22 Wednesday
September 2021
2021 September 22
1443 Safar 14

ബിലാല്‍(റ): സമത്വ സന്ദേശം  നല്‍കിയ ചരിത്ര പുരുഷന്‍ – ഫവാസ് തുര്‍ക്കി

ഒരു മുഅദ്ദിന്‍ കൊടുത്ത ബാങ്ക് – വിശ്വാസികളെ പ്രാര്‍ഥനയിലേക്ക് വിളിക്കുന്ന അദാന്‍ – കഴിഞ്ഞ പതിനഞ്ച് നൂറ്റാണ്ടുകളായി ലോകത്തെമ്പാടുമുള്ള മുസ്‌ലിം പള്ളികളുടെ മിനാരങ്ങളില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒരു വിശ്വാസവും സാമൂഹിക വികാരവും പങ്കിടുന്ന ഇസ്‌ലാമിക ലോകം കിഴക്കോട്ടും പടിഞ്ഞാട്ടും അതിന്റെ ചിറകുകള്‍ വിടര്‍ത്താന്‍ തുടങ്ങി. മതചിട്ടകള്‍ പാലിക്കുന്നതില്‍ അലംഭാവമുള്ളവര്‍ പോലും നോമ്പെടുത്തും നമസ്‌കരിച്ചും ആത്മസായൂജ്യം നേടുന്ന റമദാനിലാണ് ബാങ്ക് മുസ്‌ലിംകളെ കൂടുതല്‍ ഐക്യപ്പെടുത്തുന്നത്. പ്രഭാതത്തിന്റെ വരവറിയിക്കുന്ന മുഅദ്ദിന്റെ ബാങ്ക് കേട്ട് വിശ്വാസികള്‍ നോമ്പ് തുടങ്ങുന്നു. സൂര്യാസ്തമനത്തോടെയുള്ള ബാങ്ക് കേട്ട് നോമ്പ് തുറക്കുന്നു.
ബിലാല്‍ ബിന്‍ റബാഹ്(റ) ന്റെ പേര് സ്മരിക്കാതെ ബാങ്ക് വിളിയുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇസ്‌ലാമിലെ ആദ്യ മുഅദ്ദിനാണ് ബിലാല്‍(റ). ആഫ്രോ -അമേരിക്കന്‍ മുസ്‌ലിംകളുടെ ചിന്താമണ്ഡലത്തിലും ആധുനിക ഇസ്‌ലാമിക പഠനത്തിലും ആദരണീയ സ്ഥാനമാണ് ആ മഹാനുള്ളത്.
ബിലാലിന്റെ(റ) ചരിത്രം നമ്മെ വിസ്മയിപ്പിക്കുക മാത്രമല്ല, ഒരു വിശ്വാസമെന്ന നിലയില്‍ ഇസ്‌ലാം മനുഷ്യന്റെ തൊലിയുടെ നിറത്തിന്റെ പ്രാധാന്യം നിരാകരിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എത്യോപ്യന്‍ മാതാപിതാക്കള്‍ക്ക് 580 എ ഡിയില്‍ മക്കയില്‍ പിറന്ന അടിമയായ ബിലാല്‍ ഇസ്‌ലാമാശ്ലേഷിച്ചയുടനെ സ്വതന്ത്രനാക്കപ്പെട്ടു. വിമോചനം അദ്ദേഹത്തിന്റെ മുറിവേറ്റ മനസ്സിന് ഉത്തേജനം നല്‍കി. നിന്ദ്യതയുടെ നിഴലില്‍ നിന്ന് ഐശ്വര്യത്തിലേക്ക് ഊര്‍ജസ്വലതയോടെ ചുവടുവച്ചു. പ്രവാചകന്റെ അടുത്ത അനുചരന്മാരിലൊരാളായിത്തീര്‍ന്നു അദ്ദേഹം. മൂന്നിരട്ടിയോളം വരുന്ന എതിരാളികളെ തോല്‍പ്പിച്ച ബദര്‍ യുദ്ധമുള്‍പ്പെടെയുള്ള എല്ലാ പ്രധാന യുദ്ധങ്ങളിലും പ്രവാചകന്‍(സ)യോടൊപ്പം ബിലാല്‍(റ) പങ്കെടുത്തു. ആ യുദ്ധത്തിലാണ് ബിലാല്‍(റ) തന്റെ മുന്‍ ഉടമയെ നേരിട്ടതും വധിച്ചതും. മക്കാ വിജയത്തിനു തൊട്ടുടനെ പ്രവാചകന്‍(സ) തെരഞ്ഞെടുത്തതു പ്രകാരം ഇസ്‌ലാമിലെ വിശുദ്ധ നഗരമായ മക്കയിലെ കഅബയ്ക്കു മുകളില്‍ കയറി ബിലാല്‍(റ) ബാങ്ക് വിളിച്ചു. അന്നു മുതല്‍ ഇസ്‌ലാമിന്റെ പുതിയ ആവേശനിര്‍ഭരമായ യാഥാര്‍ഥ്യത്തിന്റെ കേന്ദ്രബിന്ദുവായി മക്ക മാറി.
