22 Wednesday
September 2021
2021 September 22
1443 Safar 14

ആര്‍ത്തവകാരി അയിത്തപ്പെട്ടവളോ? – എ ജമീല ടീച്ചര്‍

ദൂരെ എങ്ങോ പുലര്‍കോഴി കൂകുന്നു.
സല്‍മത്ത് അപ്പോഴും ആസന്നമരണയായ അവളുടെ ഉമ്മയുടെ അരികില്‍ ഇരിക്കുകയാണ്; ഉറക്കച്ചടവിന്റെ ആലസ്യങ്ങളൊന്നുമില്ലാതെ.
മുറിയില്‍ കനത്ത ഏകാന്തത.
ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നില്ലേ ഉമ്മാ -ഇടക്കിടെ ഒരു ഓര്‍മപ്പെടുത്തലായി സല്‍മത്ത് മൊഴിയുന്ന ആ മന്ത്രശീലുകള്‍ മാത്രം നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു.
ചുണ്ടോട് ചുണ്ടും കാതോട് കാതും ചേര്‍ന്ന് ഒരു കൊണ്ടുകൊടുക്കലിന്റെ ആത്മനിര്‍വൃതിയായി. ഒരുപക്ഷേ ആ ഉമ്മ ഒരു കാലത്ത് മകളില്‍ നിന്ന് തിരിച്ചുകിട്ടാന്‍ പ്രതീക്ഷിച്ചിരുന്നതും ഇതൊക്കെയായിരിക്കാം.
ഒരാഴ്ചയായി റാബിയാത്ത എന്ന അവളുടെ ഉമ്മ ഈ കിടപ്പ് തുടങ്ങിയിട്ട്. ജനലിലൂടെ അടിച്ചുവീശുന്ന കാറ്റിന് മരണത്തിന്റെ ഗന്ധമുള്ളതു പോലെ. അതവളെ വല്ലാതെ നൊമ്പരപ്പെടുത്തി. ഓര്‍മവെച്ച നാള്‍ മുതല്‍ അവള്‍ക്ക് തുണയായി ആ വീട്ടില്‍ ഉമ്മ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനിയിപ്പോള്‍.. ഓര്‍ക്കുന്തോറും സല്‍മത്തിന്റെ കണ്ണുകള്‍ പെയ്തുതോരാന്‍ മടിച്ചുനിന്നു. എല്ലാറ്റിനും ഉടയതമ്പുരാന്‍ ഒരു വഴി കാണിക്കാതിരിക്കില്ല. അവള്‍ സമാധാനിച്ചു.
മെന്‍സസ് പീരിയഡായതിനാല്‍ നമസ്‌കാരമില്ല. എന്നാലും ദിക്‌റ്, ദുആ, ഖുര്‍ആന്‍ പരിഭാഷ വായന ഇതൊന്നും ഒഴിവാക്കിയിട്ടില്ല. അവളുടെ ദൈനംദിന ടൈംടേബിളില്‍ ജോലിത്തിരക്കുകള്‍ ഇനിയും ഒരുപാടുണ്ട്. നേരം പരപരാ വെളുക്കുന്നതിന് മുമ്പ് മൂത്രത്തുണി മാറ്റി ഉമ്മയെ ഒന്ന് തുടച്ച് വൃത്തിയാക്കണം. വല്ലപ്പോഴുമെങ്കിലും വിശപ്പടക്കേണ്ടേ. ഇണതുണയില്ലാത്ത ആ വീട്ടില്‍ എല്ലാറ്റിനും അവളേയുള്ളൂ.
