പ്രളയം: പുനരധിവാസം വൈകരുത്
2018 ആഗസ്ത് മാസം കേരളം മറക്കില്ലൊരിക്കലും. പതിനാലു ജില്ലകളിലും ദുരിതവും ദുരന്തവും ഉണ്ടാകുമാറ് വലിയ ജലപ്രവാഹം കേരളത്തെ പിടിച്ചു കുലുക്കി. ഒരാഴ്ചയിലേറെക്കാലം നീണ്ടു നിന്ന പ്രളയത്തില്‍ നാനൂറോളം പേര്‍ മരിക്കുകയും പതിമൂന്ന് ലക്ഷത്തില്‍ പരം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടുകയുമുണ്ടായി. പേമാരിയും അണക്കെട്ടുകള്‍ തുറക്കലും മണ്ണിടിച്ചിലും മനുഷ്യരുടെ പരിസ്ഥിതി കൈയേറ്റവും ചേര്‍ന്നു വന്നപ്പോള്‍ കേരളത്തിന് താങ്ങാവുന്നതിലപ്പുറമുള്ള ദുരന്തമായി അതു ഭവിച്ചു. എന്നാല്‍ സംഭവിച്ചുകഴിഞ്ഞ പ്രളയത്തിന്റെ നടുവില്‍ നിന്ന് അതിലകപ്പെട്ട മനുഷ്യരെ രക്ഷപ്പെടുത്തുന്നതില്‍ സമൂഹം ഒന്നടങ്കം കൈകോര്‍ത്തു. ഔപചാരിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും പരമാവധി ഉപയോഗപ്പെടുത്തി എന്നതിനേക്കാള്‍, വര്‍ധിച്ച ഇച്ഛാശക്തിയും മാനവികതയോടുള്ള പ്രതിബദ്ധതയും ഒത്തുചേര്‍ന്നു എന്നതാണ് രക്ഷാ പ്രവര്‍ത്തനത്തിലെ മികവിനു കാരണം. തികച്ചും ശ്ലാഘനീയവും മാതൃകാ യോഗ്യവുമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളും അനുബന്ധമായി നടന്ന ദുരിതാശ്വാസ സംരംഭങ്ങളും. പേരും പ്രശസ്തിയും കാശും കീര്‍ത്തിയും ആഗ്രഹിക്കാതെ ഓടിയെത്തിയ രക്ഷാപ്രവര്‍ത്തകരില്‍ ഏറെയും സാധാരണ മനുഷ്യരായിരുന്നു. ഏതാനും സാങ്കേതിക വിദഗ്ധരും കൂടി ചേര്‍ന്നപ്പോള്‍ അത് വന്‍ ശക്തിയായി.
രക്ഷാപ്രവര്‍ത്തനത്തിന്റെയും താത്ക്കാലിക ദുരിതാശ്വാസത്തിന്റെയും തുടര്‍ച്ചയായി വരേണ്ട പുനരധിവാസമാണ് ഇനിയുള്ള നാളുകളില്‍ നടക്കേണ്ടത്. ജീവനോടൊപ്പം ഉടുതുണി മാത്രമാണ് പലരുടെയും കൈമുതല്‍. വെള്ളമിറങ്ങി, ക്യാമ്പുകളില്‍ നിന്ന് തിരിച്ചുചെല്ലുന്നത് പൂജ്യത്തിലേക്കാണ്. അവിടെ നിന്ന് അവരെ ജീവിതം നല്‍കി രക്ഷപ്പെടുത്തുക എന്നത് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്. പലപ്പോഴും സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങള്‍ ശരിയാവാതിരിക്കുന്നത് സാങ്കേതികത്വത്തിന്റെ പേരിലായിരിക്കും. എല്ലാ ജില്ലകളിലും പ്രളയക്കെടുതി ഉണ്ടായിട്ടുണ്ട് എങ്കിലും വെള്ളമിറങ്ങിയപ്പോള്‍ മധ്യകേരളം തികച്ചും പടയൊഴിഞ്ഞ യുദ്ധക്കളം പോലെയായിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ടതുണ്ട്. ‘യുദ്ധകാലാടിസ്ഥാനത്തില്‍’ എന്നത് ഒരു ആലങ്കാരിക പ്രയോഗമാവരുത്. യുദ്ധമുഖത്ത് ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത് സാമ്പത്തിക പ്രശ്‌നങ്ങളോ സാങ്കേതിക തടസ്സങ്ങളോ പരിഗണിക്കാതെയാണ്. അവശേഷിച്ച മനുഷ്യജീവന്നും ജീവിതത്തിനും പ്രാധാന്യം കല്പിക്കുക എന്നതാണതിന്റെ മര്‍മം. പ്രളയകേരളത്തിന്റെ പുനരധിവാസത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. സര്‍ക്കാര്‍ കാര്യങ്ങളുടെ മുഖമുദ്രയായ ചുവപ്പു നാടയിലും പുനരധിവാസം കുടുങ്ങരുത്. സമൂഹവും മാധ്യമങ്ങളും ഇത് ശ്രദ്ധിക്കണമെന്നുകൂടി ഉണര്‍ത്തട്ടെ.
