വാസ കാര്യങ്ങളുണ്ട്. വിശ്വാസത്തിന് ഊര്‍ജം പകരുന്ന അനുഷ്ഠാന കര്‍മങ്ങളുണ്ട്. വിശ്വാസം പ്രതിഫലിക്കുന്ന കര്‍മസരണിയും സാംസ്‌കാരിക ഭൂമികയുമുണ്ട്. ഇസ്‌ലാം മനുഷ്യരുടെ മുന്നില്‍ വയ്ക്കുന്ന ജീവിത ദര്‍ശനമാണിത്. ഈ മാതൃകാജീവിതത്തിന്റെ പ്രതിഫലം പരലോകത്തു വച്ചാണ് അനുഭവവേദ്യമാകുക. ഈ ദര്‍ശനം  പ്രവാചകന്മാര്‍ മുഖേന മനുഷ്യര്‍ക്ക് സ്രഷ്ടാവായ ദൈവം കനിഞ്ഞേകിയതാണ്. അവന്‍ മനുഷ്യര്‍ക്കായി വേദ ഗ്രന്ഥങ്ങളും ഇറക്കിയിട്ടുണ്ട്. സെമിറ്റിക് മതങ്ങളെന്നറിയപ്പെടുന്ന ജൂത-ക്രൈസ്തവ- ഇസ്്‌ലാം  മത വിശ്വാസികള്‍ ദൈവദൂതന്മാരിലും വേദഗ്രന്ഥത്തിലും വിശ്വസിക്കുന്നവരാണ്. അവരുടെ വഴിയില്‍ ജീവിതം നയിക്കുന്നവരുമാണ്. അന്തിമ ദൂതനായ മുഹമ്മദും(സ) അന്തിമ വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും മുന്‍വേദങ്ങളെയും മുഴുവന്‍ പ്രവാചകന്‍മാരെയും അംഗീകരിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. എന്നാല്‍ അവയുടെ അനുയായികളില്‍ പില്ക്കാലത്തു വന്നുചേര്‍ന്ന പ്രമാദങ്ങളും സ്ഖലിതങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ദൈവപ്രോക്തമായ മതങ്ങള്‍ പഠിപ്പിച്ച പ്രാവചകന്‍മാരുടെ കാലശേഷം അവര്‍ മുന്നില്‍ വച്ച വേദഗ്രന്ഥങ്ങളും അവര്‍ കാണിച്ചു തന്ന ചര്യയും പിന്‍പറ്റി ജീവിക്കുക എന്നതാണ് പിന്‍ഗാമികളുടെ ബാധ്യത. വിവരമുള്ളവര്‍ അവരെ നയിക്കുകയും വേണം. ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ചത് അതല്ല. സമൂഹത്തിന്റെ വിവരക്കേടും ഭക്തിയും ചൂഷണം ചെയ്ത് പൗരോഹിത്യം രംഗം കൈയടക്കി. മത സമൂഹങ്ങളുടെ നേതൃത്വം പൗരോഹിത്യത്തിന്റെ പിടിയിലമര്‍ന്നു അവര്‍ വേദങ്ങളില്‍ കൈ കടത്തി. നിയമങ്ങള്‍ സ്വന്തമായുണ്ടാക്കി. നന്മയും തിന്മയും അവര്‍ തീരുമാനിച്ചു. നിര്‍ബന്ധങ്ങളും നിഷിദ്ധങ്ങളും പൗരോഹിത്യം പറയുന്നതായിത്തീര്‍ന്നു. പൗരോഹിത്യത്തിന് മതച്ഛായ ചാര്‍ത്തി. സാധാരണ വിശ്വാസിക്ക് സ്വാതന്ത്ര്യം പോലും വിലക്കി. മതം തികച്ചും സ്ഥാപന വത്കരിക്കപ്പെട്ടു. ഓരോ പുരോഹിതനും ഓരോ സഭ, ഓരോ സഭയ്ക്കും പ്രത്യേക നിയമങ്ങളും ആചാരരീതികളും എന്ന അവസ്ഥവന്നു. വേദഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനങ്ങളും പഠിച്ച് മതം ആചരിക്കുക എന്ന വിശ്വാസിയുടെ സ്വാതന്ത്ര്യവും മതത്തിന്റെ അന്തസ്സത്തയും വിനഷ്ടമായി.