പുറത്ത് ആരുടെയൊക്കെയോ കാല്‍പെരുമാറ്റം. അയല്‍വാസികളാരെങ്കിലുമായിരിക്കും. ഉമ്മ കിടപ്പിലായ ശേഷം ഇടക്കിടെ അവരൊക്കെ വന്നുനോക്കുന്നുണ്ട്. രോഗസന്ദര്‍ശനം എന്നതിനേക്കാളുപരി ഇവിടുത്തെ പോരായ്മകള്‍ കണ്ടെത്തുന്നതിലാണ് അവര്‍ക്ക് ഏറെ താല്പര്യം. മരണാസന്നയായി കിടക്കുന്ന ഉമ്മയുടെ മുഖത്ത് നിന്ന് ഈമാന്‍ ഉറ്റി വീഴുന്നുണ്ടോ? അതല്ല സകറാത്തുല്‍ മൗതിന്റെ അദാബാണോ കൂടുതല്‍. അത് നരകത്തിലേക്കാണോ സ്വര്‍ഗത്തിലേക്കാണോ? എന്നൊക്കെ മുഖലക്ഷണത്തില്‍ നിന്ന് അവര്‍ക്കറിയും പോലും. ആരാണാവോ അവരെ ഇതിനൊക്കെ ഏല്പിച്ചത്?
”ന്റെ ആമിനൂ. മാസമുറയുള്ള ഒരു പെണ്ണല്ലേ ശുദ്ധിയില്ലാതെ ദിക്‌റും ചൊല്ലി അടുത്തിരിക്കുന്നത്? ഇച്ചേലിക്കാണെങ്കില്‍ റൂഹിനെ പിടിക്കുന്ന മലക്ക് അടുത്തൊന്നും ഇങ്ങോട്ട് ബരില്ല. ആ തള്ള ഇനിയും കിടക്കും ഇതേ കിടപ്പ്. മാറിനില്ക്കാന്‍ അവളോട് നമുക്കൊന്ന് പറഞ്ഞുനോക്കാം. കേള്‍ക്കുമോ എന്നറിയില്ല.”
പുറത്തെ സംസാരം സല്‍മത്ത് ശ്രദ്ധിച്ചു. തന്നെപ്പറ്റിയാണ്. വരട്ടെ മറുപടി മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ബെല്ലടി കേട്ട് അവള്‍ വാതില്‍തുറന്നു.
”ഉമ്മാക്ക് എങ്ങനെയുണ്ട്?”
”അങ്ങനെ തന്നെ. പ്രത്യേകിച്ച് ഒന്നുമില്ല”
”ഉണ്ടാകൂലാ ഉണ്ടാകണമെങ്കില്‍ നീ ഈ മുറിയില്‍ നിന്ന് മാറി നില്‍ക്കണം. ശുദ്ധിയില്ലാത്തവര്‍ അടുത്തുണ്ടായാല്‍ മലാഇകത്തീങ്ങള്‍ അങ്ങോട്ടടുക്കുകയില്ല, ഓര്‍ത്തോ” -അയല്‍ക്കാരി നഫീസുവിന്റെ താക്കീത്.
”നഫീസത്താ, മലക്കുല്‍ മൗത്തിന് ശുദ്ധിയില്ലാത്ത പെണ്ണുങ്ങളെയൊന്നും ഒട്ടും പേടിയില്ല. ഞാനെന്നല്ല എന്നെപ്പോലെ പത്തു പെണ്ണുങ്ങള്‍ ഇവിടെ അണിചേര്‍ന്നുനിന്നാലും സമയമെത്തിയാല്‍ മലക്കുല്‍ മൗത്ത് ആരുടെ റൂഹിനെയും പിടിച്ചുകൊണ്ടുപോകും. മെന്‍സസുള്ളവരും പ്രസവിച്ചവരുമെല്ലാം മരിക്കുന്നുണ്ടല്ലോ. അവരെയും കൊണ്ടുപോകുന്നത് ഈ മലകുല്‍മൗത്ത് തന്നെയല്ലേ. നബീസത്ത, ബേജാറാകാണ്ടിരിക്ക് സമയമെത്തുമ്പോള്‍ എന്റെ ഉമ്മയെയും അതുപോലെ കൊണ്ടുപോയ്‌ക്കൊള്ളും. അതുവരെ എന്റെ ഉമ്മക്ക് ഒരു ആശ്വാസമായി ഞാനിവിടെ ഇരിക്കുകതന്നെ ചെയ്യും” -സല്‍മത്ത് തിരിച്ചടിച്ചു.