അസാധാരണമാം വിധം ശ്രുതിമധുരമായിരുന്നു ബിലാലിന്റെ(റ) സ്വരം. മുഅദ്ദിന്‍മാര്‍ ആദരണീയരാണ്. ഇസ്‌ലാമില്‍ പക്ഷേ, ആദ്യ മുഅദ്ദിനായ ബിലാലിന്(റ) പ്രത്യേക സ്ഥാനമാണുള്ളത്. ദേശ- വംശ- വര്‍ണ ഭേദങ്ങളല്ല ദൈവഭക്തിയാണ് മനുഷ്യനെ നിര്‍വചിക്കുന്നതെന്നതിന്റെ അടയാളമെന്ന് ആഫ്രിക്കന്‍- അറബിയെ ആദ്യ മുഅദ്ദിനായി തെരഞ്ഞെടുത്തതിലൂടെ തെളിയിക്കുകയായിരുന്നു ഇസ്‌ലാം. ഇത് തെളിയിക്കുന്നതിനായി വിശുദ്ധ ഗ്രന്ഥത്തിലേക്ക് ആഴത്തിലിറങ്ങേണ്ടതില്ല. എ ഡി 632 മാര്‍ച്ചില്‍ അറഫ മലയുടെ മുകളില്‍ നിന്ന് പ്രവാചകന്‍(സ) നടത്തിയ വിടവാങ്ങല്‍ പ്രസംഗം വായിച്ചാല്‍ മാത്രം മതി. ഒരേ ആശയങ്ങളുള്ള അതിന്റെ വ്യത്യസ്ത പതിപ്പുകളുണ്ടെങ്കിലും ഇമാം ബുഖാരി ആ പ്രസംഗം രേഖപ്പെടുത്തിയതിപ്രകാരമാണ്: ”ജനങ്ങളേ, നിങ്ങളുടെ ദൈവമൊന്നാണ്. നിങ്ങളുടെ പിതാവൊന്നാണ്. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ശ്രേഷ്ഠതയില്ല. വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ശ്രേഷ്ഠതയില്ല.”
ഇസ്‌ലാമിന്റെ ദേശ- വംശ- സംസ്‌കാര- ഭാഷാതീതമായ മൂല്യങ്ങള്‍ ചരിത്രത്തിലൊരിക്കലും കറുത്തവനെയും വെളുത്തവനെയും ആഫ്രിക്കക്കാരനെയും അഫ്ഗാനിയെയും പൗരസ്ത്യനെയും പാശ്ചാത്യനെയും വേറിട്ടു കണ്ടില്ല. ഉമ്മത്തിലെ തുല്യ പൗരന്മാരായി എല്ലാ മുസ്‍ലിംകളെയും കാണുന്ന ഇസ്‌ലാമിന്റെ പ്രകൃതം ആഫ്രിക്കന്‍ – അമേരിക്കക്കാര്‍ക്കും പ്രത്യേക താല്‍പര്യമുള്ള വിഷയമാണിന്ന്.
ഇന്‍ഡ്യാനാ യൂണിവേഴ്‌സിറ്റിയിലെ മതപഠന പ്രൊഫസറായ എഡ്വാര്‍ഡ് കുര്‍തിസ്(Edward Curtis) അദ്ദേഹത്തിന്റെ ദ കാള്‍ ഓഫ് ബിലാല്‍: ഇസ്‌ലാം ഇന്‍ ദ ആഫ്രിക്കന്‍ ഡയാസ്‌പൊര’ (2016) എന്ന പുസ്തകത്തില്‍ ആദ്യമുഅദ്ദിനെക്കുറിച്ച് ഇങ്ങനെയെഴുതുന്നു: ”അടിമത്തത്തില്‍ നിന്നുയര്‍ന്നുവന്ന ചരിത്ര പുരുഷന്‍അവരുടെ പൈതൃകം വീണ്ടെടുക്കാനും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ അംഗീകൃത നേതാക്കളുടെ റോളിലെത്താനും ആഫ്രിക്കന്‍ വംശജരായ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നു.”
തികഞ്ഞ യോദ്ധാവും വിസ്മയിപ്പിക്കുന്ന മുഅദ്ദിനുമായിരുന്ന ബിലാല്‍ ബിന്‍ റബാഹ്(റ) ന്റെ ബാങ്ക് വിളിയോളം അര്‍ഥപൂര്‍ണമായ അദാന്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഇന്നോളം മറ്റാരും നമുക്ക് ന്ല്‍കിയിട്ടില്ല.
വിവ.
സിദ്ദീഖ് സി സൈനുദ്ദീന്‍
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x