വിലപ്പെട്ട ജീവഹാനിക്കു പുറമെ ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രളയം വരുത്തിയത് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. റീഹാബിലിറ്റേഷന് അത്ര തുകയുണ്ടായാല്‍ മതിയാവില്ലല്ലോ. ഫെഡറല്‍ സംവിധാനത്തിലെ ഒരു സംസ്ഥാന ഗവണ്‍മെന്റിന് ഇത്രയും ഭാരിച്ച ബാധ്യത ഒറ്റയ്ക്കു വഹിക്കാന്‍ കഴിയില്ല എന്നതു നേരാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട, മനസ്സാക്ഷിയുള്ള മനുഷ്യരെല്ലാം കേരളത്തോട് അനുതാപവും സഹായ ഹസ്തവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോടീശ്വരന്‍ മുതല്‍ നിരാലംബരായ വൃദ്ധരും നിഷ്‌കളങ്ക ബാലികാ ബാലന്‍മാരും വരെ തങ്ങളാലാവുന്നത് ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങള്‍ പുനരധിവാസത്തിന് കോടികള്‍ വാഗ്ദാനം ചെയ്തു. മലയാളികളോടും ഇന്ത്യയോടും താത്പര്യമുള്ള വിദേശ രാജ്യങ്ങള്‍ വന്‍ തുകകള്‍ തരാമെന്നേറ്റിട്ടുണ്ട്. ഇവയെല്ലാം യഥാവിധി സ്വരൂപിച്ച് പ്രജാക്ഷേമ തത്പരതയും ഇച്ഛാശക്തിയുമായി മുന്നോട്ടു നീങ്ങേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ്.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കേള്‍ക്കുന്ന വാര്‍ത്തകള്‍ സുഖകരമല്ല. അഞ്ചെട്ടു നാളുകള്‍ നിശബ്ദമായി സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരും ഇപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഓരോ വീട്ടിലുമെത്തി സഹായം നല്‍കിക്കൊണ്ടിരിക്കുന്ന സന്നദ്ധ സേവകരും വിവാദങ്ങളോ വിവേചനങ്ങളോ കാണേണ്ടി വന്നില്ല. എന്നാല്‍ പുറമെ പതിവുപോലെ ഇക്കാര്യത്തിലും വിവാദങ്ങളും ചാനല്‍ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
രണ്ടു കാര്യങ്ങള്‍ ഉണര്‍ത്തേണ്ടതുണ്ട്. ഒന്ന്, ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കാണരുത്. രണ്ട്, ഏതെങ്കിലും തരത്തില്‍ നമുക്ക് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കാനും ഭാവിയില്‍ ഉള്‍ക്കൊള്ളാനും മടി കാണിക്കരുത്.
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ദുരന്ത മുഖത്തും വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു എന്ന ആക്ഷേപമുണ്ട്. ഒരു സംസ്ഥാനമൊന്നായി കെടുതിയില്‍ പെട്ടു എന്ന് ബോധ്യപ്പെട്ടിട്ടും, രാഷ്ട്രീയ പ്രതിമകള്‍ നിര്‍മിക്കാനും അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ക്കും സര്‍ക്കാര്‍ മുഖം മിനുക്കുന്ന മാധ്യമ പരസ്യങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ നേരിയ ഒരംശം മാത്രമാണ് കേന്ദ്ര സഹായമായി പ്രഖ്യാപിച്ചത്. ഇതര രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ ദുരഭിമാനവും സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് പ്രയാസപ്പെടുത്തുന്നു എന്നതും കേന്ദ്ര ഗവണ്‍മെന്റ് തിരുത്തേണ്ട കാര്യമാണ്.
നാല്പത്തിനാലു നദികളും അറുപതോളം അണക്കെട്ടുകളുമുള്ള കേരളത്തില്‍ ജല വിഭവശേഷി വിനിയോഗിക്കുന്നതിലും ഡാം മാനേജ്‌മെന്റിലും വലിയ വീഴ്ചകള്‍ വന്നിട്ടുണ്ട്, ലഭ്യമായ സാങ്കേതികതയ്ക്കനുസരിച്ചുപോലും നടപടികള്‍ കാലാനുസൃതം പുതുക്കിയിട്ടില്ല (അപ്‌ഡേറ്റ്), ഈ രംഗത്ത് നിരന്തരം പഠനം നടക്കുന്നില്ല, മുന്‍കരുതലും മുന്നറിയിപ്പുകളും അപര്യാപ്തമായിരുന്നു തുടങ്ങി ഉത്തരവാദപ്പെട്ട ഭാഗത്തുനിന്നു വന്ന അഭിപ്രായങ്ങള്‍ ആക്ഷേപമായി കണക്കാക്കാതെ പരിശോധിച്ച് തിരുത്താനും ഭാവിയിലേക്ക് മെച്ചപ്പെടുത്താനുമുള്ള ആ ര്‍ജവമാണാവശ്യം. ഇത് ഏതെങ്കിലും ഒരു സര്‍ക്കാറിന്റെ മാത്രം കുറവാണെന്ന് പറയുന്നില്ല. സാങ്കേതികത്വങ്ങള്‍ക്കപ്പുറം മാനവികത പരിഗണിച്ചുകൊണ്ട് നീതിപൂര്‍വകവും വിവേചനരഹിതവുമായ പുനരധിവാസത്തിന് അധികൃതര്‍ മുന്‍കൈയെടുക്കുക; സമൂഹം ആത്മാര്‍ഥമായി സഹകരിക്കുക. ആത്യന്തികമായി സര്‍വശക്തനോട് പ്രാര്‍ഥിക്കുക.