ഇത് ഒരല്പം വിവരവും ബോധവുമുള്ള സല്‍മത്തിന്റെ കാര്യം. പക്ഷേ, ഇതുപോലുള്ള ഒരുപാട് സല്‍മത്തുമാര്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അറിവും തന്റേടവുമില്ലാത്തവര്‍. മെന്‍സസുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയുമെല്ലാം മരണാനന്തര ചടങ്ങുകളില്‍ നിന്ന് ഏഴു കാതമകലെ മാറിനില്‍ക്കേണ്ടിവന്നതില്‍ നിത്യദുഖിതരാണവര്‍.
എല്ലാറ്റിന്റെയും താഴ്‌വേരുകള്‍ ചെന്നെത്തുന്നത് പഴയ ബഹുദൈവ മതസങ്കല്പങ്ങളിലേക്കുള്ള ഘര്‍വാപസിയില്‍ തന്നെ. അടുത്തിടെയായി കേരളത്തില്‍ വാര്‍ത്താവിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു, തീര്‍ഥാടന ബസ്സില്‍ കയറിപ്പറ്റിയ കുറച്ച് സ്ത്രീകളെ നിര്‍ദയം പെരുവഴിയിലിറക്കിവിട്ടത്. ബസ്സിനകത്തുള്ള അയ്യപ്പഭക്തരെങ്ങാനും സ്ത്രീകളെ തൊടാനിടയായാല്‍ അവര്‍ അശുദ്ധപ്പെടുംപോലും. ഇവിടെയും അറിയപ്പെടാത്ത വില്ലനായി മാറിയത് ആര്‍ത്തവം തന്നെ. മതവിശ്വാസം ക്രമേണ മതാന്ധതക്ക് വഴിമാറികൊടുക്കുന്നു എന്നതാണ് ഇതിന് കാരണം.
ആര്‍ത്തവത്തെക്കുറിച്ച് കാലാകാലങ്ങളില്‍ മനുഷ്യസമൂഹം വെച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ചെറുതൊന്നുമല്ല. യഥാര്‍ഥത്തില്‍ ഓരോ സ്ത്രീക്കും അനിവാര്യമായി സംഭവിച്ചിരിക്കേണ്ട ഒരു വഴിത്തിരിവാണത്. മാതൃത്വം എന്ന മഹത്തായ പദവിയിലേക്കുള്ള അനൗപചാരികമായ ഒരു വിളംബരവും. അതുവരെ നിഷ്‌ക്രിയമായിരുന്ന അണ്ഡാശയങ്ങള്‍ ഋതുമതിയാകുന്നതോടെ പ്രവര്‍ത്തനക്ഷമമാകുന്നു. പെണ്‍കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് ആര്‍ത്തവത്തോടെയുണ്ടാകുന്ന സ്‌ത്രൈണ ലൈംഗിക ഹോര്‍മോണുകളാണ്. സ്ത്രീത്വത്തിന്റെ ഒരു അവിഭാജ്യഘടകമാണ് ആര്‍ത്തവഘട്ടം. ആ നിലക്ക് അവള്‍ക്ക് ഏറെ ആഹ്ലാദിക്കാനുള്ള അവസരവും.
