കുടുംബഭദ്രതയും മഹല്ല് ശാക്തീകരണവും
മനുഷ്യര്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി അവരില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉളവാക്കുകയുംചെയ്ത അല്ലാഹുവിന്റെ നടപടി ഒരു ദൃഷ്ടാന്തമെന്നനിലയില്‍ വിശുദ്ധഖുര്‍ആനില്‍ (30:21) പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ പരസ്പരം സ്‌നേഹവും കാരുണ്യവും പുലര്‍ത്തി ഇണങ്ങിക്കഴിയേണ്ടതിനുവേണ്ടിയാണ് പരമകാരുണികനായ രക്ഷിതാവ് ദാമ്പത്യനിയമങ്ങള്‍ അവതരിപ്പിച്ചത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും മാനസികവും ശാരീരികവുമായ ഘടനാസവിശേഷതകള്‍ സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിന്റെ നിയമങ്ങള്‍ പുരുഷമേധാവിത്വപരമോ സ്ത്രീപക്ഷചായ്‌വുള്ളതോ അല്ല. തികച്ചും സന്തുലിതവും പ്രായോഗികവുമത്രെ ആ നിയമങ്ങള്‍.
പക്ഷേ, പല മുസ്‌ലിം സമൂഹങ്ങളിലെയും ജീവിതയാഥാര്‍ഥ്യങ്ങള്‍ നീതിയോ സന്തുലിതത്വമോ പ്രതിഫലിപ്പിക്കുന്നതല്ല. സ്ത്രീകളെ അടിച്ചമര്‍ത്തുകയും അവരോട് വളരെ മോശമായി പെരുമാറുകയും, അവര്‍ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ ത്വലാഖ് മൂന്നുംചൊല്ലി പിരിച്ചയക്കുകയും ചെയ്യുന്ന പ്രവണത ഭക്തരും പ്രബുദ്ധരുമെന്ന് കരുതപ്പെടുന്നവര്ക്കിടയില്പോ ലും നിലനില്ക്കുന്നു. സ്ത്രീധനത്തുകയും ആഭരണങ്ങളും മറ്റു ആസ്തികളും അപഹരിച്ചശേഷം സ്ത്രീകളെ വഴിയാധാരമാക്കാന്‍മാത്രം ദുഷ്ടത കാണിക്കുന്ന ചിലര്‍ സമുദായത്തിന് ഏറെ ദുഷ്‌പേരുണ്ടാക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ ഇതൊക്കെ ഏറെ പെരുപ്പിച്ചുകാണിക്കുകകൂടി ചെയ്യുന്നു.
കാമാസക്തിക്കപ്പുറത്തുള്ള മാനവികവും മതപരവുമായ യാഥാര്‍ഥ്യങ്ങളൊന്നും പരിഗണിക്കാന്‍ സന്നദ്ധരല്ലാത്ത മുസ്‌ലിംനാമധാരികള്‍ സ്ത്രീകളുടെ ആസ്തികള്‍ അപഹരിച്ചും അവരെ പരമാവധി പീഡിപ്പിച്ചും അവരെ നിഷ്‌കരുണം പുറംതള്ളിയും ക്രൂരമായ സംതൃപ്തിയടയുന്നു. അതോടൊപ്പം ഇസ്‌ലാമിനെ അവര്‍ അപഹാസ്യമാക്കിത്തീര്‍ക്കുകയും, ഇസ്‌ലാംവിമര്‍ശകര്‍ക്ക് ന്യായമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇവരെക്കൊണ്ടുള്ള ശല്യത്തില്‍നിന്ന് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മോചനം ലഭിക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്ന്, മുസ്‌ലിം സംഘടനകളും മഹല്ല് കമ്മിറ്റികളും ഇത്തരക്കാര്‍ക്കെതിരില്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം. രണ്ട്, പരിശുദ്ധശരീഅത്തില്‍ അധിഷ്ഠിതമായ നിയമവകുപ്പുകളുടെ പരിരക്ഷ ഇത്തരം കുറ്റവാളികള്‍ക്ക് ലഭിക്കുകയില്ലെന്ന് ഉറപ്പ് വരുത്തണം.