ജൂത-ക്രൈസ്തവ മതങ്ങളിലാണ് പൗരൗഹിത്യം അക്ഷരാര്‍ഥത്തില്‍ സ്ഥാപിക്കപ്പെട്ടത്. തങ്ങളുടെ പുരോഹിതന്മാര്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമാണെന്ന് ക്രൈസ്തവസഭകള്‍ അനുയായികളെ പഠിപ്പിച്ചെടുത്തു. ഭദ്രമായ സഭകള്‍. വിശുദ്ധ പദവികളിലുള്ള പുരോഹിതശ്രേണികള്‍, ഭൗതികജീവിത വിരക്തരായി തിരുവസ്ത്രമണിഞ്ഞ് ബ്രഹ്മചര്യം സ്വീകരിച്ച് കന്യാസ്ത്രീകള്‍. രൂപത, സഭ, ഇടവക തുടങ്ങിയ പുരോഹിത ഭരണകേന്ദ്രങ്ങള്‍. യൂറോപ്പില്‍ ശക്തമായ സഭാസംസ്‌കാരം ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി. ഒരു തരം മതരാഷ്ട്ര സംസ്‌കാരം ഉരുവംകൊണ്ടതിന്റെ സ്വാഭാവിക പരിണതിയായിരുന്നു ആഗോളതലത്തില്‍ പ്രതിഫലിച്ച ചിന്താ വിപ്ലവങ്ങളും തുടര്‍ന്നുനടന്ന വിപ്ലവ രാഷ്ട്രീയവും. ആ പശ്ചാത്തലത്തിലാണ് മതനിരാസം മുഖമുദ്രയാക്കി കമ്യൂണിസം ഉടലെടുത്തതും വളര്‍ന്നതും. അത് പക്ഷേ സഭകളെക്കാള്‍ ശക്തമായ ഉരുക്കുമുഷ്ടിയാല്‍ മനുഷ്യരെ ബന്ധനസ്ഥരാക്കി എന്നത് അതിന്റെ ആന്റി ക്ലൈമാക്‌സ്. ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രാചീന ഹൈന്ദവസംസ്‌കാരത്തിലാകട്ടെ, മതത്തിന്റെയും ആരാധനയുടെയും കുത്തക ബ്രാഹ്മണര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതരവിഭാഗങ്ങളെല്ലാം നിന്ദിതരും ചൂഷിതരും ശബ്ദമില്ലാത്തവരും ആയിത്തീര്‍ന്നു. നൂറ്റാണ്ടുകള്‍ ഈ നില തുടര്‍ന്നു. അവര്‍ക്കിടയിലും നവോത്ഥാന വിപ്ലവം കടന്നുവന്നത് ചരിത്രമാണ്. തികച്ചും ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, പൗരോഹിത്യത്തെ പിഴുതെറിഞ്ഞ് വിശ്വാസവും ചിന്താസ്വാതന്ത്ര്യവുമായി വ്യക്തിനിഷ്ഠ വിമലീകരണവും അതുവഴി ഉത്തമസമൂഹസൃഷ്ടിയും കാണിച്ചുതന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്കിടയിലും ഒരുതരം പൗരോഹിത്യം കടന്നുകയറി എന്നതാണ് നേര്. എന്നാല്‍ അത് താരതമ്യേന കുറഞ്ഞ അളവിലാണെന്നുമാത്രം.
ക്രൈസ്തവതയെ പ്രത്യേകിച്ചും പൗരോഹിത്യത്തെ പൊതുവിലും പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങള്‍ ചിന്താര്‍ഹമാണ്; സമകാല പശ്ചാത്തലത്തില്‍ വിശേഷിച്ചും. ”…. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയത്തില്‍ നം കൃപയും കാരുണ്യവും ഉണ്ടാക്കി. എന്നാല്‍ സന്യാസജീവിതം അവര്‍ പുതുതായി നിര്‍മിച്ചു. ദൈവപ്രീതിക്കാണ് അതവര്‍ ചെയ്തത് എന്നല്ലാതെ നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. എന്നിട്ട് (സ്വയം നിര്‍മിച്ച പൗരോഹിത്യം) അവര്‍ പാലിക്കേണ്ടവിധം പാലിച്ചതുമില്ല” (57:27)
പൗരോഹിത്യത്തിന്റെ ദുരന്തം ഖുര്‍ആന്‍ വിവരിക്കുന്നത് ഏത് കാലത്തേക്കും അര്‍ഥവത്തായതാണ്. ”സത്യവിശ്വാസികളേ, പണ്ഡിതരിലും പുരോഹിതരിലും പെട്ട അനവധിയാളുകള്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകുയം ദൈവമാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വക്കുകയും ദൈവമാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിക്കുക” (9:34)
1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x