പക്ഷേ, ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്കും അനാചാരങ്ങള്‍ക്കും മനുഷ്യനോളം തന്നെ പഴക്കമുണ്ടാകും. ഹവ്വാ എന്ന ആദ്യ മാതാവിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ് അത്തരം അബദ്ധധാരണകള്‍. വിലക്കപ്പെട്ട കനി തിന്നതിന് ഹവ്വാ ബീവിക്ക് കിട്ടിയ ശിക്ഷയായിട്ട് ആര്‍ത്തവത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. ദുഷ്ടാത്മാക്കള്‍ സ്ത്രീയെ പ്രാപിക്കുന്നതു കൊണ്ടാണ് ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു ചില കാട്ടുജാതിക്കാരുടെ വിശ്വാസം. മാസത്തില്‍ നാലോ അഞ്ചോ ദിവസം ഗന്ധര്‍വന്മാരോ ദേവന്മാരോ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുമെന്നും അതാണ് ആര്‍ത്തവരക്തത്തിന് കാരണമെന്നും ഉത്തരേന്ത്യയിലെ ചില വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ആര്‍ത്തവ രക്തത്തിന് ദിവ്യശക്തിയും പരിശുദ്ധിയും കല്‍പിച്ചവരും കുറവായിരുന്നില്ല. അത്തരം രക്തംപുരണ്ട ഉടുപ്പ് ധരിച്ച് യുദ്ധം ചെയ്താല്‍ മുറിവേല്‍ക്കുകയില്ലെന്ന് അവര്‍ വിശ്വസിച്ചു. അതിന് പുരുഷന്മാരെ വശീകരിക്കാനുള്ള ശക്തിയുണ്ടെന്ന് വരെ മധ്യകാലഘട്ടത്തിലെ ജര്‍മന്‍ സ്ത്രീകള്‍ ധരിച്ചുവന്നു. ആര്‍ത്തവരക്തം കലര്‍ത്തിയ വെള്ളം തളിച്ചാല്‍ കീടങ്ങളുണ്ടാകില്ലെന്ന് മലേഷ്യയിലെ ആദിവാസികള്‍ വിശ്വസിച്ചപ്പോള്‍ ആര്‍ത്തവകാലത്ത് സ്ത്രീ നഗ്നയായി നിന്നാല്‍ കൊടുങ്കാറ്റിനെ ശമിപ്പിക്കാനാകുമെന്നായിരുന്നു ഒറീസയിലെ കാട്ടുജാതിക്കാരുടെ വിശ്വാസം.
കേരളത്തിലെ ഹൈന്ദവ മതവിശ്വാസികളും ഇതില്‍നിന്ന് ഒട്ടും പിറകിലായിരുന്നില്ല. ഋതുമതിയായ സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതിനു വേണ്ടി പ്രത്യേകം ഔട്ട് ഹൗസുകള്‍ അന്ന് ഓരോ വീട്ടുമുറ്റത്തും കാണാമായിരുന്നു. കൊച്ചു പെണ്‍കുട്ടികളാണെങ്കില്‍ പോലും അവര്‍ തനിയെ ഭക്ഷണം പാചകംചെയ്ത് ദിവസങ്ങളോളം പുറംകോലായില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. സ്വന്തം വീടും അടുക്കളയുമൊക്കെ അക്കാലത്ത് അവര്‍ക്ക് നിരോധിത മേഖലയായിരിക്കും. കേരളത്തില്‍ മാത്രമല്ല, വികസിത രാജ്യങ്ങളായ അമേരിക്കയും യൂറോപ്പും ന്യൂസിലാന്റുമെല്ലാം സ്ത്രീകളോട് ഈ ക്രൂരത കാണിച്ചു. തട്ടിന്‍പുറത്ത് ഇരുട്ടുമുറിയില്‍ അവരെ താമസിപ്പിച്ചിരുന്നതായും ചരിത്രത്തില്‍ പറയപ്പെടുന്നു.