ഇസ്‌ലാമികമായ വിവാഹങ്ങളൊക്കെ മഹല്ലുജമാഅത്തുകളുടെ കീഴിലാണ് നടന്നുവരുന്നത്. സമൂഹം മഹല്ലുജമാഅത്തുകള്‍ക്ക് നല്കുന്ന അംഗീകാരത്തിന്റെയും അവയുടെ സ്വാധീനത്തിന്റെയും തെളിവ് കൂടിയാണിത്. പക്ഷേ, മിക്ക മഹല്ല്കമ്മിറ്റികളും വിവാഹം മഹല്ലിന്റെ ഒരു വരുമാനമാര്‍ഗമായി ഉപയോഗപ്പെടുത്തുന്നതില്‍ കവിഞ്ഞ് ഈ വിഷയകമായി ധാര്‍മികബാധ്യതകളൊന്നും ഏറ്റെടുക്കുന്നില്ല. വരന്‍ തങ്ങളുടെ മഹല്ലിന്റെ പുറത്തുനിന്നുള്ള ആളാണെങ്കില്‍ അയാളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ അന്വേഷിച്ചു ഉറപ്പ് വരുത്തണമെന്ന് വധുവിന്റെ നാട്ടിലെ മഹല്ല്കമ്മിറ്റി നിഷ്‌കര്‍ഷിക്കുകയാണെങ്കില്‍ ഇന്ന് നടക്കുന്ന കുറെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വാര്‍ത്താവിനിമയസൗകര്യങ്ങള്‍ ഏറെ അഭിവൃദ്ധിപ്പെട്ടിട്ടുള്ള ഈ കാലഘട്ടത്തില്‍ മഹല്ല്കമ്മിറ്റികള്‍ക്ക് ഇത് ഏറെ പ്രയാസകരമാവില്ല.
വിവാഹം പോലെ വിവാഹമോചനവും മഹല്ലു കമ്മിറ്റികളുടെ അറിവോടും അംഗീകാരത്തോടും കൂടെ മാത്രമേ നടക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നതിന് തടസ്സമൊന്നുമില്ല. എല്ലാ മഹല്ലുകളും വിവാഹരജിസ്റ്ററുകള്‍ ഏര്‍പ്പെടുത്തിയപോലെ വിവാഹമോചന റജിസ്റ്ററുകളും ഏര്‍പ്പെടുത്താവുന്നതാണ്. അങ്ങനെ വിവാഹമോചനം മഹല്ലുകളുടെ മേല്‍നോട്ടത്തിലാകുമ്പോള്‍ അത്യാവശ്യമായ ഒരു കാര്യം, ഈ വിഷയകമായ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും കല്പനകള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്. പ്രശ്‌നത്തില്‍ ഇടപെട്ട് അനുരഞ്ജനമുണ്ടാക്കാന്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കുടുംബങ്ങളില്‍ നിന്ന് മധ്യസ്ഥന്മാരെ നിയോഗിക്കണമെന്ന് വിശുദ്ധഖുര്‍ആനില്‍ (4:35) വ്യക്തമായി കല്പിച്ചിട്ടുണ്ട്. ഈ ശ്രമം പരാജയപ്പെട്ടാലേ വിവാഹമോചന തീരുമാനം എടുക്കാന്‍ പാടുള്ളൂ. വിവാഹമോചനം മൂന്നു ഘട്ടങ്ങളിലായിട്ടാണ്, ഒറ്റയടിക്കല്ല നടക്കേണ്ടതെന്നും വിശുദ്ധഖുര്‍ആനില്‍ (2:229,230) നിര്‍ദേശിക്കുന്നു. പക്ഷേ, ഈ രണ്ടു നിര്‍ദേശങ്ങളും മതപണ്ഡിതന്മാരോ മഹല്ല്കമ്മിറ്റികളോ കോടതികളോ ഇപ്പോള്‍ പരിഗണിക്കുന്നില്ല.
പണ്ഡിതന്മാരും മഹല്ല് ഭാരവാഹികളും കോടതികളും യാഥാര്‍ഥ ഇസ്‌ലാമികപ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും അവലംബിക്കുകയും, മുസ്‌ലിം ബഹുജനങ്ങളുടെമേല്‍ ശരിയായ ഇസ്‌ലാമിക അധ്യാപനങ്ങള്‍ പിന്തുടരാനും ദുരാചാരങ്ങള്‍ വര്‍ജിക്കാനും നിയമത്തിന്റെയും ധര്‍മത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്താലേ നമ്മുടെ സമൂഹത്തെ അപച്യുതികളില്‍നിന്നും അപഖ്യാതികളില്‍നിന്നും മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.