അവള്‍ മണ്ണില്‍ ചവിട്ടിയാല്‍ മണ്ണിന്റെ പുഷ്ടി നഷ്ടപ്പെടും. പുറത്തിറങ്ങിയാല്‍ പിശാചുക്കള്‍ അടുത്തുകൂടും. നോക്കിയാല്‍ പുഷ്പങ്ങള്‍ കരിഞ്ഞുണങ്ങും. കണ്ണാടിയില്‍ നോക്കിയാല്‍ കണ്ണാടി മങ്ങിപ്പോകും. ഇങ്ങിനെ എന്തെല്ലാം അന്ധവിശ്വാസങ്ങള്‍! പാമ്പ് ശരീരത്തില്‍ ചുറ്റുമെന്ന ഉമ്മാച്ചിക്കഥകള്‍ ഞങ്ങളുടെയൊക്കെ കൗമാര കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.
അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ആര്‍ത്തവത്തെ ചേര്‍ത്തുവെച്ചു കൊണ്ടുള്ള അനാചാരങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. അതിലൊന്നായിരുന്നു വടക്കേ മലബാറില്‍ കണ്ടുവന്നിരുന്ന തിര ണ്ട് കല്യാണം. ആദ്യാര്‍ത്തവത്തിന്റേതായ നാല് ദിവസങ്ങളിലാണ് ഈ ദുരാചാരം. ഈ കാലയളവില്‍ പെണ്‍കുട്ടി അന്യരുടെ സ്പര്‍ശന- ദര്‍ശനങ്ങളില്‍ നിന്നകന്ന് പ്രത്യേകമായ ഒരു മുറിയില്‍ മാറിനില്‍ക്കണം. അവളെ കുളിപ്പിച്ച് നിറപറയുടെയും നിലവിളക്കിന്റെയും മുമ്പിലിരുത്തും. അടക്കിവെടിപ്പാക്കിയ വസ്ത്രം, വാല്‍ക്കണ്ണാടി, കുങ്കുമം, ചാന്ത്, മഞ്ഞള്‍, നെല്ല്, അരി, കണ്‍മഷി എന്നിവ അഷ്ടമംഗല്യ താമ്പാളത്തിലാക്കി മുന്നില്‍ വെക്കുന്നു. 4-ാം ദിവസമാണ് ബന്ധുക്കളെല്ലാം ചേര്‍ന്ന ആഘോഷക്കുളിയും പാല്‍ക്കഞ്ഞി കുടിപ്പിക്കലുമെല്ലാം. പിന്നീട് പുതുവസ്ത്രങ്ങളണിയിച്ച് കയ്യില്‍ മൈലാഞ്ചിയിട്ട് അതിഥികളോടൊത്ത് വിഭവസമൃദ്ധമായ സദ്യയുണ്ണണം. 5-ാം ദിവസത്തെ കുളി കഴിഞ്ഞാല്‍ അടുക്കള ബഹിഷ്‌കരണവും നീങ്ങും. നാണംകെട്ട ഈ ചടങ്ങ് മുസ്‌ലിംകളിലടക്കം ചില കുടുംബങ്ങളില്‍ ഇന്നും നിലനിന്നുവരുന്നു. ഇതിന്റെ പിന്നില്‍ ഒരുപക്ഷേ ഒരു സാമൂഹിക മനശ്ശാസ്ത്ര…മുണ്ടായിരുന്നിരിക്കാം. ഇന്നത്തെപ്പോലെ സ്ത്രീ ശാക്തീകരിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് തങ്ങളുടെ മകള്‍ ഒരു വിവാഹത്തിന് യോഗ്യയായി എന്നതിലേക്കുള്ള ഒരു വിളംബരം കൂടിയായിരുന്നു അത്.
ഇതിന്റെയൊക്കെ ബാക്കിപത്രമായി തന്നെയാണ് തീര്‍ഥാടക ബസ്സില്‍ നിന്ന് സ്ത്രീകളെ ഇറക്കിവിട്ട സംഭവത്തെയും നോക്കിക്കാണേണ്ടത്. സ്ത്രീയും ദൈവത്തിന്റെ സൃഷ്ടിയാണ്. ആര്‍ത്തവം മനുഷ്യവംശത്തിന്റെ വര്‍ധനവിനായി ദൈവം അവള്‍ക്കേകിയ ഒരു നിമിത്തവും. അയ്യപ്പന്‍ യഥാര്‍ഥ ദൈവമാണെങ്കില്‍ ആ ദൈവത്തിനെന്തിന് തന്റെ അടിയാത്തികളായ സ്ത്രീകളോടിത്ര അറപ്പും വെറുപ്പും? എന്തിനവളെയിങ്ങനെ മാറ്റിനിര്‍ത്തുന്നു? മതാന്ധതയില്‍ നിന്നുരിത്തിരിഞ്ഞ ഇത്തരം ഘര്‍വാപസികള്‍, തന്നെയായിരിക്കാം മുസ്‌ലിം സമൂഹത്തിലും ആര്‍ത്തവകാരികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനങ്ങള്‍. അതല്ലാതെ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും പരതിയാല്‍ ആര്‍ത്തവകാരിയോട് അത്ര വലിയ അറപ്പും വെറുപ്പുമൊന്നും കാണാനില്ല.
”ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുദ്ധികരിച്ച് കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ച വിധത്തില്‍ നിങ്ങളവരെ സമീപിച്ചുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു”. (വി.ഖു 2:222)
ലൈംഗികബന്ധം മാത്രമാണ് ‘അകന്നു നില്ക്കുക’ എന്ന കല്പനയുടെ വിവക്ഷ. അതാകട്ടെ, സ്ത്രീയുടെ ആരോഗ്യത്തിന് ദോഷകരമാണെന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ആര്‍ത്തവരക്തം ഒരു മാലിന്യ വസ്തുവാണെന്നല്ലാതെ ആര്‍ത്തവമുള്ളപ്പോള്‍ സ്ത്രീകള്‍ മാലിന്യവതികളാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ സുസ്ഥിതിക്കായി പ്രകൃതിപരമായ നിയമനിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണിതിനര്‍ഥം.
ഇമാം അഹ്മദ്, മുസ്‌ലിം(റ) ഇവരൊക്കെ ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരം പറയുന്നു: ”സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ യഹൂദികള്‍ അവരൊന്നിച്ച് ഭക്ഷണം കഴിക്കുകയോ വീട്ടില്‍ ഒന്നിച്ച് പെരുമാറുകയോ ചെയ്തിരുന്നില്ല. സ്വഹാബികള്‍ നബി(സ)യോട് ഇതിനെക്കുറിച്ച് സംശയം ചോദിച്ചു. അപ്പോഴാണ് ഈ വചനം അവതരിച്ചത്. അങ്ങിനെ ലൈംഗികബന്ധമൊഴിച്ച് ബാക്കിയെല്ലാമാവാമെന്ന് നബി(സ) പറഞ്ഞു. (വിശുദ്ധ ഖുര്‍ആന്‍ വിവരണം)
ഇതിനപ്പുറം ആര്‍ത്തവകാരിയോട് വല്ല അയിത്തവും ആരെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. കിടപ്പറയില്‍ നിന്ന് മാറ്റിക്കിടത്തുന്നില്ല എന്ന് മാത്രമല്ല, ആരാധനാ വിഷയങ്ങളിലും അവളോട് മാന്യമായ സമീപനമാണ് ഇസ്‌ലാമിനുള്ളത്.
”ആഇശ(റ) പറയുന്നു. ഞങ്ങള്‍ മദീനയില്‍ നിന്ന് പുറപ്പെട്ടു. ഹജ്ജ് മാത്രമായിരുന്നു ഉദ്ദേശ്യം. സറഫില്‍ എത്തിയപ്പോള്‍ എനിക്ക് ആര്‍ത്തവം ആരംഭിച്ചു. തിരുമേനി എന്റെയടുക്കല്‍ വന്നു. ഞാന്‍ കരയുകയാണ്. തിരുമേനി ചോദിച്ചു: നിനക്കെന്തുപറ്റി, ആര്‍ത്തവം ആരംഭിച്ചോ? അതെയെന്ന് ഞാനുത്തരം നല്കി. തിരുമേനി അരുളി: ആദം പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച ഒരു കാര്യമാണിത്. അതുകൊണ്ട് മറ്റ് ഹാജിമാര്‍ ചെയ്യുന്നതെല്ലാം നീയും ചെയ്തുകൊള്ളുക. പക്ഷേ, കഅ്ബയെ പ്രദക്ഷിണം വെക്കരുത്. ആയിശ പറയുന്നു: നബി തിരുമേനി പത്‌നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലി കഴിച്ചത്.” (ബുഖാരി)
ഈയിടെ ഒരു ദിവസം ഹറമില്‍ ഹാജിമാര്‍ ഉംറ കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് സഫ മര്‍വയില്‍ നിന്ന് ആളുകളെയെല്ലാം ഒഴിവാക്കി വാതിലുകള്‍ അടച്ചുപൂട്ടി. പരിഭ്രാന്തരായ ഹാജിമാര്‍ക്ക് കാര്യം പിന്നീട് മനസ്സിലായി. സഅ്‌യിനിടെ ഹജ്ജിനെത്തിയ ഒരു സ്ത്രീ പ്രസവിച്ചു. അതായിരുന്നു കാരണം. കുട്ടിയെയും തള്ളയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അവിടം കഴുകി വൃത്തിയാക്കി. വളരെ പെട്ടെന്ന് തന്നെ സ്വഫ- മര്‍വ ഹാജിമാര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
തീര്‍ഥാടനത്തിനായി മുസ്‌ലിംകള്‍ക്ക് നബി(സ) പവിത്രമാക്കിയ മൂന്ന് സ്ഥലങ്ങളിലൊന്നാണ് വിശുദ്ധ ഹറമും പരിസരവും. ഹജ്ജും ഉംറയുമൊക്കെ അവിടെവെച്ച് നടത്തപ്പെടുന്ന പവിത്രമായ ആരാധനാകര്‍മങ്ങളും. എന്നിട്ടും അവിടെ നിന്നൊന്നും സ്ത്രീയെ ഇസ്‌ലാം മാറ്റിനിര്‍ത്തിയിട്ടില്ല. ആ പുണ്യസ്ഥലത്ത് വെച്ച് പ്രസവിച്ചു എന്നതിന്റെ പേരില്‍ സ്ത്രീക്ക് ഭ്രഷ്ട് കല്പിക്കുന്നില്ല. പ്രശ്‌നം വെക്കലോ പരിഹാരക്രിയയോ പ്രത്യേക ശുദ്ധി കലശം നടത്തലോ ഒന്നും അവിടെയില്ല. ദൈവത്തിന്റെ മുമ്പില്‍ ആണും പെണ്ണും ചെറിയവനും വലിയവനും അടിമയും ഉടമയുമെല്ലാം തുല്യമാണെന്നുള്ള ഇസ്‌ലാമിക സമത്വത്തിന്റെ പ്രതീകമാണത്.
”ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്തു നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി.ഖു 49:13)
മണ്ഡലകാലത്ത് വീട്ടിലാരെങ്കിലും മാലയിട്ടു എന്നതിന്റെ പേരില്‍ ആര്‍ത്തവകാരികളായ സ്ത്രീകളെ വീട്ടില്‍ നിന്നു മാറ്റി നിര്‍ത്തുന്നവര്‍ ഇന്നു സാക്ഷര കേരളത്തിനപമാനമല്ലേ? തങ്ങളുടെ അമ്മ, പെങ്ങള്‍, ഭാര്യമാരടങ്ങുന്ന പെണ്‍വര്‍ഗത്തിനോട് കാണിക്കുന്ന ഈ ക്രൂരത ഒരുപക്ഷേ അയ്യപ്പന്‍ തന്നെ പൊറുത്തു കൊടുത്തെന്ന് വരില്ല.
കാരണം ആര്‍ത്തവം സ്ത്രീയുടെ ഒരനിവാര്യതയാണെങ്കിലും ആ കാലഘട്ടം അവര്‍ക്ക് പ്രശ്‌ന സങ്കീര്‍ണമാവുകയാണ്. നാഗരികവും മാനസികവുമായ ഒരുപാട് അസ്വസ്ഥതകള്‍ പ്രസ്തുത കാലയളവില്‍ അവരെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും. പ്രീ മെന്‍സ്ട്രുവല്‍ സിന്‍ ഡ്രോം (ജങട) എന്ന് വൈദ്യശാസ്ത്രം ഇതിനെ പേരിട്ട് വിളിക്കുന്നു. ആര്‍ത്തവത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ സ്ത്രീയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാണുന്ന വ്യത്യാസമായിരിക്കും ഇതിന്റെ ലക്ഷണം. ദേഷ്യം, ശാരീരികമുറുക്കം, തലവേദന, സന്ധിവേദന, നടുവേദന, ക്ഷീണം, തലകറക്കം, ഓക്കാനം മുതലായ ഇതിന്റെ അടയാളങ്ങള്‍ പലതുമുണ്ടാകാം. വിഷാദം, ഉല്‍ക്കണ്ഠ, ദു:ഖം, സന്തോഷം മുതലായ സ്വഭാവമാറ്റങ്ങളും കാണും. ഇത്തരം വൈകാരിക മാറ്റങ്ങള്‍ സ്ത്രീയെ ആത്മഹത്യാ പ്രവണതയിലേക്ക് വരെ നയിച്ചേക്കുമെന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ പെണ്‍കുട്ടികളെ അകറ്റാനല്ല മറിച്ച് അവരെ സ്‌നേഹ പരിചരണത്തിന്റെ തണലില്‍ വീട്ടിലേക്ക് ചേര്‍ത്തുനിര്‍ത്തുക എന്നതായിരിക്കണം കുടുംബാംഗങ്ങളുടെ ദൗത്യം. പഴയ കാലത്ത് ഇവയൊക്കെ പുറം ലോകത്തെ പ്രത്യേകിച്ച് വീട്ടിലെ ആണുങ്ങളെപ്പോലും അറിയിക്കാതെ സ്വന്തം ഉമ്മമാര്‍ തന്നെ കൈകാര്യം ചെയ്യുകയായിരുന്നു പതിവ്. മുരിങ്ങാത്തൊലിയും ഉലുവയും ചേര്‍ത്ത കഷായവും പെണ്‍കുട്ടിക്ക് ആത്മധൈര്യം പകരുന്ന ഉപദേശ നിര്‍ദേശവും ഭക്ഷണക്രമങ്ങളും ശുചിത്വബോധവുമൊക്കെയായി മുസ്‌ലിം വീടുകളില്‍ ഉമ്മമാര്‍ ആര്‍ത്തവകാലത്ത് പെണ്‍കുട്ടിയോടൊപ്പമുണ്ടാകും.
‘എന്ത് പറ്റി മോള്‍ക്ക്’ എന്ന് ആണുങ്ങളാരെങ്കിലും ചോദിച്ചാലും ‘അതൊന്നും നിങ്ങളറിയേണ്ട. എല്ലാം പെണ്ണുങ്ങള്‍ക്ക് പറഞ്ഞതാണ്’ എന്ന് ലജ്ജയില്‍ പൊതിഞ്ഞ ഒരു മറുപടിയിലൊതുക്കുകയും ചെയ്യും. പൊയ്‌പോയ ആ നല്ല കാലങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എത്ര സമാധാനപരവും മനോഹരവുമായിരുന്നു!!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x